സുഭാഷ് പാർക്കിനു മുന്നിലെത്തുമ്പോഴെല്ലാം മനസ്സ് അറിയാതെ മൂളും: ‘പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം...’

കൊച്ചി നഗരത്തിലെ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി കാർ സുഭാഷ് പാർക്കിനു മുന്നിൽ ചെന്ന് നിൽക്കുമ്പോഴെല്ലാം മനസ്സ് ഇന്നും അറിയാതെ പഴയൊരീണം മൂളും: ''പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം, പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം, പൂക്കളും പുഴകളും പൂങ്കിനാവിൻ മധുരവും, ഭൂമി സുന്ദരം.....''
കഥകളേറെ പറയാനുണ്ട് എറണാകുളത്തെ സുഭാഷ് പാർക്കിന്. നിരവധി ജനകീയമുന്നേറ്റങ്ങളുടെ കഥകൾ. പക്ഷേ പാർക്കിന്റെ ഓരത്തുകൂടി യാത്ര ചെയ്യുമ്പോൾ ഇന്നും ഓർമയിൽ വന്നുനിറയുക അവയൊന്നുമല്ല. പ്രണയലോലനും വികാരജീവിയുമായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മുഖമാണ്: സബ് ഇൻസ്പെക്ടർ രാജേന്ദ്രന്റെ മുഖം.
കുണുങ്ങിക്കുണുങ്ങിയുള്ള ആ നടത്തം, ഇറുകിപ്പിടിച്ച കുപ്പായം, ഇസ്തിരിവടിവൊത്ത ഭാവപ്പകർച്ചകൾ, പിന്നെ ആംഗ്യവിക്ഷേപസഹിതമുള്ള ഗാനാലാപനം. എങ്ങനെ മറക്കാനാകും 'സന്മനസ്സുള്ളവർക്ക് സമാധാന'ത്തിലെ പോലീസ് കാമുകനെ? മൂന്നര പതിറ്റാണ്ടാകുന്നു ആ ഗാനരംഗം സത്യൻ അന്തിക്കാട് ചിത്രീകരിച്ചിട്ട്. ഇന്നും ചുണ്ടിൽ ചിരിയോടെയല്ലാതെ കണ്ടുതീർക്കാനാവില്ലത്.
സിനിമയിൽ 'പവിഴമല്ലി' പാടി അഭിനയിക്കുന്നത് ശ്രീനിവാസനാണെന്നും രംഗം കോമഡിയാണെന്നുമറിഞ്ഞപ്പോൾ യേശുദാസ് ചോദിച്ചത്രെ: ''അപ്പോൾ പാട്ടിലും അല്പം തമാശയാകാം, അല്ലേ?''
''അതുമാത്രം വേണ്ട ദാസേട്ടാ'' എന്നായിരുന്നു സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മറുപടി. ''കോമഡിയുടെ നേരിയ അംശം പോലും വേണ്ട പാട്ടിൽ. സീരിയസ് ആയ ഒരു പ്രണയഗാനം പാടും പോലെ പാടിയാൽ മതി. പ്രാണസഖിയും താമസമെന്തേയുമൊക്കെ പോലെ. ഹ്യൂമർ ഞാൻ എങ്ങനെയെങ്കിലും കണ്ടെത്തിക്കൊള്ളാം...'' അമ്പരന്നുപോയിരിക്കണം യേശുദാസ്. ഇത്രയും ആർദ്രമധുരമായ ഒരു ഭാവഗീതത്തിൽ എങ്ങനെ തമാശ കണ്ടെത്തും സംവിധായകൻ?
''ചിത്രീകരണത്തിൽ സത്യൻ കൊണ്ടുവന്ന പുതുമ ഇല്ലായിരുന്നെങ്കിൽ ഒരു സാധാരണപ്രണയഗാനമായി ഒതുങ്ങിപ്പോയേനെ പവിഴമല്ലി.'' പാട്ട് ചിട്ടപ്പെടുത്തിയ ജെറി അമൽദേവ് പറയുന്നു.
ആദ്യം കിന്നരി ജുബ്ബ, പിന്നെ ഷർട്ടും ടൈയും
മീര (കാർത്തിക)യോടുള്ള ഇൻസ്പെക്ടർ രാജേന്ദ്രന്റെ പ്രേമാഭ്യർത്ഥനയുടെ രൂപത്തിലാണ് സിനിമയിൽ പാട്ടിന്റെ രംഗപ്രവേശം. ''പ്രേംനസീറിന്റെ കാമുകകഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വേഷവിതാനങ്ങളോടെ ശ്രീനിവാസനെ അവതരിപ്പിക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം.'' സത്യൻ പറയുന്നു. ''വെള്ള ജുബ്ബയൊക്കെ ഇട്ട് പ്രണയലോലനായി ഷീലയുടെയോ ജയഭാരതിയുടെയോ ഒക്കെ പിന്നാലെ പാടിനടക്കുന്ന നസീർ സാർ. കോളറിൽ കിന്നരി വെച്ച ഒരു ജുബ്ബ ധരിച്ചുകണ്ടിട്ടുണ്ട് അദ്ദേഹം പല സിനിമകളിലും. ഒരു ടിപ്പിക്കൽ നസീർ ജുബ്ബ. കോസ്റ്റ്യൂമർ അത്തരമൊരു ഇനം തന്നെ ശ്രീനിക്ക് വേണ്ടി സംഘടിപ്പിച്ചു.
പക്ഷേ ശ്രീനി അതിട്ടുനോക്കിയപ്പോൾ ഒരു പ്രശ്നം. ഉള്ളതിലും കുറവ് ഉയരം തോന്നുന്നു. അത് അഭംഗിയാകും. അങ്ങനെയാണ് കുറച്ചു ഇറുകിപ്പിടിച്ച ഷർട്ടിലേക്കും പാന്റ്സിലേക്കും മാറുന്നത്. പോലീസ് ഇൻസ്പെക്ടറുടെ മസിൽ പിടിച്ചുള്ള നടത്തവും ആംഗ്യവിക്ഷേപങ്ങളും കൂടി ചേർന്നപ്പോൾ സംഭവം ഹിറ്റ്.
ഗൗരവസ്വഭാവത്തിന് തെല്ലും അയവ് വരുത്താതെയാണ് 'പവിഴമല്ലി' സത്യൻ ചിത്രീകരിച്ചതും. അല്പമെങ്കിലും കോമഡിയുടെ അംശം ഇൻസ്പെക്ടർ രാജേന്ദ്രൻ അണിഞ്ഞ ടൈയിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ''വലിയ നടനും സംവിധായകനുമൊക്കെ ആണെങ്കിലും ആൾക്കൂട്ടത്തിന് മുന്നിൽനിന്ന് അഭിനയിക്കാൻ ഇത്തിരി ചമ്മലുള്ള കൂട്ടത്തിലാണ് ശ്രീനിവാസൻ. റിഹേഴ്സലിൽ പകരം അഭിനയിച്ചത് ഞാനും വിപിൻ മോഹനുമൊക്കെ തന്നെ. പക്ഷേ ഷൂട്ട് തുടങ്ങേണ്ട താമസം കഥാപാത്രമായി മാറി ശ്രീനി. കണ്ടുനിന്ന ഞങ്ങളൊക്കെ വളരെ പണിപ്പെട്ട് ചിരി ഒതുക്കിനിർത്തിയ നിമിഷങ്ങളായിരുന്നു അവ. കാർത്തിക പോലും ചിരിക്കാതിരിക്കാൻ ബുദ്ധിമുട്ടിയിരിക്കണം.'' സത്യന്റെ വാക്കുകൾ.
പാട്ടിന്റെ തുടക്കത്തിലെ ശ്രീനിയുടെ ആത്മഭാഷണം കൂടാതെ പൂർണമാകില്ല പവിഴമല്ലിയുടെ ഓർമകൾ: ''കാക്കിക്കുപ്പായത്തിനുള്ളിൽ ഒരു കവിഹൃദയമുണ്ട്, ഒരു കലാകാരനുണ്ട്, ഒരു ഗായകനുണ്ട്.'' പാട്ടിന്റെ പല്ലവി കഴിഞ്ഞ് ഡയലോഗ് ഉണ്ടാകുമെന്ന് നേരത്തെ തന്നെ ജെറി മാഷെ അറിയിച്ചിരുന്നു സത്യൻ. അതുകൊണ്ടുതന്നെ ആ വാചകവും തുടർന്നുള്ള ശ്രീനിവാസന്റെ നടത്തവും ഭാവപ്പകർച്ചയുമെല്ലാം ഈണത്തിന്റെ ചട്ടക്കൂടിൽ മനോഹരമായി ഒതുക്കാൻ കഴിഞ്ഞു അദ്ദേഹത്തിന്.
''ജെറി മാഷിന്റെ ഈണങ്ങളുടെ പ്രത്യേകതകളിലൊന്ന് ഔചിത്യമാർന്ന ഓർക്കസ്ട്രേഷനാണ്.'' സത്യൻ പറയുന്നു. ''പാട്ടിന്റെ ആത്മാവിനോട് ചേർന്നുനിൽക്കും ഓരോ വാദ്യോപകരണങ്ങളും. പാട്ട് മൂളുമ്പോൾ ഇടയ്ക്കുള്ള സംഗീതശകലങ്ങളും നമ്മൾ അറിയാതെ മൂളിപ്പോകുന്നത് അതുകൊണ്ടാണ്.''
മുല്ലനേഴിയുടെ വരികൾ
മുല്ലനേഴി ആദ്യമായി പാട്ടെഴുതുകയായിരുന്നു ഒരു സത്യൻ ചിത്രത്തിൽ. തൃശൂരിലെ സാഹിത്യ സദസ്സുകളിൽ നിറസാന്നിധ്യമായിരുന്ന മുല്ലനേഴിയെ നേരത്തെ തന്നെ അറിയാം സത്യന്. 'ഞാവൽപ്പഴങ്ങ'ളിലെ 'കറുകറുത്തൊരു പെണ്ണാണ് കടഞ്ഞെടുത്തൊരു മെയ്യാണ്' എന്ന പാട്ടെഴുതിയ കവിയെ കൊണ്ട് എന്നെങ്കിലും സ്വന്തം സിനിമയിൽ എഴുതിക്കണം എന്നത് വലിയൊരു മോഹമായിരുന്നു. അവസരം ഒത്തുവന്നത് 'സന്മനസ്സുള്ളവർക്ക് സമാധാന'ത്തിലാണ്. ''പക്ഷേ ഒരു പ്രശ്നമുണ്ട്. ആദ്യം വരികളെഴുതി ഈണമിടുന്ന സമ്പ്രദായത്തിന്റെ ആളാണ് മുല്ലനേഴി എന്നാണ് അറിവ്. ജെറി മാഷാകട്ടെ ഈണമിട്ട് പാട്ടെഴുതിക്കാൻ താല്പര്യമുള്ള ആളും. മുല്ലനേഴിയുടെ കാര്യത്തിൽ ചെറിയ ചില നീക്കുപോക്കുകൾ വേണ്ടിവരും എന്ന് ജെറിക്ക് ഞാൻ നേരത്തെ തന്നെ മുന്നറിയിപ്പ് കൊടുത്തിരുന്നു. അതൊന്നും ഒരു പ്രശ്നമായി കാണേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.''
മുല്ലനേഴിയെ 'പൊക്കാൻ' വേണ്ടി സംവിധായകനൊപ്പം നടത്തിയ യാത്രകൾ ഇന്നുമുണ്ട് ജെറിയുടെ ഓർമയിൽ. ''ആദ്യം ഒല്ലൂരിലെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ ആൾ സ്ഥലത്തില്ല. കാലത്ത് എങ്ങോട്ടോ എഴുന്നേറ്റു പോയതാണ്. എവിടേക്ക് എന്ന് പിടിയില്ല ഭാര്യയ്ക്ക്. മുൻകൂട്ടി നിശ്ചയിച്ചുള്ള യാത്രകളല്ലല്ലോ അദ്ദേഹത്തിന്റേത്. പിന്നെ ചെന്നുനോക്കിയത് ജോലി ചെയ്യുന്ന സ്‌കൂളിലാണ്. അവിടെയുമില്ല കക്ഷി. നിരാശരായി തിരിച്ചുപോകേണ്ടി വന്നു ഞങ്ങൾക്ക്. സിനിമയിൽ പാട്ടെഴുതുക എന്നത് വലിയ സംഭവമായി എടുത്തിരുന്നില്ല അദ്ദേഹം എന്ന് വ്യക്തം.''
ഒടുവിൽ ഗാനരചയിതാവുമായുള്ള സംഗീതസംവിധായകന്റെ പ്രഥമസമാഗമം സംഭവിച്ചത് ഒരു ചായക്കടയിൽ. എറണാകുളത്തെ പദ്മ തിയേറ്ററിന് പിന്നിലുള്ള ആ ചായക്കടയിലെ ബെഞ്ചിലിരുന്നാണ് താൻ ചിട്ടപ്പെടുത്തിവെച്ച ഈണം ജെറി മുല്ലനേഴിയെ പാടിക്കേൾപ്പിച്ചത്. ''നാട്ടിൻപുറത്തുകാരനായ ഏതോ കർഷകനെ പോലൊരാൾ. ഈണത്തിന് അനുസരിച്ചു പാട്ടെഴുതാൻ അദ്ദേഹത്തിന് കഴിയുമോ എന്നായിരുന്നു എന്റെ ആശങ്ക. എന്തായാലും ഒരു പരീക്ഷണം നടത്തുക തന്നെ.''
പതിവ് ശൈലിയിൽ 'ടടടടട്ട ടടടടട്ട' എന്ന മട്ടിൽ പല്ലവിയുടെ ഈണം മൂളിക്കൊടുക്കുന്നു ജെറി. ശ്രദ്ധയോടെ കേട്ടശേഷം വിനയപൂർവം മുല്ലനേഴിയുടെ അഭ്യർത്ഥന: ''വിരോധമില്ലെങ്കിൽ ഒന്നുകൂടി പാടിത്തരണം.'' ജെറി വീണ്ടും കേൾപ്പിച്ചു ആ ഈണം. ഭാവഭേദമൊന്നുമില്ല മുല്ലനേഴിയുടെ മുഖത്ത്. മുന്നിലെ ചുടുചായ ഒരിറക്ക് മോന്തിയശേഷം കവി പറഞ്ഞു: ''ന്നാൽ, ഇതങ്ങട് എഴുതിയെടുത്തോളൂ.'' മുല്ലനേഴി പാടിക്കേൾപ്പിച്ച പല്ലവിയിൽ ഒരക്ഷരം പോലുമുണ്ടായിരുന്നില്ല മാറ്റാൻ എന്ന് ജെറി: ''പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം, പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം, പൂക്കളും പുഴകളും പൂങ്കിനാവിൻ ലഹരിയും, ഭൂമി സുന്ദരം...'' രണ്ടു ചരണങ്ങളും പിന്നാലെ വന്നു.
ശ്രീനിയുടെ ജോൺസൺ
വേറെയുമുണ്ട് ശ്രീനിവാസന്റെ മറക്കാനാവാത്ത ഗാനരംഗങ്ങൾ. 'വടക്കുനോക്കിയന്ത്ര'ത്തിലെ 'മായാമയൂരം പീലിനീർത്തിയോ', 'ചിന്താവിഷ്ടയായ ശ്യാമള'യിലെ 'മച്ചകത്തമ്മയെ കാൽ തൊട്ടു വന്ദിച്ചു', 'ആരോടും മിണ്ടാതെ' എന്നീ ഗാനങ്ങൾ ഓർക്കുക. പശ്ചാത്തല ഗാനങ്ങളായാണ് സിനിമകളിൽ കടന്നുവരുന്നതെങ്കിലും ശ്രീനിവാസന്റെ കഥാപാത്രങ്ങളെ ഒഴിച്ചുനിർത്തി അവയെ കുറിച്ച് സങ്കൽപ്പിക്കാൻ പോലുമാവില്ല നമുക്ക്.
സംവിധാനം ചെയ്ത ഈ രണ്ടു ചിത്രങ്ങളിലും ജോൺസണെ സംഗീതസംവിധായകനായി പരീക്ഷിക്കാൻ ശ്രീനിവാസനെ പ്രേരിപ്പിച്ചത് വർഷങ്ങളായി അദ്ദേഹവുമായുള്ള അടുപ്പം തന്നെ. ''മദ്രാസിൽ വന്ന കാലം മുതലേ അറിയാം ജോൺസണെ. 1970 കളുടെ അവസാനം വെങ്കടേശ്വര ലെയിനിൽ വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന കാലത്ത് തൊട്ടടുത്ത കോർട്ടിൽ ഷട്ടിൽ കളിക്കാൻ പോകുന്ന പതിവുണ്ട്. അന്ന് പതിവായി കൂടെ ചേർന്നിരുന്നവരാണ് ജോൺസണും ഗായകൻ ബ്രഹ്മാനന്ദനും പിന്നെ മുരളി എന്ന സുഹൃത്തും. വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ നായകകഥാപാത്രത്തിന് പ്രചോദനമായ അതേ മുരളി തന്നെ.''
ദേവരാജൻ മാഷിന്റെ സഹായിയാണ് അന്ന് ജോൺസൺ. സിനിമയിൽ സ്വതന്ത്ര സംഗീതസംവിധായകനായി തുടക്കം കുറിച്ചിട്ടില്ല. ശ്രീനിവാസനാകട്ടെ ചെറുവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടേ ഉള്ളൂ. ''അന്നും ഉറച്ച നിലപാടുകളും അഭിപ്രായങ്ങളുമുണ്ട് ജോൺസണ്. സിനിമയിലെ കറക്കു കമ്പനികളിലൊന്നും പെടാത്ത സുതാര്യ മനുഷ്യൻ. പണത്തിനോട് ആർത്തിയില്ല. അവസരം കിട്ടാൻവേണ്ടി എന്ത് ഒത്തുതീർപ്പുകൾക്കും വഴങ്ങുന്ന ശീലവുമില്ല. അതുകൊണ്ടുതന്നെ ജോൺസണൊപ്പം ജോലി ചെയ്യുന്നത് സന്തോഷമുള്ള കാര്യമായിരുന്നു.''
ചുണ്ടനക്കിയോ അല്ലാതെയോ ശ്രീനിവാസൻ പ്രത്യക്ഷപ്പെട്ട ഗാനരംഗങ്ങളിൽ ഭൂരിഭാഗവും ജോൺസൺ സൃഷ്ടികളായത് യാദൃച്ഛികമാവില്ല. പലതും മലയാളികൾക്ക് മറക്കാനാവാത്ത പാട്ടുകൾ: പാതി മെയ് മറഞ്ഞതെന്തേ സൗഭാഗ്യതാരമേ, കണ്ണാടിക്കയ്യിൽ (പാവം പാവം രാജകുമാരൻ), മായപ്പൊന്മാനേ, മാനം നീളെ (തലയണമന്ത്രം), തീയിലുരുക്കി, കുന്നിമണിച്ചെപ്പു തുറന്ന് (പൊന്മുട്ടയിടുന്ന താറാവ്), രണ്ടു പൂവിതൾ (മൈ ഡിയർ മുത്തച്ഛൻ), കിലുകിലുക്കാം പെട്ടി (എന്നും നന്മകൾ), ശ്യാമാംബരം (അർത്ഥം), പുലർവെയിലും (അങ്ങനെ ഒരു അവധിക്കാലത്ത്)...
ശ്രീനിവാസന്റെ രംഗസാന്നിധ്യം കൊണ്ട് കൂടി ഓർക്കപ്പെടുന്ന പാട്ടുകൾ ഇനിയുമുണ്ട്: കരളേ കരളിന്റെ കരളേ, പെണ്ണെ എൻ പെണ്ണേ (ഉദയനാണ് താരം), കേശു (പദ്മശ്രീ ഭരത് ഡോ സരോജ്കുമാർ), മാർഗഴിയേ മല്ലികയേ (മേഘം), പൂവാങ്കുരുന്നിന് (ആകാശക്കോട്ടയിലെ സുൽത്താൻ), മാനത്തെ ചന്തിരനൊത്തൊരു (ചന്ദ്രലേഖ), ചെല്ലം ചെല്ലം ചിമ്മും കണ്ണിൽ (യെസ് യുവർ ഓണർ), കരകാണാക്കടലല മേലേ (നാടോടിക്കാറ്റ്), സല്ലാപം പമ്പകടക്കും (പട്ടണപ്രവേശം), സ്വർഗ്ഗത്തിലോ (അക്കരെ അക്കരെ അക്കരെ), പുലരിക്കിണ്ണം (ഫ്രണ്ട്സ്), സ്വരജതി പാടും പൈങ്കിളി (വാരഫലം), നീലക്കൂവള മിഴി (കഥ സംവിധാനം കുഞ്ചാക്കോ), അനുരാഗപ്പുഴവക്കിൽ (ഇംഗ്ലീഷ് മീഡിയം)...ഒരു കൊറിയോഗ്രാഫറുടെയും പിന്തുണയില്ലാതെ തന്നെ തികച്ചും സാധാരണമായ ഗാനങ്ങളെ പോലും അസാധാരണമായ ദൃശ്യാനുഭവങ്ങളാക്കി മാറ്റാനുള്ള ശ്രീനിവാസന്റെ പാടവം വിളിച്ചറിയിക്കുന്നവയാണ് ഈ പാട്ടുകളിൽ പലതും. നൃത്തച്ചുവടുകളിൽ പോലും കാണാം സവിശേഷമായ ആ ശ്രീനി ടച്ച്.
ആദ്യം പാടിയത്
ജയചന്ദ്രന്റെ ശബ്ദത്തിൽ
'ഓടരുതമ്മാവാ ആളറിയാം' (1984) എന്ന പ്രിയദർശൻ ചിത്രത്തിലെ ശീർഷകഗാനരംഗത്തായിരിക്കാം ശ്രീനിവാസന്റെ ആദ്യത്തെ ശ്രദ്ധേയമായ ഗാനാഭിനയം; മുകേഷിനും ജഗദീഷിനും നെടുമുടി വേണുവിനുമൊപ്പം. പക്ഷേ അതിനും വർഷങ്ങൾക്ക് മുൻപ് ഒരു പാട്ടുസീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ശ്രീനി; ശ്രീകുമാരൻ തമ്പി നിർമ്മിച്ച് ശശികുമാർ സംവിധാനം ചെയ്ത ജയിക്കാനായ് ജനിച്ചവൻ (1978) എന്ന ചിത്രത്തിൽ.
ഇന്നോർക്കുമ്പോൾ കൗതുകം തോന്നുന്ന കാര്യം. ഈ ചിത്രത്തിൽ ശ്രീകുമാരൻ തമ്പി-എം.കെ.അർജ്ജുനൻ കൂട്ടുകെട്ടിനുവേണ്ടി ജയചന്ദ്രനും അമ്പിളിയും പാടിയ 'ആലവട്ടം വെഞ്ചാമരം' ആയിരുന്നു ശ്രീനിവാസൻ ആദ്യമായി പ്രത്യക്ഷപ്പെട്ട ഗാനരംഗം. ആദ്യം ചുണ്ടനക്കിയത് ജയചന്ദ്രന്റെ ശബ്ദത്തിനൊത്ത്.
സിനിമാഭിനയത്തിൽ താത്പര്യമുള്ള പാട്യംകാരനായ യുവനടനെ തന്റെ പടത്തിലേക്ക് ശുപാർശ ചെയ്തത് സംവിധായകൻ പി.എ ബക്കറാണ് എന്നോർക്കുന്നു ശ്രീകുമാരൻ തമ്പി. അപ്പോഴേക്കും 'ജയിക്കാനായ് ജനിച്ചവ'ന്റെ ഷൂട്ടിങ് മിക്കവാറും പൂർത്തിയായിരുന്നു. ''അവസാനഘട്ടത്തിലെ ഘോഷയാത്രയുടെ ഭാഗമായി വരുന്ന ഭക്തിഗാനം മാത്രമേ ചിത്രീകരിക്കാൻ ബാക്കിയുള്ളൂ. എങ്കിൽ പിന്നെ അതിലെ മുഖ്യ ഗായകന്റെ റോൾ പുതിയ നടന് കൊടുക്കാമെന്ന് തോന്നി എനിക്ക്. പക്ഷേ ശശികുമാറിന് ഒട്ടും താത്പര്യമില്ല. ശ്രീനിയുടെ അന്നത്തെ രൂപഭാവങ്ങൾ സിനിമയ്ക്ക് യോജിച്ചതല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. എങ്കിലും നിർബന്ധിച്ചപ്പോൾ ഗായകരിലൊരാളായി അയാളെ അഭിനയിപ്പിക്കാൻ സമ്മതം മൂളി ശശികുമാർ. പുതിയ നടന് കുറച്ചുകൂടി ഭേദപ്പെട്ട വേഷം നൽകാം എന്നുണ്ടായിരുന്നു എനിക്ക്. സംവിധായകന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്ന സ്വഭാവം ഇല്ലാതിരുന്നതുകൊണ്ട് തർക്കിച്ചില്ല എന്നുമാത്രം.''
സിനിമയിലെ സംഘഗാനത്തിന് നേതൃത്വം നൽകുന്ന ഗായകൻ ശ്രീനിവാസനാണ് എന്ന് നമുക്ക് ഊഹിക്കാമെങ്കിലും ചരണത്തിലെ ഒരൊറ്റ വരിയേ ഗായകൻ പാടുന്നതായി സ്‌ക്രീനിൽ കാണൂ: ''ദീപത്തളികകൾ ഞങ്ങൾ തൻ മനസ്സുകൾ...'' ഗാനരംഗത്ത് ശ്രീനിയുടെ ആകെയുള്ള ഒരേയൊരു ക്ലോസപ്പ് ഷോട്ടും അതുതന്നെ.
പിന്നീട് ശ്രീനിവാസനെ ശ്രീകുമാരൻ തമ്പി കണ്ടത് 'ഇളനീർ' എന്ന പടത്തിന്റെ പ്രിവ്യുവിന് ക്ഷണിക്കാനായി സംവിധായകനൊപ്പം വീട്ടിൽ വന്നപ്പോഴാണ്. ആ സിനിമയിൽ ഭേദപ്പെട്ട ഒരു റോൾ ഉണ്ടായിരുന്നു ശ്രീനിക്ക്. ഇളനീരിന് പിന്നാലെ യവനിക, പഞ്ചവടിപ്പാലം, ടി.പി ബാലഗോപാലൻ എം.എ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങൾ. മലയാള സിനിമയിലെ ശ്രീനിയുഗം തുടങ്ങിയിരുന്നതേയുള്ളൂ. പിന്നീടുള്ളത് ചരിത്രമാണ്.
(സ്റ്റാർ ആന്റ് സ്റ്റൈലിൽ പ്രസിദ്ധീകരിച്ചത്)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Relive the magic of Sreenivasan`s unforgettable `Pavizhamalli` song from `Sanmanassullavarkku Samadhanam` and other cinematic gems. Explore film music and iconic scenes.