"ഒരു മീറ്ററിലും പതറിപ്പോകാത്ത ശബ്ദം, നമ്മുടെ സന്തോഷത്തിനായി ചിത്ര പാടിക്കൊണ്ടിരിക്കട്ടെ"

#എം.പി. സുരേന്ദ്രന്‍
കെ.എസ്. ചിത്ര | ഫോട്ടോ : എന്‍.എം. പ്രദീപ്‌
കെ.എസ്. ചിത്ര | ഫോട്ടോ : എന്‍.എം. പ്രദീപ്‌

സിനിമാസംഗീതത്തോട് സമാനതയില്ലാത്ത നിസ്സംഗത പുലര്‍ത്തിയ വിശ്രുതനായ വിമര്‍ശകന്‍ കെ.പി. അപ്പന്‍ ഒരു ചലച്ചിത്രഗാനം ജനിപ്പിച്ച ആശ്ചര്യപൂര്‍ണമായ അനുഭവത്തെക്കുറിച്ചെഴുതിയിട്ടുണ്ട്. പ്രാക്തന സൗന്ദര്യം തുടിക്കുന്ന അതിന്റെ സംഗീതവും ഭ്രമിപ്പിക്കുന്ന ദുരന്തത്തിന്റെ ഗന്ധമുള്ള രചനയും കടന്ന് അതിന് പ്രണയത്തിന്റെ തീയും ശോകത്തിന്റെ കടലും നല്‍കിയ ഗായികയെ പ്രണമിക്കുന്നു അപ്പന്‍സാര്‍... ആ ഗായിക കെ.എസ്. ചിത്രയാണ്. ആ ഗാനം'രാജഹംസമേ' എന്ന, മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനം. കെ.പി. അപ്പന്‍ കഥാവശേഷനായി. 'ചമയം' എന്ന സിനിമയിലെ വെറുമൊരു നിശ്ചലമായ വേദിയില്‍നിന്ന് എങ്ങനെ ഗാനത്തിന്റെ ആത്മാവിനെ കണ്ടെത്താമെന്നു തെളിയിച്ച ഭരതനും ജീവിതരംഗത്തുനിന്നു മടങ്ങി. ശുദ്ധമധ്യമാവതിയില്‍ ഒരു ഗാനത്തിലൂടെ ഒരു സംഗീതജ്ഞന് അമരനാവാമെന്നോര്‍മിപ്പിച്ച ജോണ്‍സണും യാത്രയായി. സംഗീതത്തിനൊപ്പിച്ചാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ആ പാട്ടെഴുതിയത്. ഹാര്‍മോണിയത്തില്‍ ആ ട്യൂണ്‍ ജോണ്‍സണ്‍ വായിച്ചപ്പോള്‍ അതിന്റെ സന്ദര്‍ഭങ്ങള്‍ ഒരു ചിത്രംപോലെ ഭരതന്‍ വരച്ചുവെച്ചു. അത് ചെന്നൈയിലെ ഏതു ഹോട്ടലില്‍വെച്ചായിരുന്നു? ഏതു ദിവസമായിരുന്നു? കൈതപ്രത്തിന് ഓര്‍മയില്ല. പക്ഷേ, വാക്കുകള്‍ ഉഷ്ണലാവപോലെ ഒഴുകി. ഒരു യവനകഥയിലെ നായിക, വിളിക്കേണ്ടത് നാഥന്‍ എന്നാണെന്നും തെളിഞ്ഞു.

പ്രണയത്തിന്റെ അനശ്വരമായ ഓര്‍മകള്‍കൊണ്ടെഴുതിയ പാട്ടിന് ഹൃദയങ്ങളിലേക്കു പറക്കാനുള്ള ചിറകുകള്‍ നല്‍കിയത് ചിത്രയായിരുന്നു. 'അതിന് അവസാനത്തെ തുടിപ്പുകള്‍ നല്‍കിയത് ചിത്രയാണ്...'
'ഹൃദയരേഖപോലെ ഞാന്‍ എഴുതിയ നൊമ്പരം
നിറമിഴിയോടെ കണ്ടുവോ തോഴന്‍'
എന്നു ചിത്ര പാടുമ്പോള്‍ ആലാപനവും ലിറിക്കും സംഗീതവും ചേര്‍ന്നൊരു ഗാഢാലിംഗനത്തിലമരുകയാണ്. തന്റെ സംഗീതജീവിതത്തെ ഗാഢസുന്ദരമായ ശില്പങ്ങള്‍കൊണ്ടലങ്കരിച്ച ജോണ്‍സനെപ്പോലെ എം.ജി. രാധാകൃഷ്ണനും രവീന്ദ്രനും ജെറി അമല്‍ദേവും ഇളയരാജയും വെങ്കിടേഷും വിദ്യാസാഗറുമൊക്കെ ചിത്രയ്ക്കായി അപൂര്‍വചിന്തുകളൊരുക്കിയിട്ടുണ്ട്. ചിത്ര അവരുടെ വിശ്വാസമായിരുന്നു. ചിത്രയ്ക്ക് ആ ഈണങ്ങള്‍ ആത്മാവിഷ്‌കാരത്തിന്റെതായിരുന്നു.

'ഹൃദയഹാരിയാമേതുനാദം? സുഖാഹ്ലാദമയമാമേതുരൂപദൃശ്യം?'
'ധന്യത' എന്ന കവിതയില്‍ സുഗതകുമാരി ചോദിച്ചതുപോലെ ഹൃദയഗീതങ്ങളായിരുന്നു അവരുടെ ഗാനങ്ങള്‍. കവികളായ ഗാനകൃത്തുക്കളും കെ. രാഘവന്‍, ദേവരാജന്‍, ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, ചിദംബരനാഥ്, എം.ബി.എസ്., എം.കെ. അര്‍ജുനന്‍ തുടങ്ങിയ നാദശില്പികളും ചേര്‍ന്ന് യേശുദാസിനും ജയചന്ദ്രനും സുശീലയ്ക്കും ജാനകിക്കും നല്‍കിയ പാട്ടുകള്‍ കേരളത്തിന്റെ അനുഭവലോകങ്ങളിലേക്കുള്ള ചാരുസുന്ദരയാത്രകളായിരുന്നു. സിനിമയിലെ കഥാഘടനയ്ക്കൊന്നും യോജിച്ചതായിരുന്നില്ല ഈ പാട്ടുകള്‍. ചില ചിത്രീകരണങ്ങളില്‍ ഈ പാട്ടുകള്‍ കാണുമ്പോള്‍ നമുക്ക് അരോചകത്വം തോന്നാറുണ്ട്. പക്ഷേ, ദൃശ്യങ്ങളില്ലാതെ പാട്ടുകേള്‍ക്കുമ്പോഴാകട്ടെ ആ ഗാനം നേരേ ഹൃദയത്തിലേക്കു കയറിവരും. ആ പാട്ടുകള്‍ക്ക് ഒറ്റയ്ക്കുനില്‍ക്കാനുള്ള മൗലികതയുണ്ടായിരുന്നു. ഓരോ പാട്ടും ജീവിതത്തിന്റെ ഭിന്നമായ വികാരതലങ്ങളെ സ്പര്‍ശിച്ചു.

 ലോകം മാറിപ്പോയ എണ്‍പതുകളുടെ തുടക്കത്തില്‍ മലയാളത്തിലെ മുന്‍നിരസംവിധായകര്‍ ഗാനങ്ങളെ കഥാപരിസരത്തുതന്നെ കെട്ടിയിട്ടു. അവരുടെ സിനിമകളില്‍ പാട്ടും ചിത്രീകരണവും പരസ്പരം കൈകോര്‍ത്തുനില്‍ക്കുന്നതുകാണാം. പാട്ടിന് കഥാപരിസരത്തുനിന്ന് മോചനമുണ്ടായില്ല. ഡിജിറ്റല്‍ കാലത്ത് പാട്ടിന്റെ കമ്പോസിങ്ങിലും അതിന്റെ റെക്കോഡിങ്ങിലും വിസ്മയകരമായ മാറ്റമുണ്ടായി. പാട്ടുകാരന്‍ ഒരു ബിറ്റ് പാടിയാല്‍ മതി, അതിനിണങ്ങുന്ന പശ്ചാത്തലത്തിലൂടെ പാട്ടിന്റെ ആലാപനത്തിന്റെ പോരായ്മകള്‍വരെ  നികത്തുന്ന കാലം വന്നു. ഇന്നു നാം പല പാട്ടിലും ഗായകരെ കാണുന്നില്ല, തിരിച്ചറിയുന്നില്ല. സുശീലാമ്മയും ജാനകിയമ്മയും പതുക്കെപ്പതുക്കെ പിന്‍വാങ്ങിക്കൊണ്ടിരുന്ന കാലത്താണ് ചിത്ര വരുന്നത്. എണ്‍പതുകളുടെ മധ്യത്തോടെ മലയാളസിനിമയുടെ നിര്‍മാണസങ്കല്പങ്ങളിലും കഥാപരിചരണത്തിലും സമാനതകളില്ലാത്ത അഴിച്ചുപണികളാണ് നടന്നത്. സിനിമയുടെ സാങ്കേതികമായ മാറ്റം വേഗത്തിലായിരുന്നു.

കോവിഡിന്റെ തടവില്‍പ്പെട്ടുപോയ ദിവസങ്ങളില്‍, എന്തൊരു കാലമാണ് കടന്നുപോയതെന്ന് നാം അത്ഭുതപ്പെടും. ആലാപനത്തിന്റെ സഹസ്രചാന്ദ്രശോഭ നിറഞ്ഞ ഒരു കാലത്തുനിന്ന്, കാവ്യാംശത്തിനും പരിപാകകല്പനകള്‍ക്കും അറംപറ്റിയ കാലത്തേക്കുള്ള യാത്ര ദുഷ്‌കരമാണ്. അത്തരമൊരു ഘട്ടത്തിലാണ് കെ.എസ്. ചിത്രയുടെ ആലാപനം ഒരു സാന്ത്വനമായി കടന്നുവന്നത്. സുശീലാമ്മയും ജാനകിയമ്മയും വാണിയും മാധുരിയുമൊക്കെ പിന്‍വാങ്ങുന്ന ഘട്ടത്തില്‍ ചിത്ര കടന്നുവന്നതാണ് ആശ്വാസകരം. അതൊരു തുടര്‍ച്ചയായി അനുഭവപ്പെട്ടു. ശബ്ദമെന്ന ഘടകത്തെ സാങ്കേതികതകൊണ്ട് മാറ്റിമറിക്കാന്‍ കഴിയുന്ന ഘട്ടത്തില്‍ ചിത്രയുടെ സര്‍ഗാത്മകത എല്ലാ അര്‍ഥത്തിലും സാങ്കേതികമായ ഭദ്രത പുലര്‍ത്തി.ചിത്രയുടെ ഗാനലോകത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ജയേട്ടന്‍ ( പി. ജയചന്ദ്രന്‍) പെട്ടെന്ന് ഒരു സുവര്‍ണകാലത്തിന്റെ ഓര്‍മകളിലേക്കു പോയി. 

''ചിത്രയും നമുക്ക് മനോഹരമായ അനുഭവങ്ങള്‍ സമ്മാനിച്ചവളാണ്. അത് നല്ല സാങ്കേതികഗുണമുള്ള ശബ്ദമാണ്. ഒരു മീറ്ററിലും പതറിപ്പോകാത്ത നാദം. രാജഹംസമേ... എന്ന പാട്ടു കേട്ടുനോക്കൂ, മനോഹരം എന്നല്ലാതെ എന്താണു പറയുക. പാടറിയേന്‍ പഠിപ്പറിയേന്‍, ഒരു സംഗീതാനുഭവമാണ്. കണ്ണാളനേ എന്ന പാട്ടുകേട്ടുനോക്കൂ... നമ്മുടെയൊക്കെ സന്തോഷത്തിനായി ചിത്ര പാടിക്കൊണ്ടിരിക്കട്ടെ. എന്റെ സംഗീതകാലം വേറെയായിരുന്നു. ഞാനും ദാസേട്ടനും സുശീലാമ്മയും ജാനകിയമ്മയും ഒരുപോലെ പാടിയകാലം. എനിക്കന്ന് പാട്ടുകള്‍ കുറവായിരുന്നു. പക്ഷേ, ഒരിക്കലും ഞാന്‍ ആരോടും പരിഭവപ്പെട്ടിട്ടില്ല; ഒന്നും ചോദിച്ചുവാങ്ങിയില്ല. ഒരു പാട്ടുമതി, ഒരനശ്വരഗാനം മതി, എന്നെന്നും മൂളാന്‍. ഞങ്ങളുടെ കാലം പകുതി പിന്നിട്ടതിനുശേഷമാണ് ചിത്ര വന്നത്. അപ്പോഴേക്കും ഒരു പുതുതലമുറ വന്നുചേര്‍ന്നു. സിനിമയും സാങ്കേതികതയും റെക്കോഡിങ്ങുമൊക്കെ മാറി. ഹൃദയത്തില്‍നിന്നു ചുരന്നുവരുന്ന വാക്കുകള്‍കൊണ്ട് കവിതകളെഴുതുന്നവരുടെയും അതിനു നാദശരീരം കൊടുക്കുന്നവരുടെയും തലമുറ അന്യംനിന്നു. ശില്പഭംഗിയുള്ള അത്തരം പാട്ടുകള്‍ പാടാന്‍ എനിക്ക് ഭാഗ്യം കിട്ടി. ജോണ്‍സണ്‍, ചിത്രയ്ക്കുവേണ്ടി രാജഹംസമേ... കമ്പോസ് ചെയ്തപ്പോള്‍ അത്തരമൊരു പാട്ടിന്റെ ജന്മമായി. ഇതാണ് ചിത്രയുടെ ഗാനം. അതിന്റെ കമ്പോസിങ്ങും അസാധ്യം,' ഞാന്‍ ജോണ്‍സനോടു പറഞ്ഞു.'' 

ഒരഭിമുഖത്തില്‍ ചിത്രയെക്കുറിച്ച് സംഗീതജ്ഞന്‍ എം.ജി. രാധാകൃഷ്ണന്‍ പറയുന്നത് ഇങ്ങനെയാണ്: ''ഉയര്‍ന്ന ശ്രുതിയായാലും ശ്രുതി താഴ്ന്നതായാലും ചിത്രയ്ക്ക് അനായാസം പാടാന്‍ കഴിയും. വോയ്‌സിന്റെ റേഞ്ചാണത് കാണിക്കുന്നത്. ഒരു ബ്ലോട്ടിങ് പേപ്പര്‍പോലെയാണ് ചിത്ര. നമ്മള്‍ പറയുന്നതിനുമുന്‍പ് അത് പിടിച്ചെടുക്കും. ഞാന്‍ ക്ലേശിച്ച് കമ്പോസ് ചെയ്ത ചിത്രമാണ് മണിച്ചിത്രത്താഴ്. അതിലെ കഥയുടെ സങ്കീര്‍ണതകളും നൂറ്റാണ്ടിനുമുന്‍പുള്ള പഴമയും തമിഴ് സംസ്‌കാരവുമൊക്കെ പാട്ടിലും കൊണ്ടുവരണം. പഴമയെ സൂചിപ്പിക്കുന്ന ഒരു ഭാവം അന്തര്‍ധാരപോലെ പാട്ടില്‍ വരികയും വേണം. അതുകൊണ്ട് ചിത്ര പാടിയ വരുവാനില്ലാരും... പ്രത്യേകമായൊരു അന്തരീക്ഷമാണ് പകര്‍ന്നത്. വാക്കുകള്‍ക്കും പ്രതീകങ്ങള്‍ക്കും പിന്നില്‍ മറഞ്ഞുനില്‍ക്കുന്ന ഗീതത്തെ, സംഗീതംകൊണ്ട് ഉണര്‍ത്തേണ്ടത് പാടുന്നവരാണ്. ചിത്ര അത് നിഷ്പ്രയാസം സാധിച്ചു. ഞാന്‍ ട്യൂണിട്ടശേഷം പാടി റെക്കോഡ് ചെയ്തതാണ് ആ ഗാനം. പക്ഷേ, ചിത്ര ഒരു ബ്ലോട്ടിങ് പേപ്പര്‍പോലെ ഒപ്പിയെടുക്കുകയും ലയിച്ച് പാടുകയും ചെയ്തതോടെ അതിന് പ്രത്യേക ജീവന്‍ വന്നു. എനിക്ക് സംതൃപ്തി നല്‍കിയ ഗാനമാണ് കവി തിരുനെല്ലൂരിന്റെ കാറ്റേ നീ വീശരുതിപ്പോള്‍. ആ പാട്ടില്‍ വൈകാരികമായൊരു നൈരന്തര്യം നിലനിര്‍ത്താന്‍ ചിത്രയ്ക്കായി.''

ഒരു ഗായിക എന്ന നിലയില്‍ ചിത്ര ഇന്ത്യയ്ക്ക് സമ്മാനിച്ച ശില്പതുല്യമായ ഗാനങ്ങളെക്കുറിച്ച് എഴുതുക അസാധ്യമാണ്. പക്ഷേ, ഒരു ഗാനപ്രിയനായ മനുഷ്യന് ചിത്രയുടെ എണ്ണമറ്റ ഗാനങ്ങള്‍ അനുഭൂതിയുടെ മാസ്മരിക ലോകമാണ്. ഗാനസന്ദര്‍ഭത്തിനും ഗാനഭാവത്തിനും യോജിച്ച മട്ടില്‍ തന്റെ സൂക്ഷ്മമായ ആലാപനത്തെ മികച്ചൊരു ഗാനശില്പത്തിലേക്ക് പ്രത്യാനയിക്കാന്‍ ചിത്രയ്ക്കുകഴിഞ്ഞു. ക്ലാസിക്കല്‍ റൊമാന്റിസിസം നിറഞ്ഞ രചനകളോ താരാട്ടുകളോ സംഘര്‍ഷപൂര്‍ണമായ ഹൃദയത്തിന്റെ ആത്മവ്യഥകള്‍ നിറഞ്ഞ ഗാനങ്ങളോ ചിത്രയെ അധികമൊന്നും തേടിവന്നിട്ടില്ല. അത്തരം പാട്ടുകളുടെ കാലത്തിനുശേഷമാണ് ചിത്രയുടെ ആലാപനം കടന്നുവരുന്നത്. പക്ഷേ, താന്‍ ജീവിച്ച കാലത്തിന്റെ സുഗന്ധവും ചേതനയും സ്പന്ദനങ്ങളും ആ ഗാനങ്ങളിലുണ്ട്. ഓരോ ദിനം പുലരുമ്പോഴും നാം ചിത്രയുടെ സ്വരം കേള്‍ക്കുന്നു. അത് മധുരമായി നമ്മെ പാടി വിളിക്കുന്നുണ്ട്.

Content Highlights: south indian singer ks chithra 60th birthday career and songs