ജയിലിൽ പോലും മറാഠി പഠിക്കാൻ പറ്റിയില്ലെന്ന് സഞ്ജയ് ദത്ത്, വേദിയിൽ മറാഠി സംസാരിക്കണമെന്ന് മന്ത്രിയും

മഹാരാഷ്ട്രയിൽ മറാഠി ഭാഷ കർശനമാക്കുന്ന നടപടികൾ വലിയ വിവാദമാകുന്ന സമയമാണിത്. ഇപ്പോഴിതാ ബോളിവുഡ് നടൻ സഞ്ജയ് ദത്ത് തന്റെ തനതു ശൈലിയിൽ അത്തരമൊരു ആവശ്യം നിരസിച്ചതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. മുംബൈയിലെ ഒരു ചടങ്ങിൽ മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക്കിന്റെ ആവശ്യമാണ് (speak Marathi) തമാശരൂപേണ അദ്ദേഹം നിരസിച്ചത്. ഞായറാഴ്ച ഒന്നിച്ച് വേദി പങ്കിടുന്നതിനിടെ മന്ത്രി അദ്ദേഹത്തോട് മറാഠിയിൽ സംസാരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ താരം തന്നെക്കുറിച്ച് തന്നെ ഒരു തമാശ പറഞ്ഞ് വിഷയം വേഗത്തിൽ വഴിതിരിച്ചുവിട്ടു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചടങ്ങിന്റെ വീഡിയോകളിൽ സഞ്ജയ് ദത്തും സർനായിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കൊപ്പം വേദിയിൽ നിൽക്കുന്നത് കാണാം. അപ്പോൾ മന്ത്രിയിങ്ങനെ പറഞ്ഞു- “ഈ ദിവസങ്ങളിൽ ഞാൻ എല്ലാവരെയും മറാഠി പഠിപ്പിക്കുകയാണ്.” മുംബൈയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് നഗരത്തിൽ ജോലി തുടരാൻ മറാഠി വാചകങ്ങളിൽ അടിസ്ഥാന അറിവ് വേണമെന്ന് മന്ത്രിയുടെ വകുപ്പ് അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവിനെ സൂചിപ്പിച്ചായിരുന്നു ഇത്. വിവാദ ഉത്തരവ് നഗരത്തിൽ വലിയ ചർച്ചകൾക്കു വഴിവെക്കുകയും ചെയ്തു. ചിരിച്ചുകൊണ്ട് മന്ത്രി മറാഠിയിൽ തുടർന്നു, “അതുകൊണ്ട് ഇവിടെ വന്നശേഷം നമുക്കെല്ലാവർക്കും സഞ്ജയ് ദത്തിനെക്കൊണ്ട് മറാഠിയിൽ സംസാരിപ്പിക്കാമെന്ന് ഞാൻ കരുതി. അദ്ദേഹം ഹിന്ദിയിലാണ് സംസാരിക്കുന്നത്, പക്ഷേ നമ്മൾക്കെല്ലാവർക്കും മറാഠിയറിയാം.”
തുടർന്ന് മൈക്ക് എടുത്ത സഞ്ജയ് ദത്ത് മറുപടി നൽകി, “പ്രതാപ് ഭായ്, ഞാൻ യേർവാഡ ജയിലിൽ 6 വർഷം കഴിഞ്ഞു. എന്നിട്ടുമെനിക്ക് മറാഠി പഠിക്കാൻ കഴിഞ്ഞില്ല. ഞാൻ കുറച്ചൊക്കെ പഠിച്ചിരുന്നു.” തന്റെ പഴയ സുഹൃത്തും സഹോദരനുമാണ് സർനായിക്കെന്നും സഞ്ജയ് പറഞ്ഞു. “എന്നെ ഇവിടെ വിളിച്ചതിന് പ്രതാപ് ഭായിയോട് ഞാൻ നന്ദി പറയുന്നു. ഞങ്ങളുടെ ബന്ധത്തിന് വളരെ പഴക്കമുണ്ട്, 25 വർഷമായി.”
അതേസമയം, നടൻ സാഹചര്യം കൈകാര്യം ചെയ്ത രീതിയെ ചിലർ പ്രശംസിച്ചു. “സഞ്ജയ് ദത്തിനോ സൽമാൻ ഖാനോ മാത്രമേ ഒരു മന്ത്രിയെ ഇങ്ങനെ എതിർക്കാനും ഒപ്പം പുഞ്ചിരിക്കാനും കഴിയൂ,” എന്നായിരുന്നു വീഡിയോക്ക് താഴെ വന്ന ഒരു കമന്റ്. “അദ്ദേഹം സ്റ്റൈലായി അത് അവഗണിച്ചു.” നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഈ ഇളവില്ലെന്ന വൈരുധ്യവും ചിലർ ചൂണ്ടിക്കാണിച്ചു. അതേസമയം, 50 വർഷത്തിലേറെയായി മുംബൈയിൽ താമസിച്ചിട്ടും, യേർവാഡ ജയിലിൽ 6 വർഷം ചെലവഴിച്ചിട്ടും സഞ്ജയ് ദത്തിന് മറാഠി പഠിക്കാനാവാത്തതിനെ ചിലർ പരിഹസിക്കുകയും ചെയ്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sanjay Dutt humorously declined Maharashtra minister Pratap Sarnaik's request to speak in Marathi on stage., The actor joked about his time in Yervada Jail to deflect the situation., The incident sparked polarising reactions on social media regarding language and privilege.