അന്ന് അപ്പുവിനായി ഞാന്‍ കണ്ണ് നിറച്ചു; സുചിത്ര മോഹന്‍ലാല്‍ എഴുതുന്നു

#സുചിത്ര മോഹന്‍ലാല്‍
സുചിത്ര, മോഹൻലാൽ, പ്രണവ്
സുചിത്ര, മോഹൻലാൽ, പ്രണവ്

ചെന്നൈയിലെ സ്റ്റുഡിയോയില്‍ വെച്ച് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'  സിനിമ കണ്ട് പുറത്തിറങ്ങിയപ്പോള്‍ എന്റെ കണ്ണുകള്‍ നേരിയ തോതില്‍ നനഞ്ഞിരുന്നു. ആ കണ്ണീര്‍നനവിന് മൂന്ന് തലങ്ങളുണ്ടായിരുന്നു. ആദ്യത്തേത് ഒരു സിനിമാ ആസ്വാദക എന്ന നിലയില്‍, രണ്ടാമത്തേത് ഭാര്യ എന്ന നിലയ്ക്ക്, മൂന്നാമത്തേത് അമ്മ എന്ന നിലയില്‍. ഇതില്‍ മൂന്നാമത്തേതിന് സ്‌നേഹത്തിന്റെ കണ്ണീരുപ്പ് ഇത്തിരി കൂടും. അത് എല്ലാവര്‍ക്കും മനസ്സിലാവണമെന്നില്ല; പക്ഷേ, എല്ലാ അമ്മമാര്‍ക്കും മനസ്സിലാവും. മക്കളുടെ മുഖം, നന്മയുടെ ഉയരങ്ങളില്‍ പ്രകാശിച്ചു കാണുമ്പോള്‍ അമ്മയില്‍ അവള്‍ പോലുമറിയാതെ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. അത് എന്താണ് എന്ന് പറഞ്ഞറിയിക്കുക സാധ്യമല്ല. 

രണ്ട് മക്കളേയും ഞങ്ങള്‍ നിര്‍ബന്ധങ്ങളോ അടിച്ചമര്‍ത്തലുകളോ ഒന്നുമില്ലാതെയാണ് വളര്‍ത്തിയത്. അവര്‍ക്ക് വേണ്ടത്ര സ്വാതന്ത്ര്യം നല്‍കി. (ആ സ്വാതന്ത്ര്യം അവര്‍ ദുരുപയോഗം ചെയ്തില്ല, അതിന്റെ മുഴുവന്‍ ക്രെഡിറ്റും അവര്‍ക്ക് തന്നെയാണ്.) ഒരുപാട് കാലം അവര്‍ വലിയൊരളവോളം അജ്ഞാതരായിത്തന്നെ ജീവിച്ചു. സമൂഹമാധ്യമങ്ങള്‍ പ്രചാരത്തിലായതോടെയാണ് അവര്‍ കുറേയെങ്കിലും വെളിപ്പെടാന്‍ തുടങ്ങിയതും അവരുടെ സ്വകാര്യത മുഴുവന്‍ ഇല്ലാതായതും. 

അപ്പു തത്വചിന്തയാണ് പഠിച്ചത്. ആദ്യമേ നന്നായി വായിക്കുമായിരുന്ന അവന്റെ വായനാ അഭിരുചികളിലും വളരുന്നതിനനുസരിച്ച് മാറ്റങ്ങള്‍ കണ്ടുതുടങ്ങി. അവന്റെ പുസ്തകക്കൂട്ടങ്ങളില്‍ ജിദ്ദു കൃഷ്ണമൂര്‍ത്തിയും യു.ജി.കൃഷ്ണമൂര്‍ത്തിയും ഹിമാലയവും അഘോരി സംന്യാസിവിഭാഗക്കാരുടെ ജീവിതകഥയുമെല്ലാം വന്നു നിറഞ്ഞു. അത്ഭുതത്തോടെ ഞങ്ങളത് നോക്കിനിന്നു, ആസ്വദിച്ചു. 
 

കുഞ്ഞുനാളിലേ അപ്പു ഒരു യാത്രക്കമ്പക്കാരനായിരുന്നു. സ്വന്തമായി യാത്ര ചെയ്യാനുള്ള പ്രായമായപ്പോള്‍ മുതല്‍ സഞ്ചാരം അവന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി. ഒരു ഘട്ടത്തില്‍, പഠനത്തിന് ഇടവേളയെടുത്ത് അപ്പു പുറത്തൊരു ബാഗും തൂക്കി യാത്ര തുടങ്ങി. ബനാറസും ഹിമാലയവും ഹംപിയും ജര്‍മനിയും ആംസ്റ്റര്‍ഡാമും വയനാടും രാജസ്ഥാനുമെല്ലാം അവന്റെ നിരന്തര യാത്രാലക്ഷ്യങ്ങളായി. ഹംപിയില്‍ റോക്ക് ക്ലൈംബിങ് അവന് ശീലവും ഹരവുമായി. കാറിലോ വിമാനത്തിലോ പോകാന്‍ സാധിക്കുമായിരുന്നിട്ടും അപ്പു ബസിലും ബസിന്റെ പുറത്തും ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലും കയറി യാത്ര ചെയ്തു. തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിച്ചു; വാടക കുറഞ്ഞ സാധാരണമുറികളില്‍ രാത്രിയുറങ്ങി.

എന്തിന് ഇങ്ങനെയൊരു ത്യാഗം എന്ന് പലപ്പോഴും ഞങ്ങള്‍ ആലോചിച്ചിട്ടുണ്ട്. അമ്മയെന്ന രീതിയില്‍ ചെറുതായി വേദനിച്ചിട്ടുമുണ്ട്. അതാണവന്റെ രീതി, അതാണവന്റെ ഇഷ്ടം എന്ന് ഞങ്ങള്‍ പതുക്കെ തിരിച്ചറിഞ്ഞു. ഇപ്പോള്‍ അഭിനയത്തിലൂടെ സ്വന്തമായി ചെറിയ വരുമാനമുണ്ടായിട്ടും അപ്പു ഇങ്ങിനെയൊക്കെത്തന്നെ. പ്രശസ്തനാവുന്നതിനേക്കാള്‍ അജ്ഞാതനാകുന്നതാണ് അപ്പുവിന് കൂടുതല്‍ ഇഷ്ടം എന്നെനിക്ക് തോന്നുന്നു. 

'അമ്മേ, എനിക്ക് ഓട്ടോഡ്രൈവറാവാനിഷ്ടം' എന്ന് ചെറുപ്പത്തില്‍ അപ്പു പറഞ്ഞത് എപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട്. പിന്നീടത് മാറി അവന് ഫോട്ടോഗ്രാഫറാവണമെന്നായി. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ എഴുത്തുകാരനായി പുസ്തകം പ്രസിദ്ധീകരിക്കണമെന്നായി. ഒരിടത്തും പക്ഷേ അവന്‍ ഉറച്ചുനിന്നില്ല. ഇടവേളകളിലെല്ലാം അവന്‍ എങ്ങോട്ടൊക്കെയോ യാത്ര പോയിക്കൊണ്ടേയിരുന്നു, ഒരുപാട് വിശേഷങ്ങളുമായി തിരിച്ചെത്തി. 


ഞങ്ങളുടേത് ഒരു സിനിമാകുടുംബമാണ്. എന്റെ അച്ഛന്‍ ബാലാജി ജീവിതം മുഴുവന്‍ സിനിമയിലാണ് നിക്ഷേപിച്ചത്. എന്റെ സഹോദരന്‍ സുരേഷ് സിനിമാനിര്‍മാണമേഖലയിലാണ്. ഭര്‍ത്താവ് നാല്‍പ്പത്തിയഞ്ച് വര്‍ഷത്തോളമായി സിനിമയില്‍ അഭിനയിക്കുന്നു. ഞങ്ങളുടെ അന്നം സിനിമയാണ് എന്നുതന്നെ പറയാം. അതുകൊണ്ട്, ജീവിതത്തിന്റെ ഒരു സുപ്രധാനഘട്ടമെത്തിയപ്പോള്‍ ഞങ്ങള്‍ അപ്പുവിനേയും സിനിമാമേഖലയിലേയ്ക്ക് തന്നെ ക്ഷണിച്ചു. യാതൊരുവിധത്തിലും നിര്‍ബന്ധിച്ചില്ല. ഇതുമാത്രമാണ് നിന്റെ വഴി എന്ന് ഇപ്പോഴും പറഞ്ഞിട്ടില്ല.'നമ്മുടെ ലോകം ഇതാണ്; ഒന്നു ശ്രമിച്ചു നോക്കൂ'എന്ന് മാത്രം പറഞ്ഞു. അവന്‍ അവനിഷ്ടപ്പെട്ട സിനിമകള്‍ തിരഞ്ഞെടുത്തു; അഭിനയിച്ചു. അതുകഴിഞ്ഞ് അവന്‍ അവന്റെ പഴയ യാത്രകളിലേയ്ക്ക് മടങ്ങി. 

മുഴുവന്‍ സമയവും സിനിമയില്‍ അഭിനയിച്ച് ജീവിക്കുക സാധ്യമല്ലെന്ന് അവന്‍ ആദ്യമേ പറഞ്ഞിരുന്നു. തന്റെ പാഷനുകളെല്ലാം നിലനിര്‍ത്തിക്കൊണ്ടേ അഭിനയം അവനൊരു കരിയറാക്കൂ എന്ന് തോന്നുന്നു. അതിന് ഞങ്ങളായിട്ട് ഒരു ഭംഗവും വരുത്തിയിട്ടില്ല. സ്വന്തം ലോകത്തിന്റെ രുചിയും ഭംഗിയും അവന്‍ ആസ്വദിക്കട്ടെ. 

മരക്കാറില്‍ അമ്മ മരിച്ച കാര്യം അറിയുന്ന ഒരു രംഗമുണ്ട്. അത് അവന്‍ ഏറ്റവും മനോഹരമായി ചെയ്തിരിക്കുന്നു. ഷോട്ട് എടുക്കുമ്പോള്‍ പ്രിയനും അനിയും പറഞ്ഞുവത്രേ: 
'നിന്റെ അമ്മ മരിച്ചതുപോലെ ആലോചിച്ചാല്‍ മതി'. ഒരുപക്ഷേ, അവന്‍ ഉള്ളാലെ ഒന്നു തേങ്ങിയിരിക്കാം. സിനിമയില്‍ ആ സീന്‍ കണ്ടിരുന്നപ്പോള്‍, എന്റെ അപ്പുവിന് എന്നെ എത്രമാത്രം ഇഷ്ടമാണ് എന്നെനിക്ക് ഒരിക്കല്‍ക്കൂടി ബോധ്യമായി. അവന്റെ ചിരിയും കണ്ണീരുമെല്ലാം എനിക്ക് വേണ്ടിക്കൂടിയുള്ളതാണല്ലോ, ഞങ്ങള്‍ക്ക് വേണ്ടിക്കൂടിയുള്ളതാണല്ലോ. 
 

Content Highlights: suchithra mohanlal's emotional note on son pranav