'കുറുപ്പി'ലെ നായികയുടെയും നാഗചൈതന്യയുടെയും വിവാഹനിശ്ചയം കഴിഞ്ഞു

ശോഭിതയും നാഗചൈതന്യയും നാഗാര്‍ജുനയ്‌ക്കൊപ്പം /instagram
ശോഭിതയും നാഗചൈതന്യയും നാഗാര്‍ജുനയ്‌ക്കൊപ്പം /instagram

അഭിനേതാക്കളായ നാഗ ചൈതന്യയും ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയത്തിന്റെ ആദ്യചിത്രങ്ങള്‍ പുറത്ത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ നാഗാര്‍ജുന എക്‌സ് അക്കൗണ്ടില്‍ ഷെയര്‍ ചെയ്തു. 8.8.8: a beginning of infinite love എന്നെഴുതിയാണ് നാഗാര്‍ജുന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. രാവിലെയായിരുന്നു ചടങ്ങ്. ഹൈദരാബാദിലെ നാഗചൈതന്യയുടെ വസതിയില്‍വെച്ചായിരുന്നു ചടങ്ങെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

നാഗചൈതന്യയോടടുത്ത വൃത്തങ്ങള്‍ ഇങ്ങനെ പറയുന്നു. ''വളരെ ചെറിയൊരു ചടങ്ങായിരുന്നു. നാഗാര്‍ജുനയുടെ വീട്ടില്‍വെച്ച് നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേയുണ്ടായിരുന്നുള്ളൂ''.

ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. പക്ഷേ ഇരുവരും അതിനെക്കുറിച്ച് ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല. കുറച്ചുനാള്‍ മുമ്പ് പുറത്തുവന്ന ഒരു റിപ്പോര്‍ട്ടിങ്ങനെ. ''നാഗ ചൈനത്യയും ശോഭിതയും ഡേറ്റിങ്ങിലാണ്. അവര്‍ ഒരുമിച്ച് സമയം ചെലവിടാന്‍ ഒരുപാടിഷ്ടപ്പെടുന്നു. സമയം കിട്ടുമ്പോഴെല്ലാം അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നു. എന്നാല്‍, സ്വകാര്യജീവിതം സ്വകാര്യമായി തന്നെ വെക്കാനാണ് ഇരുവരും താത്പര്യപ്പെടുന്നത്''. അഭിനേത്രി സാമന്തയായിരുന്നു നാഗചൈതന്യയുടെ മുന്‍ഭാര്യ. 2017-ല്‍ വിവാഹിതരായ ഇവര്‍ നാലുവര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2021 ഒക്ടോബറില്‍ വേര്‍പിരിഞ്ഞതായി പ്രഖ്യാപിച്ചു. 

മലയാളം, ഹിന്ദി, തമിഴ്, തെലുഗു ഭാഷകളില്‍ സാന്നിധ്യമറിയിച്ച താരമാണ് ശോഭിത. കുറുപ്പ് എന്ന ചിത്രത്തിലെ നായികാവേഷം ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. 2023-ല്‍ ഹോളിവുഡിലേക്കും കടന്നു ശോഭിത. ദേവ് പട്ടേലിന്റെ ആക്ഷന്‍ ത്രില്ലറായ മങ്കി മാന്‍ എന്ന സിനിമയിലൂടെയായിരുന്നുവത്. ആന്ധ്രയിലെ തെനാലിയില്‍ ജനിച്ച ശോഭിത, വളര്‍ന്നത് വിശാഖപട്ടണത്താണ്. 

മുംബൈയിലായിരുന്നു പഠനമെല്ലാം. 2010-ല്‍ നേവി ക്വീന്‍ മത്സരത്തില്‍ വിജയിയായി. 2016-ലാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അനുരാഗ് കശ്യപിന്റെ രമണ്‍ രാഘവ് 2.0 എന്ന സിനിമയില്‍ വിക്കി കൗശലിന്റെ നായികയായിട്ടായിരുന്നു തുടക്കം. അതിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. പൊന്നിയിന്‍ സെല്‍വം, മൂത്തോന്‍, മേജര്‍ എന്നിവയാണ് പ്രധാനസിനിമകള്‍.
 

Content Highlights: actors naga chaitanya and sobhita dhulipala is getting engaged