അനുഷ്‌ക ഷെട്ടി എവിടെയെന്ന് ആരാധകർ; ഇൻസ്റ്റഗ്രാമിൽനിന്നും ബ്രേക്ക് എടുത്തിട്ട് മാസങ്ങൾ

ടോളിവുഡിന്റെ 'സ്വീറ്റി' എന്നാണ് അനുഷ്‌ക ഷെട്ടി അറിയപ്പെടുന്നത്. വ്യത്യസ്തഭാഷകളിൽ മനോഹരമായ കഥാപാത്രങ്ങൾ ചെയ്ത അവർ, ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാൾ കൂടിയാണ്.
സ്വീറ്റി ഷെട്ടി എന്നാണ് യഥാർഥപേര്. യോഗ അധ്യാപികയായിട്ടാണ് കരിയർ തുടങ്ങുന്നത്. പലരെയും യോഗ പരിശീലിപ്പിച്ചു. അന്ന് 5000 രൂപയായിരുന്നു അവരുടെ പ്രതിഫലം. അതിനിടെയാണ് 'സൂപ്പർ' എന്ന നാഗാർജുന ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടുന്നത്. സ്വീറ്റി എന്ന പേര് പ്രേക്ഷകർ സ്വീകരിക്കുമോ എന്ന് നാഗാർജുനയ്ക്കും സംവിധായകൻ പുരി ജഗന്നാഥിനും സംശയം തുടങ്ങി. അങ്ങനെയാണ് അനുഷ്‌ക എന്ന പേരിടുന്നത്. അതിനുശേഷം കുറേ മികച്ച കഥാപാത്രങ്ങൾ. അധികം വൈകാതെ ടോളിവുഡിലെ മികച്ച പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളായി അവർ മാറി. ഇന്ന് ഒരു സിനിമയ്ക്ക് അവർക്ക് ലഭിക്കുന്ന പ്രതിഫലം ആറുകോടി രൂപയാണ്.
സ്റ്റാലിൻ, ബില്ല, ഡോൺ, അരുന്ധതി, വേട്ടൈക്കാരൻ, സിങ്കം, വേദം, ദൈവത്തിരുമകൾ, രുദ്രമാ ദേവി, സൈസ് സീറോ എന്നിവയാണ് അവരുടെ പ്രധാനസിനിമകൾ. 'ബാഹുബലി'യിലെ ദേവസേന എന്ന കഥാപാത്രം അവർക്കേറെ പ്രശസ്തി നേടിക്കൊടുത്തു. അതിനിടെ ആന്ധ്രാ സർക്കാരിന്റെ നന്ദി പുരസ്‌കാരം രണ്ടുതവണയും തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരം ഒരുതവണയും കരസ്ഥമാക്കി.
സോഷ്യൽമീഡിയയിൽനിന്ന് ബ്രേക്ക്
2015 മുതൽ 2023 വരെയുള്ള എട്ടുവർഷത്തിനിടയിൽ മൂന്ന് സിനിമകൾ മാത്രമേ അനുഷ്‌ക ചെയ്തിട്ടുള്ളൂ. 2025-ൽ റിലീസായ 'ഘാട്ടി', 'ബാഹുബലി: ദ എപ്പിക്' എന്നിവയാണ് അവരുടേതായി അവസാനമിറങ്ങിയ സിനിമകൾ. ജയസൂര്യ പ്രധാനകഥാപാത്രമാവുന്ന 'കത്തനാർ' എന്ന സിനിമയിൽ അനുഷ്‌കയും മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനുഷ്‌കയുടെ ആദ്യ മലയാളസിനിമ കൂടിയാണ് 'കത്തനാർ'. അനുഷ്‌കയുടെ പിറന്നാളിന് 'കത്തനാറി'ലെ താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുമുണ്ട്. എങ്കിലും അനുഷ്‌ക ഷെട്ടി എവിടെയെന്നാണ് ആരാധകരുടെ ചോദ്യം. കുറച്ചുനാളായി സോഷ്യൽമീഡിയയിലും അവരില്ല.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇൻസ്റ്റഗ്രാമിൽനിന്ന് താത്കാലികമായി മാറിനിൽക്കുകയാണെന്ന് അനുഷ്‌ക പോസ്റ്റ് ചെയ്തത്. 'ഘാട്ടി' റിലീസായി കുറച്ചുദിവസങ്ങൾക്കുള്ളിലാണ് ആ തീരുമാനം. സിനിമ ബോക്‌സോഫീസിൽ കാര്യമായ ഇളക്കം സൃഷ്ടിച്ചിരുന്നില്ല. ''ലോകവുമായി വീണ്ടും ബന്ധപ്പെടാനായി സോഷ്യൽമീഡിയയിൽനിന്ന് കുറച്ചു ദിവസത്തേക്ക് ഒരിടവേള എടുക്കുന്നു. സ്‌ക്രോളിങ്ങിനപ്പുറമുള്ള കാര്യങ്ങളിൽ ഏർപ്പെടാനും നമ്മളെല്ലാവരും ആരംഭിച്ച ഇടത്തേക്ക് തിരിച്ചുപോകാനുമാണത്. അധികം വൈകാതെ തിരിച്ചുവരും'' എന്ന് സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പ് പങ്കുവെച്ചാണ് അനുഷ്‌ക ഇൻസ്റ്റഗ്രാം വിട്ടത്. ജീവിതത്തിലും കരിയറിലും ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്ന് ആരാധകർ അനുമാനിച്ചു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Explore Anushka Shetty`s incredible journey from a 5000 rupee yoga instructor to a 6 crore per film Tollywood sensation