ജനനായകനിൽ വിജയ്ക്ക് റെക്കോഡ് പ്രതിഫലം, 1000 കോടി ക്ലബ്ബിലെത്തിയാൽ കൂടും, ഖാൻമാരെ കടത്തിവെട്ടി

'ജനനായകൻ' എന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രത്തോടെ ബിഗ് സ്ക്രീനിനോട് വിടപറയുകയാണ് ദളപതി വിജയ്. രാഷ്ട്രീയത്തിലേക്കും ജനസേവനത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനായി അഭിനയത്തിൽ നിന്ന് വിരമിക്കുമെന്ന് വിജയ് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. യഥാർഥ ജീവിതത്തിൽ ജനനായകനായി ഇറങ്ങുംമുമ്പ്, തന്റെ അവസാന ചിത്രത്തിലൂടെ വലിയ നേട്ടം കൊയ്യാനും വിജയ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച്, ഷാരൂഖ് ഖാൻ, പ്രഭാസ്, സൽമാൻ ഖാൻ എന്നിവരെപ്പോലും കടത്തിവെട്ടുന്നതാണ് വിജയ് ഈ ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം.
എക്സിൽ 'മൂവി തമിഴ്' എന്ന പേജിൽ വന്ന ഒരു ട്വീറ്റ് അനുസരിച്ച്, ജനനായകന്റെ ബജറ്റ് 380 കോടി രൂപയാണ്. ഇത് തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിലെ സംവിധായകൻ എച്ച്. വിനോദ് 25 കോടി രൂപയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ 13 കോടി രൂപയും പ്രതിഫലം കൈപ്പറ്റിയെന്ന് റിപ്പോർട്ടുകളുണ്ട്.
'ജനനായകന്' വിജയ് വാങ്ങുന്ന പ്രതിഫലം 220 കോടി രൂപയാണെന്നാണ് വിവരം. 251 കോടി രൂപയാണ് ആദ്യം വാഗ്ദാനം ചെയ്തിരുന്നതെങ്കിലും അവസാന നിമിഷ ചർച്ചകൾ പ്രകാരം 220 കോടിയിലേക്കെത്തുകയായിരുന്നു. അതേസമയം, ചിത്രം ആഗോള ബോക്സോഫീസിൽ 1000 കോടി മറികടന്നാൽ ശേഷിക്കുന്ന 31 കോടിയും കൂടെ വിജയ്ക്കു ലഭിക്കും. ഇതോടെ സമീപകാലത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായി വിജയ് മാറും. ഗോട്ട് എന്ന ചിത്രത്തിൽ 200 കോടി രൂപയായിരുന്നു വിജയുടെ പ്രതിഫലം. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങിയാണ് താരത്തിന്റെ പടിയിറക്കമെന്നതും ശ്രദ്ധേയം.
ബോബി ഡിയോൾ അഞ്ചു കോടിയും, പൂജ ഹെഗ്‌ഡെ മൂന്നു കോടിയുമാണ് ചിത്രത്തിൽ പ്രതിഫലം വാങ്ങുന്നത്. മമിത ബൈജുവിന് ലഭിക്കുക 60 ലക്ഷമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
2023 ൽ, 'വാരിസു' എന്ന ചിത്രത്തിനായി 110-125 കോടി രൂപയും 'ലിയോ' എന്ന ചിത്രത്തിനായി 120 കോടി രൂപയും വിജയ് പ്രതിഫലം വാങ്ങിയിരുന്നു.
ഷാരൂഖ് ഖാൻ ഇതുവരെ വാങ്ങിയതിൽ ഏറ്റവും വലിയ പ്രതിഫലം 'ജവാനു' വേണ്ടിയാണ്. 200 കോടി രൂപയായിരുന്നു അത്. ലാഭ വിഹിതം ഇതിൽ ഉൾപ്പെടുന്നില്ല. അതുപോലെ, സന്ദീപ് റെഡ്ഡി വാംഗയുടെ 'സ്പിരിറ്റ്' എന്ന ചിത്രത്തിന് പ്രഭാസ് 160-200 കോടി രൂപയാണ് വാങ്ങിയത്. 'സിക്ക്ന്ദറി'ന് വേണ്ടി സൽമാൻ ഖാൻ 120 കോടി രൂപ കൈപ്പറ്റി. ഈ കണക്കുകൾ പ്രകാരം, പ്രതിഫലത്തിന്റെ കാര്യത്തിൽ വിജയ് ഇന്ത്യൻ സൂപ്പർതാരങ്ങളെ മറികടന്നിരിക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Thalapathy Vijay`s staggering Rs 220 crore fee for his final film, Jana Nayagan, surpasses Shah Rukh Khan, Prabhas, and Salman Khan`s highest salaries. Explore the details!