‘ചുരുളൻ മുടിയുടെ പേരിൽ അവസരം നിഷേധിച്ചു, ഓഡിഷന് ശേഷം വിഷമത്താൽ മൊട്ടയടിച്ചു’

സിദ്ധാന്ത് ചതുർവേദി, മൃണാൾ താക്കൂർ | PTI
സിദ്ധാന്ത് ചതുർവേദി, മൃണാൾ താക്കൂർ | PTI

ഗള്ളി ബോയ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടനാണ് സിദ്ധാന്ത് ചതുർവേദി. സിനിമയിൽ നല്ലൊരു ബ്രേക്ക് കിട്ടുന്നതിനു മുമ്പ് ഒട്ടേറെ തിരസ്കാരങ്ങൾ നേരിട്ടിട്ടുണ്ട് അദ്ദേഹം. തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച ഒരു അനുഭവം അടുത്തിടെ ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ സിദ്ധാന്ത് തുറന്നുപറഞ്ഞു.

'ദോ ദീവാനേ സെഹർ മേം' എന്ന പുതിയ ചിത്രത്തിൽ, സിദ്ധാന്തിന്റെ കഥാപാത്രത്തിന് സംസാരവൈകല്യം കാരണം ഒരു വിവാഹാലോചന നിരസിക്കപ്പെടുന്നുണ്ട്. ഇത്തരം നിരസിക്കലുകൾ ജീവിതത്തിൽ എപ്പോഴെങ്കിലും അനുഭവിക്കേണ്ടി വന്നിട്ടുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം മറുപടി പറഞ്ഞത്. "അഭിനയത്തിലേക്ക് വരാനായി കഷ്ടപ്പെടുന്ന സമയത്ത് ധാരാളം നിരസിക്കലുകൾ നേരിട്ടിട്ടുണ്ട്. എന്നാൽ എന്നെ വല്ലാതെ വേദനിപ്പിച്ച ഒരനുഭവമുണ്ട്. ഞാൻ സിഎ ഉപേക്ഷിച്ചിട്ട് ഒന്നോ രണ്ടോ വർഷമേ ആയിരുന്നുള്ളൂ. വലിയൊരു സിനിമയിലേക്ക് എന്നെ ഓഡിഷൻ ചെയ്തു, ഷോർട്ട് ലിസ്റ്റും ചെയ്തു. നിരവധി വർക്ക്‌ഷോപ്പുകൾ നടന്നു. ഞാൻ കഥാപാത്രവുമായി താദാത്മ്യം പ്രാപിച്ചു. ഇതാ ഞാനൊരു സിനിമയിൽ നായകനായി എന്ന് അത്ഭുതപ്പെട്ടു. അത് വളരെ എളുപ്പമായെന്നും തോന്നി. സംവിധായകനും കാസ്റ്റിങ് ഡയറക്ടർക്കും എന്നെ ഇഷ്ടപ്പെട്ടു. പക്ഷെ മൂന്നുനാലുമാസത്തെ വർക്ക്‌ഷോപ്പുകൾക്ക് ശേഷം, നിർമ്മാതാവ് സ്ക്രീൻ ടെസ്റ്റ് കണ്ടിട്ട് എന്നെ നിരസിച്ചു. ഞാൻ കാസ്റ്റിങ് ഡയറക്ടറോട് ചോദിച്ചു, അദ്ദേഹം പറഞ്ഞത് എന്റെ ചുരുണ്ട മുടിയാണ് കാരണമെന്നാണ്. 'ചുരുണ്ട മുടിയുള്ളവർക്ക് നായകനാകാൻ കഴിയില്ല'"-അദ്ദേഹം പറഞ്ഞു. 

മുടി നിവർത്തി വീണ്ടും ഓഡിഷൻ ചെയ്യാൻ സിദ്ധാന്തിനോട് പറഞ്ഞിരുന്നു. പക്ഷെ വീണ്ടും നിരസിക്കപ്പെട്ടു, 'മുടി അധികം നിവർന്നുപോയി' എന്നതായിരുന്നു കാരണം. ഒരാളെ നിരസിക്കാനുള്ള ഈ മാനദണ്ഡം എന്താണെന്നതിൽ താൻ അത്ഭുതപ്പെട്ടുവെന്ന് സിദ്ധാന്ത് പറഞ്ഞു.

ആ വിഷമത്തിൽ വീട്ടിൽ പോയി തല മൊട്ടയടിക്കുകയാണ് സിദ്ധാന്ത് ചെയ്തത്. വളരെ ദുഃഖിതനായിരുന്നു. മൊട്ടയടിക്കാനുള്ള തീരുമാനം എളുപ്പമായിരുന്നില്ല, കാരണം അമ്മയ്ക്ക് ചുരുണ്ട മുടി വളരെ ഇഷ്ടമായിരുന്നു. അതിനുശേഷം മുടിയോട് പൊരുത്തപ്പെടാൻ കുറച്ച് സമയമെടുത്തു. പക്ഷെ ഇപ്പോൾ ഞാനതിനെ സ്വന്തമായി കാണുന്നു. 'ദോ ദീവാനേ സെഹർ മെയിൻ' എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റർ ചൂണ്ടി അദ്ദേഹം പറഞ്ഞു, "ഇപ്പോൾ നോക്കൂ, ആ മുടി നടുവിലായി പോസ്റ്ററിലുണ്ട്. അതുകൊണ്ട് ഞാൻ സന്തോഷവാനാണ്. ഫെബ്രുവരി 20- നാണ് ചിത്രം തിയേറ്ററുകളിലെത്തുക. മൃണാൽ താക്കൂറാണ് നായിക.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Siddhant Chaturvedi reveals a heartbreaking rejection over his curly hair, leading him to shave his head. Discover his journey and upcoming film `Do Deewane Seher Mein`.