മുഖ്യമന്ത്രിയോട് മത്സരിക്കാനില്ല; റിലീസിങ് തീയതി മാറ്റിവെച്ച് തമിഴ് സിനിമകൾ

സി.ജോസഫ് വിജയ് | PTI
സി.ജോസഫ് വിജയ് | PTI

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെ (C.Joseph Vijay) അവസാനചിത്രം എന്ന നിലയിൽ തന്നെയാണ് അണിയറപ്രവർത്തകർ 'ജനനായകൻ' (Jana Nayagan) തിയേറ്ററുകളിലേക്കെത്തിക്കുന്നത്. പ്രവർത്തകർ ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പുറത്തുവിടുകയും ചെയ്തിരുന്നു. ജൂലായ് 23-നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

അതിനിടെ ചിത്രം എങ്ങനെയാവും സ്വീകരിക്കപ്പെടുക എന്ന ചർച്ചയാണ് സോഷ്യൽമീഡിയയിൽ നടക്കുന്നത്. ഓപ്പണിങ് കളക്ഷൻ 100 മുതൽ 150 കോടിവരെ ആയിരിക്കുമെന്നാണ് പ്രവർത്തകർ വിശ്വസിക്കുന്നത്. ദളപതി ആരാധകർക്കൊപ്പം, മുഖ്യമന്ത്രിയായശേഷമുള്ള അദ്ദേഹത്തിന്റെ ഇമേജും തങ്ങളുടെ സിനിമയ്ക്ക് മുതൽക്കൂട്ടാവുമെന്നാണ് നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്.

വിജയ്‌യുടെ ഏറ്റവും അവസാനമിറങ്ങിയ 'ഗോട്ട്' 500 കോടിയോളം രൂപയാണ് കളക്ട് ചെയ്തത്. 'ലിയോ' 615 കോടിയും 'ബീസ്റ്റ്', 'മാസ്റ്റർ', 'ബിഗിൽ' എന്നിവ 300 കോടിയും വീതമാണ് വാരിക്കൂട്ടിയത്. ഈയടുത്തിറങ്ങിയ ദളപതി ചിത്രങ്ങളൊന്നും പരാജയപ്പെട്ടിട്ടുമില്ല. അതും പ്രേക്ഷകപ്രതീക്ഷ കൂട്ടുന്നു.

'ജനനായകൻ' റിലീസിങ് തീയതി തീരുമാനിച്ചതോടെ, അതേസമയത്ത് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന പല സിനിമകളും റിലീസിങ് മാറ്റിവെക്കുകയും ചെയ്യുന്നുണ്ട്. ജനനായകനുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനാണിത്.

ഏറ്റവുമാദ്യം റിലീസിങ് മാറ്റിവെച്ചത് വിജയ്‌യുടെ മകൻ കൂടിയായ ജേസൺ സഞ്ജയ്‌യുടെ 'സിഗ്മ' എന്ന ചിത്രമാണ്. ജേസൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നേരത്തെ ജൂലായ് 31-ന് പുറത്തിറക്കാൻ നിശ്ചയിച്ചിരുന്നതാണ്. ഇതിപ്പോൾ ആഗസ്തിലേക്ക് മാറ്റിയിരിക്കുകയാണ്.

പിന്നാലെ ജി.വി.പ്രകാശ് കുമാറും കയാഡു ലോഹറും പ്രധാനവേഷങ്ങളിലെത്തുന്ന 'ഇമ്മോർട്ടൽ' എന്ന സിനിമയും തങ്ങളുടെ റിലീസിങ് മാറ്റിവെച്ചതായി അറിയിച്ചുകഴിഞ്ഞു. നേരത്തെ ജൂലായ് 23-ന് പുറത്തിറക്കാൻ തീരുമാനിച്ച സിനിമയാണിത്. ജി.വി.പ്രകാശ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടതും. 'ദളപതി വന്താൽ തള്ളി പോയി താനെ ആകണും (ദളപതി വന്നാൽ നമ്മൾ വഴിമാറി കൊടുക്കണം), അതുവും വൺ ലാസ്റ്റ് ടൈം. ബെസ്റ്റ് ഓഫ് ലക്ക് ടീം ജെഎൻ. ഇമ്മോർട്ടൽ സെപ്റ്റംബർ 4-ന് തിയേറ്ററുകളിലെത്തും', എന്നാണ് അദ്ദേഹം സോഷ്യൽമീഡിയയിൽ കുറിച്ചത്. തമിഴ്, തെലുഗു, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായിട്ടാണ് സിനിമ പുറത്തിറങ്ങുക.

അതിനിടെ ലോകേഷ് കനകരാജും വാമിഖ ഗബ്ബിയും നായികാനായകൻമാരാവുന്ന 'ഡിസി' (DC) എന്ന ചിത്രവും നേരത്തെ നിശ്ചയിച്ച തീയതിക്ക് റിലീസ് ചെയ്‌തേക്കില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ജൂലായ് 31-നാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്.

അതിനിടെ ജനനായകനായി വിജയ് വാങ്ങിയത് റെക്കോഡ് പ്രതിഫലമാണെന്നും പറയപ്പെടുന്നു. സിനിമ നിർമിച്ചത് 380 കോടി രൂപയ്ക്കാണ്. അതിൽ മുക്കാൽ ഭാഗത്തിലേറെ പോയത് വിജയ്‌യുടെ പ്രതിഫലമായിട്ടും. റിപ്പോർട്ടുകൾ പ്രകാരം 220 കോടിയാണ് വിജയ്ക്ക് ഇതിലെ അഭിനയത്തിന് ലഭിച്ചത്. വിജയ്‌യുടെ ആദ്യത്തെ പ്രതിഫലം 500 രൂപയാണ്. ജനനായകന് മുമ്പ് റിലീസായ 'ഗോട്ട്' എന്ന ചിത്രത്തിൽ അദ്ദേഹം വാങ്ങിയ പ്രതിഫലം 200 കോടിയാണ്. അതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായി അദ്ദേഹം മാറുകയും ചെയ്തു. ഇനി അറിയാനുള്ളത് ഒന്നുമാത്രം, അവസാനമായി ദളപതി കൊടുങ്കാറ്റ് സൃഷ്ടിക്കുമോ ഇല്ലയോ?

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Jana Nayagan is officially confirmed for a July 23, 2026 release. Multiple films including 'Immortal' and 'Sigma' have shifted release dates to avoid a clash with Jana Nayagan.