‘തിയേറ്റർ റിലീസാണ് ലക്ഷ്യം, എന്റെ മക്കൾ എന്നെ തിയേറ്ററിൽ കാണണമെന്നുണ്ട്’

ശിൽപ ഷെട്ടി / AFP
ശിൽപ ഷെട്ടി / AFP

പ്രേക്ഷകരുടെ മാറിക്കൊണ്ടിരിക്കുന്ന ഇഷ്ടങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സ്വാധീനവും കാരണം ബോളിവുഡ് സിനിമകളുടെ സാമ്പത്തികശാസ്ത്രവും ഗണ്യമായി മാറിയിട്ടുണ്ടെന്ന് നടി ശിൽപ ഷെട്ടി. ഈ മാറ്റം നിർമ്മാതാക്കളെയും അഭിനേതാക്കളെയും അവരുടെ തിരഞ്ഞെടുപ്പുകൾ പുനർവിചിന്തനം ചെയ്യാൻ നിർബന്ധിതരാക്കിയിട്ടുണ്ടെന്നും നടി പറയുന്നു.

"ഇൻഡസ്ട്രി കുറച്ച് മന്ദഗതിയിലാണ് പോകുന്നത്. കാരണം അവർ ഉത്തരവാദിത്തമോ അപകടസാധ്യതയോ ഏറ്റെടുക്കാൻ തയ്യാറാകാതെ ഒടിടിയിലേക്ക് മാറുന്നു. ഞാൻ അവരെ കുറ്റപ്പെടുത്തുന്നില്ല. ഒരു സിനിമ നിർമ്മിക്കുന്നതിന്റെ മുഴുവൻ കണക്കുകൂട്ടലും, ചെലവുകളും, അതെല്ലാം ഇപ്പോൾ മാറിയിരിക്കുന്നു" 

സിനിമ, ടെലിവിഷൻ, സംരംഭകത്വം എന്നീ രംഗങ്ങളിൽ മൂന്ന് പതിറ്റാണ്ടിലധികമായി തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ശില്പ. തന്റെ കുട്ടികൾ ഇതുവരെ വലിയ സ്ക്രീനിൽ തന്റെ സിനിമകൾ കണ്ടിട്ടില്ലെന്നും, ഒരു തിയേറ്റർ റിലീസിലൂടെ (theatrical release) അത് മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും നടി കൂട്ടിച്ചേർത്തു.

"എന്റെ കുട്ടികൾ എന്നെ തിയേറ്ററിൽ കണ്ടിട്ടില്ല. അതുകൊണ്ടാണ് ഞാൻ ഒരു തിയേറ്റർ റിലീസ് ചിത്രം ചെയ്യാൻ ആഗ്രഹിക്കുന്നത്. മകൻ 2023-ൽ സുഖീ കണ്ടു, പക്ഷേ അത് ഒരു പ്രിവ്യൂ തിയേറ്ററിൽ ആയിരുന്നു. മുമ്പ് ചെയ്തതുപോലുള്ള സിനിമകൾ എനിക്ക് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സുഖീ റിലീസ് ചെയ്തപ്പോൾ ഞങ്ങൾക്ക് വേണ്ടത്ര തിയേറ്ററുകൾ ലഭിച്ചിരുന്നില്ല. അത് സിനിമയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ ഒടിടി ഒരു മികച്ച പ്ലാറ്റ്ഫോമാണ്. കാരണം ആളുകൾക്ക് അവരുടെ സമയത്തിനനുസരിച്ച് ഒരു സിനിമ കാണാൻ കഴിയും. ഇപ്പോൾ ഞാൻ ഒരു തിയേറ്റർ റിലീസ് സിനിമയാണ് ലക്ഷ്യമിടുന്നത്, അങ്ങനെയാണെങ്കിൽ എന്റെ കുട്ടികൾക്ക് എന്നെ സ്ക്രീനിൽ കാണാൻ കഴിയും."-ഈ വർഷം ജോലിയുമായി ബന്ധപ്പെട്ട് ധാരാളം കാര്യങ്ങൾ നടക്കുന്നുണ്ടെന്നും നടി പറഞ്ഞു. "റോളിന്റെ ദൈർഘ്യം എനിക്കൊരു മാനദണ്ഡമായിരുന്നില്ല. ഞാൻ നിരസിച്ച സന്ദർഭങ്ങളുണ്ട്, എന്റെ കാരണങ്ങൾ പൂർണ്ണമായും ന്യായീകരിക്കാവുന്നതായിരുന്നു. ഞാൻ നിരസിച്ച ചില വലിയ സിനിമകളുണ്ട്, പക്ഷേ അത് ഞാനും നിർമ്മാതാവും തമ്മിലുള്ള കാര്യമാണ്. ഞാൻ എന്റെ തീരുമാനങ്ങളിൽ ഒരിക്കലും ഖേദിക്കുന്നില്ല." തനിക്ക് എന്താണ് പ്രധാനമെന്ന് താൻ തന്നെ തീരുമാനിക്കണമെന്നും ശില്പ പറഞ്ഞു. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Changing economics of the Hindi film industry, Impact of OTT platforms on theatrical releases, Shilpa Shetty's focus on quality roles over quantity, Desire to be seen by children on the big screen, Current transition from television hosting to theatrical projects