‘ജയിലിൽ എന്റെ താടി വടിക്കാനെത്തിയത് ഇരട്ടക്കൊല ചെയ്‌തൊരാൾ; സംഭവിച്ച കാര്യങ്ങളിൽ സങ്കടമില്ല’

തമിഴിലും തെലുഗുവിലും ബോളിവുഡിലുമായി സിനിമയിൽ സജീവമാവുകയാണ് നടൻ സഞ്ജയ് ദത്ത്. കെ.ജി.എഫ് 2, ലിയോ, ജവാൻ, ദ ഭൂത്‌നി, ഹൗസ്ഫുൾ 5...അദ്ദേഹത്തിന്റേതായി ചിത്രങ്ങളുടെ നീണ്ടനിര തന്നെയാണ് പുറത്തിറങ്ങിയത്. ഏറ്റവുമൊടുവിൽ റിലീസായ 'ബാഗി 4'-ലും നല്ല റോളാണ് സഞ്ജയ്ക്കുള്ളത്. സിനിമയും നല്ല പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.
കാൻസർരോഗം, അറസ്റ്റ്, സ്വകാര്യജീവിതത്തിലെ പ്രശ്‌നങ്ങൾ തുടങ്ങിയ ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് സഞ്ജയ് വീണ്ടും സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അനധികൃതമായി ആയുധം കൈവശം വച്ച കേസിൽ 1993-ലാണ് സഞ്ജയ് അറസ്റ്റിലാവുന്നത്. അഞ്ചുവർഷത്തോളം ജയിലിൽ കഴിയേണ്ടിയും വന്നു.
ഇപ്പോൾ ജയിലിൽ കഴിഞ്ഞ വർഷങ്ങളെക്കുറിച്ച് ഓർത്തെടുക്കുകയാണ് സഞ്ജയ് ദത്ത്. 'ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യിലാണ് സഞ്ജയ് അക്കാലത്തെക്കുറിച്ച് പറഞ്ഞത്. താനവിടെ കുറേ ജോലികൾ ചെയ്തുവെന്നും അതിനെല്ലാം പ്രതിഫലം കിട്ടിയെന്നും സഞ്ജയ് പറയുന്നു.
''കുറേ ജോലികൾ ചെയ്തു. മരംകൊണ്ടുള്ള കസേരകളുണ്ടാക്കി, പേപ്പർ ബാഗുകളുണ്ടാക്കി. പിന്നെ ഞാനൊരു റേഡിയോ സ്‌റ്റേഷൻ തുടങ്ങി. ജയിലിനുള്ളിലേക്ക് മാത്രമായുള്ളത്. റേഡിയോയിൽ കുറേ പരിപാടികൾ ചെയ്തു. അതിനെല്ലാം ശമ്പളം കിട്ടി. പിന്നെ കോമഡി പരിപാടികൾ അവതരിപ്പിച്ചു. മൂന്നോ നാലോ പേർ ചേർന്നായിരിക്കും അതിനുള്ള തിരക്കഥ തയ്യാറാക്കുക. അതും കൂടാതെ നാടകട്രൂപ്പ് തുടങ്ങി. ഞാനായിരുന്നു സംവിധായകൻ. മറ്റുള്ള അന്തേവാസികൾ അതിൽ അഭിനയിച്ചു. ഇങ്ങനെ എല്ലാ സമയവും വിനിയോഗിച്ചു''.
ഒരു കൊലപാതകി തന്റെ താടിവടിച്ചുതന്ന കഥയും സഞ്ജയ് വിവരിച്ചു. ''എനിക്ക് താടിയുണ്ടായിരുന്നു. അത് വടിക്കാനായി ഒരാളെ ഏൽപിച്ചു. അയാൾ റേസർ പുറത്തെടുത്തപ്പോൾ, എത്ര കൊല്ലമായി ജയിലിൽ എത്തിയിട്ടെന്ന് ഞാൻ ചോദിച്ചു. 15 വർഷമെന്ന് മറുപടി. എന്താണ് കുറ്റമെന്ന് വീണ്ടും ചോദിച്ചു. ഇരട്ടക്കൊലപാതകമെന്ന് അയാൾ പറഞ്ഞു. അപ്പോഴേക്കും റേസർ എന്റെ കഴുത്തിനടുത്തെത്തിയിരുന്നു. അതോടെ പേടിച്ച് ഞാൻ അയാളുടെ കൈ തടഞ്ഞു''.
ഒരു ചോദ്യത്തിനുള്ള മറുപടിയായി സഞ്ജയ് ഇങ്ങനെ പറഞ്ഞു, ''എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യത്തെക്കുറിച്ചും എനിക്ക് ഖേദമില്ല. അച്ഛനും അമ്മയും നേരത്തെ മരിച്ചുവെന്ന കാര്യത്തിൽ മാത്രമാണ് എനിക്കേറെ സങ്കടമുള്ളത്''.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Sanjay Dutt reveals his prison experiences, from starting a radio station to having a double-murderer as his barber