ഇന്ത്യയില്‍ റീ റിലീസിനൊരുങ്ങി സ്‌പൈഡര്‍-മാന്‍ സിനിമകള്‍; നവംബറില്‍ തുടക്കം

ആൻഡ്രൂ ഗാര്‍ഫീല്‍ഡ്, ടോം ഹോളണ്ട്, ടോബി മഗ്വയര്‍ / ഇൻസ്റ്റാഗ്രാം
ആൻഡ്രൂ ഗാര്‍ഫീല്‍ഡ്, ടോം ഹോളണ്ട്, ടോബി മഗ്വയര്‍ / ഇൻസ്റ്റാഗ്രാം

മാര്‍വല്‍ കോമിക്‌സിലെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളിലൊന്നാണ് സ്‌പൈഡര്‍-മാന്‍. മൂന്ന് നടന്മാരാണ് ലൈവ്-ആക്ഷന്‍ സിനിമകളില്‍ സ്‌പൈഡര്‍-മാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രായഭേദമന്യേയുള്ള ആരാധകപ്രീതി ഇന്ത്യയിലും മൂവരും നേടിയിട്ടുണ്ട്. ആനിമേറ്റഡ് സ്‌പൈഡര്‍-വേഴ്‌സ് സീരീസ് ഉള്‍പ്പെടെ എല്ലാ സ്‌പൈഡര്‍-മാന്‍ സിനിമകളും ഈ നവംബറില്‍ ഇന്ത്യയില്‍ വീണ്ടും റിലീസ് ചെയ്യുമെന്നാണ് ആരാധകര്‍ക്കുള്ള സന്തോഷവാര്‍ത്ത.

'സ്‌പൈഡര്‍-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ' ബിഗ് സ്‌ക്രീനില്‍ എത്താന്‍ ഇനിയും സമയമെടുത്തേക്കാം. എന്നാല്‍ സ്‌പൈഡര്‍-മാന്‍ ഈ വര്‍ഷം തന്നെ ഇന്ത്യയിലെ തിയേറ്ററുകളിലേക്ക് തിരിച്ചുവരുകയാണ്. ടോം ഹോളണ്ട് മാത്രമല്ല തിരിച്ചുവരുന്നത്, ഒപ്പം ടോബി മഗ്വയറിനെയും ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡിനെയും അദ്ദേഹം കൂട്ടിക്കൊണ്ടുവരുന്നുണ്ട്.

2002-ല്‍ ആരംഭിച്ച സാം റൈമിയുടെ സ്‌പൈഡര്‍-മാന്‍ ട്രൈലോജിയില്‍ ടോബി മഗ്വയറാണ് ആദ്യമായി പീറ്റര്‍ പാര്‍ക്കറിന്റെയും അദ്ദേഹത്തിന്റെ അപരവ്യക്തിത്വത്തിന്റെയും വേഷം ചെയ്തത്. 2012-ലെ 'ദി അമേസിങ് സ്‌പൈഡര്‍-മാന്‍' പരമ്പരയില്‍ ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ് അഭിനയിച്ചു. പിന്നീട് 2016 മുതല്‍ ടോം ഹോളണ്ട് തന്റെ സ്‌പൈഡര്‍-മാന്‍ സിനിമകളിലൂടെയും മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സ് ചിത്രങ്ങളിലൂടെയും ഈ വേഷം ഏറ്റെടുത്തു.

ആദ്യം നവംബര്‍ 14-ന് ടോബി മഗ്വയര്‍ ട്രൈലോജി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. തുടര്‍ന്ന് നവംബര്‍ 21-ന് രണ്ട് ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ് സിനിമകളും നവംബര്‍ 28-ന് ടോം ഹോളണ്ട് ട്രൈലോജിയും എത്തും. ഈ സിനിമകളില്‍ അവസാനത്തേതായ 'സ്‌പൈഡര്‍-മാന്‍: നോ വേ ഹോം' എന്ന ചിത്രത്തിലാണ് മൂന്ന് സ്‌പൈഡര്‍-മാന്‍മാരും ആദ്യമായും അവസാനമായും ഒരുമിച്ച് സ്‌ക്രീനിലെത്തുന്നത്. നിരൂപക പ്രശംസ നേടിയ സ്‌പൈഡര്‍-വേഴ്‌സ് യൂണിവേഴ്‌സിലെ ആനിമേറ്റഡ് സിനിമകളും ഡിസംബര്‍ 5-ന്‌ വീണ്ടും റിലീസ് ചെയ്യും.

സോണി പിക്‌ചേഴ്‌സ് എന്റര്‍ടൈന്‍മെന്റ് ഇന്ത്യയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ''ലോകത്തിലെ ഏറ്റവും പ്രചോദനാത്മകവും കാലത്തെ അതിജീവിക്കുന്നതുമായ കഥാപാത്രങ്ങളില്‍ ഒന്നാണ് സ്‌പൈഡര്‍-മാന്‍. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഇന്ത്യന്‍ സിനിമാശാലകളിലേക്ക് തിരികെ കൊണ്ടുവരുന്നത്, പതിറ്റാണ്ടുകളായി അദ്ദേഹത്തെ സ്‌നേഹിക്കുന്ന ആരാധകരെ ആദരിക്കാനുള്ള ഒരു മാര്‍ഗമാണ്.

അതോടൊപ്പം, പുതിയ പ്രേക്ഷകര്‍ക്ക് ഈ ഐതിഹാസിക കഥകള്‍ ഏറ്റവും മികച്ച ദൃശ്യാനുഭവമായി ആസ്വദിക്കാനുള്ള ഒരവസരം കൂടിയാണിത്.” സോണി പിക്‌ചേഴ്‌സ് റിലീസിങ് ഇന്റര്‍നാഷണല്‍, ഇന്ത്യയുടെ ജനറല്‍ മാനേജരും മേധാവിയുമായ ഷോണി പഞ്ഞിക്കാരന്‍ പറയുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: all spider-man live-action and animated films, featuring tobey maguire, andrew garfield, and tom holland, are set for a re-release in India this november. don`t miss this chance to relive the web-slinging adventures!