15കോടി മുടക്കി 912കോടി തിരിച്ചുപിടിച്ച ആമിര്‍ഖാന്‍ സിനിമ;സിനിമയും മതവും ഒരുമിച്ച് പോവില്ലെന്ന് നായിക

ബോളിവുഡിലെ എക്കാലത്തെയും ബ്ലോക്ബസ്റ്ററുകളിലൊന്നാണ് 'സീക്രട്ട് സൂപ്പര്‍സ്റ്റാര്‍'. ഒട്ടേറെ പ്രത്യേകതകളുള്ള സിനിമ, 2017 ഒക്ടോബറിലാണ് റിലീസായത്. വലിയ പാട്ടുകാരിയാവാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണിത്. ആ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് അവള്‍ പാട്ടുകള്‍ പാടി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാന്‍ തുടങ്ങി. പിതാവിനെയും സമൂഹത്തെയും പേടിച്ച്, തന്റെ വ്യക്തിത്വം മറച്ചുവെച്ചാണ് ആ പെണ്‍കുട്ടി യൂട്യൂബില്‍ പാട്ടുകളിടുന്നത്. അതിനിടെ അവള്‍ നേരിടുന്ന പ്രശ്‌നങ്ങളിലൂടെ സിനിമ നീങ്ങുന്നു.
15 കോടിക്കാണ് സിനിമ നിര്‍മിച്ചത്. തിരിച്ചുപിടിച്ചത് 912 കോടി രൂപയും. 1800 സ്‌ക്രീനുകളിലായാണ് ഇന്ത്യയില്‍ സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. പക്ഷേ ആദ്യം വലിയ ചലനങ്ങളൊന്നുമുണ്ടാക്കിയില്ല സിനിമ. അത് വമ്പന്‍ ബ്ലോക്ബസ്റ്ററാവുന്നത് ചൈനയിലെ വന്‍വിജയത്തോടെയാണ്. 2018 ജനുവരിയിലാണ് ചൈനയില്‍ സിനിമ റിലീസാവുന്നത്. ചൈനയില്‍ മാത്രം 11,000 സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്തത്.
ചൈനയില്‍ അക്കാലത്ത് വലിയ ഹോളിവുഡ് സിനിമകള്‍ക്ക് മാത്രമായിരുന്നു റെവന്യൂ ഷെയറിങ് ഡീലുണ്ടായിരുന്നത്. കിട്ടുന്ന ലാഭത്തില്‍നിന്ന് ഒരു നിശ്ചിതശതമാനം നിര്‍മാണക്കമ്പനിക്കും നല്‍കുന്നതാണ് റെവന്യൂ ഷെയറിങ് ഡീല്‍. ചൈനയില്‍ ഇത് പ്രാവര്‍ത്തികമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍സിനിമയായി മാറി 'സീക്രട്ട് സൂപ്പര്‍സ്റ്റാര്‍'. ആമിര്‍ ഖാന്‍ തന്നെ നിര്‍മിച്ച 'ദംഗല്‍' (2016) ആണ് ആദ്യസിനിമ. 'ദംഗലി'ന്റെ കാര്യത്തില്‍ 12.5 ശതമാനമായിരുന്നു ഷെയറെങ്കില്‍, 'സീക്രട്ട് സൂപ്പര്‍സ്റ്റാര്‍' അതിന്റെ നേരെ ഇരട്ടിയായി. അതായത് ലാഭത്തിന്റെ 25 ശതമാനം നിര്‍മാതാവിന് ലഭിക്കുമെന്നര്‍ഥം.
2017-ലെ ഏറ്റവും ലാഭംനേടിയ സിനിമ, എക്കാലത്തെയും പണം വാരിക്കൂട്ടിയ ഹിന്ദിസിനിമകളില്‍ ആറാം സ്ഥാനം, വിദേശത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍സിനിമകളില്‍ രണ്ടാം സ്ഥാനം, ചൈനയില്‍ ഏറ്റവും കൂടുതല്‍ പണം വാരിക്കൂട്ടിയ നോണ്‍ ഇംഗ്ലീഷ് സിനിമകളില്‍ രണ്ടാം സ്ഥാനം...സകല റെക്കോഡുകളും തകര്‍ത്തുകൊണ്ടാണ് സിനിമ മുന്നേറിയത്. ഒരു സ്ത്രീ കേന്ദ്രകഥാപാത്രമായെത്തി ഗംഭീരവിജയം നേടുന്ന ചുരുക്കം ചില സിനിമകളിലൊന്നെന്ന വിശേഷതയും ഇതിനുണ്ട്. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത സിനിമ നിര്‍മിച്ചത് ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ ആമിര്‍ ഖാനും കിരണ്‍ റാവുവും ചേര്‍ന്നാണ്.
ഞെട്ടിച്ച നായിക
സൈറ വസീം എന്ന പതിനേഴുകാരിയാണ് കേന്ദ്രകഥാപാത്രമായത്. ആമിര്‍ ഖാന്റെ തന്നെ 'ദംഗലി'ലൂടെയാണ് സൈറ സിനിമയിലെത്തുന്നത്. തൊട്ടടുത്ത വര്‍ഷമായിരുന്നു 'സീക്രട്ട് സൂപ്പര്‍സ്റ്റാറി'ല്‍ അഭിനയിച്ചത്. 2019-ല്‍ 'ദ സ്‌കൈ ഈസ് പിങ്ക്' എന്ന ചിത്രത്തിലും. മൂന്നുസിനിമകള്‍, മൂന്നിലും മികച്ച പ്രകടനം. 'ദംഗലി'ലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ സൈറ, 'സീക്രട്ട് സൂപ്പര്‍സ്റ്റാറി'ലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയപുരസ്‌കാരവും കരസ്ഥമാക്കി.
അതോടെ ബോളിവുഡിലെ അടുത്ത വമ്പന്‍ താരോദയം എന്ന് നിരൂപകര്‍ ഒന്നടങ്കം പ്രശംസിച്ചു സൈറയെ. കരിയറില്‍ ഉദിച്ചുനില്‍ക്കുന്ന സമയത്ത് തന്നെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സൈറ മറ്റൊരു തീരുമാനമെടുത്തു, 'ഇനി സിനിമയില്‍ അഭിനയിക്കുന്നില്ല'. കരിയര്‍ തന്റെ മതവിശ്വാസങ്ങളുമായി ചേര്‍ന്നുപോകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആ പെണ്‍കുട്ടി സിനിമയില്‍നിന്ന് അകന്നത്. ആ പോസ്റ്റ് പിന്നീട് അവര്‍ ഡിലീറ്റ് ചെയ്തു. ജീവിതത്തില്‍ ഒരു പുതിയ തുടക്കത്തിലേക്ക് പോവുന്നതുകൊണ്ട്, സോഷ്യല്‍മീഡിയയിലെ തന്റെ ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്യാനും അവര്‍ ആരാധകരോട് ആവശ്യപ്പെട്ടു.
സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ ഒരു വിഭാഗം ആളുകളില്‍നിന്ന് നിരന്തരം ട്രോളുകളും വിമര്‍ശനങ്ങളും നേരിടേണ്ടിവന്നിരുന്നു സൈറ. അതാണ് അവരെ ആ അടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു.
Content Highlights: secret superstar, india's most profitable film