എനിക്ക് 1000 കോടിയുടെ സിനിമകളില്ല, പക്ഷേ ഞാൻ സന്തോഷവതിയാണ്- സാമന്ത റൂത്ത് പ്രഭു

സാമന്ത റൂത്ത് പ്രഭു/ AFP
സാമന്ത റൂത്ത് പ്രഭു/ AFP

അഭിനയത്തിനപ്പുറം എല്ലാവിഷയങ്ങളിലും തന്റേതായ കാഴ്ചപ്പാടുള്ള താരമാണ് സാമന്ത റൂത്ത് പ്രഭു. ഫാഷന്റേയും ഗോസിപ്പുകളുടെയും കോളങ്ങളിൽ സാമന്ത സ്ഥിരസാന്നിധ്യമാണ്. തനിക്ക് ബാധിച്ച മയോസൈറ്റിസ് എന്ന രോഗത്തെക്കുറിച്ച് വളരെ നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു.

രോഗപ്രതിരോധ സംവിധാനത്തെ ബാധിച്ച ഒരു രോഗാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും, താൻ മുൻപുള്ളതിനേക്കാളും ശക്തയാണെന്നും ജീവിതത്തോടും ജോലിയോടും ഇപ്പോൾ ഒരു പുതിയ കാഴ്ചപ്പാടാണുള്ളതെന്നും അടുത്തിടെ താരം വ്യക്തമാക്കുകയുണ്ടായി.

എഐഎംഎ-യിൽ നടന്ന ലീഡർഷിപ്പ് കോൺക്ലേവിൽ, കഴിയുന്നത്ര ജോലി ചെയ്യുന്നതിനെക്കുറിച്ച് ആശങ്കപ്പെട്ടിരുന്ന തൻ്റെ പഴയ രീതിയിൽ നിന്ന് എങ്ങനെയാണ് താൻ മാറിയതെന്ന് സാമന്ത തുറന്നുപറഞ്ഞു. “പണ്ട് എന്റേതായി ഒരു വർഷം അഞ്ച് സിനിമകൾ വരെ റിലീസ് ചെയ്യുമായിരുന്നു, കാരണം അതായിരുന്നു ഒരു വിജയിച്ച നടിയുടെ ലക്ഷണം. അഞ്ച് സിനിമകൾ, ഒരു വലിയ ബ്ലോക്ക്ബസ്റ്റർ, കൂടാതെ മികച്ച 10 നടിമാരുടെ പട്ടികയിൽ ഇടംപിടിക്കുകയും വേണമായിരുന്നു.

ഏറ്റവും വലിയ മൾട്ടിനാഷണൽ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിക്കാൻ അത് ആവശ്യമായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി എൻ്റെ ഒരു സിനിമ പോലും റിലീസ് ചെയ്തിട്ടില്ല, ഞാൻ ഒരു പട്ടികയിലുമില്ല. എനിക്ക് 1000 കോടിയുടെ സിനിമകളില്ല, പക്ഷേ ഞാൻ എൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷവതിയായ നിമിഷങ്ങളിലാണ്.” തൻ്റെ പുതിയ ശാന്തമായ ജീവിതരീതിയെക്കുറിച്ച്  സംസാരിക്കുമ്പോൾ, ഒരു നടിയെന്ന നിലയിലുള്ള ജീവിതം നെെമിഷികമാണെന്നും അതിന് അധികം ആയുസ്സില്ലെന്നും സാമന്ത സമ്മതിച്ചു.

“ഒരു അഭിനേതാവിന് കുറഞ്ഞ കാലയളവേയുള്ളൂ എന്ന് ഞാൻ കരുതുന്നു. താരപദവിയും പ്രശസ്തിയും അംഗീകാരവുമൊക്കെ തലയ്ക്ക് പിടിക്കാൻ സാധ്യതയുണ്ട്. ഒരു ചെറിയ നിമിഷത്തേക്ക് അതെല്ലാം നിങ്ങളുടേത് മാത്രമാണെന്ന് നമ്മളെല്ലാവരും ചിന്തിച്ചേക്കാം. എന്നാൽ അത് ശരിയല്ല. ഒരു താരമാകുമ്പോൾ ഒരുപാട് ഭാഗ്യവും അനുഗ്രഹവും ലഭിക്കുന്നുണ്ട്. അത് പൂർണ്ണമായും നമ്മളുടെ മാത്രം പ്രയത്നമല്ല. ഒരു നടി എന്ന നിലയിലുള്ള എൻ്റെ കരിയർ എന്റെ സ്വകാര്യ ജീവിതത്തേക്കാൾ വലിയ സ്വാധീനമുണ്ടാക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു” – അവർ പറഞ്ഞു.

പണ്ട്, ഓരോ വെള്ളിയാഴ്ചയും സമ്മർദ്ദം നിറഞ്ഞ മോശം മാനസികാവസ്ഥയായിരുന്നു ഉണ്ടായിരുന്നതെന്നും സാമന്ത ഓർത്തെടുത്തു. “ഞാൻ വളരെ ദുർബലയായിരുന്നു. ഓരോ വെള്ളിയാഴ്ചയും മാറ്റങ്ങൾ കൊണ്ടുവരും, നാളെ ആരെങ്കിലും എൻ്റെ സ്ഥാനം തട്ടിയെടുക്കുമെന്നും ഞാൻ ഒഴിവാക്കപ്പെടുമെന്നും ഉള്ള ഉത്കണ്ഠ എനിക്കുണ്ടായിരുന്നു. എൻ്റെ ആത്മാഭിമാനം മുഴുവൻ ആ വെള്ളിയാഴ്ചയിലെ കണക്കുകൂട്ടലുകളെ ആശ്രയിച്ചായിരുന്നു.”

വരുൺ ധവാനോടൊപ്പം ആമസോൺ പ്രൈം വീഡിയോയുടെ ആക്ഷൻ-ത്രില്ലർ സീരീസായ 'സിറ്റാഡേൽ: ഹണി ബണ്ണി'യിലാണ് സാമന്ത റൂത്ത് പ്രഭു അവസാനമായി അഭിനയിച്ചത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Samantha Ruth Prabhu opens up about her health journey, career evolution, and finding peace beyond acting.