'കാഴ്ച കിട്ടിയാല്‍ എനിക്കാദ്യം യേശുദാസിനെ കാണണം', ആ സംഗീതസംവിധായകന്‍ പറഞ്ഞു

കെ.ജെ.യേശുദാസ് / ഫോട്ടോ: ബിജു വര്‍ഗീസ്‌
കെ.ജെ.യേശുദാസ് / ഫോട്ടോ: ബിജു വര്‍ഗീസ്‌

ജന്‍മനാ കാഴ്ചശക്തിയില്ലാത്തയാളായിരുന്നു ഹിന്ദി സംഗീതസംവിധായകന്‍ രവീന്ദ്ര ജെയിന്‍. ''എന്നെങ്കിലും കാഴ്ച തിരിച്ചുകിട്ടുകയാണെങ്കില്‍ ആരെയാണ് ആദ്യം കാണാനിഷ്ടം?'', ഒരു പത്രപ്രവര്‍ത്തകന്‍ ഒരിക്കല്‍ രവീന്ദ്ര ജെയിനിനോട് ചോദിച്ചു. ഒരു സംശയവുമില്ലാതെ അദ്ദേഹം ഉത്തരം പറഞ്ഞു, ''യേശുദാസ്''. അതിനൊപ്പം അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, ''ദൈവത്തിന് ശബ്ദമുണ്ടായിരുന്നുവെങ്കില്‍, അത് യേശുദാസിന്റെ ശബ്ദമായിരിക്കും. ചിലപ്പോഴൊക്കെ ഞാന്‍ ആഗ്രഹിക്കാറുണ്ട്, കുറച്ചുനേരത്തേക്കെങ്കിലും കാഴ്ച തിരിച്ചുകിട്ടിയെങ്കിലെന്ന്. യേശുദാസ് എങ്ങനെയാണെന്ന് കാണാമല്ലോ''. അത്രയ്ക്ക് ഇഷ്ടമായിരുന്നു രവീന്ദ്ര ജെയിനിന് യേശുദാസിനെയും അദ്ദേഹത്തിന്റെ ശബ്ദത്തെയും. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം ഹിറ്റുകളുണ്ടായി.

യേശുദാസിനെ ഹിന്ദിയിലേക്ക് കൊണ്ടുപോയത് സലില്‍ ചൗധരിയാണ്. ഹിന്ദിയില്‍ യേശുദാസിന് ആരാധകരെ നേടിക്കൊടുത്ത 'ജാനേമന്‍ ജാനേമന്‍ തേരെ ദോ നയന്‍' എന്ന പാട്ടിന് സംഗീതം നല്‍കിയതും സലില്‍ ചൗധരി തന്നെ. 'ചോട്ടി സി ബാത്ത്' (1975) എന്ന സിനിമയിലേതായിരുന്നു ആ പാട്ട്.  

'ചോട്ടി സി ബാത്തി'ല്‍ അമോല്‍ പലേക്കറാണ് നായകനായത്. അദ്ദേഹത്തിന് പുതിയൊരു ശബ്ദം വേണമെന്ന ചിന്തയില്‍നിന്നാണ് യേശുദാസിലെത്തുന്നത്. ഒരഭിമുഖത്തില്‍ യേശുദാസ് ഇതിനെക്കുറിച്ച് ഓര്‍ത്തു, ''ഹിന്ദിയില്‍ പാടാന്‍ താത്പര്യമുണ്ടോയെന്ന് എന്നോട് ചോദിക്കുന്നത് സലില്‍ ചൗധരിയാണ്. ആരാണ് ആ ചോദ്യത്തിന് ഇല്ലെന്ന് പറയുക?''. 

'ചോട്ടി സി ബാത്തി'ന്റെ സംവിധായകന്‍ ബസു ചാറ്റര്‍ജിയാണ്. ആ സിനിമയില്‍ ഒരൊറ്റ പാട്ട് മാത്രമാണ് യേശുദാസ് പാടിയത്. പാട്ടിഷ്ടപ്പെട്ട അദ്ദേഹം തന്റെ അടുത്ത സിനിമയായ 'ചിത്‌ചോറി'ലേക്കും വിളിക്കുകയായിരുന്നു. സിനിമയുടെ നിര്‍മാതാവ് താരാചന്ദ് ബര്‍ജാത്യയാണ് 'ചിത്‌ചോറി'ലെ എല്ലാ പാട്ടുകളും യേശുദാസിനെക്കൊണ്ട് പാടിക്കണമെന്ന് പറയുന്നത്. ബസു ചാറ്റര്‍ജിക്കും രവീന്ദ്ര ജെയിനിനും എതിരഭിപ്രായമുണ്ടായതുമില്ല.   

അങ്ങനെ യേശുദാസിന്റെ എക്കാലത്തെയും മാസ്റ്റര്‍പീസ് ഗാനങ്ങളില്‍ ചിലത് പിറന്നു. നാലുപാട്ടുകളാണ് സിനിമയ്ക്കായി അദ്ദേഹം പാടിയത്. ആജ് സെ പെഹലെ, ഗോരി തേരാ ഗാവ് ബഡാ പ്യാരാ, ജബ് ദീപ് ജലേ ആനാ, തൂ ജോ മേരെ സുര്‍ മേം...എല്ലാം ഒന്നിനൊന്ന് മികച്ചത്. 'ഗോരി തേരാ ഗാവ്' എന്ന പാട്ടിന് ആ വര്‍ഷത്തെ മികച്ച ഗായകനുള്ള ദേശീയപുരസ്‌കാരവും യേശുദാസിന് ലഭിച്ചു. 

200-ലേറെ ഹിന്ദി ഗാനങ്ങള്‍ പാടിയിട്ടുണ്ട് യേശുദാസ്. സുര്‍മയി അഖിയോം മേം, സുനയന ഇന്‍ നസാരോം കൊ, നിസഗമപനി, ദില്‍ കെ ടുക്‌ഡെ, ജാനം, ചാന്ദ് ജൈസെ മുഖ്‌ഡെ പെ, മധുബന്‍ ഖുഷ്ബു ദേതാ ഹെ, മാനാ ഹോ തും, സിദ് നാ കരോ...ഇവയെല്ലാം ഒന്നിനൊന്ന് മികച്ചത്. രവീന്ദ്ര ജെയിന്‍, ലക്ഷ്മികാന്ത്-പ്യാരേലാല്‍, രാംലക്ഷ്മണ്‍, ആര്‍.ഡി.ബര്‍മന്‍, ബാപ്പി ലാഹിരി, കല്യാണ്‍ജി-ആനന്ദ്ജി, സലില്‍ ചൗധരി, നൗഷാദ്, രവി, ആനന്ദ് മിലിന്ദ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ക്കായി അദ്ദേഹം പാടി.  

Content Highlights: superhit hindi songs of kj yesudas