സുഖമായി ഉറങ്ങാന്‍ ഒരു പെഗ് ബ്രാന്‍ഡി ഡോക്ടര്‍ നിര്‍ദേശിച്ചു, പതുക്കെ മീനാ കുമാരി അതില്‍ മുങ്ങി

മീനാ കുമാരി / കടപ്പാട്: x:film history pics
മീനാ കുമാരി / കടപ്പാട്: x:film history pics

ബാലതാരമായി സിനിമയിലെത്തി, ഒടുവില്‍ ഇന്ത്യയുടെ ട്രാജഡി ക്വീനായി മാറിയ കഥയാണ് മീനാ കുമാരിയുടേത്. ചെറുപ്പം മുതല്‍ അവര്‍ അനുഭവിച്ചത് മുഴുവന്‍ ഒരു സിനിമയെ വെല്ലുന്ന ജീവിതമാണ്. ജീവിതത്തിലെ ദു:ഖങ്ങള്‍ സിനിമയിലേക്ക് പകര്‍ത്തിയതാണോ, അതോ സിനിമയിലെ സങ്കടങ്ങള്‍ അവരെ പിന്തുടര്‍ന്നുവന്നതാണോ? വേര്‍തിരിച്ചെടുക്കാനാവില്ല. അത്രത്തോളം മീനാ കുമാരിയുടെ ജീവിതവും ദു:ഖവുമായി അലിഞ്ഞുചേര്‍ന്നിരിക്കുന്നു.

ഇന്നും ആളുകള്‍ ആരാധിക്കുന്ന, ഇഷ്ടപ്പെടുന്ന അഭിനേത്രിയിലേക്കുള്ള അവരുടെ യാത്ര അത്ര കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നില്ല. അഭിനയശേഷി കൈമുതലായുള്ള അവരെ സംബന്ധിച്ചിടത്തോളം അതെളുപ്പമായിരുന്നു. പക്ഷേ, മറ്റൊരു വശത്ത് സങ്കടങ്ങള്‍ മാത്രം തന്നെ തേടിയെത്തിയിരുന്നത് അവരെ അത്രത്തോളം വേദനിപ്പിച്ചിട്ടുമുണ്ടാകാം.

മുംബൈയില്‍ ഒരു ദരിദ്രകുടുംബത്തിലായിരുന്നു ജനനം. ആദ്യത്തേത് പെണ്‍കുട്ടിയായിരുന്നതുകൊണ്ട് രണ്ടാമത്തേത് ആണ്‍കുട്ടിയാവുമെന്നായിരുന്നു പിതാവ് പ്രതീക്ഷിച്ചത്. പക്ഷേ ജനിച്ചത് പെണ്‍കുട്ടി. വളര്‍ത്താന്‍ കഴിയില്ലെന്നുറപ്പിച്ച് ഒരനാഥമന്ദിരത്തിന്റെ വാതില്‍ക്കല്‍ ഉപേക്ഷിച്ചെങ്കിലും, പിന്നീട് തിരിച്ചുവന്ന് കുഞ്ഞിനെ എടുക്കുകയായിരുന്നു.

ഉപേക്ഷിക്കാന്‍ തീരുമാനിച്ച, ആ കുഞ്ഞ് തന്നെ പിന്നീട് കുടുംബത്തിന്റെ താങ്ങും തണലുമായി മാറിയത് വളരെ പെട്ടെന്നാണ്. മഹജബീന്‍ എന്നാണ് കുഞ്ഞിന് അവരിട്ട പേര്. സ്‌കൂളില്‍ പോവാനും കൂട്ടുകാരോടൊപ്പം കളിക്കാനുമൊക്കെയായിരുന്നു ആ കൊച്ചുപെണ്‍കുട്ടിക്ക് ഏറെ പ്രിയം. പക്ഷേ, ചെറുപ്രായത്തില്‍ തന്നെ കുടുംബത്തിന്റെ ഭാരം ചുമലിലേറ്റാനായിരുന്നു അവളുടെ വിധി. മാതാപിതാക്കള്‍ അവളെയും കൊണ്ട് ഓരോ ഫിലിം സ്റ്റുഡിയോകളും കയറിയിറങ്ങി. 

നാലാമത്തെ വയസ്സിലാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ അവസരംകിട്ടുന്നത്. സംവിധായകന്‍ വിജയ് ഭട്ടിന്റെ ലെതര്‍ഫേസ് എന്ന സിനിമ. ബേബി മീന എന്ന പേര് നല്‍കിയതും വിജയ് ഭട്ട് തന്നെ. ഒന്നിനുപുറകെ ഒന്നായി സിനിമകള്‍ അവളെ തേടിയെത്തി. അധൂരി കഹാനി, ഏക് ഹീ ഭീല്‍, പൂജ, ബെഹന്‍, കസൗട്ടി, വിജയ്, ഗരീബ്, ലാല്‍ ഹവേലി...ഇങ്ങനെ കുറേ ചിത്രങ്ങള്‍. അപ്പോള്‍ മുതല്‍ കുടുംബത്തിന്റെ സാമ്പത്തികകാര്യങ്ങളെല്ലാം നടന്നിരുന്നത് ആ കുട്ടി അഭിനയിച്ചുകിട്ടുന്ന പൈസയില്‍നിന്നാണ്.  

ഒരര്‍ഥത്തില്‍ പറഞ്ഞാല്‍, ഫിലിം സ്റ്റുഡിയോകളിലാണ് ബേബി മീന വളര്‍ന്നതെന്ന് പറയാം. സ്‌കൂളില്‍ ചേര്‍ത്തെങ്കിലും, തുടരെ സിനിമകള്‍ കിട്ടിയതുകാരണം, സ്‌കൂളില്‍ സ്ഥിരമായി പോവാന്‍ കഴിഞ്ഞില്ല. ട്യൂഷനുകളായിരുന്നു ശരണം. പാറിപ്പറന്നുനടക്കേണ്ട പ്രായത്തില്‍, തന്റെ ബാല്യവും കൗമാരവും നഷ്ടപ്പെട്ടുപോയത് അവളെ ഒരുപാട് വേദനിപ്പിച്ചു.

മീനാ കുമാരി ജനിക്കുന്നു
പതിമൂന്നാമത്തെ വയസ്സിലാണ് ബേബി മീന, മീനാ കുമാരിയാവുന്നതും ആദ്യമായി നായികയാവുന്നതും. ബച്ചോം കാ ഖേല്‍ എന്ന സിനിമ അത്ര വിജയിച്ചില്ലെങ്കിലും, മീനാ കുമാരിയുടെ അഭിനയം ഏറെ ശ്രദ്ധപിടിച്ചുപറ്റി. പിയാ ഘര്‍ ആജാ, ഹമാര ഘര്‍, സനം, പരിണീത, മേം സാഹിബ്, രാസ്ത, ശാരദ, ചിരാഗ് കഹാം റോഷ്ണി കഹാം, ദില്‍ അപ്നാ ഓര്‍ പ്രീത് പരായ്, സാഹിബ് ബീബി ഓര്‍ ഗുലാം, ആര്‍തി, ദില്‍ ഏക് മന്ദിര്‍, മേരെ അപ്‌നെ...മൂന്ന് പതിറ്റാണ്ടിലധികം നീണ്ടുനില്‍ക്കുന്ന കരിയറില്‍ 90-ലേറെ സിനിമകളില്‍ അവര്‍ അഭിനയിച്ചു.

ആണ്‍മേധാവിത്വം സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന കാലം. തന്റെ ശക്തമായ അഭിനയത്തിലൂടെ അതിന്റെ മേല്‍ക്കൂരകളെല്ലാം മീനാ കുമാരി തകര്‍ത്തുകളഞ്ഞു. അക്കാലത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന അഭിനേത്രിയായിരുന്നു അവര്‍. മീനാ കുമാരി അഭിനയിച്ചതിലധികവും ശക്തമായ കഥാപാത്രങ്ങളായിരുന്നു. പല നായകന്‍മാരും അവരുടെ കൂടെ അഭിനയിക്കാന്‍ തയ്യാറായിരുന്നില്ലെന്നും സിനിമാനിരീക്ഷകര്‍ പറയുന്നു. മീനാ കുമാരിക്കുമുന്നില്‍ തങ്ങളുടെ കഥാപാത്രം ഒന്നുമല്ലാതായി പോകുമോ എന്ന ഭയം തന്നെയായിരുന്നു അതിനുപിന്നില്‍. 

മീനാ കുമാരി അഭിനയിച്ച ചില സിനിമകള്‍, അവരുടെ തന്നെ ജീവിതമായിരുന്നുവെന്ന് പിന്നീട് പലരും പറഞ്ഞിരുന്നു. 'സാഹിബ് ബീവി ഓര്‍ ഗുലാമി'ല്‍, ഛോട്ടി ബഹു എന്ന കഥാപാത്രമായിരുന്നു അവരുടേത്. നിരാശയില്‍ മുങ്ങിക്കുളിച്ച കഥാപാത്രം. ഭര്‍ത്താവിന്റെ ശ്രദ്ധയും സ്നേഹവും കിട്ടാത്ത ഭാര്യ, ഭര്‍ത്താവിന്റെ പരിഗണന കിട്ടാനായി അയാള്‍ക്കൊപ്പം മദ്യം കഴിക്കാന്‍ പോലും തയ്യാറാകുന്നു. ഒടുവില്‍ അവര്‍ തികഞ്ഞ മദ്യപാനിയായി മാറുന്നു. ഇത് മീനാ കുമാരി തന്നെയാണെന്ന് അവരുടെ അന്ന് പറയപ്പെട്ടിരുന്നു. 

സങ്കടങ്ങളില്‍ മുങ്ങിപ്പൊങ്ങി...
നടന്‍ അശോക് കുമാര്‍ വഴിയാണ് സംവിധായകന്‍ കമല്‍ അംറോഹിയെ, മീനാ കുമാരി പരിചയപ്പെടുന്നത്. അവര്‍ക്കിടയില്‍ സൗഹൃദം പൂവിടാന്‍ നിമിഷങ്ങള്‍ പോലും വേണ്ടിവന്നില്ല. തന്റെ പുതിയ സുഹൃത്തിനായി തന്റെ സിനിമയില്‍ ഒരവസരവും കമല്‍ നല്‍കി. ആ ചര്‍ച്ചകള്‍ക്കുശേഷം തിരിച്ചുവരുമ്പോള്‍, മീനാ കുമാരിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ദിവസങ്ങളോളം അവര്‍ ആസ്പത്രിയില്‍ കിടക്കേണ്ടിവന്നു. അവരുടെ ഇടതുകൈയിലെ ചെറുവിരലിന് ചലനശേഷി നഷ്ടപ്പെട്ടു. അക്കാലത്ത് കമല്‍ അവരെ സ്ഥിരം സന്ദര്‍ശിക്കുമായിരുന്നു. ആ അടുപ്പം പ്രണയത്തിലെത്താന്‍ അധികം വൈകിയില്ല. സ്‌നേഹത്തിനായുള്ള അവരുടെ ദാഹം, ഒടുവില്‍ കമലിലെത്തിച്ചുവെന്നാണ് പറയപ്പെടുന്നത്. 

നാലുമാസങ്ങള്‍ക്കുള്ളില്‍, 1952 ഫെബ്രുവരി 14-ന് അവര്‍ വിവാഹം കഴിച്ചു. കമല്‍ അപ്പോള്‍ വിവാഹിതനും മൂന്നുകുട്ടികളുടെ പിതാവുമായിരുന്നു. അതുകൊണ്ട് വിവാഹം രഹസ്യമാക്കിവെച്ചു. എത്രയൊക്കെ ഒളിപ്പിച്ചുവെച്ചിട്ടും, വിവാഹവാര്‍ത്ത പുറംലോകമറിഞ്ഞു. ബന്ധം വേര്‍പെടുത്താന്‍ പിതാവ് ആവശ്യപ്പെട്ടെങ്കിലും, മീന തയ്യാറായില്ല. അങ്ങനെ അവര്‍ ആ വീടുവിട്ടിറങ്ങി, ഭര്‍ത്താവിന്റെ വീട്ടിലേക്ക് മാറി.

പുറമെ കണ്ടയാളായിരുന്നില്ല കമല്‍. അഭിനയം തുടരുന്നതിനായി മീനാ കുമാരിക്ക് മുന്നില്‍ കമല്‍ കുറേ വ്യവസ്ഥകള്‍വെച്ചു. വൈകുന്നേരം ആറുമണിക്ക് മുമ്പ് വീട്ടിലെത്തണം, താന്‍ അയക്കുന്ന കാറില്‍ മാത്രമേ സഞ്ചരിക്കാവൂ, തന്റെ പരിചാരകരില്‍ ഒരാള്‍ മാത്രമേ മേക്കപ്പ് റൂമില്‍ ഉണ്ടാവാന്‍ പാടുള്ളൂ...അങ്ങനെ കുറേ നിബന്ധനകള്‍. ആദ്യമൊക്കെ അവരതെല്ലാം അക്ഷരംപ്രതി അനുസരിച്ചു, പലതും സഹിച്ചു. 'സാഹിബ് ബീബി ഓര്‍ ഗുലാം' എന്ന സിനിമയുടെ സംവിധായകന്‍ പിന്നൊരിക്കല്‍ പറഞ്ഞതിങ്ങനെ, ''കമല്‍ എപ്പോഴും മീനാ കുമാരിയെ നിരീക്ഷിക്കുന്നതിനായി അയാളുടെ സഹായിയെ അയക്കുമായിരുന്നു. അവരുടെ മേക്കപ്പ് റൂമില്‍ വരെ അയാള്‍ കയറിച്ചെന്നു. അതൊക്കെ അവരെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്''. 

അവരുടെ ജീവചരിത്രമെഴുതിയ വിനോദ് മേത്ത പറയുന്നു, ''അവര്‍ ശാരീരികമായി ഒരുപാട് ഉപദ്രവിക്കപ്പെട്ടിരുന്നു. അത് കമല്‍ നിഷേധിച്ചെങ്കിലും, മീനാ കുമാരിയുടെ സഹപ്രവര്‍ത്തകര്‍ സത്യമാണെന്ന് പറഞ്ഞിട്ടുണ്ട്. ഒരു സിനിമയുടെ സെറ്റില്‍വെച്ച് കമലിന്റെ സഹായിയോട്, മീനാ കുമാരി പൊട്ടിത്തെറിച്ചു. അത് വന്‍ ബഹളമായി. ഉടനെ കമലിനെ വിളിച്ചെങ്കിലും, മീനാ കുമാരിയോട് വീട്ടിലേക്ക് തിരികെച്ചെല്ലാനാണ് അയാള്‍ ആവശ്യപ്പെട്ടത്''. അതോടെയാണ് ആ ബന്ധം പൂര്‍ണമായും ശിഥിലമായത്. മീനാ കുമാരി അവിടുന്നിറങ്ങി നേരെ ചെന്നത് സഹോദരിയുടെ വീട്ടിലേക്കാണ്. പിന്നീടൊരിക്കലും കമലിന്റെ അടുത്തേക്ക് മടങ്ങിപ്പോയില്ല. തങ്ങളുടെ സ്വപ്‌നസിനിമയായ 'പകീസ' പോലും പൂര്‍ത്തിയാക്കാതെയാണ് അവര്‍ ഇറങ്ങിയത്. 

വിഷമങ്ങള്‍ മറക്കാന്‍ മദ്യം
ആദ്യമേ ഉറക്കക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ അവരെ അലട്ടിയിരുന്നു. അതിന് ഏതോ ഡോക്ടര്‍ നിര്‍ദേശിച്ചത്, ഉറങ്ങുംമുമ്പ് ഒരു പെഗ് ബ്രാന്‍ഡി കഴിക്കാനാണ്. ആദ്യമൊക്കെ ചെറിയ അളവില്‍ തന്നെയായിരുന്നു. പക്ഷേ ഭര്‍ത്താവില്‍നിന്ന് പിരിഞ്ഞതോടെ, അവര്‍ മാനസികമായി ആകെ തകര്‍ന്നു. മദ്യം വലിയ അളവില്‍ കഴിച്ചുതുടങ്ങി. ഇത് പതുക്കെ അഡിക്ഷനായി മാറി, അവരുടെ ആരോഗ്യത്തെ ബാധിച്ചുതുടങ്ങി. പലപ്പോഴും അവര്‍ക്ക് മദ്യപാനം നിയന്ത്രിക്കാന്‍ കഴിയാതായി. അവര്‍ തന്നെ ഒരിക്കല്‍ പറഞ്ഞതുപോലെ മീനാ കുമാരി, തന്റെ ജീവിതം മദ്യത്തില്‍ മുക്കിക്കളഞ്ഞു. 

നാലുവര്‍ഷം കഴിഞ്ഞപ്പോഴേക്കും അവര്‍ക്ക് ലിവര്‍ സിറോസിസ് ബാധിച്ചു. ചികിത്സയ്ക്കായി ലണ്ടനിലും സ്വിറ്റ്സര്‍ലണ്ടിലും പോയി. പൂര്‍ണവിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഒപ്പം മദ്യത്തില്‍നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കണമെന്നും. സാമ്പത്തികപ്രശ്‌നങ്ങളോ, ഇനി അഭിനയിക്കാന്‍ കഴിയില്ലെന്നതോ അവരെ ബാധിച്ചില്ല. തനിക്കിനി ചുരുങ്ങിയ സമയമേ ഉള്ളൂവെന്നറിഞ്ഞ അവര്‍ ഒന്നേ ആഗ്രഹിച്ചുള്ളൂ, മരിക്കുന്നതിനുമുമ്പ് 'പകീസ' പൂര്‍ത്തിയാക്കുക. പതിനാറ് വര്‍ഷങ്ങള്‍ക്കുമുമ്പ് തുടക്കം കുറിച്ച ആ സിനിമ എങ്ങനെയെങ്കിലും പുറത്തിറങ്ങണം. തീരെ വയ്യാതിരുന്നിട്ടും അവര്‍ അതിനായി മുന്നിട്ടിറങ്ങി. പ്രശ്നങ്ങള്‍ക്കിടയിലും മീനാ കുമാരിയും കമലും വീണ്ടും ഒരുമിച്ചു. അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം മീന ക്യാമറയ്ക്കുമുന്നിലേക്ക് തിരിച്ചുവന്നു. അവരുടെ കരിയറിലെ ഏറ്റവും മികച്ച അഭിനയം തന്നെ പുറത്തെടുത്തു, സിനിമ പൂര്‍ത്തിയാക്കി. 1972 ഫെബ്രുവരിയില്‍ സിനിമ റിലീസായി. 

അതിനുവേണ്ടി മാത്രം പിടിച്ചുനിന്നതുപോലെ അവരുടെ ആരോഗ്യം, നാള്‍ക്കുനാള്‍ ക്ഷയിച്ചുവന്നു. മാര്‍ച്ച് 29-ന് അവര്‍ കോമയിലേക്ക് പോയി. രണ്ടുദിവസങ്ങള്‍ക്കുശേഷം, തന്റെ ദു:ഖങ്ങളോടെല്ലാം വിടപറഞ്ഞുകൊണ്ട് ഒരു ദു:ഖവെള്ളി ദിവസം അവര്‍ വിടപറഞ്ഞു. അന്ന് 38 വയസ്സ് മാത്രമായിരുന്നു അവരുടെ പ്രായം. സുഹൃത്തും അഭിനേത്രിയുമായ നര്‍ഗീസ് ആ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ പ്രതികരിച്ചതിങ്ങനെ, ''അഭിനന്ദനങ്ങള്‍ മീന. നിന്റെ മരണത്തിന് അഭിനന്ദനങ്ങള്‍. ഇനിയൊരിക്കലും ഈ ലോകത്തേക്ക് നീ തിരിച്ചുവരാതിരിക്കട്ടെ. ഈ ലോകം നിന്നെപ്പോലുള്ള ആളുകള്‍ക്ക് പറ്റിയതല്ല''. മീനാ കുമാരിയുടെ മനസ്സ് അടുത്ത കൂട്ടുകാരല്ലാതെ മറ്റാരറിയാന്‍. മരണത്തിനുമുമ്പ് തന്നെ തന്റെ സമ്പാദ്യങ്ങളെല്ലാം പലര്‍ക്കായി നല്‍കിയിരുന്നു. ഒടുവില്‍, അവരുടെ മൃതദേഹം വിട്ടുകിട്ടുന്നതിനായുള്ള 2500 രൂപ, സുഹൃത്തുക്കള്‍ ചേര്‍ന്ന് പിരിച്ച് കുടുംബത്തെ ഏല്‍പ്പിക്കുകയായിരുന്നു.     

സ്‌നേഹം കൊതിച്ച്, ഒന്നുമല്ലാതെ മടക്കം... 
1950-കളിലെ സ്ത്രീകള്‍ മീനാ കുമാരിയുടെ ആരാധകരായിരുന്നു. എന്തിനേറെ, രാജ് കുമാറും ദിലീപ് കുമാറും അടക്കമുള്ള അഭിനേതാക്കള്‍ വരെ അവരുടെ ആരാധകരായിരുന്നു. രാജ് കുമാറിന് അവരോട് കടുത്ത ആരാധനയായിരുന്നു. പലപ്പോഴും ഒരുമിച്ച് അഭിനയിക്കുമ്പോള്‍, അവരുടെ മുഖത്തേക്ക് നോക്കുമ്പോള്‍, രാജ് കുമാര്‍ ഡയലോഗുകള്‍ മറക്കുമായിരുന്നു. 
 

മീനാ കുമാരിയും കമല്‍ അംറോഹിയും

പക്ഷേ, ആരാധനയായിരുന്നില്ല അവര്‍ ആഗ്രഹിച്ചത്. സ്‌നേഹമായിരുന്നു, പ്രണയമായിരുന്നു. അതുമാത്രം അവരെ വിട്ടകന്നുനിന്നു. നടന്‍ ധര്‍മേന്ദ്ര സിനിമയില്‍ വന്ന കാലത്ത്, മീനാ കുമാരി അദ്ദേഹത്തെ ഒരുപാട് സഹായിച്ചു. തന്റെ ഒരുപാട് സിനിമകളില്‍ ധര്‍മേന്ദ്രയ്ക്ക് അവസരം കൊടുക്കുകയും ചെയ്തു. അവര്‍ പ്രണയത്തിലാണെന്ന് അന്ന് സിനിമാലോകവും ആരാധകരും ഒരുപോലെ പറഞ്ഞു. മീനാ കുമാരിയുടെ ധരം, ധര്‍മേന്ദ്രയുടെ മീന എന്ന് ബോളിവുഡ് പാടിനടന്നു. പക്ഷേ, സിനിമയില്‍ നല്ല മേല്‍വിലാസമായതോടെ ധര്‍മേന്ദ്രയും അവരെ വിട്ടുപിരിഞ്ഞു. എന്നാല്‍, താന്‍ മീനാ കുമാരിയുടെ ഒരു ആരാധകന്‍ മാത്രമായിരുന്നുവെന്നാണ് പിന്നീട് ധര്‍മേന്ദ്ര പറഞ്ഞത്.  

താന്‍ സ്‌നേഹിച്ചവര്‍, ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയവര്‍, തന്നെ തള്ളിപ്പറഞ്ഞത് അവരെ ഒരുപാട് വേദനിപ്പിച്ചിരുന്നു. പക്ഷേ, തന്റെ പ്രവര്‍ത്തികളിലൊന്നും അവര്‍ക്കൊരു നിരാശയുമുണ്ടായിരുന്നില്ല. അവരുടെ ആവശ്യപ്രകാരം മീനാ കുമാരിയുടെ ശവകുടീരത്തില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു, ''അവള്‍ തന്റെ ജീവിതം അവസാനിപ്പിച്ചത് തകര്‍ന്ന കമ്പിയുമായാണ്, തകര്‍ന്ന പാട്ടുമായാണ്, തകര്‍ന്ന ഹൃദയവുമായാണ്, പക്ഷേ ഒരു ചെറിയ ഖേദം പോലുമില്ല...''

Content Highlights: story of indian cinema's tragedy queen meena kumari