ചൈനീസ് ചാരവനിതയെന്ന് ആരോപണം; ആരാണ് ആലിസ് ഹുവാങ്? ഇവരുടെ പ്രണയം ചർച്ചയാകുന്നതിനുപിന്നിൽ

എൻവിഡിയ (Nvidia) സ്ഥാപകനും ചീഫ് എക്സിക്യുട്ടീവുമായ ജെൻസൻ ഹുവാങ് (Jensen Huang) പ്രണയിച്ചത് ചാരവനിതയെയോ? റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അതാണ്. ആലിസ് ഹുവാങ് (Alice Huang) എന്ന വനിതയും ഇതോടെ ശ്രദ്ധാകേന്ദ്രമാവുകയാണ്. സിംഗപ്പൂർ ആസ്ഥാനമായുള്ള 'മെഗാസ്പീഡ്' എന്ന കമ്പനിയുടെ എക്സിക്യുട്ടീവായിരുന്നു ആലിസ്. ഇപ്പോഴിവർ ചാരവനിതയാണെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നു. ചൈനീസ് മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി നിയോഗിച്ച ചാരയാണത്രെ അവർ.
ഇക്കാര്യം പുറത്തുവന്നതോടെ ഹുവാങ്ങിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി ബോർഡ്. ജെൻസൻ ഹുവാങ്ങിനെ ലക്ഷ്യമിടാനാണ് ആലിസ് നിയോഗിക്കപ്പെട്ടത്. കഴിഞ്ഞദിവസമാണ് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. ചൈനീസ് രഹസ്യാന്വേഷണ വിഭാഗം ഇവർ തമ്മിൽ അടുപ്പം ഉണ്ടാക്കാൻ പരിശ്രമിച്ചിരുന്നുവത്രെ.
ആലിസ് ചാരവനിതയാണെന്ന തരത്തിലുള്ള വാർത്ത ആദ്യം പുറത്തുവിട്ടത് 'ദി ന്യൂയോർക്ക് ടൈംസ്' ആണ്. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മെഗാസ്പീഡ്' എന്ന ഡാറ്റാ സെന്റർ കമ്പനിയുമായി ബന്ധമുള്ള ഒരു ചൈനീസ് എക്സിക്യൂട്ടീവായ സ്ത്രീ, ബീജിങ്ങിലേക്ക് വിവരങ്ങൾ ചോർത്തിക്കൊടുത്തിരുന്നതായിട്ടാണ് അവർ റിപ്പോർട്ട് ചെയ്തത്. ഇക്കാര്യം യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് കണ്ടെത്തിയതെന്നും പത്രം പറയുന്നു. ആലീസ് ഹുവാങ് എന്ന ഈ എക്സിക്യൂട്ടീവ്, എൻവിഡിയ മേധാവിയുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
അവർ എപ്പോഴാണ് ആദ്യമായി കണ്ടുമുട്ടിയതെന്നോ അവരുടെ ബന്ധം എത്രകാലം നീണ്ടുനിന്നെന്നോ വ്യക്തമല്ല. എന്നാൽ 2024 ജൂണിൽ തായ്പേയിയിലെ ഒരു ബാറിൽ വെച്ച്, ജിഗാബൈറ്റ്, നെറ്റ്തണ്ടർ എന്നീ കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ഹുവാങ്ങിനെയും ആലിസിനെയും ആദ്യമായി ക്യാമറയിൽ പകർത്തിയിരുന്നു.
2025 മെയ് മാസത്തിൽ, തായ്പേയിലെ ഒരു റെസ്റ്റോറന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിച്ചുകൊണ്ടിരുന്ന ജെൻസൻ ഹുവാങ്ങിന് പിന്നിൽ ആലിസ് നിൽക്കുന്നത് കണ്ടതായി റിപ്പോർട്ടുകളുണ്ട്. അപ്പോഴേക്കും, മെഗാസ്പീഡ് കമ്പനിയുടെ തലവൻ ബീജിങ്ങിലേക്ക് വിവരങ്ങൾ കൈമാറിയെന്ന ആരോപണം ഉയർന്നിരുന്നു. എൻവിഡിയയുമായുള്ള മെഗാസ്പീഡിന്റെ ബിസിനസ് ഇടപാടുകൾ വാഷിംഗ്ടണിൽ പരിശോധനയ്ക്ക് വിധേയമാവുകയും ചെയ്തിരുന്നു.
ആരാണ് ആലിസ്?
ഹ്യൂനാൻ ടിവിയുമായും ചൈനയുടെ ഔദ്യോഗിക പ്രക്ഷേപണ സ്ഥാപനമായ സിസിടിവിയുമായും ബന്ധമുള്ള ഒരു ടെലിവിഷൻ മാധ്യമപ്രവർത്തകയാണ് ഇവരെന്നും പറയപ്പെടുന്നു. എച്ച്എസ്ബിസി ബാങ്കിന്റെ പ്രൈവറ്റ് ബാങ്കിങ് വിഭാഗം പ്രസിഡന്റിന്റെ സഹായിയായും, പിന്നീട് സിഐടിഐസി സെക്യൂരിറ്റീസിൽ വൈസ് പ്രസിഡന്റായും ഇവർ പ്രവർത്തിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.
'ഷാങ്ഹായ് ഹെക്സി ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ്' എന്ന സ്ഥാപനത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടറായും ഫണ്ട് മാനേജരായും ഹുവാങ് പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട്, കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 4.8 ബില്യൺ ഡോളറിലധികം (ഏകദേശം 43,000 കോടി രൂപ) മൂല്യമുള്ള എൻവിഡിയ ചിപ്പുകൾ വാങ്ങിയതായി പറയപ്പെടുന്ന 'മെഗാസ്പീഡ്' കമ്പനിയിൽ അവർ ഉന്നതസ്ഥാനത്ത് ഉണ്ടായിരുന്നു.
ഭാര്യയോട് മാപ്പ് അപേക്ഷിച്ച്...
അതിനിടെ താൻ ഭാര്യയെ വഞ്ചിച്ചുവെന്ന് സമ്മതിച്ചുകൊണ്ട് കമ്പനി ജീവനക്കാർക്ക് ഹുവാങ് ഇമെയിൽ സന്ദേശമയച്ചിരിക്കുകയാണ്. കുടുംബത്തോടും ജീവനക്കാരോടും മാപ്പുചോദിച്ചിട്ടുമുണ്ട് അദ്ദേഹം.
ഹുവാങ്ങും ഭാര്യ ലോരി ഹുവാങ്ങും വിവാഹിതരായിട്ട് 40 വർഷം കഴിഞ്ഞു. ഇരുവർക്കും 30-കളിലുള്ള രണ്ടുമക്കളുമുണ്ട്. ഹുവാങ്ങിന് 17-ഉം ലോരിക്ക് 19-ഉം വയസ്സുള്ളപ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നത്. അഞ്ചുവർഷത്തിനുശേഷം വിവാഹിതരാവുകയും ചെയ്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Nvidia CEO Jensen Huang faces board investigation over ties with Alice Huang., Reports allege Alice Huang is a Chinese spy who leaked data to Beijing., Megaspeed executive Alice Huang was linked to Nvidia business deals under US scrutiny., Jensen Huang sent an email to employees admitting to infidelity and apologizing to his family.