''ഫ്രൂട്ട്‌സ് കൊണ്ടുത്തരുന്ന, വിരുന്നെത്തുന്ന അങ്കിളായിരുന്നു എനിക്ക് ജയചന്ദ്രന്‍ അങ്കിള്‍''

പി.ജയചന്ദ്രന്റെ അവസാനഗാനം ഒരു ആല്‍ബത്തിനുവേണ്ടിയായിരുന്നു. ആ യുഗ്മഗാനത്തിന്റെ ഭാഗമാകാന്‍ പറ്റിയത് ഒരു ഭാഗ്യമായി കരുതുകയാണ് ഗായിക ഇന്ദുലേഖാ വാര്യര്‍. 'പാതിരാനേരത്ത് പാലമരത്തില്‍ പാതിവിരിഞ്ഞൊരു പൂവേ...' എന്നുതുടങ്ങുന്ന പ്രണയഗാനമായിരുന്നു അത്. സാഗരം ക്രിയേഷന്‍സിനുവേണ്ടി മധു സപ്തവര്‍ണ വരികളെഴുതി, കല്ലറ ഗോപന്‍ സംഗീതം കൊടുത്ത പാട്ട്.
''അവിചാരിതമായിട്ടാണ് ആ പാട്ടിലേക്കെത്തുന്നത്. മധുച്ചേട്ടനെഴുതിയ ഒരു കൃഷ്ണഭക്തിഗാനം പാടി വീട്ടിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് കല്ലറ ഗോപന്‍ അങ്കിള്‍ വീണ്ടും വിളിക്കുന്നത്. 'ഒരു പാട്ടും കൂടിയുണ്ട്. ജയചന്ദ്രന്‍ സാറിനൊപ്പമുള്ള യുഗ്മഗാനമാണ്. ആദ്യം സോളോ ആയിട്ടായിരുന്നു തീരുമാനിച്ചത്. പിന്നീട് ഡ്യൂവറ്റ് ആക്കാമെന്ന് കരുതി'. വീണ്ടും തിരിച്ച് സ്റ്റുഡിയോയിലെത്തി. ആ പാട്ട് പാടുകയും ചെയ്തു'', ഇന്ദുലേഖ ഓര്‍ക്കുന്നു. നവംബറിലാണ് റെക്കോഡിങ് പൂര്‍ത്തിയാക്കിയത്.
''അദ്ദേഹത്തിനൊപ്പമുള്ള മൂന്നാമത്തെ പാട്ടാണത്. ഒരു കല്യാണപ്പാട്ട് അദ്ദേഹത്തിനൊപ്പം പാടാന്‍ കഴിഞ്ഞിരുന്നു. 2021-ല്‍ പുറത്തിറങ്ങിയ 'സെക്ഷന്‍ 306 ഐ.പി.സി' എന്ന സിനിമയിലും ഒരു പാട്ടുപാടി. ഞാന്‍ മോനെ പ്രസവിക്കുന്നതിന് പത്തുദിവസം മുമ്പായിരുന്നു അതിന്റെ റെക്കോഡിങ്. ജയചന്ദ്രന്‍ അങ്കിള്‍ ആ പാട്ടുമുഴുവന്‍ പാടിയിരുന്നു ആദ്യം തന്നെ. അതുകൊണ്ട് എനിക്ക് എളുപ്പമായിരുന്നു. ആ ട്രാക്ക് കേട്ട് അതുപോലെ തന്നെ പാടുകയായിരുന്നു''.
''ചെറുപ്പം മുതലേ അദ്ദേഹത്തിനെ അറിയാം. മൂന്നാം ക്ലാസ് മുതലുള്ള ഓര്‍മകളുണ്ട് മനസ്സില്‍. അന്നൊന്നും അദ്ദേഹത്തിന്റെ പാട്ടുകളെ കുറിച്ച് അറിയില്ലായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഫ്രൂട്ട്‌സ് കൊണ്ടുത്തരുന്ന അങ്കിളാണ് അദ്ദേഹം. പലതരം പഴങ്ങളുമായാണ് അദ്ദേഹം വീട്ടില്‍ വരിക. ചിലപ്പോള്‍ ഉച്ചഭക്ഷണത്തിനുണ്ടാവും. അമ്മയുണ്ടാക്കുന്ന കറികളും ഉപ്പേരിയുമൊക്കെ ആസ്വദിച്ച് കഴിക്കും. കുടുംബത്തിലെ ഒരാള്‍ തന്നെയായിരുന്നു അദ്ദേഹം. എനിക്ക് അത്ര ചെറുപ്പംമുതലേ അറിയുന്ന ആളാണല്ലോ. അതുകൊണ്ട് അദ്ദേഹത്തിന്റെ കൂടെ പാടുക എന്നത് എനിക്കെന്നും പേടിയുള്ള കാര്യമാണ്.
കരിമുകില്‍ കാട്ടിലെ, അറിയാതെ അറിയാതെ, നീ മണിമുകിലാടകള്‍, മറന്നിട്ടുമെന്തിനോ, ശരദിന്ദു മലര്‍ദീപം...അദ്ദേഹം പാടിയ ഇഷ്ടപാട്ടുകളുടെ ലിസ്റ്റ് എടുത്താല്‍ തീരില്ല. എനിക്ക് അദ്ദേഹത്തിന്റെ ഡ്യൂവറ്റുകളാണ് കൂടുതലിഷ്ടം. അതിലാണ് അദ്ദേഹത്തിന്റെ ഭാവം കൂടുതലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പ്രണയം തുളുമ്പുന്ന, യുവത്വം നിറയുന്ന ശബ്ദമാകും അപ്പോള്‍ അദ്ദേഹത്തിന്റേത്. ഇന്നലെ മുഴുവന്‍ ജയചന്ദ്രന്‍ അങ്കിളിന്റെ പാട്ടുകളാണ് കേട്ടത്. അപ്പോഴും തോന്നിയത് ഇക്കാര്യം തന്നെ. എന്റെ മോനിപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത് 'അതിരനി'ല്‍ അദ്ദേഹം പാടിയ 'ആട്ടുതൊട്ടില്‍ കൂട്ടിനുള്ളില്‍ കണ്‍മണിയേ' എന്ന പാട്ടാണ്. അതിപ്പോള്‍ റീല്‍സിലൂടെയും മറ്റും വീണ്ടും വൈറലാവുകയാണല്ലോ. കൊച്ചുകുട്ടികള്‍ക്കുപോലും പ്രിയമാണ് ആ പാട്ട്.
പാട്ടിന്റെ കാര്യത്തില്‍ അദ്ദേഹം പറഞ്ഞുതന്നിട്ടുള്ളൊരു കാര്യമുണ്ട്. ലിറിക് ക്ലാരിറ്റി ശ്രദ്ധിക്കണമെന്നാണത്. 'പല പിച്ചില്‍ പാടുമ്പോഴും വരികളുടെ ക്ലാരിറ്റി ഒരിക്കലും പോവാന്‍ പാടില്ല. പാട്ട് ആളുകള്‍ക്ക് മനസ്സിലാവാതെ പോവരുത്', ഇത് അദ്ദേഹം എപ്പോഴും പറയുന്നൊരു കാര്യമാണ്. എറണാകുളത്തുവെച്ച് ഒരു സ്റ്റേജ് ഷോ ഉണ്ടായിരുന്നു. അന്ന് പ്രാക്ടീസിനിടയിലും അദ്ദേഹം ഓര്‍മിപ്പിച്ചത് ഇതുതന്നെയായിരുന്നു. അങ്ങനെ നമ്മള്‍ അറിഞ്ഞോ അറിയാതെയോ കുറേ കാര്യങ്ങളില്‍ അദ്ദേഹം സ്വാധീനിച്ചിട്ടുണ്ട് ...''
Content Highlights: singer indulekha warrier remembering p jayachandran