സറീന വളരെ ശാന്തയായി എന്നെ ആശ്വസിപ്പിച്ചു. സാര്‍ വിഷമിക്കരുത്. എങ്ങനെയെങ്കിലും സിനിമ പൂര്‍ത്തിയാക്കണം

ഇന്ത്യന്‍ സിനിമ കണ്ട മുന്‍നിരനടിമാരിലൊരാളായിരുന്നു വഹീദാ റഹ്മാന്‍. അവര്‍ക്കു ശേഷം ദക്ഷിണേന്ത്യയില്‍ ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്, ബോംബെയിലേക്ക് താമസം മാറ്റി, ഹിന്ദിസിനിമയില്‍ പ്രശസ്തി നേടിയെടുത്ത നടിയാണ് സറീനാ വഹാബ്. തമിഴ് നാട്ടിലെ ചെങ്കല്‍പ്പെട്ട് ജില്ലയിലാണ് വഹീദാ റഹ്മാന്‍ ജനിച്ചത്. ജന്മനാട്ടിലെ ജനങ്ങളുടെ സംസാരഭാഷ തമിഴ്; തന്റെ കുടുംബത്തിലെ സംസാരഭാഷ ഉര്‍ദു. ഉര്‍ദുഭാഷ വശമുള്ളവര്‍ക്ക് ഹിന്ദി ഭാഷ പെട്ടെന്ന് പഠിക്കാന്‍ കഴിയും. ഒരു തെലുങ്ക് സിനിമയില്‍ ബാലനര്‍ത്തകിയായി പ്രത്യക്ഷപ്പെട്ട വഹീദയെ ഹിന്ദിയിലേക്ക് കൊണ്ടുവന്നത് നടനും സംവിധായകനും ബഹുമുഖപ്രതിഭാശാലിയുമായ ഗുരുദത്ത് ആണ്. 'സി.ഐ.ഡി.' ആയിരുന്നു ഹിന്ദിയിലെ പ്രഥമചിത്രം. പഴയ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലാണ് സറീനാ വഹാബ് ജനിച്ചത്. ജന്മനാട്ടിലെ സംസാരഭാഷ തെലുങ്ക്, വീട്ടിലെ സംസാരഭാഷ ഉര്‍ദു.
സിനിമയില്‍ അഭിനയിക്കാനുള്ള മോഹം സാക്ഷാത്ക്കരിക്കാനായി സറീന എന്ന യുവതി പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാന്‍ പോയി. അതിനുശേഷം ബോംബെയിലെത്തി ഭാഗ്യപരീക്ഷണം തുടങ്ങി. ആദ്യം കണ്ടത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഷോമാന്‍ ആയിരുന്ന രാജ്കപൂറിനെയാണ്. ആ കൂടിക്കാഴ്ച പ്രയോജനപ്പെട്ടില്ല. ഹിന്ദി സിനിമയില്‍ എന്നും രാജ്കപൂറിന്റെ എതിര്‍ഭാഗത്തു നിന്നിരുന്ന ദേവാനന്ദ് ആണ് തന്റെ 'ഇഷ്‌ക് ഇഷ്‌ക് ഇഷ്‌ക്' എന്ന ചിത്രത്തിലൂടെ സറീന വഹാബിനെ ഹിന്ദിസിനിമയില്‍ അവതരിപ്പിച്ചത്. സറീന വഹാബിനോടൊപ്പം പില്‍ക്കാലത്ത് സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്തി നേടിയ ശേഖര്‍കപൂറിനേയും ദേവാനന്ദ് ഇതേ ചിത്രത്തിലൂടെ പുതുമുഖമായി അവതരിപ്പിച്ചു. സീനത്ത് അമാന്‍ ആയിരുന്നു 'ഇഷ്‌ക് ഇഷ്‌ക് ഇഷ്‌ക് ' എന്ന സിനിമയിലെ നായിക. നായികാ കഥാപാത്രത്തിന്റെ അനുജത്തിയുടെ വേഷമായിരുന്നു സറീനാ വഹാബിന്. 1974-ല്‍ ആണ് ഈ സിനിമ പുറത്തു വന്നത്. സിനിമ ദയനീയ പരാജയമായിരുന്നു. ഒരു പൊതുചടങ്ങില്‍ വെച്ച് പരിചയപ്പെട്ട ബാസു ചാറ്റര്‍ജിയാണ് 'ചിറ്റ്‌ചോര്‍' എന്ന സിനിമയിലൂടെ സറീനാ വഹാബിനെ നായികാനിരയിലേക്ക് ഉയര്‍ത്തിവിട്ടത്. പുതുമുഖങ്ങളെ നായികാനായകന്മാരാക്കി പാട്ടുകള്‍ക്ക് പ്രാധാന്യം നല്‍കി ചിത്രങ്ങള്‍ നിര്‍മിക്കാന്‍ എല്ലാ കാലഘട്ടങ്ങളിലും ധൈര്യം കാണിച്ചിട്ടുള്ള നിര്‍മാതാവാണ് രാജശ്രീ പിക്‌ചേഴ്‌സിന്റെ ഉടമസ്ഥനായ താരാചന്ദ് ബര്‍ജാത്യ. ദശാബ്ദങ്ങള്‍ക്കു മുന്‍പ് ലക്ഷ്മികാന്ത് പ്യാരേലാല്‍ ഹിന്ദിസിനിമയില്‍ സംഗീതരംഗത്ത് തുടക്കക്കാരായിരുന്നപ്പോള്‍ അവരെ സംഗീതസംവിധായകരാക്കി രണ്ടു പുതുമുഖങ്ങളെ നായകന്മാരാക്കി 'ദോസ്തി' എന്ന ചിത്രം നിര്‍മിച്ചത് അദ്ദേഹമാണ്. ആ ചിത്രത്തിലെ ഗാനങ്ങളാണ് ലക്ഷ്മികാന്ത് പ്യാരേലാല്‍ എന്ന ടീമിനെ ഹിന്ദിസിനിമാസംഗീതരംഗത്ത് മുന്‍നിരയില്‍ എത്തിച്ചത് ( മുഹമ്മദ് റഫി പാടിയ 'ചാഹൂംഗാ മേം തുശ്ചെ സാന്‍ജ് സവേരേ' എന്ന ഗാനം ഓര്‍മിക്കുക). തമിഴിലും ഹിന്ദിയിലും സംവിധായകനായി പേരെടുത്ത ഭീംസിങ്ങിന്റെ സംവിധാനത്തില്‍ 'സ്‌നേഹം' എന്ന പേരില്‍ ആ സിനിമ മലയാളത്തിലും വന്നു. 'സ്‌നേഹം' ( 1977 ) എന്ന ആ ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഗാനങ്ങളും രചിച്ചത് ഈ ലേഖകനാണ്. ഭീംസിങ്ങിന്റെ രണ്ടാം ഭാര്യയും നമ്മുടെ പ്രിയപ്പെട്ട സ്വഭാവനടിയുമായ സുകുമാരിയുടെ വീട്ടില്‍ വെച്ചാണ് ഞങ്ങള്‍ സ്‌ക്രിപ്റ്റ് ചര്‍ച്ചകള്‍ നടത്തിയത്. എന്റെ പാട്ടുകള്‍ക്ക് ജയവിജയന്മാര്‍ സംഗീതം പകര്‍ന്നു. 'ദോസ്തി'ഹിന്ദിയില്‍ വിജയിച്ചതുപോലെ 'സ്‌നേഹം' മലയാളത്തില്‍ വിജയിച്ചില്ല. പാട്ടുകളും വേണ്ടത്ര നന്നായില്ല.( സ്‌നേഹം എന്ന പേരില്‍ 1998 ല്‍ വീണ്ടും ഒരു മലയാളചിത്രം വന്നു, ഇവിടെ പറയുന്നത് 'സ്‌നേഹം' എന്ന പേരില്‍ മലയാളത്തില്‍ ആദ്യം വന്ന സിനിമയെപ്പറ്റിയാണ്.)
പുതിയ നടിയായ സറീന വഹാബിനെ നായികയും അമോല്‍ പലേക്കര്‍ എന്ന നടനെ നായകനുമാക്കി ബാസു ചാറ്റര്‍ജി സംവിധാനം ചെയ്ത 'ചിറ്റ്‌ചോര്‍'(1976) എന്ന ചിത്രം നിര്‍മിച്ചതും രാജശ്രീയുടെ ഉടമയായ താരാചന്ദ് ബര്‍ജാത്യ ആയിരുന്നു. രവീന്ദ്രജെയിന്‍ എഴുതി അദ്ദേഹം തന്നെ ഈണം നല്‍കിയ പാട്ടുകള്‍ യേശുദാസ് പാടി. ആ പാട്ടുകളെല്ലാം പ്രശസ്തിനേടി. നിഷ്‌കളങ്കയായ ഗ്രാമീണകന്യകയുടെ വേഷമായിരുന്നു സറീനയ്ക്ക്. അവര്‍ അത് നന്നായി കൈകാര്യം ചെയ്തു. അതിനു ശേഷം ഘരോണ്ട , മൈ നെയിം ഈസ് ഖാന്‍, രക്തചരിത തുടങ്ങി അനവധി ഹിന്ദി ചിത്രങ്ങളിലൂടെ അവര്‍ വലിയ നടിയായി ഹിന്ദിയില്‍ തിളങ്ങി. ഹിന്ദി കഴിഞ്ഞാല്‍ സറീനവഹാബ് കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചത് മലയാളത്തിലാണ്. കമലഹാസനെ നായകനാക്കി എന്‍.ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത 'മദനോത്സവം '(1978) ആയിരുന്നു തുടക്കം. ഹിന്ദിയില്‍ നായികയായതിന്റെ രണ്ടാം വര്‍ഷത്തില്‍ തന്നെ സറീന മലയാളസിനിമയില്‍ വന്നു. ഒ.എന്‍.വി യും സലില്‍ ചൗധരിയും ചേര്‍ന്നൊരുക്കിയ പാട്ടുകള്‍ 'മദനോത്സവ'ത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്നു. ഭരതന്‍ സംവിധാനം നിര്‍വഹിച്ച 'ചാമരം' (1980) ആയിരുന്നു സറീനയുടെ അടുത്ത മലയാളചിത്രം. ഈ സിനിമയും വിജയിച്ചതോടെ മറ്റു പ്രധാന സംവിധായകരും സറീന വഹാബ് എന്ന നടിയെ ശ്രദ്ധിച്ചു തുടങ്ങി. ഞാന്‍ സംവിധാനം ചെയ്ത രണ്ടു സിനിമകളില്‍ സറീന വഹാബ് നായികയായി. ആദ്യ ചിത്രം നായാട്ട് ( 1980). രണ്ടാമത്തെ ചിത്രം അമ്മയ്‌ക്കൊരുമ്മ (1981 ). 'അമ്മയ്‌ക്കൊരുമ്മ'യുടെ നിര്‍മാതാവും ഞാന്‍ തന്നെയായിരുന്നു. അമിതാഭ് ബച്ചനെ സൂപ്പര്‍സ്റ്റാറാക്കിയ അദ്ദേഹത്തിന്റെ ആദ്യകാലചിത്രങ്ങളിലൊന്നാണ് പ്രകാശ് മെഹ്‌റ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച 'സഞ്ജീര്‍ '. ഈ കഥ തനിക്ക് ഇരട്ടവേഷം അഭിനയിക്കാന്‍ പാകത്തില്‍ മാറ്റിമറിച്ച് എം.ജി.ആര്‍ തമിഴില്‍ 'ശിരിത്ത് വാഴ വേണ്ടും' എന്ന പേരില്‍ ഒരു ചിത്രം നിര്‍മിക്കുകയുണ്ടായി. മലയാളത്തില്‍ 'ഇതാ ഒരു മനുഷ്യന്‍ ' എന്ന ചിത്രവും തമിഴില്‍ രജനീകാന്ത് നായകനായ'കാളി ' എന്ന ചിത്രവും നിര്‍മിച്ച ഹേംനാഗ് പ്രൊഡക്ഷന്‍സ് ആണ് ആ കഥ മലയാളത്തില്‍ നിര്‍മിക്കാന്‍ മുന്നോട്ടുവന്നത്. മലയാളത്തിന്റെ അന്തരീക്ഷവുമായി പൊരുത്തപ്പെടുത്തുന്നതിനായി കുറച്ചു മാറ്റങ്ങള്‍ മാത്രമേ ഞാന്‍ തിരക്കഥയില്‍ വരുത്തിയിട്ടുള്ളൂ. ചിത്രത്തിന് 'നായാട്ട്' എന്ന് നാമകരണം ചെയ്തതും ഞാന്‍ തന്നെയാണ്. സഞ്ജീര്‍ എന്ന ഹിന്ദിചിത്രത്തിനു കഥയെഴുതിയത് പ്രശസ്ത കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറും സലിം എന്ന എഴുത്തുകാരനും ചേര്‍ന്നാണ്. സലിം-ജാവേദ് എന്ന പേരില്‍ അനവധി ഹിന്ദി കൊമേഴ്‌സ്യല്‍ സിനിമകള്‍ക്ക് ഇവര്‍ കഥയും തിരക്കഥയും എഴുതിയിട്ടുണ്ട്(ഹിന്ദിസിനിമയിലെ സൂപ്പര്‍സ്റ്റാറായ സല്‍മാന്‍ഖാന്‍ സലിമിന്റെ മകനാണ് ).
സഞ്ജീറില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച നായകവേഷം ജയനാണ് മലയാളത്തില്‍ അഭിനയിച്ചത്. പ്രേംനസീറിന്റെ പ്രായം ആ നായകകഥാപാത്രത്തിന് അനുയോജ്യമായിരുന്നില്ല. ഹിന്ദിയില്‍ പ്രാണ്‍ അഭിനയിച്ച മുസ്ലിം കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പ്രേംനസീര്‍ തയ്യാറായത് എന്നോടുണ്ടായിരുന്ന മാനസിക അടുപ്പം കൊണ്ടാണ്. ഹിന്ദിയില്‍ ജയഭാദുരി അവതരിപ്പിച്ച നായികാവേഷമാണ് മലയാളത്തില്‍ സറീന വഹാബിന് നല്‍കിയത്. നായികയ്ക്ക് ഭവാനി എന്നു ഞാന്‍ പേരിട്ടു. ചന്തകളിലും തിരക്കുള്ള ചെറിയ കവലകളിലും കപ്പലണ്ടിയും ശര്‍ക്കരമിഠായിയും വിറ്റു ജീവിക്കുന്ന അനാഥയായ യുവതിയാണ് ഭവാനി. കൈലിയും ബ്ലൗസുമാണ് വേഷം. ഒരു ഉന്തുവണ്ടിയാണ് അവള്‍ക്ക് ആകെയുള്ള സമ്പാദ്യം. ഒരു ദിവസം തന്റെ കയ്യില്‍ കടന്നുപിടിച്ച റൗഡിയെ ഭവാനി അടിച്ചു വീഴ്ത്തുന്നു. അവന്‍ അവളെ തിരിച്ചടിക്കാന്‍ ശ്രമിക്കുന്നു. ആ സമയത്ത് ചന്തയില്‍ വന്ന സബ് ഇന്‍സ്‌പെക്ടര്‍ വിജയന്‍ രംഗത്തിനു സാക്ഷിയാകുന്നു. ആരെയും ശിക്ഷിക്കാന്‍ അവള്‍ക്ക് അധികാരമില്ലെന്നും ആരെങ്കിലും മോശമായി പെരുമാറിയാല്‍ പോലീസ് സ്റ്റേഷനില്‍ വന്നു പരാതി നല്‍കണമെന്നും ഉപദേശിച്ചിട്ട് റൗഡിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ വിജയന്‍ പോലീസുകാരോട് പറയുന്നു. തന്റെ അച്ഛനമ്മമാരെ കൊലപ്പെടുത്തിയ ദുഷ്ടനെ കണ്ടെത്തുക എന്നതാണ് വിജയന്റെ ജീവിതലക്ഷ്യം. മായം ചേര്‍ത്ത മരുന്നുകള്‍ മാര്‍ക്കറ്റ് ചെയ്യുന്ന ഗൂഢസംഘത്തിന്റെ തലവനാണ് അവരുടെ കീഴില്‍ തൊഴിലാളിയായിരുന്ന പ്രഭാകരനെ വെടിവെച്ചുകൊല്ലുന്നത്. ഒരു വിഷുപ്പുലരിയില്‍ ഭാര്യ ഭര്‍ത്താവിനെ കണി കാണാന്‍ പൂജാമുറിയിലേക്കു കൂട്ടിക്കൊണ്ടുപോകുമ്പോഴാണ് ഇരുവരും കൊല്ലപ്പെടുന്നത്. അപ്പോള്‍ അവരുടെ കുഞ്ഞുമകന്‍ വിജയന്‍ പൂത്തിരി കത്തിക്കുന്ന സന്തോഷത്തിലായിരുന്നു. വിഷുപ്പുലരിയില്‍ വീടുകളില്‍ നിന്നുയര്‍ന്ന പടക്കങ്ങളുടെ ശബ്ദങ്ങള്‍ക്കിടയില്‍ കൊലപാതകിയുടെ വെടിയൊച്ച ലയിച്ചു ചേര്‍ന്നു. മരിച്ച അച്ഛനമ്മമാരുടെ ശവശരീരങ്ങള്‍ക്കു മുമ്പില്‍ ഒന്നും മനസ്സിലാകാതെ പൊട്ടിക്കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞുവിജയനെ ഒരു പോലീസ് ഉദ്യോഗസ്ഥനെടുത്തു കൊണ്ടുപോയി വളര്‍ത്തുന്നു. വിജയനും വളര്‍ന്നു പോലീസ് ഉദ്യോഗസ്ഥനാകുന്നു. ഭവാനിയും വിജയനും തമ്മില്‍ വീണ്ടും കണ്ടുമുട്ടുന്നത് മറ്റൊരു പ്രധാന മുഹൂര്‍ത്തത്തിലാണ്. പണം കൊണ്ട് എന്തും വിലയ്ക്ക് വാങ്ങാം എന്ന് വിശ്വസിക്കുന്ന കൊലയാളികളുടെ ലോറി കയറി കുറെ സ്‌കൂള്‍ കുട്ടികള്‍ കൊല്ലപ്പെടുന്നു. തന്റെ ഉന്തുവണ്ടിയുമായി വരുന്ന ഭവാനി അതിനു സാക്ഷിയാകുന്നു. കൊലയാളി അവള്‍ക്ക് ഒരു വലിയ തുക നല്‍കി സംഭവത്തെപ്പറ്റി ആരോടും പറയരുതെന്ന് വിലക്കുന്നു. പണം കിട്ടിയതുകൊണ്ടും ഭയം കൊണ്ടും ഭവാനി ആ കാര്യം ആരോടും പറയുന്നില്ല. ഇന്‍സ്‌പെക്ടര്‍ വിജയന്‍ തന്റെ തുടരന്വേഷണത്തില്‍ ഭവാനി ആ സംഭവത്തിന് സാക്ഷിയാണെന്നറിയുകയും അവളെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുന്നു. ആദ്യം കള്ളം പറയുന്ന ഭവാനിയെ വിജയന്‍ ഉപദേശിക്കുന്നു. സത്യം പറഞ്ഞാല്‍ താന്‍ കൊല്ലപ്പെടുമെന്നു ഭവാനി കരഞ്ഞുകൊണ്ട് പറയുന്നു. 'നീ സത്യം പറയണം. നിന്നെ ഞാന്‍ രക്ഷിക്കാം ' എന്ന് വിജയന്‍ പറയുന്നു. കൊലയാളികള്‍ ഭവാനിയെ തേടിനടക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ വിജയന്‍ അവള്‍ക്ക് സ്വന്തം വീട്ടില്‍ അഭയം നല്‍കുന്നു.
ഭവാനി എന്ന കഥാപാത്രത്തിന്റെ അനാഥത്വവും നിസ്സഹായതയും സറീനാ വഹാബ് തികഞ്ഞ സ്വാഭാവികതയോടെ അഭിനയിച്ചുഫലിപ്പിച്ചു. ഒരു സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് ഒരിക്കലും അവരുടെ പ്രകടനം മതിയായില്ല എന്ന് ഒരു രംഗത്ത് പോലും തോന്നിയിട്ടില്ല. ജനിച്ച നാട്ടിലെ ഭാഷ തെലുങ്ക് ആയതുകൊണ്ട് മറ്റൊരു തെന്നിന്ത്യന്‍ ഭാഷയായ മലയാളം ഉച്ചരിക്കാന്‍ സറീനയ്ക്ക് പ്രയാസമുണ്ടായില്ല. ഇന്‍സ്‌പെക്ടര്‍ വിജയനും ഭവാനിയും തമ്മിലുള്ള പരിചയം ക്രമേണ അനുരാഗമായി വളരുന്നത് ഒരു യുഗ്മഗാനത്തിലൂടെയാണ് ഞാന്‍ ആവിഷ്‌ക്കരിച്ചത്. കഥാപാത്രങ്ങള്‍ പാടുന്നില്ല. ഒരു നാല്‍ക്കവലയില്‍ തെരുവ് നര്‍ത്തകരായ ഒരു സ്ത്രീയും പുരുഷനും നൃത്തം ചെയ്യുന്നു. അതുനോക്കിനില്‍ക്കുന്ന ജനക്കൂട്ടം. തൊട്ടടുത്തുള്ള ഫഌറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വിജയനും ഭവാനിയും അതു കാണുന്നു; കേള്‍ക്കുന്നു. ഞാനെഴുതി ശ്യാം ഈണം പകര്‍ന്ന് പി.ജയചന്ദ്രനും വാണിജയറാമും ചേര്‍ന്നു പാടിയ ആ ഗാനം വളരെ പ്രസിദ്ധമാണ്.
കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കാം
കളഞ്ഞുപോയൊരാസ്വപ്‌നങ്ങള്‍
ഉള്ളിന്നുള്ളില്‍ പൂത്തുവോ വീണ്ടും
ഉള്ളത് ചൊല്ലൂ നീ.....എന്ന് തുടങ്ങുന്ന പാട്ട്.
'നായാട്ട്'എന്ന ചിത്രം വലിയ ബോക്‌സോഫീസ് വിജയം നേടി. ചിത്രത്തിന്റെ ഷൂട്ട് അവസാനിക്കുന്നതിനു മുന്‍പു തന്നെ ഞാന്‍ സ്വന്തമായി നിര്‍മിക്കാന്‍ പോകുന്ന 'അമ്മയ്‌ക്കൊരുമ്മ' എന്ന സിനിമയിലെ നായികയായി സറീന വഹാബിനെ നിശ്ചയിച്ചു. ദമ്പതികള്‍ തമ്മില്‍ പിണങ്ങുമ്പോള്‍ അവിവേകം കൊണ്ട് പല അനിഷ്ട സംഭവങ്ങളും ഉണ്ടാകാറുണ്ട്. ബന്ധുക്കളുടെ ഇടപെടലുകള്‍ സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്യും. സന്താനങ്ങളുള്ള ദമ്പതികളാണെങ്കില്‍ അച്ഛനമ്മമാര്‍ തമ്മിലുള്ള പിണക്കം അവരെയും ബാധിക്കും. ഈ വിഷയം ആധാരമാക്കി ഞാന്‍ എഴുതി, സംവിധാനം ചെയ്ത് സിനിമയാണ് 'അമ്മയ്‌ക്കൊരുമ്മ'. സറീന വഹാബിനെ നായികയായി തീരുമാനിച്ചതിനു ശേഷമാണ് നായകനെക്കുറിച്ച് ഞാന്‍ ആലോചിച്ചത്. ജയന്റെ അകാലമരണം എല്ലാവരെയും ഞെട്ടിച്ച കാലം.
മമ്മൂട്ടിയെ നായകനും അന്ന് നായകനായി അംഗീകാരം നേടിക്കഴിഞ്ഞിരുന്ന രതീഷിനെ പ്രതിനായകനുമാക്കി ഞാന്‍ 'മുന്നേറ്റം' എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്ന സമയം, 1981ന്റെ തുടക്കം. 'മുന്നേറ്റ'ത്തിലൂടെയും തുടര്‍ന്ന് വരുന്ന സിനിമകളിലൂടെയും മമ്മൂട്ടി ഉയരങ്ങളിലെത്തും എന്നൊന്നും അപ്പോള്‍ ആര്‍ക്കും അറിയില്ല. രതീഷ് താരമൂല്യത്തില്‍ ക്രമേണ പിന്‍തള്ളപ്പെടാന്‍ പോകുന്നു എന്നും അറിയില്ല. ഐ.വി.ശശി സംവിധാനം ചെയ്ത 'തുഷാരം' എന്ന ചിത്രത്തില്‍ സീമയുടെ നായകനായി രതീഷ് വന്നു കഴിഞ്ഞു. 'മുന്നേറ്റം' തുടങ്ങുന്ന ദിവസം രതീഷ് എന്നോട് പറഞ്ഞു. 'തമ്പിസാറിന്റെ പടമായതുകൊണ്ടാ ഞാനീ വില്ലന്‍ വേഷം ചെയ്യുന്നത്, സാറിന്റെ അടുത്ത പടത്തില്‍ എന്നെ ഹീറോ ആക്കണം. ഐ.വി.ശശിയുടെ പടത്തില്‍ ഞാന്‍ ഹീറോ ആണല്ലോ.' രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ സമ്മതിച്ചു. മുന്നേറ്റത്തിന്റെ ഷൂട്ട് നടക്കുന്നതിനിടയില്‍ എന്റെ അടുത്ത പടം 'അമ്മയ്‌ക്കൊരുമ്മ'യാണെന്നും അതില്‍ നായിക സറീന വഹാബ് ആയിരിക്കുമെന്നും എല്ലാവരുമറിഞ്ഞു. മമ്മൂട്ടി എന്നോട് പറഞ്ഞു.'സാര്‍, 'അമ്മയ്‌ക്കൊരുമ്മ'യില്‍ എന്നെ അഭിനയിപ്പിക്കണം. ഞാനിപ്പോള്‍ ഒരച്ഛനായിക്കഴിഞ്ഞു. വിവാഹജീവിതം എന്താണെന്ന് എനിക്കറിയാം. അതുകൊണ്ട് ആ ഭര്‍ത്താവിന്റെ ഭാഗം നന്നായി അഭിനയിക്കാന്‍ എനിക്ക് സാധിക്കും. രതീഷ് കല്യാണം പോലും കഴിച്ചിട്ടില്ല.' മമ്മൂട്ടി പറഞ്ഞത് സത്യമാണ്. പക്ഷേ, ഞാന്‍ രതീഷിനു വാക്കു കൊടുത്തുപോയില്ലേ. വാക്കു പാലിക്കാതിരിക്കുന്നതു മാന്യതയാണോ...?
'അമ്മയ്‌ക്കൊരുമ്മ'യില്‍ നായികയായ സിന്ധുവിന് ഒരു സഹോദരനുണ്ട്. അയാള്‍ ഐ.പി.എസ്. ഓഫീസര്‍ ആണ്. ഹാസ്യരംഗങ്ങളില്‍ അഭിനയിച്ചു മടുത്ത ജഗതി ശ്രീകുമാറിന് ഒരു സീരിയസ് റോള്‍ ചെയ്യണമെന്ന് ആഗ്രഹം. ഞാന്‍ നിര്‍മിച്ച 'ചട്ടമ്പിക്കല്യാണി' എന്ന സിനിമയിലാണ് അയാള്‍ ഹാസ്യനടനായി അരങ്ങേറ്റം കുറിച്ചത്. സീരിയസ് വേഷവും ഞാന്‍ തന്നെ നല്‍കണമെന്ന് ജഗതി ശ്രീകുമാറിന് നിര്‍ബന്ധം. 'അമ്മയ്‌ക്കൊരുമ്മ' എന്ന ചിത്രത്തിലെ ഈ കഥാപാത്രത്തെ ജഗതിക്ക് നല്‍കാമെന്ന് ഞാന്‍ വാക്കു കൊടുത്തു. 'അമ്മയ്‌ക്കൊരുമ്മ'യില്‍ അയാള്‍ അങ്ങനെ ചിന്തിക്കാന്‍ മതിയായ കാരണങ്ങളുണ്ടെന്ന് എനിക്കറിയാം. ജഗതി ശ്രീകുമാര്‍ ഏതു വേഷവും ചെയ്യാന്‍ കഴിവുള്ള നടനാണെന്ന ഉത്തമബോധ്യവും എനിക്കുണ്ട്. അതുകൊണ്ട് നായികയുടെ സഹോദരനായ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ റോള്‍ ജഗതിക്ക് നല്‍കാമെന്ന് ഞാന്‍ സമ്മതിച്ചു. ജഗതിക്ക് സന്തോഷമായി. പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ഷോട്ടില്‍ തന്നെ കാണികളെ പൊട്ടിച്ചിരിപ്പിക്കുന്ന ജഗതി ശ്രീകുമാര്‍ എന്ന ഹാസ്യനടന്‍ ഗൗരവക്കാരനായി വന്നാല്‍ കാണികള്‍ അംഗീകരിക്കുമോ എന്നു ഞാന്‍ ചിന്തിച്ചില്ല. 'തിരുവോണം' എന്ന സിനിമയില്‍ അതുവരെ എല്ലാ പടങ്ങളിലും സ്ഥിരമായി പ്രേംനസീറിന്റെ തല്ലുകൊള്ളുന്ന വില്ലന്‍ വേഷം മാത്രം ചെയ്തുകൊണ്ടിരുന്ന കെ.പി. ഉമ്മറിനെ ഞാന്‍ നന്മയുടെയും സത്യസന്ധതയുടെയും പ്രതീകമായി അവതരിപ്പിച്ചു. ചിത്രത്തില്‍ അദ്ദേഹത്തിന്റെ മക്കളാണ് സുരാസുവും ശാരദയും കമലഹാസനും. 'മോഹിനിയാട്ടം' എന്ന സിനിമയില്‍ 'സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം ? ' എന്ന ഗാനം പാടുന്ന കഥാപാത്രത്തിന്റെ വേഷം ഹാസ്യനടനായ അടൂര്‍ഭാസിക്ക് കൊടുത്തു. നടീനടന്മാരുടെ ഇമേജ് മാറ്റാന്‍ ഞാനാരാണ് ? സ്വയം വളര്‍ന്നിട്ടുവേണം മറ്റുള്ളവരെ വളര്‍ത്താന്‍ ശ്രമിക്കേണ്ടത്. ഈ പ്രായോഗികസത്യം ഞാന്‍ തിരിച്ചറിഞ്ഞില്ല. സത്യം പറയുക, വാക്കു പാലിക്കുക, ലാഭ നഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കുക ഇവയൊന്നും സിനിമാനിര്‍മാതാവിനു ചേര്‍ന്ന ഗുണങ്ങളല്ല. ഇപ്പോള്‍ ഞാനത് തിരിച്ചറിയുന്നു.
അന്ന് സറീനയുടെ നായകനായി മമ്മൂട്ടിയെ അഭിനയിപ്പിച്ചിരുന്നെങ്കില്‍ 'അമ്മയ്‌ക്കൊരുമ്മ' എന്ന ചിത്രം മറ്റൊരു തലത്തില്‍ എത്തുമായിരുന്നു. ബോംബെയിലും കോട്ടയത്തും മദ്രാസിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ പിണങ്ങുമ്പോള്‍ ഭര്‍ത്താവ് ഏഴുവയസ്സുകാരനായ മകനുമായി നാടുവിടുന്നതാണ് കഥയുടെ പ്രധാനഭാഗം. എന്റെ മകന്‍ കണ്ണനാണ് (മാസ്റ്റര്‍ രാജകുമാരന്‍ തമ്പി) സറീനയുടെയും രതീഷിന്റെയും മകനായി അഭിനയിച്ചത്. മദ്രാസിലെ ടാജ് ഹോട്ടലിലും ബോംബെയിലെ ഹോളിഡേ ഇന്‍ ഹോട്ടലിലും അച്ഛനും മകനും ഒളിവില്‍ താമസിക്കുന്നു. നായികയായ സിന്ധുവിന്റെ സഹോദരനായ പോലീസ് മേധാവിയുടെ സംഘം അവരെ പിന്‍തുടരുന്നു. ഷൂട്ടിങ്ങിന്റെ ആദ്യ ഷെഡ്യൂള്‍ ബോംബെയില്‍ ആയിരുന്നു. ഷൂട്ടിംഗ് തുടങ്ങി. ഞാന്‍ പ്രകടിപ്പിച്ച സത്യസന്ധത രതീഷ് എന്നോട് കാട്ടിയില്ല. രതീഷ് എത്തിയില്ല. ഞാനോ പ്രൊഡക്ഷന്‍ മാനേജരോ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. അന്വേഷിച്ചപ്പോള്‍ അയാള്‍ കോഴിക്കോട്ട് 'അഹിംസ' എന്ന ഐ.വി. ശശി ചിത്രത്തിന്റെ ലൊക്കേഷനിലാണ്. ഒരാഴ്ച ബോംബെയില്‍ താമസിച്ച് രതീഷ് ഇല്ലാത്ത രംഗങ്ങള്‍ മാത്രം ചിത്രീകരിച്ച് നിരാശയോടെ ഞാന്‍ മദ്രാസില്‍ തിരിച്ചെത്തി. ഞങ്ങളുടെ ടീമിന് ഒരുപ്രാവശ്യം കൂടി രതീഷിനെയും കൂട്ടി ബോംബെയില്‍ പോകേണ്ടി വന്നു. നായികയായ സറീനാ വഹാബ് നേരിട്ട അസൗകര്യങ്ങളെക്കുറിച്ച് ഒരിക്കലും പരാതി പറഞ്ഞില്ല. എന്നോട് അവര്‍ തികഞ്ഞ അനുതാപത്തോടെയാണ് പെരുമാറിയത്. 'സാര്‍ വിഷമിക്കരുത്. ഞാന്‍ എത്ര കാള്‍ഷീറ്റ് വേണമെങ്കിലും തരാം. ഈ പടം തീരുംവരെ ഞാന്‍ സാറിനോടൊപ്പം ഉണ്ടാവും.' സറീന പറഞ്ഞു.'അമ്മയ്‌ക്കൊരുമ്മ'യുടെ മദ്രാസ് ഷെഡ്യൂള്‍ കുഴപ്പമില്ലാതെ കഴിഞ്ഞു. അവസാന ഷെഡ്യൂള്‍ കോട്ടയത്തായിരുന്നു. എല്ലാവരുമെത്തി ഷൂട്ട് തുടങ്ങി. മൂന്നാം ദിവസം ഷൂട്ടിങ്ങിനുപോകാന്‍ തയ്യാറായി ഞാന്‍ ഹോട്ടല്‍മുറിയില്‍ നിന്നിറങ്ങുമ്പോള്‍ മാനേജര്‍ ഓടി വന്നു പറഞ്ഞു. ' സാര്‍, രതീഷിനെ കാണാനില്ല. മുറി പൂട്ടികിടക്കുന്നു'. രണ്ടു ദിവസം അഭിനയിച്ചതിന് ശേഷം എന്നോടുപോലും പറയാതെ രതീഷ് സ്ഥലം വിട്ടിരിക്കുന്നു. ഞാനാകെ തളര്‍ന്നു. ക്ഷോഭം മൂലം എനിക്ക് സ്ഥലജലഭ്രമമുണ്ടായി. മേക്കപ്പുകഴിഞ്ഞു വസ്ത്രം മാറി വന്ന സറീന വളരെ ശാന്തയായി എന്നെ ആശ്വസിപ്പിച്ചു. 'സാര്‍, വിഷമിക്കരുത്. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഹിന്ദിസിനിമയില്‍ സാധാരണമാണ്. സാര്‍ ക്ഷുഭിതനായി പെട്ടെന്നൊരു തീരുമാനമെടുത്താല്‍ നഷ്ടം വരുന്നത് സാറിനു തന്നെയായിരിക്കും. നമുക്ക് എങ്ങനെയെങ്കിലും ഈ സിനിമ പൂര്‍ത്തിയാക്കണം.' എന്റെ മൂത്തസഹോദരന്‍ അഡ്വ. പി.ജി.തമ്പിയുടെ ശുപാര്‍ശപ്രകാരമാണ് 'ഇടിമുഴക്കം' എന്ന സിനിമയില്‍ (1980) ഞാന്‍ രതീഷിനെ അഭിനയിപ്പിച്ചത്. രതീഷിന്റെ സഹോദരി ഭര്‍ത്താവും അഭിഭാഷകനാണ്. അദ്ദേഹം നിരന്തരം അഭ്യര്‍ത്ഥിച്ചതുകൊണ്ടാണ് ജ്യേഷ്ഠന്‍ രതീഷിനു വേഷം നല്‍കണമെന്ന് എന്നോട് ആവശ്യപ്പെട്ടത്. ഞാന്‍ ജഗതിയെയും കൂട്ടി ആലപ്പുഴയില്‍ ജ്യേഷ്ഠന്റെ വീട്ടില്‍ പോയി. ആലപ്പുഴയ്ക്ക് സമീപം 'വിഷം' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ രതീഷ് ഉണ്ടെന്നു മനസ്സിലായി. ജ്യേഷ്ഠന്റെ ഇടപെടല്‍ നിമിത്തം അടുത്ത ദിവസം രതീഷ് കോട്ടയത്ത് എത്തിച്ചേര്‍ന്നു.
മകനായി അഭിനയിച്ച എന്റെ മകനോട് സറീന എന്നും തികഞ്ഞ വാത്സല്യം പ്രകടിപ്പിച്ചിരുന്നു. ബോംബെയിലെ ഒരു നര്‍ത്തകിയാണ് ഒളിച്ചു കഴിയുന്ന അച്ഛനും മകനും അഭയം നല്‍കുന്നത്. ആ കഥാപാത്രമായി അഭിനയിക്കാന്‍ അരുണാ ഇറാനി എന്ന പ്രശസ്ത നടിയെ കിട്ടുമോ എന്നു ഞാന്‍ സറീനയോടു ചോദിച്ചു. എന്റെ ചിത്രത്തിന്റെ ബജറ്റുമായി പൊരുത്തപ്പെടുന്ന ഒരു തുകയ്ക്ക് അരുണാ ഇറാനിയെ ഏര്‍പ്പാട് ചെയ്തു തന്നതും സറീനയാണ്. ഒരു ചെറിയ ചിത്രം എന്ന ഭാവനയിലാണ് ഞാന്‍ 'അമ്മയ്‌ക്കൊരുമ്മ' ആരംഭിച്ചത്. എന്നാല്‍ രതീഷിന്റെ നിസ്സഹകരണം മൂലം നിര്‍മാണ ചെലവ് ഇരട്ടിയായി. ചിത്രം തീയേറ്ററുകളില്‍ ഓടിയെങ്കിലും എനിക്ക് നഷ്ടം നേരിടേണ്ടി വന്നു. 'അമ്മയ്‌ക്കൊരുമ്മ 'യ്ക്ക് ശേഷം എന്റെ സിനിമകളില്‍ സറീനാ വഹാബിനെ സഹകരിപ്പിക്കാനുള്ള സാഹചര്യമുണ്ടായില്ല. സംവത്സരങ്ങള്‍ കടന്നുപോയി. എന്റെ മകന്‍ തെലുങ്കുസിനിമയില്‍ സംവിധായകനായി. സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമ പുറത്തു വരുന്ന പ്രഭാതത്തില്‍ തികച്ചും ദുരൂഹമായ സാഹചര്യത്തില്‍ അവന്‍ അന്തരിച്ചു. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലൂടെ ഞാന്‍ സഞ്ചരിക്കുമ്പോള്‍ സറീനാ വഹാബിന്റെ ഫോണ്‍ വന്നു. 'വിവരം ഞാന്‍ അറിഞ്ഞു സാര്‍. എന്റെ മകനായല്ലേ അവന്‍ അഭിനയിച്ചത്. നമ്മള്‍ ഇത് എങ്ങനെ സഹിക്കും?' ഹൃദയം കൊണ്ട് സമ്പന്നയായ അഭിനേത്രി എന്നേ ഞാന്‍ സറീനയെ വിളിക്കൂ. ജീവിതവും അഭിനയമാക്കുന്ന വലിയ നടികള്‍ക്കിടയില്‍ മനസ്സില്‍ സഹനവും കാരുണ്യവുമുള്ള നടിയായി സറീനവഹാബ് വേറിട്ടു നില്‍ക്കുന്നു.
(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ച എന്റെ കഥാനായികമാര്‍ എന്ന പംക്തിയില്‍ നിന്ന്)
Content Highlights: Sreekumaran Thampi open up about Zarina wahab