മണിച്ചിത്രത്താഴിന്റെ ക്രെഡിറ്റ് എനിക്ക് വേണ്ട; സിനിമയോട് ആസക്തിയില്ല

#ജി. വേണുഗോപാല്‍
മധു മുട്ടം | ഫോട്ടോ : സി.ബിജു
മധു മുട്ടം | ഫോട്ടോ : സി.ബിജു

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായിരുന്നു 'മണിച്ചിത്രത്താഴ്'. സിനിമയിറങ്ങി മുപ്പതുവര്‍ഷം പിന്നിടുമ്പോഴും ഇന്നും എല്ലാദിവസവും ആരെങ്കിലുമൊക്കെ എവിടെങ്കിലുമൊക്കെയിരുന്ന് ആ സിനിമ കാണുന്നു. കേരളത്തിലുടനീളം ഒരുവര്‍ഷത്തോളം നിറഞ്ഞുകളിച്ച സിനിമ ആ വര്‍ഷം ദേശീയപുരസ്‌കാരം നേടി. ഗംഗയുടെയും നാഗവല്ലിയുടെയും ഭാവതലങ്ങളിലൂടെ അനായാസം സഞ്ചരിച്ച ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരവും ലഭിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും 'മണിച്ചിത്രത്താഴ്' പുറത്തിറങ്ങി. മാടമ്പള്ളി മേടയുടെ അകത്തളങ്ങളില്‍നിന്നുതുടങ്ങുന്ന ദൃശ്യചാരുത. ആ സൈക്കോ ത്രില്ലര്‍ ചലച്ചിത്രം ഇന്നും ചര്‍ച്ചയാകുമ്പോള്‍ അതിനൊന്നും ചെവികൊടുക്കാതെ ഹരിപ്പാട് മുട്ടത്ത് തെരുവില്‍ തെക്കേതിലെ ഇരട്ടമുറിവീട്ടിലുണ്ട് സിനിമയുടെ രചയിതാവ് മധു മുട്ടം. നാഗവല്ലിയെയും നകുലനെയും ഡോ. സണ്ണിയെയുമൊക്കെ നമ്മുടെ അയല്‍ക്കാരാക്കിയ മണിച്ചിത്രത്താഴിന്റെ സ്രഷ്ടാവ്. 

അക്ഷരങ്ങളാണ് കൂട്ട്

സിനിമയുടെ വെള്ളിവെളിച്ചം ഒരിക്കലും തന്നെ പ്രലോഭിപ്പിച്ചിട്ടില്ലെന്നുപറയുന്ന മധു മുട്ടം ഷൂട്ടിങ് ലൊക്കേഷനില്‍ വളരെക്കുറച്ചുമാത്രം പോകുന്ന തിരക്കഥാകൃത്താണ്. ''ഞാനത്ര വലിയ എഴുത്തുകാരനൊന്നുമല്ല. ഏകാന്തതയില്‍ സന്തോഷത്തിനായി എന്തെല്ലാമോ എഴുതുന്നു. ഞാനെഴുതിയതില്‍ ചിലത് സിനിമയ്ക്ക് സാധ്യതയുള്ളതാണെന്നു തോന്നിയപ്പോള്‍ പലരും ആ കഥകളുപയോഗിച്ചു. അത് സിനിമയായപ്പോള്‍ ചര്‍ച്ചാവിഷയമായെന്നുമാത്രം. അക്ഷരങ്ങള്‍ മാത്രമാണ് എനിക്കു കൂട്ട്. പക്ഷേ, എഴുതാന്‍ ഞാന്‍ മടിയനാണ്. ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ എഴുതും. അതാണ് രീതി. ആ എന്നെ എഴുത്തുകാരന്‍ എന്നുവിളിക്കുന്നത്  ഉചിതമല്ല. മണിച്ചിത്രത്താഴ് എന്ന സിനിമ ആളുകള്‍ ഇപ്പോഴും ഓര്‍മിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് സംവിധായകനവകാശപ്പെട്ടതാണ്. പ്രതിഭാധനരായ സാങ്കേതികപ്രവര്‍ത്തകര്‍ക്കുള്ളതാണ് സിനിമ. അക്ഷരങ്ങളുടെ ലോകത്ത് ഒതുങ്ങിക്കഴിയുന്ന എനിക്ക് സിനിമയോട് ആസക്തിയില്ല.''

വഴിത്തിരിവായ കഥ

സിനിമയിലേക്കുള്ള വരവ് അപ്രതീക്ഷിതമായിരുന്നുവെന്ന് അദ്ദേഹം. ''ഞാനെഴുതിയ ഒരു കഥ ഒരു സുഹൃത്ത് ഒരു നോവലെറ്റാക്കി പ്രസിദ്ധീകരിച്ചു. സംവിധായകന്‍ ഫാസിലിന്റെ അയല്‍വാസിയായിരുന്ന അധ്യാപിക ജയാ നായര്‍ അതിനെപ്പറ്റി ഫാസിലിനോട് സംസാരിച്ചു. അതായിരുന്നു വഴിത്തിരിവ്. ആദ്യസിനിമയായ 'എന്നെന്നും കണ്ണേട്ടന്റെ' പിറവി അങ്ങനെയാണ്. 1986-ലായിരുന്നു അത്. 'വര്‍ഷം 16' എന്ന പേരില്‍ അത് തമിഴിലും ഇറങ്ങി. പിന്നീട് 1988-ല്‍ കമലിന്റെ സംവിധാനത്തില്‍ 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍', 1993-ല്‍ 'മണിച്ചിത്രത്താഴ്', 2007-ല്‍ 'ഭരതന്‍ ഇഫക്റ്റ്', 2011-ല്‍ 'കാണാക്കൊമ്പത്ത്' എന്നീ ചിത്രങ്ങളുടെ കഥയും തിരക്കഥയും നിര്‍വഹിച്ചു.''
 
ഒറ്റയ്ക്കുള്ള ജീവിതം

''നമ്മളെല്ലാവരും ഒറ്റയ്ക്കുതന്നെയല്ലേ. സഹോദരങ്ങളില്ല. വിവാഹംകഴിക്കാത്തതിനാല്‍ ബന്ധങ്ങളുടെ ഭാരവുമില്ല. എന്റെ അമ്മ, എന്റെ അച്ഛന്‍, എന്റെ വീട്, എന്റെ വണ്ടി എന്നൊക്കെ പറയാറില്ലേ... പക്ഷേ 'എന്റെ ഞാന്‍' എന്ന് പറയാറുണ്ടോ? ഇല്ലല്ലോ. അതിനര്‍ഥം ഞാന്‍ എനിക്കു സ്വന്തമല്ല എന്നല്ലേ? സൂര്യന്‍ ഒരിടത്തുതന്നെ നില്‍ക്കുകയും, ഭൂമി സൂര്യനെ വലംവെയ്ക്കുകയുമാണു ചെയ്യുന്നത്. ഇത് എല്ലാവര്‍ക്കുമറിയാം. എങ്കിലും സൂര്യന്‍ ദിവസവും ഉദിക്കുന്നെന്നു വിശ്വസിക്കാനാണ് പലര്‍ക്കും ഇഷ്ടം. അതാണ് സത്യവും വിശ്വാസവും തമ്മിലുള്ള വ്യത്യാസം.''

തിരക്കഥാകൃത്ത് കോടതിയിലേക്ക് 

1993 ഡിസംബര്‍ 25-നാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. അന്ന് ആ ചിത്രം വിതരണക്കാരുടെ ഷെയറായി നേടിയത് അഞ്ചുകോടിരൂപയാണ്. ഒരു ചാനല്‍ വര്‍ഷത്തില്‍ 12 തവണ ആ സിനിമ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍, സ്വന്തം കഥയുടെ അവകാശത്തിനുവേണ്ടി സുപ്രീംകോടതിവരെ കയറിയിറങ്ങി പണമില്ലാതെ തോല്‍വി സമ്മതിക്കേണ്ടിവന്ന അനുഭവമാണ് മധു മുട്ടത്തിനുള്ളത്.

''മണിച്ചിത്രത്താഴിന്റെ ചിത്രീകരണത്തിനുശേഷം തിരക്കഥ അന്യഭാഷകളില്‍ അവതരിപ്പിക്കാന്‍ ഞാന്‍ സംവിധായകന്‍ ഫാസിലിനുമാത്രമാണ് അനുമതിനല്‍കിയത്. എന്നാല്‍, മറ്റു തെന്നിന്ത്യന്‍ ഭാഷകളില്‍ സംവിധാനംചെയ്തത് പി. വാസുവാണ്. സിനിമ തിയേറ്ററിലെത്തിയപ്പോഴാണ് അക്കാര്യം ഞാനറിയുന്നത്. എന്റെ പേരിന്റെ സ്ഥാനത്ത് സംവിധായകന്റെ പേരാണ് കണ്ടത്. ഇതിനെതിരേയാണ് ഞാന്‍ കോടതിയില്‍ പോയത്. കഥാവകാശം നിര്‍മാതാവ് വന്‍തുകയ്ക്ക് വിറ്റുവെന്നാണ് അറിയാന്‍കഴിഞ്ഞത്. എന്നാല്‍, അതിന്റെ ഒരുവിഹിതവും എനിക്കുലഭിച്ചില്ല. പണത്തിനുവേണ്ടിയല്ല, കോപ്പിറൈറ്റിനുള്ള അവകാശത്തിനുവേണ്ടിയാണ് ഞാന്‍ കോടതിയില്‍ പോയത്. എല്ലാ അവകാശവും നിര്‍മാതാവിന് എഴുതിക്കൊടുക്കുന്നതാണ് സിനിമാരംഗത്തെ രീതി. എന്നാല്‍, എന്റെ കുഞ്ഞിന്റെ അവകാശം എനിക്കില്ലാതാകുമെന്നു വിശ്വസിച്ചില്ല. സ്വന്തം കുഞ്ഞ് ഉയരങ്ങളിലെത്തുന്നത് സന്തോഷവും അഭിമാനവുമാണ്. എന്നാല്‍, അച്ഛന്റെ പേരുമാറ്റുന്നത് സങ്കടകരമല്ലേ. കോപ്പിറൈറ്റ് എഴുത്തുകാരനാണെന്നു വാദിച്ച് സുപ്രീംകോടതിവരെ പോയി. അപ്പോഴാണ് പണമുണ്ടെങ്കിലേ നീതിക്കുവേണ്ടി പോകാനും കഴിയൂ എന്ന് മനസ്സിലായത്. പണമില്ലാത്തതുകൊണ്ടും ആരും സഹായിക്കാനില്ലാത്തതുകൊണ്ടും കേസ് മുന്നോട്ടുകൊണ്ടുപോകാനായില്ല.''
 
 

രണ്ടാംഭാഗമുണ്ടോ

മണിച്ചിത്രത്താഴിന്റെ വിജയത്തിനുശേഷം ഒരുപാട് നിര്‍മാതാക്കള്‍ കഥയാവശ്യപ്പെട്ട് വന്നിരുന്നു. എല്ലാവരെയും എനിക്കു കൈയൊഴിയേണ്ടിവന്നു. ഒരു മുഴുവന്‍സമയ സിനിമാതിരക്കഥാകൃത്താകാന്‍ എനിക്ക് കഴിയില്ല എന്നതായിരുന്നു കാരണം. സിനിമകൊണ്ടു ജീവിക്കാമെന്നൊരു തീരുമാനമൊന്നും ഞാനെടുത്തിട്ടില്ല. മണിച്ചിത്രത്താഴിന് രണ്ടാംഭാഗമുണ്ടാക്കാമോ എന്ന് പലരും ചോദിച്ചു. എനിക്കതിനു കഴിയില്ല. ആ കഥ അവിടെ തീര്‍ന്നു. മൂന്നാലു തിരക്കഥകള്‍ കൈവശമുണ്ട്. അതിലൊന്ന് സിബി മലയിലിനുവേണ്ടിയുള്ളതാണ്. അത് എന്ന് തുടങ്ങാനാകുമെന്നറിയില്ല. പുതിയ ഒന്നിനെക്കുറിച്ച് ഉടനെ ആലോചിക്കുന്നില്ല. പലരും മോഹിച്ച ഒരു കഥയുടെ തിരക്കഥ പലപ്രാവശ്യം മാറ്റിയെഴുതി. 'ദുലാരി ഹര്‍ഷന്‍' എന്നുപേരിട്ട ഈ സിനിമ മുന്‍പേതന്നെ മോഹന്‍ലാല്‍ അഭിനയിക്കാനാഗ്രഹിച്ചതാണ്. പലകാരണങ്ങളാല്‍ അത് സിനിമയായില്ല. പിന്നെ പലരും വന്നു. എല്ലാവര്‍ക്കും ഇഷ്ടമായി. എന്നാല്‍, പ്രോജക്ട് മുന്നോട്ടുപോയില്ല.

മാടമ്പള്ളി മേടയും ആലുംമൂട്ടില്‍ മേടയും
   
മണിച്ചിത്രത്താഴ് സിനിമ കണ്ടവര്‍ക്ക് മാടമ്പള്ളി മേട മറക്കാനാവില്ല. അത് ഒരു സാങ്കല്പിക കെട്ടിടമല്ല. ശരിയായ പേര് ആലുംമൂട്ടില്‍ മേട എന്നാണ്. ഇവിടെ വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന ഒരു സംഭവത്തിന്റെ സ്വാധീനമാണ് മധു മുട്ടത്തിന് മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്ക് വഴിയൊരുക്കിയത്. അമ്മയുടെ മുന്‍തലമുറയ്ക്ക് ഈ മേടയുമായി ബന്ധമുണ്ടായിരുന്നു. ചരിത്രവും മിത്തുകളും ഇടകലര്‍ന്നുകിടക്കുന്ന ആലുംമൂട്ടില്‍ മേട ആലപ്പുഴ നങ്ങ്യാര്‍കുളങ്ങര മാവേലിക്കര റൂട്ടില്‍ മുട്ടത്താണ്.''അയിത്തം നിലനിന്നിരുന്ന രാജഭരണകാലത്ത് ഈഴവസമുദായത്തിലെ കുടുംബത്തിന് തിരുവിതാംകൂര്‍ മഹാരാജാവ് ചാന്നാന്‍ സ്ഥാനം നല്‍കി ആദരിച്ച ജന്മിത്തറവാടായിരുന്നു ആലുംമൂട്ടില്‍ മേട. മേടയില്‍ പുരുഷന്മാരും എട്ടുകെട്ടില്‍ സ്ത്രീകളുമാണ് താമസിച്ചിരുന്നത്. ഇവിടെവെച്ചാണ് 'ആലുംമൂട്ടില്‍ ചാന്നാന്‍' എന്ന മേടയിലെ കാരണവരും അവിടത്തെ ജോലിക്കാരി പെണ്‍കുട്ടിയും ക്രൂരമായി കൊലചെയ്യപ്പെട്ടത്. മരുമക്കത്തായം നിലനിന്നിരുന്ന അക്കാലത്ത് മരുമക്കള്‍ക്കു ലഭിക്കേണ്ട സ്വത്ത് കാരണവര്‍ മക്കള്‍ക്ക് എഴുതിനല്‍കി എന്നൊരു വാര്‍ത്ത പരന്നു. ഇതറിഞ്ഞ മരുമക്കള്‍ മേടയിലെത്തി ചാന്നാനെ വെട്ടിക്കൊലപ്പെടുത്തി. നിലവറ തുറന്ന് പണ്ടവും പണവുമെല്ലാം കൈക്കലാക്കി. കൊലപാതകത്തിനു ദൃക്സാക്ഷിയായ പെണ്‍കുട്ടിയെയും അവര്‍ കൊലപ്പെടുത്തി. ആലുംമൂട്ടില്‍ മേട ഈ കൊലപാതകങ്ങള്‍ക്കുശേഷം ഭയപ്പെടുത്തുന്ന കഥകളുടെ പ്രചാരകേന്ദ്രമായി. അതൊക്കെ കേട്ടാണ് വളര്‍ന്നത്. ആ അന്തരീക്ഷം സങ്കല്പങ്ങളെ പ്രചോദിപ്പിച്ചിട്ടുണ്ട്.''

Content Highlights: scriptwriter madhu muttam interview his life and movie Manichitrathazhu