പതിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം അഭിനയരംഗത്തേക്ക്; സമീറ റെഡ്ഡിയുടെ ആ തീരുമാനത്തിനുപിന്നില്‍ മകനോ?

ഒരു ദശാബ്ദത്തിലേറെയായി വെള്ളിത്തിരയില്‍ നിന്ന് വിട്ടുനിന്നതിന് ശേഷം നടി സമീറ റെഡ്ഡി സിനിമയിലേക്ക് തിരിച്ചുവരുകയാണ്. മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച സമീറയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം 2024-ല്‍ പുറത്തിറങ്ങിയ 'നാം'ആയിരുന്നു. അജയ് ദേവഗണ്‍ സഹതാരമായ ചിത്രം 2005-ല്‍ ചിത്രീകരിച്ചെങ്കിലും ഏകദേശം രണ്ട് ദശാബ്ദത്തോളം റിലീസ് വൈകി. 2013-ല്‍ കന്നഡ ആക്ഷന്‍ ഡ്രാമയായ 'വരദനായക'യിലും അവര്‍ പ്രധാന വേഷം ചെയ്തിരുന്നു. അടുത്തതായി 'ചിമ്നി' എന്ന ഹൊറര്‍ ഡ്രാമയിലാണ് അവര്‍ പ്രത്യക്ഷപ്പെടുന്നത്. തന്റെ മകളെ നിയന്ത്രിക്കുന്ന ഒരു ആത്മാവുമായി പോരാടുന്നതിനൊപ്പം നഷ്ടങ്ങള്‍ നേരിടുന്ന ഒരമ്മയുടെ കഥയാണ് ചിമ്നി പറയുന്നത്. ചിത്രത്തിന്റെ ടീസറിനൊപ്പം സമീറയുടെ ലുക്കും ചർച്ചയാകുന്നു.
വീട്ടിലുണ്ടായ ഒരു സംഭാഷണമാണ് തന്റെ തിരിച്ചുവരവിന് കാരണമായതെന്ന് സമീറ വെളിപ്പെടുത്തി. അവസാനമായി അഭിനയിച്ചത്. ഒരു വര്‍ഷം മുന്‍പ്, 2008-ലെ ഹിറ്റ് ചിത്രം റേസ് കണ്ടതിന് ശേഷം മകന്‍ ഹന്‍സ് ചോദിച്ചു, ‘അമ്മയെ ഇപ്പോള്‍ സിനിമയില്‍ കാണാനേയില്ലല്ലോ. അമ്മ എന്താ ഇപ്പോള്‍ അഭിനയിക്കാത്തത്?' ' നിന്നെയും നിന്റെ സഹോദരിയെയും നോക്കുന്ന തിരക്കിലായിരുന്നു ഞാന്‍,' എന്ന് മറുപടി നല്‍കി. എന്റെ തീരുമാനം ഒന്നുകൂടി പരിശോധിക്കാന്‍ അവന്റെ ചോദ്യം എന്നെ സഹായിച്ചു.' അവര്‍ ഓര്‍ത്തെടുത്തു.
പതിമൂന്ന് വര്‍ഷത്തിന് ശേഷം ഒരു സിനിമാ സെറ്റിലേക്ക് മടങ്ങിയെത്തുമ്പോള്‍ സമീറയ്ക്ക് അല്പം പരിഭ്രമം ഉണ്ടായിരുന്നു. എന്നാല്‍ 'ആക്ഷന്‍ എന്ന് കേട്ട നിമിഷം ദീര്‍ഘനാളായി ഉറങ്ങിക്കിടന്നിരുന്ന നടി ഉണരുകയും സംവിധായകന്റെ കാഴ്ചപ്പാടിനനുസരിച്ച് അഭിനയിക്കാൻ സാധിച്ചെന്നും സമീറ പറയുന്നു.
സമീറയ്ക്കും ഭര്‍ത്താവും സംരംഭകനുമായ അക്ഷയ് വര്‍ദെയ്ക്കും 2015-ലാണ് ഹന്‍സ് ജനിച്ചത്. ഈ ദമ്പതികള്‍ക്ക് നൈറ എന്നൊരു മകള്‍ കൂടിയുണ്ട്.
സിനിമകളില്‍ നിന്ന് വിട്ടുനിന്നെങ്കിലും, സോഷ്യല്‍ മീഡിയയിലൂടെ സമീറ പലപ്പോഴും ശ്രദ്ധനേടിയിരുന്നു. കോവിഡ് കാലത്ത് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോം അവര്‍ ഗൗരവമായി ഉപയോഗിച്ചു. പലപ്പോഴും മറച്ചുവെക്കുന്ന ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു സംസാരിക്കാനാണ് താന്‍ സോഷ്യൽമീഡിയ ഉപയോഗിക്കുന്നതെന്ന് അവര്‍ പറഞ്ഞു. 'പ്രശ്‌നങ്ങള്‍ക്ക് അതീതരായി ആരുമില്ലെന്ന് മനസ്സിലാക്കി, എന്നെ പിന്തുടരുന്ന സ്ത്രീകള്‍ എന്നോട് സംസാരിക്കുമ്പോള്‍ എനിക്ക് സന്തോഷം തോന്നാറുണ്ട്,' അവര്‍ പറഞ്ഞു. രക്ഷിതാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍, ബന്ധങ്ങള്‍, വാര്‍ദ്ധക്യം, ശരീരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് താന്‍ പതിവായി പോസ്റ്റുകള്‍ ഇടാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2002-ല്‍ 'മേനേ ദില്‍ തുഝ്കോ ദിയാ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സമീറ പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 'ഡര്‍നാ മനാ ഹേ' , 'മുസാഫിര്‍', 'ടാക്‌സി നമ്പര്‍ 9211' , 'റേസ്' 'വാരണം ആയിരം' 'വേട്ടൈ' തുടങ്ങി മികച്ച ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Sameera Reddy discusses her return to cinema after over a decade