'പോളണ്ടിൽ എന്ത് സംഭവിച്ചു?' ശ്രീനിവാസൻ കഥാപാത്രത്തെ ചൊടിപ്പിച്ച വിപ്ലവത്തിന്റെ കഥ

സന്ദേശം സിനിമയിലെ രംഗം, സമരമുഖത്ത് ലെക് വവൻസ(Getty Images)
സന്ദേശം സിനിമയിലെ രംഗം, സമരമുഖത്ത് ലെക് വവൻസ(Getty Images)

1991-ലാണ് ശ്രീനിവാസൻ എഴുതിയ സത്യൻ അന്തിക്കാട് ചിത്രം 'സന്ദേശം' പുറത്തുവന്നത്. ഇന്നും അതിനെ വെല്ലുന്ന ഒരു രാഷ്ട്രീയ-ആക്ഷേപഹാസ്യ ചിത്രം മലയാളത്തിലില്ല. കോട്ടപ്പള്ളി പ്രഭാകരനായി ശ്രീനിവാസനും കെ.ആർ.പി. എന്ന ചുരുക്കപ്പേരിൽ പ്രകാശായി ജയറാമും മുഖ്യവേഷങ്ങളിലെത്തി. ഇരുവരും വാക്കുതർക്കത്തിലേർപ്പെടുന്ന ഒരു രംഗത്തിൽ പോളണ്ട് കടന്നുവരുന്നുണ്ട്. പോളണ്ടിൽ എന്ത് സംഭവിച്ചു എന്ന് ജയറാമിന്റെ കഥാപാത്രം ചോദിക്കുമ്പോൾ ശ്രീനിവാസൻ കഥാപാത്രം കലിപ്പിലാകുന്നു. പോളണ്ടിനെക്കുറിച്ച് ഒരക്ഷരം പറയരുതെന്ന് താക്കീത് നൽകുന്നു. ശരിക്കും പോളണ്ടിൽ എന്താണ് സംഭവിച്ചത്? എന്തിനാകും കോട്ടപ്പള്ളി അതുകേട്ടപ്പോൾ കോപിച്ചത്? ചരിത്രത്തിലേക്ക് ഒന്നെത്തിനോക്കാം. 

ചരിത്രം പറയുന്നത് 
സോവിയറ്റ് ബ്ലോക്കിൽ പെട്ട രാജ്യമായിരുന്നു പോളണ്ട്. ഭരണം കമ്മ്യൂണിസ്‌റ് സർക്കാരിന്റെ കൈകളിലുമായിരുന്നു. പക്ഷേ തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഭരണകൂടം ശ്രമിച്ചത് പോലുമില്ല. സാധനങ്ങളുടെ വില കുത്തനെ കൂടിയതല്ലാതെ വേതനം കൂടാതെയായപ്പോഴാണ് തൊഴിലാളികൾ ഭരണത്തിനെതിരെ സംഘടിക്കാൻ തീരുമാനിച്ചത്.

സോളിഡാരിറ്റി മുന്നേറ്റം/Getty Images

തുടക്കം ലെനിൻ ഷിപ്‌യാർഡിൽ നിന്നായിരുന്നു. ഇലക്ട്രീഷ്യനായി ജോലി ചെയ്ത ലെക് വവെൻസ തൊഴിലാളികളുടെ നേതാവായി. അവർ കോമ്പൗണ്ടിന്റെ വാതിൽ അകത്തുനിന്നടച്ചു. മുദ്രാവാക്യങ്ങളുയർന്നു. ഭരണകൂടത്തിന് ഇടപെടാതിരിക്കാൻ വയ്യെന്ന സ്ഥിതിയായി. സമരക്കാരെ അനുനയിപ്പിക്കാൻ സർക്കാർ സൗജന്യവും സ്വതന്ത്രവുമായ സംഘടനപ്രവർത്തനത്തിന് പൂർണ അനുമതി നൽകി. അവർക്ക് സമരം ചെയ്യാനുള്ള അവകാശത്തെയും അംഗീകരിച്ചു.  

1980 സെപ്റ്റംബർ 22-ന് 36 പ്രാദേശിക ട്രേഡ് യൂണിയൻ സംഘടനകളുടെ നേതാക്കൾ ഒത്തുചേർന്നു. അവർ ലയിച്ച്‌ ഒറ്റസംഘടനയായി. സോളിഡാരിറ്റി എന്ന് പേരിട്ട സംഘടനയുടെ തലവനായി ലെക് വവെൻസ നിയോഗിതനായി. മാസങ്ങൾക്കുള്ളിൽ 10 ദശലക്ഷത്തിലധികം തൊഴിലാളികൾ സംഘടനയുടെ ഭാഗമായി. സോളിഡാരിറ്റി ഭരണകൂടത്തിന് മുന്നിൽ ആവശ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി. ഇത് ഭീഷണിയാകുമെന്ന് കണ്ട സർക്കാർ പട്ടാളനിയമം പ്രഖ്യാപിച്ച് സോളിഡാരിറ്റിയെ അടിച്ചമർത്താനാണ് ശ്രമിച്ചത്. സോളിഡാരിറ്റിയെ നിയമവിരുദ്ധ സംഘടനയാക്കി പിരിച്ചുവിട്ടു. നേതാക്കന്മാരെ തടവിലാക്കി. 

ലെക് വവെൻസ/Getty Images

രഹസ്യമായി തുടർപ്രവർത്തനം നടത്തേണ്ടി വന്നു അണികൾക്ക്. അവർക്ക് വിദേശസഹായം ലഭിച്ചു. രഹസ്യമീറ്റിങ്ങുകൾ നടന്നു, ലഘുലേഖകൾ വിതരണം ചെയ്യപ്പെട്ടു. 1988 ആയപ്പോഴേക്കും സോളിഡാരിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ശക്തി പ്രാപിച്ചു. അപ്പോഴേക്കും സമ്പദ് വ്യവസ്ഥ ആകെ അവതാളത്തിലായിരുന്നു. തൊഴിലാളിസമരം ഇനിയും മുന്നോട്ടുപോയാൽ ആകെ കുഴയുമെന്ന സ്ഥിതി വന്നു. സർക്കാർ ചർച്ചയ്ക്ക് തയ്യാറായി. സോളിഡാരിറ്റിയുടെ വിലക്ക് മാറ്റേണ്ടിവന്നു. 1989-ലെ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് ഭരണത്തെ തകർത്തെറിഞ്ഞ് സോളിഡാരിറ്റി അധികാരം പിടിച്ചെടുത്തു. 

പൂർവേഷ്യയിലെ സോവിയറ്റ് ആധിപത്യത്തിന് അടിത്തറയിലാക്കിയ ട്രേഡ് യൂണിയൻ മുന്നേറ്റമാണ് സോളിഡാരിറ്റി. അയൽപക്ക രാജ്യങ്ങളിൽ രാഷ്ട്രീയപരിവർത്തനം കൊണ്ടുവരാൻ സോളിഡാരിറ്റി പകർന്ന ഊർജ്ജത്തിന് സാധിച്ചു. ബർലിൻ മതിലിന്റെ പതനം പോലും സോളിഡാരിറ്റിയുടെ പ്രചോദനമായി കണക്കാക്കപ്പെടുന്നു. എന്തിന് ലോകത്തെ ശക്തി ദുർഗങ്ങളിലൊന്നായി തലയുയർത്തിനിന്ന സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് പിന്നിൽപോലും സോളിഡാരിറ്റിയുടെ സ്വാധീനം കാണാം. 

wikipedia

കോട്ടപ്പള്ളിയുടെ കലി

റെവൊല്യൂഷനറി ഡെമോക്രാറ്റിക് പാർട്ടിയുടെ അറിയപ്പെടുന്ന ബുദ്ധിജീവി എന്ന് സ്വയം വിശേഷിപ്പിക്കുന്നയാളാണ് 'സന്ദേശ'ത്തിലെ കോട്ടപ്പള്ളി. യുക്തിയിൽ അടിയുറച്ചു വിശ്വസിക്കുന്ന പ്രസ്ഥാനത്തിലെ, രഹസ്യമായി ക്ഷേത്രസന്ദർശനം നടത്തുന്ന നേതാവ്. പ്രകാശനാകട്ടെ, നാഷണൽ സെക്യുലർ പാർട്ടിയുടെ ഉദിച്ചുയരുന്ന യുവനേതാക്കളിൽ പ്രമുഖൻ. തെരഞ്ഞെടുപ്പിൽ തോറ്റ കോട്ടപ്പള്ളിയെ കൂടുതൽ വേദനിപ്പിക്കാനാണ് അയാൾ പോളണ്ടിന്റെ ഉദാഹരണം ഉപയോഗിക്കുന്നത്. പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം തൊഴിലാളികൾ തന്നെ തകർത്തത് ആരെങ്കിലും ഓർമിപ്പിച്ചാൽ കോട്ടപ്പള്ളി ക്ഷുഭിതനാകുന്നത് സ്വാഭാവികം. അതുകൊണ്ടാണ് പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന വിഖ്യാതമായ ഡയലോഗ് ശ്രീനിവാസൻ കാണികൾക്ക് സമ്മാനിച്ചതും. 
 

Content Highlights: the poland solidarity movement referred to in sandesam movie