'മതവും ജാതിയും ദൈവവും ഒന്നേയുള്ളൂ', പ്രധാനമന്ത്രിയുടെ കാൽതൊട്ട് വന്ദിച്ച് ഐശ്വര്യ റായ്

ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ശക്തമായ പ്രസംഗം നടത്തി ഐശ്വര്യ റായ്. ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ എന്നിവർക്കൊപ്പമുള്ള വേദിയിലായിരുന്നു ഐശ്വര്യയുടെ പ്രസംഗം. 'മതവും ജാതിയും ദൈവവും ഒന്നേയുള്ളൂ' എന്ന ഐശ്വര്യയുടെ വാക്കുകൾ ഓൺലൈനിൽ അതിവേഗം പ്രചരിച്ചു.
"ശ്രീ സത്യസായി ബാബയുടെ പുണ്യാവതാരത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ, അദ്ദേഹത്തിന്റെ ദിവ്യസന്ദേശത്തിനായി നമുക്കെല്ലാവർക്കും സ്വയമർപ്പിക്കാം. എല്ലാവരെയും സ്നേഹിക്കുക, എല്ലാവരെയും സേവിക്കുക. ഒരൊറ്റ ജാതിയേയുള്ളൂ, മനുഷ്യത്വമെന്ന ജാതി. ഒരൊറ്റ മതമേയുള്ളൂ, സ്നേഹമെന്ന മതം. ഒരൊറ്റ ഭാഷയേയുള്ളൂ, ഹൃദയത്തിന്റെ ഭാഷ, ഒരൊറ്റ ദൈവമേയുള്ളൂ, അവൻ സർവ്വവ്യാപിയാണ്. സായി റാം. ജയ് ഹിന്ദ്." പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ട് ഐശ്വര്യ തുടർന്നു, "ഇന്ന് ഞങ്ങളോടൊപ്പം ഇവിടെ ഉണ്ടായിരിക്കുന്നതിൽ ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. എപ്പോഴത്തേയും പോലെ പ്രചോദനം നൽകുന്ന അങ്ങയുടെ വിവേകപൂർണമായ വാക്കുകൾ കേൾക്കാൻ ഞാനാഗ്രഹിക്കുന്നു. അങ്ങയുടെ സാന്നിധ്യം ഈ ശതാബ്ദി ആഘോഷത്തിന് പവിത്രതയും പ്രചോദനവും നൽകുന്നു. യഥാർഥ നേതൃത്വം സേവനമാണെന്നും മനുഷ്യസേവനം ഈശ്വരസേവനമാണെന്നുമുള്ള സ്വാമിയുടെ സന്ദേശം ഞങ്ങളെ ഓർമിപ്പിക്കുന്നു. ഭഗവാൻ ശ്രീ സത്യസായി ബാബ പലപ്പോഴും അഞ്ച് 'ഡി'കളെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. അർഥപൂർണവും ലക്ഷ്യബോധമുള്ളതും ആത്മീയമായി ഉറച്ചതുമായ ജീവിതത്തിന് ആവശ്യമായ അഞ്ച് ഗുണങ്ങൾ- അച്ചടക്കം, സമർപ്പണം, ഭക്തി, ദൃഢനിശ്ചയം, വിവേചനം എന്നിവയാണത്."
ചടങ്ങിൽ വെച്ച് നടി പ്രധാനമന്ത്രിയുടെ കാൽ തൊട്ടു വന്ദിക്കുന്ന വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്, പ്രധാനമന്ത്രി അവരെ അനുഗ്രഹിക്കുന്നുമുണ്ട്. ഐശ്വര്യ റായ് ബച്ചൻ സത്യസായി ബാൽ വികാസ് പ്രോഗ്രാമിലെ വിദ്യാർഥിനിയായിരുന്നു. ബാബയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് അവർ പലതവണ സംസാരിച്ചിട്ടുണ്ട്, കുട്ടിക്കാലം മുതൽ അവർ ബാബയുടെ കടുത്ത ഭക്തയാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Aishwarya Rai Bachchan attends Sri Sathya Sai Baba`s birth centenary, touches PM Modi`s feet, and delivers a powerful speech on humanity and love. Watch the viral moment!