ക്രൂരൻ വില്ലനായി പൃഥ്വിരാജ്, കുംഭയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് എസ്എസ് രാജമൗലി

പൃഥ്വിരാജ് | X
പൃഥ്വിരാജ് | X

എസ് എസ് രാജമൗലിയുടെ ഏറ്റവും പുതിയ ആക്ഷൻ ചിത്രമാണ് 'ഗ്ലോബ് ട്രോട്ടർ'. ചിത്രത്തിലെ പ്രതിനായകനും അതിക്രൂരനായ സൂപ്പർവില്ലനുമായ കുംഭ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. കുംഭയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളിപ്പോൾ. മഹേഷ് ബാബുവും പ്രിയങ്കാ ചോപ്രയുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നവംബർ 15-ന് നടക്കും. മുമ്പെങ്ങുമില്ലാത്തവിധം ഗംഭീരമായ ചടങ്ങായിട്ടായിരിക്കും ടൈറ്റിൽ ലോഞ്ച് നടക്കുകയെന്നാണ് വിവരം.

എസ്എസ് രാജമൗലി പൃഥ്വിരാജിന്റെ ഔദ്യോഗിക ലുക്കിനൊപ്പം, ചിത്രീകരണത്തിനിടയിലെ ഒരു ഫോട്ടോയും എക്സിൽ പങ്കുവെച്ചിട്ടുണ്ട്. “പൃഥ്വിയുമൊത്തുള്ള ആദ്യ ഷോട്ട് എടുത്തശേഷം ഞാൻ അദ്ദേഹത്തിനടുത്തേക്ക് നടന്നുചെന്ന് പറഞ്ഞു, ഞാൻ പരിചയപ്പെട്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് നിങ്ങൾ. ദുഷ്ടനും നിഷ്ഠൂരനും ശക്തനുമായ പ്രതിനായകൻ 'കുംഭ'യ്ക്ക് ജീവൻ നൽകിയത് സർഗാത്മകമായി എനിക്ക് സംതൃപ്തി നൽകി. അക്ഷരാർഥത്തിൽ ആ കസേരയിലേക്ക് വഴുതിയിരുന്നതിന് നന്ദി പൃഥ്വി...”-രാജമൗലി കുറിച്ചു.

മഹേഷ് ബാബുവും പോസ്റ്റർ എക്‌സിൽ പങ്കുവെച്ചു. "മറുവശത്ത് നിന്നു... ഇനി നേർക്കുനേർ കാണാം കുംഭാ"-എന്നായിരുന്നു അദ്ദേഹത്തിന്റെ അടിക്കുറിപ്പ്. രാം ചരണും ജൂനിയർ എൻടിആറും പ്രധാന വേഷങ്ങളിലെത്തിയ 'ആർആർആറി'ന്റെ വൻ വിജയത്തിന് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'ഗ്ലോബ് ട്രോട്ടർ' അഥവാ 'എസ്എസ്എംബി29'. ഹോളിവുഡിൽ നിന്ന് ദീർഘകാലത്തിനുശേഷം പ്രിയങ്കാ ചോപ്ര ഇന്ത്യൻ സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന് ആഗോളപരിവേഷം കൊണ്ടുവരാൻ പ്രിയങ്കയുടെ സാന്നിധ്യംകൊണ്ടാവുമെന്നും അണയറപ്രവർത്തകർ വിശ്വസിക്കുന്നു. കെനിയയിലും താൻസാനിയയിലും ഒഡിഷയിലും ഹൈദരാബാദിലുമായിട്ടായിരുന്നു പ്രധാന ചിത്രീകരണമെന്നറിയുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: SS Rajamouli unveils Prithviraj Sukumaran`s menacing first look as Kumbha, the ruthless antagonist in Mahesh Babu`s SSMB29. Title launch Nov 15, 2025!