‘അതൊക്കെ പണം കൊടുത്ത് ചെയ്യിക്കുന്ന അധിക്ഷേപങ്ങൾ’; തുറന്നടിച്ച് വിജയ് ദേവരകൊണ്ട

സോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങൾക്കും ബോധപൂർവമായ അപവാദപ്രചാരണങ്ങൾക്കുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് നടൻ വിജയ് ദേവരകൊണ്ട. തന്റെ പുതിയ ചിത്രമായ 'റണബാലി'യുടെ ട്രെയിലർ ലോഞ്ചിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിജയ്‍യുടെ പ്രതികരണം. തന്റെ പുതിയ ചിത്രം രജനികാന്ത് ചിത്രം 'ജെയിലർ 2'-മായി തിയേറ്ററുകളിൽ ഏറ്റുമുട്ടാനിരിക്കെയാണ് ഓൺലൈൻ ഇടങ്ങളിലെ സൈബർ ആക്രമണങ്ങൾക്കെതിരെ വിജയ് ആഞ്ഞടിച്ചത്.
തന്റെ സ്വപ്നങ്ങളും കഠിനാധ്വാനവും അനാവശ്യമാണെന്ന് ചിലർ കരുതുന്നത് കൊണ്ട് അത് നിർത്തിവെക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് താരം വ്യക്തമാക്കി. തന്റെ സത്യസന്ധത അഹങ്കാരമായി തോന്നുന്നവർക്ക് വേണ്ടി അഭിനയിച്ചു തുടങ്ങാനോ, ആത്മവിശ്വാസം അഹങ്കാരമായി കാണുന്നവർക്ക് മുന്നിൽ പിന്നോട്ട് പോകാനോ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ വളർച്ചയും യാത്രയും ദഹിക്കാത്തവർക്ക് വേണ്ടി വീട്ടിൽ ചുമ്മാതിരിക്കാൻ കഴിയില്ലെന്നും, മാറേണ്ടത് താനല്ല മറിച്ച് തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നവരാണെന്നും താരം തുറന്നടിച്ചു. ആളുകൾ സ്വന്തം കുടുംബത്തിന് വേണ്ടി സ്വയം മെച്ചപ്പെടാൻ സമയം കണ്ടെത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നതായും വിജയിക്കുന്നവരുടെ കഥകൾ കേൾക്കാനാണ് തനിക്കിഷ്ടമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിനെതിരെയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളെ കുറിച്ച് വിജയ് വ്യക്തമായ മറുപടി നൽകി. ഇതിനെ വിദ്വേഷം എന്ന് വിളിക്കാൻ പോലും കഴിയില്ലെന്നും, ഇതിൽ 90 ശതമാനവും പണം നൽകി നിർമ്മിച്ചെടുക്കുന്ന വിദ്വേഷമാണെന്നും വിജയ് ആരോപിച്ചു. റണബാലി ഒരു തെലുങ്ക് ചിത്രമായിരുന്നിട്ടും, അതിന് പകരം രജനികാന്തിന്റെ 'ജെയിലർ 2' കാണാനാണ് തങ്ങൾക്ക് താല്പര്യം എന്ന് കാണിച്ച് ഒരേ സമയം ഒരേപോലെയുള്ള റീലുകൾ പങ്കുവെക്കുന്ന ഒരു കൂട്ടം ആളുകളുണ്ടെന്ന് താരം ചൂണ്ടിക്കാട്ടി.
എല്ലാവർക്കും അഭിപ്രായങ്ങൾ പറയാൻ അവകാശമുണ്ടെങ്കിലും, ഒരേ അഭിപ്രായം എല്ലായിടത്തും ഒരുപോലെ വരുന്നുണ്ടെങ്കിൽ അത് ബോധപൂർവം പണം കൊടുത്തു ചെയ്യിക്കുന്നതാണെന്ന് വിജയ് പറഞ്ഞു. ഇന്ന് പണം വാങ്ങി നടത്തുന്ന ഈ ആക്രമണങ്ങൾ നാളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചെയ്യുമെന്നും പണം നൽകുന്നയാൾ അത് നിർത്തുന്നതോടെ ഇതും അവസാനിക്കുമെന്നും താരം ഓർമ്മിപ്പിച്ചു. സോഷ്യൽ മീഡിയ നല്ല കാര്യങ്ങൾ പ്രചരിപ്പിക്കാനും വളർച്ചയ്ക്കുമാണ് ഉപയോഗിക്കേണ്ടതെന്നും, ഒരാളെ താഴ്ത്തിക്കെട്ടാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന 'ജെയിലർ 2' ഒക്ടോബർ 15-നാണ് തിയേറ്ററുകളിലെത്തുന്നത്. 2023-ൽ വൻ വിജയം നേടിയ 'ജെയിലർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. തൊട്ടടുത്ത ദിവസം, ഒക്ടോബർ 16-നാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന 'റണബാലി' റിലീസ് ചെയ്യുന്നത്. രണ്ട് ചിത്രങ്ങളും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay Deverakonda addressed online abuse and trolls during the Ranabali trailer launch., He claimed that 90 percent of the negative social media posts against him are paid campaigns., Ranabali is set to clash with Rajinikanth's Jailer 2 at the box office in October.