അജിത്കുമാറിന് പുതിയ സിനിമകളില്ല, ആരും അദ്ദേഹത്തെ വിളിക്കുന്നില്ല; കാരണമിതെന്ന് തമിഴ് നിർമാതാക്കൾ

തുടക്കകാലത്ത് ഏറെ സിനിമകളിൽ അഭിനയിച്ചിരുന്നു തമിഴ്‌നടൻ അജിത് കുമാർ. പിന്നീട് അദ്ദേഹം സിനിമകൾ കുറച്ചുതുടങ്ങി. 2015 മുതൽ 2025 വരെയുള്ള കാലത്ത് അദ്ദേഹം ആകെ അഭിനയിച്ചത് ഒമ്പത് ചിത്രങ്ങളിൽ മാത്രം. 2025-ൽ റിലീസായത് രണ്ടുചിത്രങ്ങളാണ്, വിദാമുയർച്ചിയും ഗുഡ് ബാഡ് അഗ്ലിയും. അതിനുശേഷം അജിത്തിന്റെ സിനിമകളൊന്നും റിലീസായിട്ടില്ല, പുതിയ സിനിമകൾ പ്രഖ്യാപിച്ചിട്ടുമില്ല. അജിത് ആരാധകരാണെങ്കിൽ താരത്തിന്റെ പുതിയ സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയുമാണ്. അതിന് കൃത്യമായ മറുപടി ഇതുവരെ അജിത് നൽകിയിട്ടുമില്ല.
കാർ റേസിങ്ങിൽ അജിത് കൂടുതൽ ശ്രദ്ധയും താത്പര്യവും കാണിക്കുന്നതുകൊണ്ടാണ്, അദ്ദേഹം സിനിമകളിൽ അഭിനയിക്കാത്തതെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ, അതൊന്നുമല്ല യഥാർഥകാരണമെന്ന് പറയുകയാണ് തമിഴ്‌സിനിമകളിലെ ഫിനാൻസിയറും വിതരണക്കാരനുമായ തിരുപ്പൂർ സുബ്രഹ്മണ്യം.
ഫൈൻ ടൈം സിനി യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''അജിത് കുമാർ ഡിമാന്റ് ചെയ്യുന്നൊരു പ്രതിഫലമുണ്ട്. അത് കിട്ടിയാൽ മാത്രമേ അദ്ദേഹം അഭിനയിക്കൂ. പക്ഷേ, അത് വാഗ്ദാനം ചെയ്യാൻ സിനിമാമേഖലയിൽ ആരുണ്ട്? ആരും തന്നെയില്ല. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. തമിഴ് സിനിമയിൽ നിലവിൽ, റെഡ് ജയന്റ് സ്റ്റുഡിയോസ്, എജിഎസ് എന്റർടൈൻമെന്റ്‌സ്, സൺ പിക്‌ചേഴ്‌സ്, വെൽസ് എന്റർടൈൻമെന്റ്‌സ് എന്നിവ മാത്രമേ സിനിമയോടുള്ള അഭിനിവേശം കാണിക്കുന്നുള്ളൂ. പക്ഷേ അവരും അത്ര വലിയ റിസ്‌ക് എടുക്കാൻ ആഗ്രഹിക്കുന്നില്ല. പകരം ലാഭവിഹിതം പങ്കുവെക്കാൻ തയ്യാറാണ്''.
അജിത് ഒരു നിശ്ചിതപ്രതിഫലം ആഗ്രഹിക്കുന്നതാണ് പ്രശ്‌നമെന്നും സുബ്രഹ്മണ്യം പറയുന്നു. അത് 110 മുതൽ 120 കോടി വരെയാണ്. ''അദ്ദേഹം പ്രൊഡക്ഷനിൽ നിന്ന് ഒരു നിശ്ചിത പ്രതിഫലം ആഗ്രഹിക്കുന്നു. അതില്ലെങ്കിലും അദ്ദേഹത്തിന് പ്രശ്‌നമില്ല. കാരണം, അദ്ദേഹം ഇതിനകം തന്നെ സാമ്പത്തികമായി നല്ല നിലയിലാണ്. അതിനൊപ്പം റേസിങ്ങിനോട് നല്ല താത്പര്യവുമുണ്ട്. പരസ്യത്തിലൂടെ പോലും അദ്ദേഹം നല്ല വരുമാനം നേടുന്നുണ്ട്. പക്ഷേ സിനിമയെ സേവിക്കുന്നതും അദ്ദേഹം ഇഷ്ടപ്പെടുന്ന നിർമ്മാണ കമ്പനികളുമായി ലാഭം പങ്കിടുന്ന അടിസ്ഥാനത്തിൽ സിനിമകൾ നിർമ്മിക്കുന്നതും അദ്ദേഹം പരിഗണിക്കണം. അപ്പോൾ, തമിഴ് സിനിമയിൽ നിന്ന് കുറഞ്ഞത് രണ്ടോ മൂന്നോ വലിയ സിനിമകളെങ്കിലും നമുക്ക് അദ്ദേഹത്തിൽ നിന്ന് ലഭിക്കും'', സുബ്രഹ്മണ്യം പറയുന്നു.
താരങ്ങളെ ഇങ്ങനെ ആക്കിയതിനുപിന്നിൽ തെലുഗുനിർമാതാക്കളാണെന്നും പറയപ്പെടുന്നു. അടുത്തിടെ, തെലുഗുനിർമാതാക്കളായ ദിൽ രാജുവും മൈത്രി മൂവി മേക്കേഴ്‌സും, വാരിസു, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് വിജയ്ക്കും അജിത്തിനും ഉയർന്ന പ്രതിഫലം നൽകിയതായും റിപ്പോർട്ടുകളുണ്ട്. പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു തമിഴ് നിർമാതാവാണ് ഇത് പറഞ്ഞതെന്നും പറയപ്പെടുന്നു. ''അജിത്തിന് ഇപ്പോൾ സിനിമകൾ ഇല്ലാത്തതിന്റെ ഒരു കാരണം ഇതാണ്. അദ്ദേഹം പ്രതിഫലം കുറയ്ക്കില്ല, ആർക്കും ഇത്രയും വലിയ തുകകൾ താങ്ങാൻ കഴിയില്ല''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ajith Kumar has not announced any new films for 2026 following the releases of Vidaamuyarchi and Good Bad Ugly in 2025. Financier Thirupur Subramaniam cites Ajith's high salary demand (110-120 crores) as a major barrier for producers