അനിമലിനു ശേഷം നിര്‍ത്താതെ കരഞ്ഞു, ഇത്രയധികം വിമര്‍ശനം ഞെട്ടിക്കുന്നതായിരുന്നു-തൃപ്തി

സ്ത്രീവിരുദ്ധതയുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട സിനിമയാണ് റണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്ററില്‍ പ്രധാനപ്പെട്ടൊരു റോളിലാണ് ത്രിപ്തി ഡിമരിയെത്തിയത്. അനിമലിലെ 'ലിക്ക് മൈ ഷൂ' സീന്‍ വലിയ വിവാദമായിരുന്നു. രഹസ്യം ചോര്‍ത്താനെത്തുന്ന വനിതയുടെ റോളാണ് ചിത്രത്തില്‍ തൃപ്തിക്ക്. റണ്‍ബീറിന്റെ കഥാപാത്രം അത് തിരിച്ചറിഞ്ഞശേഷം തന്നെ സ്‌നേഹിക്കുന്നുവെന്ന് തെളിയിക്കാന്‍ ഷൂ നക്കണമെന്ന് തൃപ്തിയുടെ കഥാപാത്രത്തോട് ആവശ്യപ്പെടുന്നുണ്ട്. ഈ സീനാണ് വിവാദമുണ്ടാക്കിയത്.
തൃപ്തിയെ സംബന്ധിച്ചിടത്തോളം പ്രേക്ഷകരില്‍ നിന്ന് അത്ര നല്ല പ്രതികരണമല്ല ഇതുണ്ടാക്കിയത്. ഒരുപാട് അപവാദങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നെന്നും ഇത്രയധികം എതിര്‍പ്പുകള്‍ ജീവിതത്തില്‍ നേരിടേണ്ടി വന്നത് ആദ്യമായിട്ടായിരുന്നുവെന്നും തൃപ്തി പറയുന്നു.
'അത് ശരിക്കും ഞെട്ടിച്ചു. ഞാനൊരുപാട് കരഞ്ഞു. രണ്ടോ മൂന്നോ ദിവസമെങ്കിലും നിര്‍ത്താതെ കരഞ്ഞു. ഇതെനിക്ക് ശീലമുണ്ടായിരുന്നില്ല. എല്ലാം സംഭവിച്ചത് പെട്ടെന്നായിരുന്നു. ഇത്രയുമധികം വിമര്‍ശനം നേരിടേണ്ടിവരുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആളുകള്‍ വൃത്തികേടുകള്‍ എഴുതി. തുടക്കത്തില്‍ ബുദ്ധിമുട്ടി. കാരണം മുമ്പത്തെ സിനിമകളില്‍ ഇങ്ങനെ വിമര്‍ശനങ്ങളുണ്ടായിരുന്നില്ല. അന്നൊക്കെ ഞാന്‍ എന്നെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ വായിച്ച് ഏറെ സന്തോഷിച്ചു, നല്ലതേ എന്നെപ്പറ്റി വരുന്നുള്ളൂ, ജീവിതത്തില്‍ ഒരു പ്രശ്നവുമില്ല എന്ന് ചിന്തിച്ചു. പക്ഷേ അനിമലിനുശേഷം അതായിരുന്നില്ല സ്ഥിതി. മുഖ്യധാരയുടെ പാര്‍ശ്വഫലമാണതെന്ന് ഞാന്‍ കരുതുന്നു.'-തൃപ്തി പറഞ്ഞു.
'ഞാന്‍ എല്ലാ അഭിപ്രായങ്ങളും വായിക്കും. ഒരു മാസത്തേക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ പോലുമായില്ല. എന്റെ ജോലിയാണ് ഞാന്‍ ചെയ്തത്. പകുതിപ്പേര്‍ എന്നെ ആഘോഷിക്കുകയും മറ്റേ പകുതി എന്നെ താഴ്ത്താന്‍ ശ്രമിക്കുകയും ചെയ്തു. പോസിറ്റീവുകളേക്കാള്‍ നെഗറ്റീവിലാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പക്ഷേ, അത്രയേറെ പ്രധാനപ്പെട്ട വ്യക്തികള്‍ക്കൊപ്പമാണ് പ്രവര്‍ത്തിച്ചത് എന്നതുകൊണ്ടും മുഖ്യധാരയിലെത്തിയതുകൊണ്ടും താന്‍ ഏറെ സന്തോഷവതിയാണ്'- രണ്‍വീര്‍ അല്ലാബാദിയ പോഡ്കാസ്റ്റില്‍ തൃപ്തി തുറന്നുപറഞ്ഞു.
Content Highlights: triptii dimri cried for days after animal release massive negative wave