ടിവി താരം സുശാന്തിനൊപ്പം അഭിനയിക്കില്ലെന്ന് നടി പറഞ്ഞു, പിന്നീട് ഒപ്പം അഭിനയിച്ചു

അഭിഷേക് കപൂറിൻ്റെ സ്പോർട്സ് ഡ്രാമയായ 'കൈ പോ ചേ'യിലൂടെ ബോളിവുഡിൽ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച നടനാണ് സുശാന്ത് സിങ് രാജ്പുത്. ബോളിവുഡിലെ നെപ്പോട്ടിസം കാരണം സുശാന്തിന് ചില സിനിമകൾ നഷ്ടപ്പെട്ടുവെന്നത് യാഥാർഥ്യമാണ്. എന്നാൽ തന്റെ രണ്ടാമത്തെ ബോളിവുഡ് സിനിമ, താരം സ്വയം ഉപേക്ഷിക്കുകയായിരുന്നെന്ന് പലർക്കുമറിയില്ല.
ബോളിവുഡിൽ രണ്ടാമതായി 'ഹസീ തോ ഫസീ' എന്ന ചിത്രത്തിൽ നായകവേഷം ചെയ്യാൻ തയ്യാറെടുക്കുകയായിരുന്നു സുശാന്ത്. നായികയായി പരിണീതി ചോപ്രയെ സമീപിച്ചപ്പോൾ, ടെലിവിഷൻ താരത്തിനൊപ്പം സ്ക്രീൻ പങ്കിടാൻ താത്പര്യമില്ലെന്നായിരുന്നു അവരുടെ പക്ഷം.
'ഹസീ തോ ഫസീ'യുടെ നിർമ്മാതാക്കളിൽ ഒരാളായ അനുരാഗ് കശ്യപ്, 2020-ൽ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. "ഹസീ തോ ഫസീ സുശാന്ത് ആണ് ചെയ്യേണ്ടിയിരുന്നത്, ഞങ്ങൾക്കൊരു നായികയെ വേണമായിരുന്നു, അങ്ങനെ പരിണീതി ചോപ്രയെ സമീപിച്ചു. 'എനിക്കൊരു ടെലിവിഷൻ നടനോടൊപ്പം അഭിനയിക്കാൻ താൽപ്പര്യമില്ല' എന്നാണവർ പറഞ്ഞത്. സുശാന്ത് സിങ് ആരാണെന്ന് ഞങ്ങൾ പരിണീതിയോട് വിശദീകരിച്ചു, അദ്ദേഹം 'കൈ പോ ചേ' ചെയ്യുന്നുണ്ട്, 'പി.കെ' ചെയ്യുന്നുണ്ട്, 'ഹസീ തോ ഫസീ' പുറത്തിറങ്ങുമ്പോഴേക്കും അദ്ദേഹം ഒരു ടെലിവിഷൻ നടൻ മാത്രമായിരിക്കില്ല എന്ന് വ്യക്തമാക്കിക്കൊടുത്തു"
പരിണീതി അപ്പോൾ യഷ് രാജ് ഫിലിംസിന്റെ 'ശുദ്ധ് ദേസി റൊമാൻസ്' എന്ന ചിത്രം ചെയ്യാനൊരുങ്ങുകയായിരുന്നു. പരിണീതി ഇക്കാര്യങ്ങളെല്ലാം യഷ് രാജ് ഫിലിംസിന്റെ ആദിത്യ ചോപ്രയോട് പറഞ്ഞിരിക്കണം. അദ്ദേഹം സുശാന്തിനെ വിളിച്ച് ഈ സിനിമയിൽ നിന്ന് പിന്മാറി അവർക്കൊപ്പം ചേരാൻ നിർബന്ധിച്ചു. പിന്നാലെ, യഷ് രാജ് ഫിലിംസുമായി മൂന്ന് സിനിമകൾക്കുള്ള കരാർ സുശാന്തിനെക്കൊണ്ട് ഒപ്പിടീക്കുകയും ചെയ്തു. അതിലൊന്ന് പരിണീതിക്കൊപ്പം 'ശുദ്ധ് ദേസി റൊമാൻസ്' തന്നെ ആയിരുന്നു. ഇതോടെ 'ഹസീ തോ ഫസീ'യിൽ നിന്ന് സുശാന്ത് പിൻമാറുകയും ചെയ്തു. കരിയറിൽ എന്തുകൊണ്ടും സുശാന്തിന് വൈആർഎഫ് മികച്ച ഓപ്ഷനായിരുന്നു.
ഒടുവിൽ, സിദ്ധാർഥ് മൽഹോത്ര 'ഹസീ തോ ഫസീ'യിൽ സുശാന്തിന് പകരമെത്തി. 'ശുദ്ധ് ദേസി റൊമാൻസ്', 'ഹസീ തോ ഫസീ' എന്നീ രണ്ട് സിനിമകളും വാണിജ്യപരമായി വിജയിച്ചു. വൈആർഎഫിനൊപ്പമുള്ള സുശാന്തിൻ്റെ രണ്ടാമത്തെ സിനിമ 2015-ലെ 'ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി' ആയിരുന്നു, ധാരാളം നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സോഫീസിൽ പരാജയപ്പെട്ടു. മൂന്നാമത്തെ സിനിമ, സംവിധായകൻ ശേഖർ കപൂറും ആദിത്യ ചോപ്രയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം ഉപേക്ഷിക്കപ്പെട്ടു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://mbi.page.link/grihalakshmi