ബ്ലോക്ക്ബസ്റ്ററുകള്‍ വീണ്ടും തിയേറ്ററുകളിലേക്ക്; ഷാരൂഖ് ഖാന്റെ ജന്മദിനം വ്യത്യസ്തമായി ആഘോഷിക്കാന്‍ പിവിആര്‍ ഐനോക്‌സ്

ഷാരൂഖ് ഖാൻ / AP, PTI
ഷാരൂഖ് ഖാൻ / AP, PTI

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ ജന്മദിനം വ്യത്യസ്തമായി ആഘോഷിക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം എക്സിബിഷന്‍ കമ്പനിയായ പിവിആര്‍ ഐനോക്‌സ്. നടന്റെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകള്‍ തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്തുകൊണ്ടാണ് ആദരം. നവംബര്‍ 2 നാണ് നടന്‍ തന്റെ 60-ാം ജന്മദിനം ആഘോഷിക്കുന്നത്. അതിന് മുന്നോടിയായി ഒക്ടോബര്‍ 31-ന് പ്രത്യേക ചലച്ചിത്രോത്സവം ആരംഭിക്കും.

രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഈ ചലച്ചിത്രോത്സവം 30 നഗരങ്ങളിലെ 75 തിയറ്റേറുകളിലായാണ് നടത്തുക. ഈ വർഷം തന്റെ ആദ്യ ദേശീയ അവാര്‍ഡ് ലഭിച്ച ഷാരൂഖ് ഖാന്‍, സിനിമ എപ്പോഴും തനിക്ക് 'വീട്' പോലെയായിരുന്നുവെന്നും, സിനിമകള്‍ വീണ്ടും ബിഗ് സ്‌ക്രീനില്‍ റിലീസ് ചെയ്യുന്നത് ഒരു 'മനോഹരമായ പുനഃസമാഗമം' ആണെന്നും പറഞ്ഞു.

'സിനിമ എപ്പോഴും എന്റെ വീടായിരുന്നു, ഈ സിനിമകള്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത് കാണുന്നത് മനോഹരമായ ഒരു പുനഃസമാഗമം പോലെയാണ്. ഈ സിനിമകള്‍ എന്റെ കഥകള്‍ മാത്രമല്ല, കഴിഞ്ഞ 33 വര്‍ഷമായി അവയെ സ്‌നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകരുടേതാണ്,' അദ്ദേഹം പറഞ്ഞു.

2013-ലെ റൊമാന്റിക് കോമഡിയായ 'ചെന്നൈ എക്‌സ്പ്രസ്', 'ദേവദാസ്', പൊളിറ്റിക്കല്‍ ഡ്രാമയായ ''ദില്‍ സെ', 'മേം ഹൂം നാ', 'ജവാന്‍' തുടങ്ങിയവ വീണ്ടും റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ ലിസ്റ്റിലുണ്ട്.

''ഷാരൂഖ് ഖാന്‍ ഒരു ആഗോള ഐക്കണ്‍ എന്നതിലുപരി ഒരു വികാരമാണ്. അദ്ദേഹത്തിന്റെ മാന്ത്രികതയും വൈവിധ്യവും ഇന്ത്യന്‍ സിനിമയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനവും ഒപ്പിയെടുക്കുന്ന സിനിമകളുടെ ഒരു നിരയിലൂടെ, അദ്ദേഹത്തിന്റെ അസാധാരണമായ യാത്ര ആഘോഷിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.

പ്രായ, ലിംഗ, ദേശ ഭേദമന്യേ ആളുകള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. ഈ ഉത്സവം അദ്ദേഹത്തിന്റെ കലയ്ക്കും ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് അദ്ദേഹം നല്‍കിക്കൊണ്ടിരിക്കുന്ന സന്തോഷത്തിനും പ്രതീക്ഷയ്ക്കും ഉള്ള ഒരു ആദരവാണ്.'' പിവിആര്‍ ഐനോക്‌സ് ലിമിറ്റഡിന്റെ ലീഡ് സ്ട്രാറ്റജിസ്റ്റ് നിഹാരിക ബിജ്‌ലി പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: celebrate shah rukh khan`s birthday with pvr inox! experience his biggest blockbusters back on the big screen in a special film festival across 30 cities.