സ്‌പോട്ടിഫൈയില്‍ റെക്കോഡിട്ട് ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ 'ടോര്‍ച്ചേഡ് പോയറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്'

സ്വീഡിഷ് മ്യൂസിക് ആപ്പായ സ്‌പോട്ടിഫൈയില്‍ ഒറ്റദിവസംകൊണ്ട് ഏറ്റവുമധികം സ്ട്രീം ചെയ്യുന്ന ആല്‍ബമെന്ന റെക്കോഡ് സ്വന്തമാക്കി ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ 'ദി ടോര്‍ച്ചേഡ് പോയറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്'. പോപ് ഗായികയായ സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ ആല്‍ബമാണിത്. ഒറ്റദിവസം ഏറ്റവുമധികം സ്ട്രീം ചെയ്യപ്പെട്ട ആര്‍ട്ടിസ്റ്റ് എന്ന നേട്ടം ടെയ്‌ലര്‍ സ്വിഫ്റ്റിനു ലഭിച്ചു.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആല്‍ബം വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. ലോകമെമ്പാടുമുള്ള സ്വിഫ്റ്റ് ആരാധകര്‍ ആദ്യദിവസങ്ങളില്‍ തന്നെ പാട്ടുകളേറ്റെടുത്തു. 31 ട്രാക്കുകള്‍ അടങ്ങിയ ആല്‍ബത്തില്‍ തന്റെ പ്രണയപരാജയങ്ങളെപ്പറ്റിയും മുന്‍ പങ്കാളികളോട് അനുഭവപ്പെട്ട ദേഷ്യത്തെപ്പറ്റിയും ഗായിക തുറന്നുപറയുന്നുണ്ട്.
കഠിനമായ നിമിഷങ്ങളിലെ തന്റെ വികാരങ്ങളും തോന്നലുകളുമടങ്ങുന്ന സൃഷ്ടികളുടെ ഒരു സമാഹാരമാണിതെന്ന് സ്വിഫ്റ്റ് പറയുന്നു. ഒപ്പം തന്റെ ജീവിതത്തിലെ ആ കാലഘട്ടം കഴിഞ്ഞുവെന്നും. 'ആ അധ്യായങ്ങളെല്ലാം കഴിഞ്ഞുപോയി, പ്രതികാരം ചെയ്യാനില്ല, മുറിവുകള്‍ ഉണങ്ങിക്കഴിഞ്ഞാല്‍ പിന്നെ അതിനുപുറകെ പോവേണ്ടതില്ല, നമ്മുടെ ഏറ്റവും സങ്കടകരമായ കഥ പറഞ്ഞുകഴിഞ്ഞാല്‍, പിന്നെ അതില്‍ നിന്ന് സ്വതന്ത്രരാകാം.'- സ്വിഫ്റ്റ് പറയുന്നു.
ഫെബ്രുവരിയില്‍ നടന്ന ഗ്രാമി അവാര്‍ഡ് ചടങ്ങിലാണ് തന്റെ പതിനൊന്നാമത്തെ സ്റ്റുഡിയോ ആല്‍ബം സ്വിഫ്റ്റ് പ്രഖ്യാപിച്ചത്. 'സോ ലോങ്', 'ലണ്ടന്‍' ഉള്‍പ്പെടെയുള്ള ട്രാക്കുകള്‍ മുന്‍ പങ്കാളിയും ബ്രിട്ടീഷ് നടനുമായ ജോ ആല്‍വിനെ കുറിച്ചുള്ളതാണെന്ന് പരക്കെ കരുതപ്പെടുന്നു. ആറ് വര്‍ഷത്തോളം ആല്‍വിനോടൊപ്പമുണ്ടായിരുന്ന സ്വിഫ്റ്റ് മുമ്പ് അദ്ദേഹം താമസിച്ചിരുന്ന ലണ്ടനിലേക്ക് താമസം മാറിയിരുന്നു.
'ബട്ട് ഡാഡി ഐ ലവ് ഹിം' എന്ന മറ്റൊരു ട്രാക്ക് ഗായകന്‍ മാറ്റി ഹീലിയുമായുള്ള സ്വിഫ്റ്റിന്റെ പ്രണയത്തെ ചുറ്റിപ്പറ്റിയാണെന്നും പറയപ്പെടുന്നു. 2022-ലിറങ്ങിയ സ്വിഫ്റ്റിന്റെ മിഡ്‌നൈറ്റ്‌സ് എന്ന ആല്‍ബം ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒന്നാണ്. ആദ്യവാരത്തില്‍ തന്നെ 16 ലക്ഷം കോപ്പികള്‍ വിറ്റുപോയി. ഫോബ്‌സ് മാഗസിന്റെ ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇത്തവണ സ്വിഫ്റ്റും ഇടംപിടിച്ചിരുന്നു.
Content Highlights: taylor swift: the tortured poets department broke spotify record