റീറിലീസില്‍ നൂറുകോടി ക്ലബ്ബിലെത്തി വീര്‍ സാറ, നേട്ടം 20 കൊല്ലത്തിനുശേഷം

വീര്‍ സാറ
വീര്‍ സാറ

ഷാരൂഖ് ഖാനും പ്രീതി സിന്റയും തകര്‍ത്തഭിനയിച്ച ബ്ലോക്ക്ബസ്റ്റര്‍ റൊമാന്റിക് സിനിമയാണ് വീര്‍ സാറ. 2004-ല്‍ ഇറങ്ങിയ യഷ് ചോപ്ര സംവിധാനം ചെയ്ത ഈ ചിത്രം അക്കാലത്തെ ഏറ്റവും ജനപ്രിയമായവയില്‍ ഒന്നായിരുന്നു. 20 വര്‍ഷത്തിനുശേഷം അത് റീറിലീസ് ചെയ്തപ്പോള്‍ ബോക്‌സോഫീസില്‍ 100 കോടി നേട്ടം കൈവരിച്ചിരിക്കുകയാണ്. 

സിനിമ ഇന്ത്യയില്‍ ആദ്യം 61 കോടിയും വിദേശത്ത് 37 കോടിയുമാണ് നേടിയിരുന്നത്. മൊത്തം 98 കോടി രൂപ. കഴിഞ്ഞയാഴ്ച റീറിലീസ് ചെയ്തതോടെ 100 കോടി കടന്ന് ലോകമെമ്പാടുമായി 102.60 കോടിയിലാണ് ചിത്രം ഇപ്പോള്‍ എത്തിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റുപോകുമെന്നാണ് കണക്കുകൂട്ടല്‍.  

യഷ് രാജ് ഫിലിംസ് ആണ് സിനിമ നിര്‍മ്മിച്ചത്. ഡര്‍, ദില്‍ തോ പാഗല്‍ ഹേ എന്നിവയ്ക്ക് ശേഷം ഷാരൂഖിനൊപ്പമുള്ള യഷ് ചോപ്രയുടെ മൂന്നാമത്തെ സിനിമയായിരുന്നു ഇത്. റാണി മുഖര്‍ജി, അമിതാഭ് ബച്ചന്‍, ഹേമ മാലിനി, മനോജ് ബാജ്പേയി, ബൊമന്‍ ഇറാനി, കിരണ്‍ ഖേര്‍, അനുപം ഖേര്‍, ദിവ്യ ദത്ത എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. ഒരു ഇന്ത്യന്‍ പട്ടാളക്കാരനെയും ഒരു പാക് വനിതയേയും കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്.

Content Highlights: veer zaara enters rs 100 crore club after re-release