സെൻസർഷിപ്പ് കടമ്പകൾ താണ്ടി 'സന്തോഷ്'; കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിലും റിലീസ്

സന്തോഷ് സിനിമയിലെ രംഗം
സന്തോഷ് സിനിമയിലെ രംഗം

ബ്രിട്ടന്റെ കഴിഞ്ഞ വര്‍ഷത്തെ ഓസ്‌കാര്‍ എന്‍ട്രിയായിരുന്ന ഹിന്ദി ചിത്രം 'സന്തോഷ്', ഇന്ത്യയില്‍ റിലീസിനൊരുങ്ങുന്നു. സെന്‍സര്‍ഷിപ്പും സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ചിത്രം റിലീസിനെത്തുന്നത്. കഴിഞ്ഞ വര്‍ഷം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്ത ഈ ചിത്രത്തിന് ഇന്ത്യയില്‍ തിയേറ്റര്‍ റിലീസ് അനുവദിച്ചിരുന്നില്ല.

സന്ധ്യ സൂരി സംവിധാനം ചെയ്ത്, ഷഹാന ഗോസ്വാമിയും സുനിത രാജ്വാറും അഭിനയിച്ച 'സന്തോഷ്' ഒക്ടോബര്‍ 17-ന് ലയണ്‍സ്‌ഗേറ്റ് പ്ലേയില്‍ ഡിജിറ്റലായി പുറത്തിറങ്ങും. തന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന സിനിമയാണിതെന്ന് പ്രധാനനടി ഷഹാന ഗോസ്വാമി പറയുന്നു.

'മനോഹരമായി എഴുതിയ കഥ, സത്യസന്ധമായി ചിത്രീകരിച്ചിരിക്കുന്നു. നമ്മളെല്ലാവരും ചേര്‍ന്ന് സൃഷ്ടിച്ച, നാം ജീവിക്കുന്ന ലോകത്തിന് നേരെ പിടിച്ച കണ്ണാടിയാണിത്. എഴുത്തുകാരിയും സംവിധായികയുമായ സന്ധ്യ സൂരി അര്‍ത്ഥവത്തായതും ഹൃദയസ്പര്‍ശിയുമായ ഒന്നാണ് ഒരുക്കിയിരിക്കുന്നത്. 2024-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ യാത്ര തുടങ്ങി ലോകമെമ്പാടും ഈ ചിത്രം പ്രദര്‍ശിപ്പിച്ചു. നിരൂപകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഒരുപോലെ വലിയ പ്രശംസ നേടുകയും ചെയ്തു.

'സന്തോഷി'ലെ എല്ലാ അഭിനേതാക്കളും മികച്ചവരാണ്. പ്രത്യേകിച്ച് സുനിത രാജ്വാർ. വളരെ സങ്കീര്‍ണ്ണമായ ഒരു കഥാപാത്രത്തെ അവര്‍ ഗംഭീരമായി അവതരിപ്പിച്ചു. അവരോടൊപ്പം പ്രവര്‍ത്തിക്കുന്നതും അവര്‍ കഥാപാത്രമായി മാറുന്നത് കാണുന്നതും ഒരു സന്തോഷമായിരുന്നു. ഇന്ത്യയിലുള്ള എല്ലാവര്‍ക്കും ഒടുവില്‍ ഈ സിനിമ കാണാന്‍ കഴിയുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്' നടി പറഞ്ഞു.

ഭര്‍ത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ പോലീസ് ജോലി ലഭിക്കുന്ന ഒരു യുവ വിധവയുടെ കഥയാണ് 'സന്തോഷ്'. എന്നാല്‍ ഒരു ദളിത് പെണ്‍കുട്ടിയുടെ ബലാത്സംഗ-കൊലപാതക കേസിന്റെ അന്വേഷണച്ചുമതല ലഭിക്കുമ്പോള്‍ അവരുടെ പ്രതീകാത്മകമായ നിയമനം ഒരു തിരിച്ചറിവായി മാറുന്നു. ലോകമെമ്പാടും പ്രശംസ നേടിയ ഈ ചിത്രം, ഇന്ത്യയിലെ ജാതീയമായ കുറ്റകൃത്യങ്ങളെയും പോലീസിങ്ങിനെയും സെന്‍സിറ്റീവായി കൈകാര്യം ചെയ്തതിന്റെ പേരില്‍ പ്രകീര്‍ത്തിക്കപ്പെട്ടു.

കഴിഞ്ഞ വര്‍ഷം അവസാനവും പിന്നീട് 2025-ന്റെ തുടക്കത്തിലും ഇന്ത്യയില്‍ റിലീസ് ചെയ്യേണ്ടിയിരുന്നതാണ് ഈ ചിത്രം. എന്നാല്‍ വെട്ടിച്ചുരുക്കലുകള്‍ ഇല്ലാതെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) വിസമ്മതിച്ചു. അതുകാരണമാണ് റിലീസ് നടക്കാതെ പോയത്.

'പ്രേക്ഷകര്‍ ഈ സിനിമ കാണണമെന്നും ഞങ്ങള്‍ അതില്‍ എന്താണ് ചെയ്തതെന്ന് മനസ്സിലാക്കണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. പക്ഷേ സെന്‍സര്‍ ബോര്‍ഡ് അസാധ്യമായത്ര എഡിറ്റുകളാണ് ആവശ്യപ്പെടുന്നത്.' അന്ന് നടി സുനിത രാജ്വാര്‍ പറഞ്ഞു.

സന്ധ്യ സൂരി സംവിധാനം ചെയ്ത് ഗുഡ് കയോസ്, സിനിഫ്രാന്‍സ് സ്റ്റുഡിയോസ്, മെറ്റ്ഫിലിം പ്രൊഡക്ഷന്‍ എന്നിവര്‍ നിര്‍മ്മിച്ച 'സന്തോഷ്' 2025-ലെ ഓസ്‌കാറിനുള്ള ബ്രിട്ടന്റെ ഔദ്യോഗിക എന്‍ട്രിയായിരുന്നു. ഡിസംബറിലെ ലോങ്ലിസ്റ്റില്‍ ഇടം നേടിയെങ്കിലും നോമിനേഷന്‍ ലഭിച്ചില്ല.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: hindi film `santosh`, britain`s oscar entry, set for India release after a year-long censorship battle. premiered at cannes, it tackles sensitive social issues.