നടിയുടെ ശരീരം അവളുടെ മാത്രം അധീനതയിലാണെന്ന് തറപ്പിച്ചുപറഞ്ഞ കേറ്റ്

കേറ്റ് വിന്‍സ്‌ലെറ്റ്
കേറ്റ് വിന്‍സ്‌ലെറ്റ്

പല നാടും നിറവും വേരും കാലവും ഭാവവും ഭാവവൈവിധ്യവും ദൃശ്യങ്ങളിലേക്ക് പകര്‍ത്തി അമരത്വം നല്‍കുന്നതാണ് സിനിമ. ഏറ്റവും ജനകീയമായ കല. സിനിമയിലെ ചില കഥാപാത്രങ്ങള്‍ ആസ്വാദകഹൃദയങ്ങളില്‍ നിഴല്‍ പതിപ്പിച്ച് മനസ്സിന്റെ വരാന്തകളില്‍ അലഞ്ഞുതിരിയുന്നുണ്ടാകും. ടൈറ്റാനിക്കിലെ ജാക്കിനെയും റോസിനെയും പോലെ. ചിപ്പിയുടെ ജീവന്‍ അലിഞ്ഞൂറിക്കൂടിയാണല്ലോ പരിശുദ്ധസൗന്ദര്യത്തിന്റെ മുത്തഴക് പിറക്കുന്നത്. അറ്റ്‌ലാന്റിക്കിലെ കോച്ചുംകുളിരില്‍ പ്രാണനറ്റ് ഉറഞ്ഞുറച്ച മനോഹരപ്രണയത്തിന്റെ കണ്ണുനീര്‍ത്തുള്ളിയാണ് ജാക്ക്.  

ഒരു ഫോട്ടോ പോലും ഭൂമിയില്‍ ബാക്കിനിര്‍ത്താതെ റോസിന്റെ ഓര്‍മകളില്‍ മാത്രമായി സിനിമ ജാക്കിനെ അവശേഷിപ്പിച്ചു. ജാക്കിനെ കൊന്ന ജെയിംസ് കാമറൂണ്‍ എന്ന സംവിധായകനോട് പ്രേക്ഷകര്‍ കോപിച്ചു. സംവിധായകന്റെ നിഷ്‌കരുണമായ അധികാരബോധത്തോട് കലഹിച്ചു. സിനിമാചരിത്രത്തിലെ ഏറ്റവും നിര്‍ദയമായ കൊലപാതകമായും സ്രഷ്ടാവിന്റെ കലയിലുള്ള സര്‍വാധിപത്യത്തിന്റെ രക്തസാക്ഷിയായും ജാക്കിന്റെ മരണത്തിനു വ്യാഖ്യാനങ്ങളുണ്ടായി.

ലിയനാര്‍ഡോ ഡികാപ്രിയോ

റോസ് ഒന്ന് ഒതുങ്ങിയിരുന്നെങ്കില്‍ ജാക്കിനും ഇടമുണ്ടാകുമായിരുന്നല്ലോ... എങ്കില്‍ ഇരുവര്‍ക്കും രക്ഷപ്പെടാമായിരുന്നല്ലോ.. ഒഴിവാക്കാമായിരുന്ന മഹാദുരന്തമായി, സിനിമാചര്‍ച്ചകളില്‍ ജാക്കിന്റെ മരണം. എല്ലാ അഭിമുഖങ്ങളിലും സംവിധായകനും അഭിനേതാക്കളും ഇതിനുത്തരം പറയേണ്ടിവന്നു. അതെന്റെ കലാപരമായ സ്വാതന്ത്ര്യമാണ് എന്ന് കാമറൂണ്‍ കട്ടായം പറഞ്ഞു. സിനിമയില്‍ ജാക്കായി അഭിനയിച്ച ലിയനാര്‍ഡോ ഡികാപ്രിയോ ഒരിക്കലും ചോദ്യങ്ങളില്‍ പ്രകോപിതനായില്ല. ഇക്കാലം വരെ തന്റെ മൗനത്തില്‍ അദ്ദേഹം വിട്ടുവീഴ്ച വരുത്തിയിട്ടില്ല. ജാക്കിന് രക്ഷപ്പെടാന്‍ സാധിക്കില്ലായിരുന്നോ എന്ന ചോദ്യത്തിന് ചിലപ്പോള്‍ എന്ന അര്‍ധോക്തി കൊണ്ട് റോസിനെ അവതരിപ്പിച്ച കേറ്റ് വിന്‍സ്‌ലെറ്റ് ഒരിക്കല്‍ മറുപടി പറഞ്ഞു.  

ഇരകളെ തിരഞ്ഞ് എത്രയോ മഞ്ഞുകട്ടകള്‍ അറ്റ്‌ലാന്റിക്കിന്റെ പരപ്പില്‍ പിന്നെയും അലഞ്ഞു കാല്‍നൂറ്റാണ്ട്. പക്ഷേ, ജാക്കിന്റെ മരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉരുകിത്തീര്‍ന്നില്ല. ഇരുപത്തിയഞ്ചാം വര്‍ഷം ടൈറ്റാനിക് റീ-റിലീസ് ചെയ്തപ്പോള്‍ ജെയിംസ്  കാമറൂണ്‍ കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തി. ലിയോനാര്‍ഡോയുടെയും കേറ്റിന്റെയും ഭാരമുള്ള വ്യക്തികളില്‍ അകമേയും പുറമെയും സെന്‍സറുകള്‍ ഘടിപ്പിച്ച് ആ ചരിത്ര രംഗം പുനസൃഷ്ടിച്ചു. ഇത്തവണ ഷൂട്ടിങ് സെറ്റിന്റെ സൗകര്യങ്ങളും ആനുകൂല്യങ്ങളും നല്‍കിയില്ല. അറ്റ്‌ലാന്റിക്കിലെ കൊടുംതണുപ്പില്‍ അതേ സാഹചര്യങ്ങളില്‍ ഇരുവര്‍ക്കും രക്ഷപ്പെടാനാകുമോ എന്ന് ശാസ്ത്രീയമായി പരിശോധിച്ചു. ഇല്ല എന്ന കണ്ടെത്തല്‍ തന്റെ സര്‍ഗാത്മക തിരഞ്ഞെടുക്കലിന്റെ ശരിവെക്കലാണെന്ന് കാമറൂണ്‍ സമര്‍ത്ഥിച്ചുജയിച്ചു. ഇനി പഴയ വിവാദങ്ങള്‍ക്കും കടല്‍ത്തട്ടിലാണ് സ്ഥാനം. 

ജെയിംസ് കാമറൂണ്‍

ഇനിയും മറുപടി നല്‍കാതിരിക്കാന്‍ കഴിയില്ലായിരുന്നു. കലയും കലാസ്വാദനവും വൈകാരികമായി തുടങ്ങിവെച്ച ചര്‍ച്ചയില്‍ പിന്നീട് മനുഷ്യത്വവിരുദ്ധതയുടെയും ക്രൂരഹാസ്യത്തിന്റെയും മേമ്പൊടി കലര്‍ന്നിരുന്നു. അതിലേറ്റവും നിഷ്ടൂരം കേറ്റ് വിന്‍സ്‌ലെറ്റ് നേരിടേണ്ടി വന്ന വ്യക്തിഹത്യയാണ്. അമേരിക്കന്‍ നടിയും നിര്‍മാതാവും ടെലിവിഷന്‍ അവതാരകയുമായിരുന്ന ജൊവാന്‍ റിവേര്‍സ് പറഞ്ഞു- ''കേറ്റ് അഞ്ചു പൗണ്ട് ഭാരം കുറച്ചിരുന്നെങ്കില്‍ ലിയോയ്ക്കും പൊങ്ങുതടിയില്‍ ഇടം കിട്ടിയേനെ.''  

ഇരുത്തിരണ്ടാം വയസ്സിലാണ് കേറ്റ് വിന്‍സ്‌ലെറ്റ് റോസിനെ അഭ്രപാളിയില്‍ ചാലിക്കുന്നത്. സിനിമ ആഗോളതലത്തില്‍ വിജയമായതോടെ ചെറുപ്രായത്തില്‍ കേറ്റിന് ലോകത്തിന്റെ പരുന്തിന്‍കണ്ണുകളില്‍ നിന്ന് ഒളിക്കാനാവാതെയായി. പാപ്പരാസികള്‍ കേറ്റിന്റെ പുറകില്‍ നിന്ന് മാറാതെയായി. കേറ്റിന്റെ അസാമാന്യ പ്രകടനത്തിന്റെ അണിയറക്കഥകളേക്കാള്‍ അവര്‍ക്ക് അറിയേണ്ടിയിരുന്നത് കേറ്റിന്റെ ഭാരമായിരുന്നു. നായികയ്ക്ക് ചേരാത്ത ശരീരമെന്ന് എല്ലാവരും വിധിയെഴുതി. യൗവ്വനാരംഭത്തിലെ പ്രശസ്തി മാത്രം മതി ഒരു ജീവിതത്തില്‍ ചക്രവാതം സൃഷ്ടിക്കാന്‍. അതോടൊപ്പം വേദനിപ്പിക്കുന്ന കുത്തുവാക്കുകളും പരിഹാസവും കൂടിയായപ്പോള്‍ കേറ്റിന് വല്ലാതെ നൊന്തു. അവള്‍ പാപ്പരാസികളില്‍ നിന്ന് ഓടിയൊളിക്കാന്‍ നോക്കി. അഭിമുഖങ്ങള്‍ നിഷേധിച്ചു. പക്ഷേ, അവളെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഒടുങ്ങിയില്ല. കേറ്റ് വിന്‍സ്‌ലെറ്റിന്റെ ഭാരം എന്താകുമെന്ന് ഊഹിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവന്നു. അവളുടെ ഭക്ഷണ രീതി ഇന്നതായിരിക്കുമെന്ന് അച്ചടിച്ചു. നായികമാര്‍ക്ക് അഭിനയം പിഴച്ചാലും അംഗവടിവില്‍ അണുവിട കുറവുണ്ടാകരുതെന്ന പൊതുബോധം കേറ്റിന്റെ ജീവിതം ദുരിതമാക്കി. 

അവള്‍ക്ക് അപകര്‍ഷബോധവും സിനിമാലോകത്ത് അരക്ഷിതാവസ്ഥയും തോന്നി. പിന്മാറ്റം ഒരു സാധ്യതയായിപ്പോലും പരിഗണിക്കാന്‍ അവള്‍ തയ്യറായില്ല. എന്റെ ശരീരം എന്റെ പ്രകടനത്തെക്കാള്‍ പ്രധാനമല്ല എന്ന് കേറ്റ് പ്രഖ്യാപിച്ചു. പൊതുവേദികളില്‍ വീണ്ടും സജീവമായി. അധിക്ഷേപകരമായ ചോദ്യങ്ങള്‍ക്ക് പരുഷമായ മറുപടികള്‍ നല്‍കി. സീനുകളില്‍ നഗ്‌നത ആവശ്യമെങ്കില്‍ അതിനും തയ്യാര്‍. നടിയുടെ ശരീരം അവളുടെ മാത്രം അധീനതയിലാണ് കേറ്റ് അടിവരയിട്ടു പറഞ്ഞു. 

ബോഡി പോസിറ്റിവിറ്റി എന്ന സങ്കല്പം പോലും നിലവിലില്ലാത്ത തൊണ്ണൂറുകളില്‍ സ്വന്തം ശരീരത്തെ അതിന്റെ സ്വാഭാവികതയോടെ സ്‌നേഹിക്കാന്‍ കേറ്റ് സ്ത്രീകളോട് പറഞ്ഞു. ആര്‍ക്കും ഉടലിന്റെ സൗന്ദര്യമളക്കാനുള്ള അവകാശം പതിച്ചുകൊടുക്കരുതെന്ന് പഠിപ്പിച്ചു. ശരീരത്തിന്മേല്‍ ആരോപിക്കപ്പെട്ടിരുന്ന കുറവുകള്‍ അവരുടെ അവിസ്മരണീയമായ കഥാപാത്രങ്ങളുടെ തെളിച്ചത്തിനുമുന്നില്‍ അപ്രസക്തമായി. ഗ്രാമി, ഗോള്‍ഡന്‍ ഗ്ലോബ്, അക്കാദമി അവാര്‍ഡ്, ബാഫ്റ്റ അവാര്‍ഡ്... പല നേട്ടങ്ങളും പലയാവര്‍ത്തി നേടി. 2009 ല്‍ ഓസ്‌കറും. അന്യന്റെ ശരീരത്തെ അപഹസിക്കുന്ന ബോഡി ഷെയ്മിങ്ങിനോട് ലോകം മുഖംതിരിച്ചു തുടങ്ങിയിട്ട് അധികകാലമൊന്നും ആയിട്ടില്ല.അതിനു ലോകത്തെ തയ്യാറെടുപ്പിച്ചതില്‍ കേറ്റിന്റെ പങ്ക് നിര്‍ണായകമാണ്. അഭ്രപാളിയില്‍ അതിശയകരമായ പകര്‍ന്നാട്ടത്തിനൊപ്പം അവനവനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച മനുഷ്യസ്‌നേഹിയായും കേറ്റ് വിന്‍സ്‌ലെറ്റ് ചിത്രത്തിലുണ്ടാകും. 

Content Highlights: Titanic actress kate winslet and her struggles with body shaming