തടികുറച്ച് പുത്തൻ ഗെറ്റപ്പിൽ ധ്യാൻ, ജന്മദിനത്തില്‍ പാക്കപ്പ് പറഞ്ഞ് വിനീത്, 'ഹൃദയം' ആവര്‍ത്തിക്കുമോ

വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ ഫാന്‍ മെയ്ഡ് പോസ്റ്റര്‍
വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ ഫാന്‍ മെയ്ഡ് പോസ്റ്റര്‍

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ' വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായി. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, നീരജ് മാധവ്, നീത പിള്ള, നിഖില്‍ നായര്‍, അര്‍ജുന്‍ ലാല്‍ തുടങ്ങി വന്‍താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ധ്യാനിന്റെ ജന്മദിനമായ ഡിസംബര്‍ 20-ന് പുലര്‍ച്ചെ രണ്ട് മണിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായ വിവരം വിനീത് ശ്രീനിവാസനാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. 40 ദിവസം കൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും വിനീത് ശ്രീനിവാസന്‍ നന്ദി അറിയിച്ചു.

ചിത്രത്തിനായി ധ്യാന്‍ ശ്രീനിവാസന്‍ ശരീരഭാരം കുറച്ചത് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പുത്തന്‍ ഗെറ്റപ്പിലാണ് ധ്യാന്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രമായ ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മേരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രണവും ധ്യാനും അടങ്ങുന്ന താരനിര അവസാന ദിന ചിത്രീകരണത്തില്‍ വിനീതിന്റെ കൂടെ ഉണ്ടായിരുന്നു. 

Content Highlights: varshangalk shesham film packup by vineeth sreenivasan