'കാവാലായിലെ ഐറ്റംഡാൻസ് എനിക്ക് പൂർണമായ തൃപ്തി നൽകിയില്ല': തമന്ന ഭാട്ടിയ

നടി തമന്ന ഭാട്ടിയയുടെ കരിയറിലെ ഏറ്റവും ജനപ്രിയമായ ഐറ്റംസോങ്ങാണ് 'ജയിലർ' സിനിമയിലെ 'കാവാലാ'. ശിൽപ റാവു പാടിയ ആ പാട്ടിന്റെ ലിറിക്കൽ വീഡിയോ റിലീസായപ്പോൾ, സമ്മിശ്രപ്രതികരണമായിരുന്നു ലഭിച്ചത്. എന്നാൽ, പിന്നീട് വീഡിയോ സോങ് റിലീസായപ്പോൾ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. വെറുമൊരു മാസംകൊണ്ട് 100 ദശലക്ഷം വ്യൂസാണ് ആ പാട്ടിന് കിട്ടിയത്. അതിലെ തമന്നയുടെ ഹൂക്ക് സ്റ്റെപ്പാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
എങ്കിലും ആ പാട്ടിലെ തന്റെ പ്രകടനത്തിൽ പൂർണതൃപ്തിയില്ലെന്ന് പറയുകയാണ് തമന്ന ഇപ്പോൾ. ഫറാ ഖാന്റെ യൂട്യൂബ് വ്‌ളോഗിലാണ് തമന്നയുടെ വെളിപ്പെടുത്തൽ. തമന്ന ഭാഗമായ പല പാട്ടുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഫറയും തമന്നയും. അപ്പോഴാണ് 'കാവാലാ'യിൽ ഇതിലും മികച്ച രീതിയിലുള്ള പ്രകടനം നടത്താമായിരുന്നുവെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന് തമന്ന പറഞ്ഞത്.
''കാവാലയ്ക്കുവേണ്ടി ഷൂട്ട് ചെയ്തപ്പോൾ എനിക്ക് പൂർണമായ തൃപ്തി തോന്നിയില്ല. കാരണം എനിക്ക് അതിലും നന്നായി ചെയ്യാൻ കഴിയുമായിരുന്നു എന്ന് പിന്നീട് തോന്നി'', താരത്തിന്റെ വാക്കുകൾ.
അതിനുമറുപടിയായി ഫറ ഇങ്ങനെ കൂട്ടിച്ചേർത്തു, ''പക്ഷേ ഓരോ പ്രകടനം കഴിയുമ്പോഴും അത് കൂടുതൽ മെച്ചപ്പെടുത്താമായിരുന്നുവെന്ന് ചിന്തിക്കുന്നയാളാണ് നിങ്ങൾ''.
അതുകഴിഞ്ഞ് 'സ്ത്രീ 2'ലെ തമന്നയുടെ 'ആജ് കീ രാത്' എന്ന ഐറ്റംസോങ്ങും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനെക്കുറിച്ച് തമന്ന പറഞ്ഞതിങ്ങനെ, ''പക്ഷേ ഞാൻ 15 ദിവസമാണ് 'ആജ് കി രാത്' എന്ന പാട്ടിനുവേണ്ടി റിഹേഴ്സൽ ചെയ്തത്. അത്രയും സമയം ചെലവഴിക്കാൻ ഞാനാഗ്രഹിച്ചു. ഞാൻ പ്രൊഫഷണലായി പരിശീലനം ലഭിച്ച നർത്തകിയല്ല. അതുകൊണ്ടുതന്നെ ക്യാമറയ്ക്കുമുമ്പിൽ വരുന്നതിനുമുമ്പ് നന്നായി പരിശീലനം നടത്താൻ ഞാനാഗ്രഹിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നത് എനിക്കിഷ്ടവുമാണ്'', തമന്ന കൂട്ടിച്ചേർത്തു.
ഹിന്ദിയിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളാണിപ്പോൾ തമന്നയ്ക്കുള്ളത്. വാൻ-ഫോഴ്‌സ് ഓഫ് ദ ഫോറസ്റ്റ്, വി.ശാന്താറാം, റേഞ്ചേഴ്‌സ്, മരിയ ഐ.പി.എസ്, രാഗിണി 3 എന്നിവയാണ് താരത്തിന്റേതായി റിലീസാവാനിരിക്കുന്ന ചിത്രങ്ങൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Tamannaah expresses that she could have performed better in the Kaavaalaa track. The actress emphasizes the importance of rigorous rehearsals for her dance numbers