30 വയസ്സിനിളയ രശ്മിക മന്ദാനയുടെ നായകനായി സല്‍മാന്‍ ഖാന്‍, സിക്കന്ദറിന് വിമര്‍ശനവും

രശ്മിക മന്ദാനക്കിത് നല്ലകാലമാണ്. ആദ്യസിനിമകള്‍ വിജയിച്ചതിനു പിന്നാലെതന്നെ നാഷണല്‍ ക്രഷ് എന്ന വിളിപ്പേര് രശ്മികയ്ക്ക് ലഭിച്ചിരുന്നു. പിന്നീടങ്ങോട്ട് സൂപ്പര്‍ഹിറ്റ് സിനിമകളില്‍ സൂപ്പര്‍കതാരങ്ങള്‍ക്കൊപ്പം വേഷമിട്ട് അതിവേഗമാണ് സിനിമാരംഗത്ത് രശ്മികയുടെ വളര്‍ച്ച. 'പുഷ്പ'യില്‍ അല്ലു അര്‍ജുനൊപ്പം, 'ആനിമലി'ല്‍ രണ്‍ബീര്‍ കപൂറിനൊപ്പം, 'ഛാവ'യില്‍ വിക്കി കൗശലിനൊപ്പം-ഏറ്റവുമൊടുവില്‍ സല്‍മാന്‍ ഖാനൊപ്പമുള്ള പുതിയ ചിത്രം 'സിക്കന്ദര്‍' റിലീസിനൊരുങ്ങുകയാണ്.
സല്‍മാന്‍ ഖാനും രശ്മിക മന്ദാനയും ഒന്നിക്കുന്ന ആദ്യ ബോളിവുഡ് ചിത്രമാണിത്. 'സിക്കന്ദറി'ലെ ആദ്യഗാനം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 'സൊഹ്‌റ ജബീന്‍' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തില്‍ സല്‍മാന്റെയും രശ്മികയുടെയും റൊമാന്റിക് കെമസ്ട്രി ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. 'സിക്കന്ദറിനും സോഹ്റാജബീനുമൊപ്പം ഈദ് ആഘോഷിക്കൂ' എന്ന ക്യാപ്ഷനോടുകൂടി സല്‍മാന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഗാനം പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, സിനിമ പ്രഖ്യാപിച്ച അന്നുതൊട്ട് സല്‍മാന്‍ ഖാന്റെയും രശ്മികയുടെയും പ്രായം സംബന്ധിച്ച് സംവാദങ്ങള്‍ നടക്കുന്നുണ്ട്. 28 വയസ്സാണ് രശ്മികയ്ക്ക്. സല്‍മാന് 59-ഉം. രശ്മികയേക്കാള്‍ ഇരട്ടിയിലധികം പ്രായമുണ്ട്, സല്‍മാന്റെ മകളാവാനുള്ള പ്രായമേ രശ്മികയ്ക്കുള്ളൂ തുടങ്ങിയ ആരോപങ്ങളാണ് ഉയരുന്നത്. ഇത്രയും പ്രായവ്യത്യാസമുള്ളവര്‍ ഒന്നിച്ച് റൊമാന്റിക് ദൃശ്യങ്ങളിലെത്തുന്നത് അസഹനീയമാണെന്ന് ചിലര്‍ പറയുന്നു. സല്‍മാന്‍ ഖാന്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്നുവെന്ന് മറ്റു ചിലര്‍. ബോളിവുഡില്‍ പ്രായം വെറും നമ്പറാണെന്നും നടന്മാരുടെ പ്രായം അവരുടെ വിജയത്തിന് തടസ്സമാവാന്‍ പാടില്ലെന്നും ചിലര്‍ പറയുന്നു.
സല്‍മാന്‍ ഖാനെയും രശ്മിക മന്ദാനയെയും പ്രധാനകഥാപാത്രങ്ങളാക്കി എ.ആര്‍. മുരുകദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സിക്കന്ദര്‍'. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്ത്രില്‍ ഗ്യാങ്സ്റ്ററുടെ റോളിലാണ് സല്‍മാനെത്തുന്നത്. കാജല്‍ അഗര്‍വാള്‍, സത്യരാജ്, ഷര്‍മാന്‍ ജോഷി തുടങ്ങിയവരും പ്രധാനറോളുകളിലെത്തുന്നുണ്ട്. മാര്‍ച്ച് അവസാനമാണ് ചിത്രം തിയേറ്ററിലെത്തുക. വന്‍ മുതല്‍മുടക്കിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് സാജിദ് നദിയാദ്വാലയാണ്.
Content Highlights: salman khan-rashmika mandanna chemistry sikandar song zohra jabeen