'സീമ ഗര്‍ഭിണിയാണ്, ഷൂട്ടിങ്ങിന് വരാന്‍ കഴിയില്ല'; ഐ.വി. ശശി പറഞ്ഞു

വര്‍ഷം 1977. ഒക്ടോബര്‍ മാസത്തിലെ ഒരു പ്രഭാതം. സ്ഥലം- മദ്രാസിലെ പ്രധാന സ്റ്റുഡിയോകള്‍ സ്ഥിതി ചെയ്യുന്ന വടപളനി എന്ന സ്ഥലത്തു നിന്ന് മൂന്നോ നാലോ കിലോമീറ്റര്‍ മാത്രം വടക്കു മാറിയുള്ള ഒരു പ്രധാന ഷൂട്ടിങ് ലൊക്കേഷന്‍. പ്രശസ്ത നടിയായ കെ.ആര്‍. വിജയയ്ക്കു സ്വന്തമായ ഏതാനും ഏക്കര്‍ സ്ഥലം. തമിഴര്‍ ആ സ്ഥലത്തെ 'കെ.ആര്‍. വിജയാവിന്‍ തോട്ടം' എന്നാണ് വിളിച്ചിരുന്നത്. അവിടം ഒരു കൊച്ചുകേരളമാണ്. നിറയെ തെങ്ങുകളുള്ള വിശാലമായ പുരയിടം. അതിനോട് ചേര്‍ന്ന് വയല്‍. ഒരു കുളം. പുരയിടത്തിനും വയലിനും ഇടയിലായി വെള്ളമൊഴുകുന്ന ഒരു തോട്. പ്രധാന വഴി ചെങ്കല്‍പ്പാതയാണ്. അതില്‍ നിന്ന് പിരിയുന്ന ഇടവഴികളുണ്ട് വളരെ വലിയ ഒരു കെട്ടിടവും ഒന്നു രണ്ടു ചെറിയ കെട്ടിടങ്ങളും. പിന്നില്‍ ഒരു ഭാഗത്ത് പശുവളര്‍ത്തലും പന്നിവളര്‍ത്തലുമുണ്ട്. പുറംവാതില്‍ ചിത്രീകരണത്തിന് കേരളത്തിലേക്ക് പോകുന്നില്ലെന്ന് തീരുമാനിക്കുന്ന മലയാളസിനിമാ നിര്‍മ്മാതാക്കള്‍ക്ക് ഈ കൊച്ചുകേരളം ഒരു വലിയ ആശ്രയമായിരുന്നു. കയ്യിലെടുത്തുകൊണ്ടു നടക്കാവുന്ന എരീഫ്ളക്സ് പോലെയുള്ള പോര്‍ട്ടബിള്‍ ക്യമാറകള്‍ സജീവമായിക്കഴിഞ്ഞിരുന്നെങ്കിലും ഇന്‍ഡോര്‍ ഷൂട്ടിങ് മുഴുവന്‍ യഥാര്‍ഥ വീടുകളിലേക്ക് മാറ്റിക്കഴിഞ്ഞിട്ടില്ല. സ്റ്റുഡിയോ ഫ്ളോറില്‍ കലാസംവിധായകരുടെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച സെറ്റുകളിലാണ് ഷൂട്ടിങ് അധികവും നടന്നിരുന്നത്. ഞാന്‍ നിര്‍മിച്ചുകൊണ്ടിരുന്ന 'അക്ഷയപാത്രം' എന്ന സിനിമയുടെ ഷൂട്ടിങ്ങും എ.വി.എം., വാഹിനി, പ്രകാശ് തുടങ്ങിയ സ്റ്റുഡിയോകളിലാണ് നടക്കുന്നത്.
പ്രേംനസീര്‍ നായകനും ലക്ഷ്മി നായികയുമായ 'അക്ഷയപാത്രം' എന്ന ചിത്രത്തിനുവേണ്ടി ഒരു ഗാനം ഔട്ട്‌ഡോറില്‍ ചിത്രീകരിക്കാനാണ് ഞങ്ങള്‍ ആ സ്ഥലത്തു വന്നത്. ശശികുമാര്‍ ആണ് സംവിധായകന്‍, പക്ഷേ അദ്ദേഹം മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ്. ഷൂട്ട് ചെയ്യുന്നത് ഞാന്‍ തന്നെയെഴുതിയ പാട്ടായതുകൊണ്ട് സംവിധായകന്റെ നിര്‍ബന്ധം നിമിത്തം ഞാന്‍ അദ്ദേഹത്തിന്റെ പകരക്കാരനായി വന്നിരിക്കുന്നു. ലക്ഷ്മിയാണ് നായിക. ലക്ഷ്മിക്ക് ഒരു നഴ്സിന്റെ വേഷമാണ്. ഡോക്ടറുമായി (പ്രേംനസീര്‍) പ്രണയത്തിലായ കൂട്ടുകാരിയെ അവളുടെ സ്‌നേഹിതമാരും സഹപ്രവര്‍ത്തകരുമായ മറ്റു നഴ്സുമാര്‍ ചേര്‍ന്ന് കളിയാക്കി പാടുന്ന പാട്ടാണ് ചിത്രീകരിക്കാനുള്ളത്. മാധവനും അദ്ദേഹത്തിന്റെ പ്രധാനസഹായിയായ മാധുരിയുമാണ് നൃത്തസംവിധായകര്‍. ലക്ഷ്മിയും പത്ത് നര്‍ത്തകിമാരും നഴ്സ്വേഷമണിഞ്ഞ് ഷൂട്ടിങ്ങിനു തയ്യാറായി നില്‍ക്കുന്നു. ഞാന്‍ എഴുതി എം.എസ്. വിശ്വനാഥന്‍ ഈണമിട്ട് വാണിജയറാം പാടിയ 'മധുരമുള്ള നൊമ്പരം തുടങ്ങി...' എന്ന പാട്ടാണ് ചിത്രീകരിക്കാനുള്ളത്. പത്തു യുവതികളില്‍ ഒരാള്‍ക്കാണ് ആ പാട്ടു പാടാനുള്ള അവസരം ലഭിക്കുക. ശേഷമുള്ളവര്‍ ഏറ്റു പാടുന്നതേയുള്ളു. നൃത്തം ചെയ്യുന്ന പത്തു യുവതികളെ നിരത്തി നിര്‍ത്തിയിട്ട് മാധുരി എന്നോട് പറഞ്ഞു. 'ഈ പത്തു പേരില്‍ ആരാണ് പാടേണ്ടത്? സാര്‍ ഒരാളെ സെലെക്റ്റ് ചെയ്യണം'. ' ഞാന്‍ പത്തു പേരെയും മാറി മാറി നോക്കി. കൂട്ടത്തില്‍ ഏറ്റവും സുന്ദരിയെന്ന്എനിക്ക് തോന്നിയ പെണ്‍കുട്ടിയെ ഞാന്‍ ചൂണ്ടിക്കാട്ടി. 'ആ കുട്ടി നന്നായിരിക്കും' എന്നു പറഞ്ഞു. പെട്ടെന്ന് മാധുരി ആ കുട്ടിയെ നോക്കി. 'ശാന്തി. ഉനക്കു താന്‍ ചാന്‍സ് കിടച്ചിര്ക്ക്' എന്നു പറഞ്ഞു.
പാടി അഭിനയിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്ത കുട്ടിയുടെ പേര് ശാന്തി എന്നാണെന്ന് അങ്ങനെ ഞാന്‍ മനസ്സിലാക്കി. സ്വാഭാവികമായും വാണിജയറാം പാടിയ ആ പാട്ടിന്റെ ചിത്രീകരണത്തില്‍ ലക്ഷ്മിക്ക് ലഭിച്ച ഫുട്ടേജ് ശാന്തി എന്ന നര്‍ത്തകിക്കും ലഭിച്ചു. എന്റെ സ്‌നേഹിതനായിരുന്ന ബി.പി. മൊയ്തീന്‍ ബേബിയുടെ സംവിധാനത്തില്‍ നിര്‍മിക്കുന്ന 'നിഴലേ നീ സാക്ഷി'എന്ന ചിത്രത്തില്‍ പുതുമുഖനായികയായി അഭിനയിക്കുന്നത് ഈ യുവതിയാണെന്നും ആ ചിത്രത്തില്‍ നടനായിരുന്ന വിജയന്‍ നിര്‍ദേശിച്ചതനുസരിച്ച് ശാന്തി 'സീമ' എന്ന പേര് സ്വീകരിച്ചു എന്നും അപ്പോള്‍ ഞാന്‍ മനസ്സിലാക്കിയിരുന്നില്ല. മൊയ്തീന്‍ നിര്‍മിച്ച 'നിഴലേ നീ സാക്ഷി' അന്ന് പൂര്‍ത്തിയായില്ല. 1978 മാര്‍ച്ച് മൂന്നാം തീയതി തീയേറ്ററുകളില്‍ എത്തിയ 'അവളുടെ രാവുകള്‍' എന്ന പ്രശസ്ത ചിത്രത്തിലൂടെ ശാന്തി എന്ന നര്‍ത്തകി സീമ എന്ന പേരു സ്വീകരിച്ച് മലയാളസിനിമയിലെ നായികമാരുടെ നിരയിലേക്ക് വന്നു. ഐ.വി. ശശി സംവിധാനം ചെയ്ത 'അവളുടെ രാവുകള്‍' കേരളത്തില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയിലാകെ തന്നെ ചര്‍ച്ചാവിഷയമായി. പിന്നീട് മലയാളസിനിമയിലെ ഒന്നാംനിരയിലെ നായികയായി ഉയരാന്‍ സീമയ്ക്ക് അധികകാലമൊന്നും വേണ്ടിവന്നില്ല. സീമയുടെ ആദ്യകാലസിനിമകളില്‍ എം.ജി. സോമന്‍, രവികുമാര്‍, ജോസ് തുടങ്ങിയവരായിരുന്നു സീമയുടെ നായകന്മാര്‍. 'അങ്ങാടി' എന്ന ചിത്രത്തില്‍ ജനകീയനടനായ ജയനോടൊപ്പം സീമ പ്രത്യക്ഷപ്പെട്ട രംഗങ്ങള്‍ ശ്രദ്ധേയമായതോടെ ജയന്‍-സീമ ടീം ജനശ്രദ്ധ നേടിയെടുത്തു. 'കരിമ്പന'യായിരുന്നു ഈ ഗണത്തില്‍ വന്ന ആദ്യത്തെ ഹിറ്റ് ചിത്രം.
ഐ.വി. ശശിയുമായുള്ള സീമയുടെ വിവാഹം നടത്താന്‍ ഒരു മൂത്ത സഹോദരന്റെ സ്ഥാനത്തുനിന്ന് എല്ലാ പിന്തുണയും നല്‍കിയതും ജയന്‍ ആയിരുന്നു. ജയന്റെ ആകസ്മികമായ തിരോധാനത്തിനുശേഷം അധികം വൈകാതെ സീമ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും നായികയായി. തുടര്‍ന്ന് സീമ നടത്തിയത് സുദീര്‍ഘമായ ഒരു വിജയയാത്ര തന്നെയാണ്. ആലപ്പി ഷരീഫ്, ടി. ദാമോദരന്‍, എം.ടി. വാസുദേവന്‍ നായര്‍ തുടങ്ങിയ തിരക്കഥാകൃത്തുക്കള്‍ സൃഷ്ടിച്ച വിവിധ സ്ത്രീകഥാപാത്രങ്ങളിലൂടെ ഐ.വി. ശശി ചിത്രങ്ങളില്‍ സീമ തിളങ്ങി. അതേസമയം ജോഷി, പി.ജി. വിശ്വംഭരന്‍ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിലും സീമ അഭിനയിച്ചു. ഇക്കൂട്ടത്തില്‍ ഞാന്‍ ഓര്‍മയില്‍ സൂക്ഷിക്കുന്ന ചിത്രമാണ് എ.കെ. ലോഹിതദാസ് തിരക്കഥയെഴുതിയ ജോഷിയുടെ 'മഹായാനം' എന്ന ചിത്രം. 'മഹായാനം' എന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം സീമയും നന്നായി അഭിനയിച്ചു. സീമയുടെ അഭിനയചാരുതയ്ക്കു ദൃഷ്ടാന്തമായി ചില നല്ല രംഗങ്ങള്‍ 'മഹായാനം' എന്ന ചിത്രത്തിലുണ്ട്. പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത 'സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്' ആണ് ശ്രദ്ധേയമായ മറ്റൊരു സിനിമ. സീമയുമായി സംസാരിച്ചപ്പോള്‍ അവര്‍ എപ്പോഴും ഓര്‍മിക്കുന്ന കഥാപാത്രം 'അവളുടെ രാവുകളി'ലെ നായിക തന്നെയാണ് എന്ന് പറയുകയുണ്ടായി.
അതു കഴിഞ്ഞ് സീമയ്ക്കു കിട്ടിയ മികച്ച കഥാപാത്രം പി.വി. ഗംഗാധരന്‍ നിര്‍മിച്ച് ഐ.വി.ശശി സംവിധാനം ചെയ്ത 'മനസാ വാചാ കര്‍മണാ' എന്ന സിനിമയിലേതാണ് എന്നും സീമ സൂചിപ്പിച്ചു. എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയെഴുതിയ ചിത്രങ്ങളെക്കുറിച്ച് സംസാരിച്ചപ്പോഴും സീമ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ വ്യക്തമാക്കി. 'അക്ഷരങ്ങള്‍' എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് ഞാന്‍ വാചാലനായപ്പോള്‍ 'ആ കഥാപാത്രത്തെ ഇഷ്ടമാണ്. എങ്കിലും അതിനേക്കാള്‍ ഇഷ്ടം 'ആള്‍ക്കൂട്ടത്തില്‍ തനിയെ' എന്ന സിനിമയിലെ കഥാപാത്രമാണ്'എന്നും സീമ വ്യക്തമാക്കി.മദ്രാസ് ടി.വി.എസ്സില്‍ ഉദ്യോഗസ്ഥനായിരുന്ന മാധവന്‍ നമ്പ്യാരുടെയും വസന്തയുടെയും മകളായി മദ്രാസില്‍ ജനിച്ച ശാന്തകുമാരിയാണ് ശാന്തി എന്ന നര്‍ത്തകിയായും പിന്നീട് സീമ എന്ന നടിയായും പ്രശസ്തി നേടിയത്. സീമയ്ക്ക് ഏഴു വയസ്സുള്ളപ്പോള്‍ അച്ഛനമ്മമാര്‍ വേര്‍പിരിഞ്ഞു. അതിനു ശേഷം അച്ഛന്‍ വേറെ വിവാഹം കഴിച്ചു. പിന്നീട് അമ്മയായിരുന്നു എല്ലാം. മകളുടെ ജീവിതം പടുത്തുയര്‍ത്താന്‍ എല്ലാ ക്ലേശങ്ങളും സഹിച്ചത് അവരാണ്. 'അമ്മ മാത്രം. അമ്മയേയുള്ളൂ'. എന്നാണ് ഇതേപ്പറ്റി സീമ പറയുന്നത്.
ഞാന്‍ നിര്‍മിച്ച ചിത്രങ്ങളില്‍ മാത്രമല്ല, ഞാന്‍ ഗാനങ്ങള്‍ എഴുതിയ പല സിനിമകളിലും സംഘനൃത്തങ്ങളില്‍ ശാന്തി അഭിനയിച്ചിട്ടുണ്ട്. നൃത്തം ചെയ്യുമ്പോള്‍ ആ യുവതിയുടെ ചലനങ്ങളില്‍ തിളങ്ങിയിരുന്ന ചടുലത ഞാന്‍ ശ്രദ്ധിച്ചിരുന്നു. കൂട്ടത്തില്‍ നൃത്തം ചെയ്യുന്ന മറ്റു നര്‍ത്തകിമാരില്‍ നിന്ന് എന്നും ഒരു പടി മുന്നിലായിരുന്നു ശാന്തി. സീമ എന്ന പേരില്‍ ആ നര്‍ത്തകി പ്രശസ്തയായിക്കഴിഞ്ഞപ്പോള്‍ എന്റെ ഏതെങ്കിലുമൊരു സിനിമയില്‍ നൃത്തം ചെയ്യുന്ന ഒരു മികച്ച കഥാപാത്രമായി സീമയെ അഭിനയിപ്പിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു. അതിനു മുമ്പായി എസ്.ആര്‍. പുട്ടണ്ണ കനഗല്‍ എന്ന കന്നഡസംവിധായകന്റെ 'പടവാര്‍ ഹള്ളി പാണ്ഡവരു' (പടവാര്‍ ഗ്രാമത്തിലെ പാണ്ഡവന്മാര്‍) എന്ന കഥ 'ഇടിമുഴക്കം' എന്ന പേരില്‍ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ സീമയെ നായികയാക്കാന്‍ ആലോചിച്ചു. ജയനായിരുന്നു നായകന്‍. സീമയാണെങ്കില്‍ നന്നായിരിക്കും എന്ന് ജയനും അഭിപ്രായപ്പെട്ടു. പക്ഷേ ഞാന്‍ ഐ.വി. ശശിയുമായി സംസാരിച്ചപ്പോള്‍ ആ ദിവസങ്ങളില്‍ സീമയുടെ കാള്‍ഷീറ്റ് കിട്ടാന്‍ പ്രയാസമാണെന്നറിഞ്ഞു. ശശി സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ ഷൂട്ട് അതേ ദിവസങ്ങളില്‍ നടക്കാന്‍ സാധ്യതയുണ്ടായിരുന്നു. ഒടുവില്‍ നടി ശുഭയാണ് ആ വേഷം ചെയ്തത്.
സംഗീതത്തിനും ക്ലാസിക്കല്‍ കലകള്‍ക്കും പ്രാധാന്യം നല്‍കി 'ഗാനം' എന്ന ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഗായികയായി ലക്ഷ്മിയെയും നര്‍ത്തകിയായ ശ്രീദേവിയുടെ വേഷത്തില്‍ (സംഗീതഗുരു നാരായണന്‍ നമ്പൂതിരിയുടെ മകള്‍ ) സീമയെയും നിശ്ചയിച്ചു. ഞാന്‍ ശശിയെയും സീമയെയും കണ്ട് കഥാപാത്രത്തെക്കുറിച്ചു സംസാരിക്കുകയും സീമയ്ക്ക് അഡ്വാന്‍സ് ആയി ഒരു തുക കൊടുക്കുകയും ചെയ്തു. അങ്ങനെ 'ഗാനം' എന്ന സിനിമയില്‍ അംബരീഷ് നായകനും ലക്ഷ്മിയും സീമയും നായികമാരും എന്ന വിശ്വാസത്തില്‍ ഞാന്‍ മുന്നോട്ടുനീങ്ങി. ചിത്രത്തിന്റെ ഷൂട്ട് തുടങ്ങാന്‍ ഒരു മാസം മാത്രം ബാക്കിയുള്ളപ്പോള്‍ ശശി എന്നോടു പറഞ്ഞു. 'സീമ ഗര്‍ഭിണിയാണ്. ഷൂട്ടിങ്ങില്‍ പങ്കെടുക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഏതെങ്കിലും രംഗത്ത് അഭിനയിച്ചാലും നൃത്തം ചെയ്യാന്‍ സാധ്യമേയല്ല'.
അതു ശരിയാണല്ലോ. ഗര്‍ഭിണിയായിരിക്കുമ്പോള്‍ നൃത്തം ചെയ്താല്‍ അത് ഗര്‍ഭസ്ഥശിശുവിന് ദോഷം ചെയ്യും. ഞാന്‍ കൊടുത്ത അഡ്വാന്‍സ് മടക്കിത്തരാന്‍ ശശി സീമയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ ആ തുക തിരിച്ചു വാങ്ങിയില്ല. 'ഞാന്‍ ആദ്യമായാണ് സീമയെ എന്റെയൊരു സിനിമയില്‍ അഭിനയിപ്പിക്കുന്നത്. ആദ്യമായാണ് പ്രതിഫലം നല്‍കിയത്. അതു ഞാന്‍ തിരിച്ചു വാങ്ങുന്നില്ല. പ്രസവത്തിനു ശേഷം സീമ തുടര്‍ന്നഭിനയിക്കാന്‍ തീരുമാനിച്ചാല്‍ ഭാവിയില്‍ ഞാന്‍ നിര്‍മിക്കുന്ന ഏതെങ്കിലുമൊരു സിനിമയില്‍ സീമയെ നായികയാക്കും'. ഞാന്‍ പറഞ്ഞു. ശശി വീണ്ടും വീണ്ടും നിര്‍ബന്ധിച്ചിട്ടും ഞാന്‍ ആ അഡ്വാന്‍സ് തിരിച്ചുവാങ്ങിയില്ല. 'ഗാന'ത്തിനു ശേഷം ഞാന്‍ നിര്‍മിച്ച 'എനിക്കും ഒരു ദിവസം' എന്ന ചിത്രത്തില്‍ തന്നെ ഞാന്‍ സീമയെ നായികയാക്കി.
വര്‍ഷം -1982. നെടുമുടിവേണു ഈ ചിത്രത്തില്‍ നായകനും മോഹന്‍ലാല്‍ ഉപനായകനും ആയിരുന്നു. സഹോദരങ്ങളെ പോറ്റാന്‍ കഷ്ടപ്പെടുന്ന ഒരു ബാലേ നര്‍ത്തകിയുടെ വേഷത്തിലാണ് സീമ ഈ ചിത്രത്തില്‍ അഭിനയിച്ചത്. ഞാന്‍ എഴുതി ശ്യാം ഈണം പകര്‍ന്ന് യേശുദാസും സംഘവും പാടിയ 'അന്‍പൊലിക്കു കൊളുത്തി വച്ച പൊന്‍നിലവിളക്ക്...' എന്ന ഗാനത്തിനനുസരിച്ച് സീമ നൃത്തം ചെയ്യുന്ന രംഗമാണ് ഞാന്‍ ആദ്യമായി ചിത്രീകരിച്ചത്. മദ്രാസിലെ കേരളസമാജം ഹാളിലായിരുന്നു ചിത്രീകരണം. ഷൂട്ടിങ് കാണാന്‍ ഐ.വി. ശശി വന്നിരുന്നു. ഏറെനേരം എന്നോടൊപ്പം ചിലവഴിച്ചതിനു ശേഷമാണ് ശശി മടങ്ങിയത്. പിന്നീട് കെ.ആര്‍. വിജയയ്ക്കു സ്വന്തമായ തോട്ടത്തിലും ഷൂട്ടിങ് ഉണ്ടായിരുന്നു. ഞാനും സീമയും ഒരുമിച്ചാണ് കാറില്‍ അവിടെയെത്തിയത്. കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സീമ എന്നോടു ചോദിച്ചു. 'ഈ സ്ഥലം സാറിന് ഓര്‍മയുണ്ടോ..?' ഞാന്‍ മറുപടി പറയുന്നതിന് മുന്‍പ് തന്നെ സീമ തുടര്‍ന്നു. 'ഇവിടെ വെച്ചാണ് തമ്പിസാര്‍ ആദ്യമായി എന്നെ കണ്ടത്'.
'അക്ഷയപാത്രം' എന്ന സിനിമയിലെ 'മധുരമുള്ള നൊമ്പരം തുടങ്ങി' എന്ന ഗാനം പാടി അഭിനയിക്കാന്‍ പത്ത് നര്‍ത്തകിമാരില്‍ നിന്ന് താന്‍ തിരഞ്ഞെടുക്കപ്പെട്ട നിമിഷം അവര്‍ ഓര്‍ത്തെടുക്കുകയായിരുന്നു. ഞാന്‍ സീമയില്‍ കാണുന്ന ഏറ്റവും വലിയ മേന്മയും ഇതു തന്നെ. കഴിഞ്ഞതൊന്നും അവര്‍ മറക്കുന്നില്ല. എന്റെ 'സിംഹാസനം' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ നടന്ന ഒരു സംഭവവും ഓര്‍മ വരുന്നു. മദ്രാസില്‍ നിന്ന് തിരുവനന്തപുത്ത് വന്നുചേര്‍ന്ന ഞങ്ങളുടെ സംഘം കുട്ടനാട്ടിലേക്കു പോകുന്നതിനു മുമ്പായി വിശ്രമാര്‍ത്ഥം തിരുവനന്തപുരത്ത് കീര്‍ത്തിഹോട്ടലില്‍ താമസിക്കുകയായിരുന്നു. ആദ്യമായി ഷൂട്ട് ചെയ്യേണ്ട ഒരു നൃത്തത്തിന്റെ റിഹേഴ്സല്‍ ഹോട്ടല്‍മുറിയില്‍ നടക്കുന്നു.
മാധവനും മാധുരിയുമാണ് നൃത്തസംവിധായകര്‍. ഞാന്‍ ആ മുറിയിലേക്ക് ചെന്നപ്പോള്‍ കണ്ട കാഴ്ച എന്നെ അദ്ഭുതപ്പെടുത്തി. സീമ നര്‍ത്തകിമാരെ ചലനങ്ങള്‍ പഠിപ്പിക്കുന്നു. വേറേ ഏതോ ചിത്രത്തില്‍ അഭിനയിക്കാന്‍ വന്ന സീമ മാധവന്‍ മാസ്റ്ററെയും മാധുരിയെയും സഹായിക്കുകയാണ്. പണ്ട് തന്നോടൊപ്പം നൃത്തം ചെയ്തിരുന്ന കൂട്ടുകാരികള്‍ക്ക് നായികയായി വളര്‍ന്നുകഴിഞ്ഞ സീമ ചുവടുകള്‍ പറഞ്ഞുകൊടുക്കുന്നു. അവരില്‍ ഒരാളായി കൂടെ നില്‍ക്കുന്നു. സീമ നിര്‍മിച്ച ഒരു സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതാന്‍ എനിക്ക് അവസരം ലഭിച്ചു. ഒരു ദിവസം ഐ.വി. ശശി എന്നെ ഫോണില്‍ വിളിച്ചു. 'എനിക്ക് നിങ്ങളെ അത്യാവശ്യമായി ഒന്നു കാണണം ' എന്ന് പറഞ്ഞു.
'ഞങ്ങള്‍ ഒരു പടം തുടങ്ങുന്നു. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും കാള്‍ഷീറ്റ് ഇല്ല. റഹ്‌മാന്‍ ആണ് എന്റെ നായകന്‍, റഹ്‌മാന് അഭിനയിക്കാന്‍ പറ്റിയ ഒരു സ്‌ക്രിപ്റ്റ് എഴുതി തരണം'. ശശി പറഞ്ഞു. രണ്ടു ദിവസം കൊണ്ട് ഞാനൊരു കഥയുണ്ടാക്കി. കഥ ശശിക്ക് ഇഷ്ടപ്പെട്ടു. ഉടന്‍ തന്നെ സ്‌ക്രിപ്റ്റ് എഴുതി. അങ്ങനെയുണ്ടായ സിനിമയാണ് 'അപാരത'. ഇളയരാജാ ആയിരുന്നു ആ ചിത്രത്തിന്റെ സംഗീതസംവിധായകന്‍. ചിത്രം ലിബര്‍ട്ടി ബഷീര്‍ വിലയ്ക്കെടുത്തു. തരക്കേടില്ലാത്ത രീതിയില്‍ ചിത്രം ഓടുകയും ചെയ്തു. അതുകൊണ്ട് ശശിക്കും സീമയ്ക്കും നഷ്ടമുണ്ടായില്ല . മികച്ച നടി മാത്രമല്ല, മികച്ച വ്യക്തിത്വത്തിന്റെ ഉടമയായ സ്ത്രീയുമാണ് സീമ. പ്രശസ്തിയുടെ ഉയരങ്ങളില്‍ എത്തിക്കഴിഞ്ഞും പണ്ട് തന്നോടൊപ്പം നൃത്തരംഗങ്ങളില്‍ പങ്കെടുത്തിട്ടുള്ള കൂട്ടുകാരികളുമായി സീമ ആ പഴയ സൗഹൃദം കാത്തുസൂക്ഷിച്ചു. സിനിമ എന്ന മായാലോകത്തെ താരപ്രഭയില്‍ മുങ്ങിക്കഴിയുമ്പോള്‍ കഴിഞ്ഞതെല്ലാം മറക്കുന്ന പലര്‍ക്കും സീമയുടെ ഈ പെരുമാറ്റം അത്ഭുതകരമായി തോന്നിയേക്കാം.
Content Highlights: sreekumaran thampi remembering actress seema in his movies shooting experiences