ഒ.ടി.ടി.യുടെ വരവോടെ മലയാള സിനിമകള്‍ക്ക് രാജ്യത്താകമാനം വന്‍ സ്വീകാര്യതയാണ് കിട്ടുന്നത്. കഥപറച്ചില്‍ കൊണ്ടും സംവിധാന മികവുകൊണ്ടും മലയാള സിനിമകള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയാകാറുമുണ്ട്. ഒ.ടി.ടി. സജീവമാകുന്നതിന് മുമ്പ് ഒരുപാട് മലയാള സിനിമകള്‍ റീമേക്ക് ചെയ്ത് പലഭാഷകളിലുമെത്തിയിട്ടുണ്ട്. റീമേക്ക് ചെയ്ത ചിത്രങ്ങള്‍ അവിടെ ഹിറ്റുമായി. അത്തരത്തില്‍ മലയാളത്തില്‍നിന്ന് ബോളിവുഡിലേക്ക് റീമേക്ക് ചെയ്ത ചിത്രങ്ങള്‍ പരിചയപ്പെടാം.

ദൃശ്യം- ദൃശ്യം

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമായിരുന്നു 'ദൃശ്യം'. മലയാളത്തില്‍ വമ്പന്‍ ഹിറ്റായ ചിത്രം പലഭാഷകളിലേക്കും റീമേക്ക് ചെയ്തു. ബോളിവുഡില്‍ 'ദൃശ്യം' എന്ന പേരില്‍ തന്നെയായിരുന്നു ചിത്രം. നിഷികാന്ത് കമത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ നായകവേഷം ചെയ്തു.

മണിച്ചിത്രത്താഴ്- ഭൂല്‍ ഭുലൈയാ

ശോഭന, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ അഭിനയിച്ച 'മണിച്ചിത്രത്താഴ്'. ഫാസില്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ വന്‍ ഹിറ്റായി. ഈ ചിത്രം കന്നഡ, തമിഴ്, ബംഗാളി അടക്കമുളള ഭാഷകളിലേക്കും റീമേക്ക് ചെയ്തു. 2007-ലായിരുന്നു ഹിന്ദിയില്‍ മണിച്ചിത്രത്താഴിന്റെ റീമേക്ക് പതിപ്പായ 'ഭൂല്‍ ഭുലൈയാ' വരുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അക്ഷയ് കുമാര്‍, വിദ്യാ ബാലന്‍, ഷിനെ അഹുജ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി.

ബോഡിഗാര്‍ഡ്- ബോഡിഗാര്‍ഡ്

2010-ല്‍ റിലീസായ മലയാള ചിത്രമാണ് 'ബോഡിഗാര്‍ഡ്'. സിദ്ദീഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപും നയന്‍താരയും പ്രധാനവേഷങ്ങളിലെത്തി. ഈ ചിത്രം തമിഴ്, കന്നഡ, തെലുഗു, ഹിന്ദി ഭാഷകളില്‍ റീമേക്ക് ചെയ്തു. ബോളിവുഡിലും തമിഴിലും സിദ്ദീഖ് തന്നെയായിരുന്നു സംവിധാനം. ഹിന്ദിയില്‍ സല്‍മാന്‍ ഖാനായിരുന്നു പ്രധാന വേഷത്തില്‍. നയന്‍താര ചെയ്ത റോള്‍, ബോളിവുഡില്‍ കരീന കപൂറായിരുന്നു ചെയ്തത്. 

കഥ പറയുമ്പോള്‍- ബില്ലു

ശ്രീനിവാസന്‍ ബാര്‍ബറായി  തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു 'കഥ പറയുമ്പോള്‍'. മമ്മൂട്ടിയും ചിത്രത്തില്‍ പ്രധാന റോളിലെത്തി. എം. മോഹനന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മീനയായിരുന്നു നായിക. 'ബില്ലു' എന്ന പേരിലാണ് ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്തത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍ പ്രധാനവേഷത്തിലെത്തി. ഷാരൂഖ് ഖാനായിരുന്നു മമ്മൂട്ടി ചെയ്ത റോളില്‍. ലാറ ദത്തയായിരുന്നു നായിക.

മലയാളത്തില്‍ നിന്ന് പിന്നെയും ഒരുപാട് ചിത്രങ്ങള്‍ ബോളിവുഡിലെത്തി. 'പൂച്ചക്കൊരു മൂക്കുത്തി' എന്ന ചിത്രം 'ഹംഗാമ' എന്ന പേരില്‍ പുറത്തിറങ്ങി. 'പഞ്ചാബി ഹൗസ്' എന്ന സിനിമ 'ചുപ് ചുപ് കെ' ആയി. 'ഹല്‍ചല്‍' എന്ന സിനിമ 'ഗോഡ്ഫാദറി'ന്റെ റീമേക്കാണ്. 'ബോയിങ് ബോയിങ്' എന്ന കോമഡി ചിത്രം 'ഗരം മസാല' എന്ന പേരിലായിരുന്നു ഹിന്ദിയിലെത്തിയത്. 'റാംജി റാവു സ്പീക്കിങ്' 'ഹെരാ ഫേരി'യായും 'വെള്ളാനകളുടെ നാട്' 'ഖട്ടാ മീഠാ'യായും ബോളിവുഡിലെത്തി.