തബു അവർക്ക് സ്വർണവളകളും മാലയും പണവും നൽകിയതെന്തിന്?

തബു | X, Instagram
തബു | X, Instagram

ബോളിവുഡിൽ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച, വളരെ പ്രശസ്തയായ കൊറിയോഗ്രാഫറായിരുന്നു സരോജ് ഖാൻ. ചോളീ കെ പീഛേ ക്യാ ഹെ, ചനേ കെ ഖേത് മേം, ധക്ക് ധക്ക്...ഇങ്ങനെ എത്രയെത്ര ഗാനങ്ങൾ. അതുപോലെയുള്ള മറ്റൊരു പ്രശസ്തഗാനമാണ് 'തക്ഷക്' എന്ന സിനിമയിലെ 'രംഗ് ദേ'. അതിൽ അഭിനയിച്ചത് ബോളിവുഡ് താരം തബുവും. തബു പാട്ടുകൾക്കായി സ്‌ക്രീനിൽ നൃത്തം ചെയ്യുന്നത് വളരെ അപൂർവമാണ്. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മനോഹരമായ നൃത്തമാണ് തബു കാഴ്ചവെച്ചത്. കൊറിയോഗ്രാഫി പൂർത്തിയാക്കിയശേഷം തബു സരോജ് ഖാന് സ്വർണവളകൾ കൊടുത്തുവത്രെ. സരോജ് ഖാന്റെ ട്രൂപ്പിലെ അംഗമായിരുന്ന പ്രശസ്ത നർത്തകി റുബീന ഖാനാണ് ഇക്കാര്യം തുറന്നുപറഞ്ഞത്.

''മാസ്റ്റർ പഠിപ്പിച്ച ചുവടുകൾക്കനുസരിച്ച് നൃത്തം ചെയ്യാൻ അവർ ഒരുപാട് കഷ്ടപ്പെട്ടു. ശരീരം ഒട്ടും ഫ്‌ളെക്‌സിബിൾ അല്ലാത്തതിനാൽ, പെട്ടെന്ന് നൃത്തം ചെയ്യാൻ തബുവിന് കഴിഞ്ഞിരുന്നില്ല. അതിനാൽ അവർ ഒരുപാട് പരിശീലിക്കുകയും അവസാനം അവൾ നന്നായി ചുവടുകൾ വെക്കുകയും ചെയ്തു. 4-5 ദിവസത്തിനുള്ളിൽ ഞങ്ങൾ ഗാനം പൂർത്തിയാക്കി'', റുബീന ഓർക്കുന്നു.

തബു പൂർത്തിയാക്കിയ ശേഷമുള്ള കാര്യങ്ങൾ റുബീന ഓർത്തെടുത്തതിങ്ങനെ, ''തബു വളരെ സന്തോഷവതിയായിരുന്നു. സരോജ് ഖാന് സ്വർണവളകൾ സമ്മാനിച്ചു. സരോജ് ഖാന്റെ സഹായികളായിരുന്ന പുരുഷന് സ്വർണമാലയും സ്ത്രീക്ക് സ്വർണത്തിന്റെ തന്നെ ബ്രേസ്‌ലെറ്റും സമ്മാനിച്ചു. ഒരു കലാകാരി അത്തരമൊരു കാര്യം ചെയ്യുന്നത് ഞാൻ ആദ്യമായിട്ടായിരുന്നു കണ്ടത്. കൂടാതെ ഞങ്ങളുടെ ട്രൂപ്പിൽ അന്ന് 60 പേരോളമുണ്ടായിരുന്നു. ഞങ്ങൾക്കെല്ലാം 1000 രൂപ വെച്ച് തന്നു''.

ഗോവിന്ദ് നിഹലാനി സംവിധാനം നിർവഹിച്ച ചിത്രത്തിന് ഗോവിന്ദ് നിഹലാനിക്കൊപ്പം കമലേഷ് പാണ്ഡെയാണ് തിരക്കഥയൊരുക്കിയത്. അജയ് ദേവ്ഗൺ, രാഹുൽ ബോസ് തുടങ്ങിയവരും സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. എ.ആർ.റഹ്മാനാണ് സംഗീതസംവിധാനം നിർവഹിച്ചത്. 'രംഗ് ദേ' എന്ന പാട്ട് പാടിയത് ആശ ഭോസ്ലെയും എ.ആർ.റഹ്മാനും ചേർന്നാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Tabu's rare and dedicated performance in the song 'Rang De' from the film Thakshak. Saroj Khan's rigorous choreography training for Tabu over 4-5 days.