'ബാലൻ ദി ബോയ്'ൽ മിന്നിമായുന്നത് ടൊവിനോ തോമസോ?

'മഞ്ഞുമ്മൽ ബോയ്‌സി'ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലൻ: ദി ബോയ്' എന്ന ചിത്രത്തിന്റെ ട്രെയിലറിൽ മിന്നിമറയുന്നത് ടൊവിനോ തോമസോ...? കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ചത് മുതൽ 'ബാലൻ: ദി ബോയ്' മികച്ച അഭിപ്രായം നേടിയിരുന്നു.
സംവിധായകനായ ചിദംബരവും ജിത്തു മാധവനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബാലൻ: ദി ബോയ്'ക്കുണ്ട്. ‘രോമാഞ്ച’വും ‘ആവേശ’വും ഒരുക്കിയ ജിത്തുമാധവന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്ന് നിർമ്മിച്ച സിനിമ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ തിയേറ്ററുകളിലെത്തും.
രണ്ട് മിനുറ്റും 30 സെക്കന്റും നീണ്ടുനിൽക്കുന്ന സിനിമയുടെ ട്രെയിലറിൽ ടോർച്ച് വെളിച്ചത്തിൽ തെളിയുന്നത് ടൊവിനോ തോമസിന്റെ മുഖമാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് പ്രേക്ഷകർ. ടൊവിനോ തോമസും സംവിധായകൻ എ..ഡി.ഗിരീഷും ചിത്രത്തിലുണ്ടെന്ന അടക്കംപറച്ചിലുകൾ ചിത്രീകരണത്തിന്റെ ഒരുഘട്ടം കഴിഞ്ഞപ്പോൾ മുതൽ ശക്തമായിരുന്നു. പോലീസ് വേഷത്തിലാണ് ഗിരീഷ് എത്തുന്നതെന്നാണ് റിപ്പോർട്ട്. ടൊവിനോയുടെ സാന്നിധ്യം ഉറപ്പിക്കുന്നതാണ് ട്രെയിലറിലെ മിന്നിമായുന്ന കാഴ്ച.
തൃശൂർ സ്വദേശിനി ഫർസാന പാലത്തിങ്കലും ആലപ്പുഴ സ്വദേശിയായ ആദിശേഷനുമാണ് 'ബാലൻ: ദി ബോയ്'ൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം-ഷൈജു ഖാലിദ്, സംഗീതം-സുഷിൻ ശ്യാം, എഡിറ്റിങ്ങ്- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ-അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ- ഗണപതി തുടങ്ങി വലിയൊരു നിരതന്നെ സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. ചിത്രം ജൂൺ 19-ന് തീയേറ്ററിലെത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Speculation regarding Tovino Thomas's cameo in Balan: The Boy. Film directed by Chidambaram with screenplay by Jithu Madhavan. Grand theatrical release scheduled for June 19, 2026.