നിങ്ങൾ ‘നഗ്നനായി ആ സീൻ ചെയ്യുമോ?’ വിശാൽ ഭരദ്വാജിന്റെ ചോദ്യത്തെപ്പറ്റി സെയ്ഫ് അലി ഖാൻ

സെയ്ഫ് അലിഖാന്‍ | AFP
സെയ്ഫ് അലിഖാന്‍ | AFP

ഹിന്ദി സിനിമയിലെ ഏറ്റവും മികച്ച സാഹിത്യപരമായ സൃഷ്ടികളിലൊന്നായി ഓർമിക്കപ്പെടുന്ന ചിത്രമാണ് വിശാൽ ഭരദ്വാജിന്റെ 'ഓംകാര'. ഇക്കൊല്ലം ചിത്രം 20 വർഷം പൂർത്തിയാക്കുകയാണ്. ഉത്തരേന്ത്യയിലെ ഉൾനാടുകളിൽ നടക്കുന്ന കഥ, ജാതി, അധികാരം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണിത് നിർമിച്ചത്. ചിത്രത്തിൽ ക്രൂരനായ ലാംഡ ത്യാഗിയുടെ വേഷത്തിലെത്തിയത് നടൻ സെയ്ഫ് അലി ഖാനായിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ഇത്. 

അടുത്തിടെ നൽകിയ അഭിമുഖത്തിൽ, ലാംഡ ത്യാഗിയുടെ ഏറ്റവും ശ്രദ്ധേയമായ രംഗങ്ങളിലൊന്ന് ചിത്രീകരിക്കുന്നതിനിടയിൽ സംവിധായകൻ തന്നോട് അസാധാരണമായ ഒരു കാര്യം ആവശ്യപ്പെട്ടതിനെപ്പറ്റി സെയ്ഫ് ഓർത്തെടുത്തു.

“സിനിമയിലെ ഒരു സംഭവം ഞാൻ ഓർക്കുന്നു. ഒരു കണ്ണാടിയുടെ മുന്നിൽ നിന്ന് നീണ്ട സംഭാഷണമായിരുന്നു അത്. അപ്പോൾ വിശാൽ ജി ചോദിച്ചു, ‘നഗ്നനായി ചെയ്യാമോ? (perform a scene naked)’ അതൊരു ആവേശകരമായ കാര്യമായിരുന്നു, പക്ഷേ സെറ്റിൽ വലിയൊരു ജനക്കൂട്ടം ഉണ്ടായിരുന്നതുകൊണ്ട് ഞാൻ സംശയിച്ചു. അതുകൊണ്ട് ഇങ്ങനെ പറയുകയും ചെയ്തു, ‘നോക്കൂ, നിങ്ങളെന്നെ നഗ്നനായി സംവിധാനം ചെയ്താൽ ഞാൻ ചെയ്യാം.’ ‘ഇല്ല, ഞാൻ ചെയ്യില്ല’ എന്നദ്ദേഹം മറുപടിയും പറഞ്ഞു. അതായിരുന്നു രസകരമായ ഭാഗം,” ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുമായുള്ള സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. 

പിന്നീട് തിരിഞ്ഞുനോക്കുമ്പോൾ, ഈ ആശയം നിരസിച്ചതിൽ തനിക്ക് ഖേദമുണ്ടെന്നും അത് രംഗത്തെ കൂടുതൽ മെച്ചപ്പെടുത്തിയേനെയെന്നും അദ്ദേഹം സമ്മതിച്ചു. “ഇന്നും തിരിഞ്ഞുനോക്കുമ്പോൾ, എനിക്ക് എതിർപ്പുണ്ടാവുമായിരുന്നില്ല. ഒരുപക്ഷേ ഞാൻ ചെയ്തേനെ, കാരണം അദ്ദേഹം പുറകിൽ നിന്ന്, നിഴൽരൂപത്തിൽ ഷൂട്ട് ചെയ്യുന്നു. അത് മനോഹരമായേനെയെന്ന് എനിക്ക് തോന്നുന്നു. ഇന്നെനിക്കത് ചെയ്യാൻ കഴിയും.” അവസാന നിമിഷം ഭരദ്വാജ് രംഗം പൂർണ്ണമായും മാറ്റിയെഴുതി എന്നും സെയ്ഫ് വെളിപ്പെടുത്തി.

അതേസമയം, ലാംഡ ത്യാഗിയാവാൻ ആദ്യം പരിഗണിച്ചത് ആമിർ ഖാനെയായിരുന്നു എന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. അത് സെയ്ഫ് ശരിവെച്ചു. “ആമിർ അദ്ദേഹത്തോട് ചർച്ച നടത്തിയിരിക്കാം, പക്ഷേ വിശാൽ അദ്ദേഹത്തെ തിരികെ വിളിക്കാമെന്ന് പറഞ്ഞിട്ട് എന്നെ വിളിക്കുകയായിരുന്നു. ആമിർ ആഗ്രഹിച്ച രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നില്ല, സ്വീകാര്യവുമായിരുന്നില്ല.”-അദ്ദേഹം പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Omkara completes 20 years of cinematic excellence in 2026., Saif Ali Khan shares a forgotten anecdote about a naked scene request., The mirror scene was improvised to focus on visual storytelling over dialogue., Insights into why Aamir Khan was replaced by Saif Ali Khan for the role of Langda Tyagi.