'ഫ്‌ളാറ്റില്‍ അറ്റകുറ്റപ്പണിക്ക് വന്നൊരാള്‍ വൈകിട്ട് ഒരുകൂട്ടം ആളുകളെയും കൂട്ടി എന്നെ കാണാന്‍ വന്നു'

ഐശ്വര്യ ലക്ഷ്മി | ആരിഫ് മിന്‍ഹാസ്‌
ഐശ്വര്യ ലക്ഷ്മി | ആരിഫ് മിന്‍ഹാസ്‌

ഏഴുവര്‍ഷം മുന്‍പ് സിനിമാ സ്വപ്‌നവുമായി ഡോക്ടറുടെ വെള്ളക്കോട്ട് അഴിച്ചുവയ്ക്കുമ്പോള്‍ ആ തീരുമാനത്തെ സംശയത്തോടെ നോക്കിയവര്‍ ഐശ്വര്യ ലക്ഷ്മിയുടെ ചുറ്റുമുണ്ടായിരുന്നു. 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യിലൂടെ അരങ്ങേറിയ ഐശ്വര്യ  രണ്ടാം സിനിമയായ 'മായാനദി'യിലൂടെ തന്റെ വരവറിയിച്ചു. മലയാളിയുടെ സങ്കുചിത പൊതുബോധത്തെ തച്ചുടച്ച 'മായാനദി'യിലെ 'അപ്പു' എന്ന കഥാപാത്രം മുന്‍വിധിയുമായി എത്തിയവരുടെ വായടപ്പിച്ചു. വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും... തുടര്‍ച്ചയായ ഹിറ്റുകളിലൂടെ അതിവേഗം ഐശ്വര്യ മലയാളത്തിലെ വിലപിടിപ്പുള്ള താരമായി.

'ജഗമേ തന്തിര'ത്തിലൂടെ തമിഴിലെത്തിയ ഐശ്വര്യ മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വനി'ലൂടെ തെന്നിന്ത്യയിലെത്തന്നെ ശ്രദ്ധേയയായ  നായികയായി വളര്‍ന്നു. 2022-ല്‍ മലയാളത്തില്‍ 'കുമാരി', തെലുഗില്‍ 'അമ്മു', തമിഴില്‍ 'ഗാട്ടാ ഗുസ്തി' എന്നിങ്ങനെ ഒരേസമയം മൂന്നുഭാഷകളില്‍ നായികാപ്രാധാന്യമുള്ള സിനിമകള്‍ ചെയ്തു. മൂന്നും കരുത്തുള്ള സ്ത്രീ കഥാപാത്രങ്ങള്‍. ഈ കഥാപാത്രങ്ങളിലൂടെ 'ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍' എന്ന വിശേഷണം ഐശ്വര്യക്ക് പ്രേക്ഷകര്‍ ചാര്‍ത്തിനല്‍കി.

എപ്പോഴും സന്തോഷവതിയായിരിക്കുക, അതാണ് ഐശ്വര്യയുടെ ജീവിതലക്ഷ്യം. അതിനായി ജീവിതത്തിലെ നെഗറ്റീവ് വൈബുകളെ മാറ്റിനിര്‍ത്തുകയാണ് അവര്‍. 'ഹലോ മമ്മി'യാണ് ഐശ്വര്യയുടെ ഒടുവില്‍ റിലീസായ ചിത്രം. അതിന്റെ സന്തോഷത്തില്‍ അവര്‍, പുതിയ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. 

'ഹലോ മമ്മി'യുടെ സന്തോഷത്തിലാണോ ഐശ്വര്യ?
ചെറിയ സിനിമയായിരുന്നു 'ഹലോ മമ്മി'. പൂര്‍ണമായും മനസ്സ് സമര്‍പ്പിച്ച്, സന്തോഷത്തോടെ ചെയ്ത സിനിമ. എല്ലായിടത്തുനിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നമ്മുടെ കഠിനാധ്വാനത്തിനെ എല്ലാവരും അംഗീകരിക്കുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. തുടക്കക്കാരുടെ കൂട്ടമായിരുന്നു 'ഹലോ മമ്മി'. എല്ലാവരും അവരവരുടെ റോള്‍ ഭംഗിയായി ചെയ്തു. അതിന്റെ ഫലമാണ് ഇപ്പോള്‍ ലഭിക്കുന്നത്. 

'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' മുതല്‍ 'ഹലോ മമ്മി' വരെ. ജീവിതത്തിലും കരിയറിലും എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചു?
വലിയ ലക്ഷ്യങ്ങളോടെയായിരുന്നില്ല സിനിമയിലേക്കുള്ള വരവ്. 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യുടെ ഭാഗമാകുമ്പോള്‍, എങ്ങനെപോകുന്നുവെന്ന് നോക്കാം എന്നായിരുന്നു ഉള്ളില്‍. എന്നാല്‍, ആ മനോഗതിയില്‍നിന്നൊക്കെ കാര്യമായ മാറ്റം വന്നു. ഇപ്പോള്‍ സിനിമയെ സീരിയസായി കാണുന്നു. കരിയറിലും ജീവിതത്തിലും കൂടുതല്‍ അച്ചടക്കം വന്നു. ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിച്ചു. സിനിമയോടുള്ള ഡെഡിക്കേഷനും വര്‍ധിച്ചു. 

കഥാപാത്രങ്ങള്‍ക്കായി നടത്തുന്ന തയ്യാറെടുപ്പുകളെന്തെല്ലാമാണ്?
കഥാപാത്രങ്ങള്‍ക്കാവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഞാന്‍ തയ്യാറാണ്. വലിയ തയ്യാറെടുപ്പുകള്‍ ആവശ്യമില്ലാത്ത കഥാപാത്രമായിരുന്നു 'ഹലോ മമ്മി'യിലെ സ്റ്റെഫി. എന്നാല്‍, 'അമ്മു'വിലെ 'അമ്മു'വിന് ഇമോഷണലായി തയ്യാറെടുക്കേണ്ടിയിരുന്നു. അതിനായി ഗാര്‍ഹിക പീഡനം നേരിട്ട സ്ത്രീകളോട് സംസാരിച്ചു. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി. 

'പൊന്നിയിന്‍ സെല്‍വനി'ലെ പൂങ്കുഴലിക്ക് ഭാഷ പഠിക്കേണ്ടിവന്നു. മാത്രമല്ല, ബോട്ട് തുഴയാന്‍ വേണ്ടി ഡബിള്‍ സ്‌കളിങ് പരിശീലിച്ചു. നീന്തലും ഡൈവിങ്ങും പഠിച്ചു. ചില സിനിമകള്‍ക്കായി ശരീരത്തെ പരുവപ്പെടുത്തേണ്ടിയും വന്നിട്ടുണ്ട്. ഗാട്ടാ ഗുസ്തി അതിനുദാഹരമാണ്. അതിനായി പത്തു- പതിനഞ്ച് കിലോയോളം ശരീരഭാരം വര്‍ധിപ്പിച്ചു. ഗുസ്തിയും പരിശീലിച്ചു. അതിന്റെ ഭാഗമായി എനിക്ക് ഹോര്‍മോണല്‍ പ്രശ്‌നങ്ങളുണ്ടായി. എന്നാല്‍, അങ്ങനെയുള്ള പ്രതിസന്ധികളൊക്കെ സിനിമയുടെ വിജയം സമ്മാനിക്കുന്ന സന്തോഷത്തില്‍ അലിഞ്ഞു പോവുകയാണ് പതിവ്.

തിരഞ്ഞെടുപ്പുകളില്‍ കുടുംബത്തിന്റെ പിന്തുണ?
അച്ഛനും അമ്മയ്ക്കും ഞാന്‍ ഇപ്പോഴും കുട്ടിയാണ്. സാധാരണ മലയാളിരക്ഷിതാക്കളെപ്പോലെ അവര്‍ക്കും ചിലകാര്യങ്ങളില്‍ ആശങ്കയുണ്ട്. അല്ലാതെ എന്റെ കാര്യത്തില്‍ അമിത ഇടപെടലുകളില്ല. പ്രത്യേകിച്ച് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍. കഥയുടെ തിരഞ്ഞെടുപ്പുകളില്‍ പുറമേനിന്നുള്ള ആരുടെയും അംഗീകാരം ഞാന്‍ തേടാറുമില്ല. 

സിനിമയില്‍ ഇപ്പോള്‍ ഏഴുവര്‍ഷമായില്ലേ, ഞാന്‍ ഉചിതമായ തീരുമാനങ്ങളേ എടുക്കുകയുള്ളൂവെന്ന് അവര്‍ക്കറിയാം. ഇടയ്ക്ക്, എന്തായി സിനിമ എന്ന് അമ്മ ചോദിക്കും. അപ്പോള്‍ കഥയുടെ വണ്‍ലൈനൊക്കെ പറഞ്ഞുകൊടുക്കും. കഥ കേള്‍ക്കുമ്പോള്‍ രസമുണ്ടോ ഇല്ലയോ എന്നൊക്കെ പറയാറുണ്ട്. 'അമ്മു' ഒരുപാട് അവാര്‍ഡുകള്‍ സമ്മാനിച്ച സിനിമയാണ്. കഥ കേട്ടപ്പോള്‍ അമ്മ പറഞ്ഞു: ''അവാര്‍ഡുകള്‍ക്ക് സാധ്യതയുണ്ട്. പക്ഷേ, ഈ സിനിമ ഞാന്‍ കാണില്ല. കാരണം, നിന്നെ ആളുകള്‍ ഉപദ്രവിക്കുന്നത് കാണാന്‍ എന്നെക്കൊണ്ട് സാധിക്കില്ല.'' 

പൊതുവിടങ്ങളില്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ നേരിടേണ്ടിവരുന്നു. അതിനെപ്പറ്റി?
പൊതുവിടങ്ങളില്‍ സ്വകാര്യത കിട്ടില്ല എന്നത് ഈ ജോലിയുടെ ഭാഗമാണെന്ന തിരിച്ചറിവ് എനിക്കുണ്ട്. സിനിമയുടെ ഭാഗമായതില്‍പ്പിന്നെ ഒരുപാട് സുഖങ്ങളും സന്തോഷങ്ങളും അനുഭവിച്ചു. സ്വാഭാവികമായും അതിന്റെ മറ്റുവശങ്ങളും അനുഭവിക്കേണ്ടിവരും. പൊതുവിടങ്ങളില്‍ കൂടുതല്‍ സ്വകാര്യത കിട്ടിയിരുന്നുവെങ്കില്‍ എന്ന് ഇടയ്ക്കാലോചിക്കും. പുറത്തുള്ളവര്‍ ഒരു അഭിനേത്രി എന്നനിലയില്‍മാത്രം  കണ്ടിരുന്നുവെങ്കിലെന്ന് തോന്നാറുണ്ട്. എന്നാല്‍, ഇതൊക്കെ ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമായി.
കുടുംബത്തിനൊപ്പമുള്ള യാത്രകളിലും മറ്റും ചിലപ്പോഴൊക്കെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാറുണ്ട്. വളരെക്കുറച്ച് സമയം മാത്രമേ അവരുടെ കൂടെ ചെലവഴിക്കാന്‍ കിട്ടാറുള്ളൂ. അങ്ങനെയുള്ള അവസരങ്ങളില്‍ അപരിചതരായ ആളുകളുടെ ഇടപെടല്‍ കുടുബത്തിന് ബുദ്ധിമുട്ടുണ്ടാക്കും. അത്തരം പ്രശ്‌നങ്ങള്‍ ആരോടും പങ്കുവെക്കാറോ പ്രകടിപ്പിക്കാറോ ഇല്ല.

എന്നോടോ എന്റെ കഥാപാത്രങ്ങളോടോ ഉള്ള ഇഷ്ടം ആളുകള്‍ പ്രകടിപ്പിക്കുന്നതാണ്. കാണാനും സംസാരിക്കാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനുമൊക്കെ അവര്‍ ശ്രമിക്കുന്നത് അക്കാരണത്താലാണ്. അവര്‍ തന്നെയാണ് സിനിമകള്‍ കാണുന്നതും വിജയിപ്പിക്കുന്നതും. 
എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കാറുണ്ട്. ഈയിടെ രണ്ടുപേര്‍ എന്റെ ഫ്‌ളാറ്റ് കണ്ടുപിടിച്ച് ഫോട്ടോയെടുക്കാന്‍ വന്നു. അവരെ ഞാന്‍ പ്രോത്സാഹിപ്പിച്ചില്ല. വേറേയും സംഭവങ്ങളുണ്ടായിട്ടുണ്ട്. കൊറിയര്‍ എന്റെ വീട്ടിലേക്കാണെന്നറിഞ്ഞ് അതു ഡെലിവര്‍ ചെയ്യാന്‍ സുഹൃത്തുക്കളെയും കൂട്ടിവന്നു. ഫ്‌ളാറ്റില്‍ അറ്റകുറ്റപ്പണിക്ക് വന്നൊരാള്‍ വൈകിട്ട് ഒരു കൂട്ടം ആളുകളെയും കൂട്ടി എന്നെ കാണാന്‍ വന്നു. അതൊക്കെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളാണ്. അതൊന്നും പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ല. എനിക്ക് എന്റെയും കുടുംബത്തിന്റെയും സുരക്ഷയും സമാധാനവും നോക്കണം. 

ജീവിതത്തില്‍ സൗഹൃദങ്ങളുടെ സ്വാധീനം?
ജീവിതത്തില്‍ താങ്ങായി നില്‍ക്കുന്ന ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്. പെണ്‍സുഹൃത്തുക്കളാണ് ഏറെയും. അവരാണ് എന്റെ ശക്തിയും. വൈകാരികമായ ബന്ധമാണ് അവരുമായൊക്കെയും. എന്റെ ജീവിതത്തില്‍ സ്വാധീനംചെലുത്തിയ സംഭവങ്ങളെ പറ്റിയെല്ലാം അവര്‍ക്ക് അറിയാം. അവരും സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയവരാകും. അങ്ങനെയുള്ള കൂട്ടുകാരുമായി മനസ്സിന് ഇഴയടുപ്പം ഏറെയായിരിക്കും. പല സന്ദര്‍ഭങ്ങളിലും അവരുടെ അഭിപ്രായം കേള്‍ക്കാറുണ്ട്. അവരുടെ കാഴ്ചപ്പാടുകളും എന്നെ സഹായിക്കുന്നു. അതൊക്കെ ഏറെ നന്ദിയോടെ ഇപ്പോള്‍ ഓര്‍ക്കുന്നു. 

മീ ടൈം എങ്ങനെയാണ് ആസ്വദിക്കാറ്?
യാത്രചെയ്യാന്‍ ഒരുപാടിഷ്ടമാണ്. അതുപോലെ ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്തും സന്തോഷം കണ്ടെത്തും. ഈയിടെ ഒരു വര്‍ക്ക്ഷോപ്പിന്റെ ഭാഗമായി കുറച്ച് മെഡിറ്റേഷന്‍ ടെക്നിക്കുകള്‍ പഠിച്ചു. അച്ചടക്കം കൈവരിക്കാനും സന്തോഷം കണ്ടെത്താനും മെഡിറ്റേഷന്‍ സഹായിച്ചു. 
കൂടുതല്‍ അച്ചടക്കവും പ്രശ്‌നമാണെന്ന് അറിയാം. അതുകൊണ്ട് അച്ചടക്കത്തിന്റെ മതിലുകള്‍ ഇടയ്ക്ക് തകര്‍ക്കും. ഒരുപാട് സിനിമകാണും. അതുപോലെ സുഹൃത്തുക്കളെ കേട്ടിരിക്കാനും ഇഷ്ടമാണ്. വീട്ടില്‍ ഞാന്‍ ഒറ്റ പെണ്‍കുട്ടിയാണ്. പലപ്പോഴും ഒരു അനിയത്തി വേണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അതുകൊണ്ടാവാം സുഹൃത്തുക്കളെ അനിയത്തിമാരെപ്പോലെ തോന്നുന്നത്. അവരുടെ നേട്ടങ്ങളും സന്തോഷങ്ങളുമെല്ലാം ഞാന്‍ എന്റെതായിത്തന്നെ ആഘോഷിക്കും. 

അഭിനേത്രിയെന്നനിലയില്‍ നേരിടേണ്ടിവരുന്ന വലിയ വെല്ലുവിളി?
സ്ത്രീയെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും ഒരുപാട് അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടിവരുന്ന കാലഘട്ടത്തിലാണ് ജീവിക്കുന്നത്. അവരവര്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. സോഷ്യല്‍ മീഡിയയുടെ വരവോടെ ഇത്തരം കാര്യങ്ങള്‍ക്ക് പരിധിയില്ലാതായി.. ഇങ്ങനെയൊരുസമയത്ത് സ്വന്തം അഭിപ്രായം രൂപപ്പെടുത്തുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുക എന്നതാണ് സന്തോഷം. അതില്‍ തെറ്റുപറ്റിയാലും ആരെയും പഴിക്കേണ്ടിവരില്ല. നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ സ്വയം കേള്‍ക്കുകയാണ് പ്രധാനമായും ചെയ്യേണ്ടതെന്ന് എനിക്ക് തോന്നുന്നു.

അതുപോലെ സ്‌ക്രിപ്റ്റ് തിരഞ്ഞെടുക്കലാണ് മറ്റൊരു വെല്ലുവിളി. എന്റെ താത്പര്യങ്ങള്‍ പ്രേക്ഷകര്‍ക്കും ഇഷ്ടമാകണം. എങ്കിലേ, ഒരു നടിയെന്ന നിലയില്‍ മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂ. മറ്റൊരുകാര്യം, ഒരേ പോലെ ചിന്തിക്കുന്ന ഗ്രൂപ്പിനൊപ്പം ജോലി ചെയ്യാന്‍ അവസരം ലഭിക്കുക എന്നതാണ്. ഒരുമിച്ച് കഷ്ടപ്പെടാന്‍ തയ്യാറുള്ളവര്‍. സെറ്റില്‍ ആരെങ്കിലും മടിപിടിച്ചാല്‍ മൊത്തം ടീമിനെയും അത് ബാധിക്കും. 

സ്വന്തം സിനിമകള്‍ക്ക് എങ്ങനെയാണ് മാര്‍ക്കിടാറ്? 
ഒരു തവണയിലധികം ഞാന്‍ എന്റെ ഒരു സിനിമയും കണ്ടിട്ടില്ല. എന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി സംവിധായകരുടെ പ്രതികരണങ്ങളാണ് സ്വീകരിക്കാറ്. 

ഡോക്ടറുടെ കോട്ടില്‍ ഐശ്വര്യയെ ഇനി കാണാനാവുമോ?
ഇല്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം. എന്നാല്‍, ആ തീരുമാനം ഭാവിയില്‍ മാറുമോ എന്ന് പറയാനാകില്ല. നാളെ നമ്മുടെ ജീവിതാനുഭവങ്ങള്‍ എങ്ങനെ മാറുമെന്ന് അറിയില്ലല്ലോ. മെഡിക്കല്‍ പ്രൊഫഷനിലേക്ക് തിരികെപ്പോവാനാണ് ദൈവം കല്പിക്കുന്നതെങ്കില്‍ അപ്പോളാലോചിക്കാം.  

Content Highlights: south indian actress aishwarya lekshmi interview