ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് മറ്റാരും പറഞ്ഞാവരുത്, സ്വന്തം ഇഷ്ടമാവണം, സുസ്മിത മക്കളോട് പറഞ്ഞത്

സുസ്മത സെന്നും മക്കളും | Photo: (instagram/sushmita sen)
സുസ്മത സെന്നും മക്കളും | Photo: (instagram/sushmita sen)

മക്കളോട് വളരെയധികം അടുപ്പം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മുന്‍ മിസ് യൂണിവേഴ്‌സും ബോളിവുഡ് താരവുമായ സുസ്മിത സെന്‍. റെനീ, അലിസാ എന്ന രണ്ട് പെണ്‍കുട്ടികളുണ്ട് സുസ്മിതയ്ക്ക്. ഇതുവരെ വിവാഹം ചെയ്തിട്ടില്ലാത്ത സുസ്മിത മക്കള്‍ക്ക് സിംഗിള്‍ പാരന്റാണ്. ആണ്‍മക്കളോടും പെണ്‍മക്കളോടും ലൈംഗികതയെപ്പറ്റി തുറന്നു സംസാരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി താരം മനസ്സുതുറന്നിരിക്കുകയാണിപ്പോള്‍. ഒരു പോഡ്കാസ്റ്റ് ഷോയിലാണ്‌ താരത്തിന്റെ തുറന്നുപറച്ചില്‍. 

ലൈംഗികബന്ധത്തെപ്പറ്റി ഞാന്‍ എന്റെ മക്കള്‍ക്ക് വിശദീകരിച്ചുകൊടുക്കേണ്ട ആവശ്യമില്ലെന്നും അവര്‍ക്കാ വിഷയത്തില്‍ പിഎച്ച്ഡികള്‍ തന്നെയുണ്ടാവുമെന്നും സുസ്മിത പറഞ്ഞു. ഇളയവള്‍ ബയോളജി പഠിക്കാനൊരുങ്ങുകയാണ്. ലൈംഗികതയുടെ സാങ്കേതികതകളെപ്പറ്റി നമ്മള്‍ സംസാരിക്കേണ്ടതില്ല. പെണ്‍മക്കളുടെയും അവരുടെ സുഹൃത്തുക്കളുടെയും കാര്യത്തില്‍ ഇടപെടാതിരിക്കാനാണ് തനിക്കിഷ്ടമെന്നും സുസ്മിത പറഞ്ഞു. 

അതേസമയം, സമപ്രായക്കാരുടെ സമ്മര്‍ദ്ദം കാരണം ഒരു തരത്തിലുള്ള ബന്ധവും ഉണ്ടാക്കരുതെന്ന് മക്കളോട് താന്‍ പറയാറുണ്ടെന്ന്  സുസ്മിത പറഞ്ഞു. 'നിങ്ങള്‍ക്ക് നിങ്ങളെയും നിങ്ങളുടെ ആഗ്രഹങ്ങളെയും പിന്തുടരാം. അതില്‍ ഒരു പ്രശ്നവുമില്ല. പക്ഷേ, അവസാനം, നിങ്ങള്‍ വിഷമിക്കരുത്. അത് വളരെ പ്രധാനമാണ്. കൂടാതെ, ആരെങ്കിലും പറഞ്ഞതുകൊണ്ടുമാത്രം ഒന്നും ചെയ്യാന്‍ നില്‍ക്കരുത്, സുഹൃത്തുക്കളുടെയോ സമപ്രായക്കാരുടെയോ സമ്മര്‍ദ്ദം മൂലവുമരുത് ഒരു കാര്യവും. സ്വയം ചെയ്യാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ തെറ്റായ പാതയിലാണെന്നാണ് അര്‍ഥം. അതേസമയം, ഒരുകാര്യത്തിന് നിങ്ങള്‍ തയ്യാറാണെങ്കില്‍, അത് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ചെയ്യുക, എന്നോട് കള്ളം പറയരുത്.'- മക്കളോട് പറയാറുള്ള കാര്യങ്ങളെപ്പറ്റി സുസ്മിത പറഞ്ഞു. 

2000-ത്തിലാണ് റെനീയെ സുസ്മിത ദത്തെടുക്കുന്നത്. 2010-ല്‍ അലിസായും കുടുംബത്തിലെത്തി.
 

Content Highlights: sushmita sen on discussing sex with daughters renee and alisah