പിന്നീട് ഒരിക്കലും അവര്‍ക്ക് പഴയ എസ്. ജാനകിയാകാന്‍ കഴിഞ്ഞില്ല

വി. രാമന്‍ എന്ന സംവിധായകനിര്‍മാതാവ് 'കൊഞ്ചും സലങ്കൈ' (കൊഞ്ചുന്ന ചിലങ്ക) എന്ന തമിഴ് സിനിമയുടെ നിര്‍മാണം തുടങ്ങി. ഒരു നാഗസ്വരവിദ്വാന്റെ പ്രണയകഥയാണ് പ്രമേയം. ജമിനി ഗണേശനാണ് നാഗസ്വരവിദ്വാനായി അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ നായികയായി സാവിത്രിയും. ചിത്രത്തില്‍ സ്വാഭാവികമായും നാഗസ്വരത്തിന് വലിയ പ്രാധാന്യമുണ്ട്. അന്ന് തെന്നിന്ത്യയില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നിരുന്ന കാരൈക്കുടി അരുണാചലമാണ് നായകനുവേണ്ടി പശ്ചാത്തലത്തില്‍ നാഗസ്വരം വായിക്കുന്നത്. ഗാനത്തിന്റെ റെക്കോഡിങ് തീരുമാനിച്ചു. അക്കാലത്ത് പി. സുശീല എന്ന ഗായിക തെലുങ്കിലും തമിഴിലും ഉയര്‍ന്നുവരുന്നതേയുള്ളൂ. മലയാളത്തിലാകട്ടെ അവര്‍ രണ്ടോ മൂന്നോ പാട്ടുകളേ പാടിയിട്ടുള്ളൂ. തമിഴിലും തെലുങ്കിലും മലയാളത്തിലും മലയാളിയായ പി. ലീല എന്ന പിന്നണിഗായിക നിറഞ്ഞുനില്‍ക്കുന്ന സമയം.
'ശിങ്കാരവേലനേ... ദേവാ...' എന്ന ആ ഗാനം ആലപിക്കാന്‍ പി. ലീല വന്നു. പാട്ട് പഠിച്ചു. റിഹേഴ്സല്‍ തുടങ്ങി. എത്ര ശ്രമിച്ചിട്ടും അരുണാചലം നാഗസ്വരം വായിക്കുന്ന ശ്രുതിയിലേക്കുയരാന്‍ ആ വലിയ ഗായികയ്ക്ക് കഴിയുന്നില്ല. കെ.എം. ബാലസുബ്രഹ്മണ്യമാണ് ഗാനരചയിതാവ്. എസ്.എം. സുബ്ബയ്യാ നായിഡു സംഗീതസംവിധായകനും (എം.എസ്. വിശ്വനാഥന്റെ ഗുരുവാണ് എസ്.എം. സുബ്ബയ്യാ നായിഡു). പാട്ടുപാടാന്‍ കഴിയാതെ പി. ലീല മടങ്ങി. അടുത്ത ഊഴം പി. സുശീലയ്ക്ക് കിട്ടി. പി. സുശീല വന്ന് പാടിനോക്കി. അവര്‍ക്കും ചില സ്വരങ്ങള്‍ അരുണാചലത്തിന്റെ നാഗസ്വരവുമായി ശ്രുതിചേര്‍ത്ത് പാടാന്‍ കഴിയുന്നില്ല.
അപ്പോള്‍ ആരോ ഒരാള്‍ പറഞ്ഞു, തെലുങ്കില്‍ പുതുതായി വന്ന ഒരു ഗായികയുണ്ട്. ശാസ്ത്രീയസംഗീതം പഠിച്ചിട്ടില്ല. എങ്കിലും ഏത് രാഗവും പാടിക്കൊടുത്താല്‍ അതേ ഭാവത്തില്‍ ശ്രുതി പിഴയ്ക്കാതെ പാടും. അവളെ ഒന്ന് പരീക്ഷിച്ചുനോക്കിയാലോ? യാഥാസ്ഥിതികനായ സംഗീതസംവിധായകന്‍ സുബ്ബയ്യാ നായിഡു ആദ്യം സമ്മതിച്ചില്ല. ഏതായാലും നോക്കാം എന്ന് സംവിധായകനും നിര്‍മാതാവുമായ എം.എ. രാമന്‍. അങ്ങനെ എസ്. ജാനകി വന്നു. അരുണാചലം നാഗസ്വരം വായിച്ചു. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് എസ്. ജാനകി അതേ ശ്രുതിയില്‍ വരികള്‍ പാടി. 'ശിങ്കാരവേലനേ ദേവാ...'ആ പ്രശസ്തഗാനത്തിലൂടെയാണ് തമിഴ് സിനിമയില്‍ എസ്. ജാനകിയുടെ കാലം ആരംഭിക്കുന്നത്.
ഞാന്‍ സിനിമയ്ക്കുവേണ്ടി എഴുതിയ ആദ്യഗാനം പാടിയത് എസ്. ജാനകിയും യേശുദാസും ചേര്‍ന്നാണ്. 'കാട്ടുമല്ലിക'യാണ് ചിത്രം. 1966 ജൂലായ് 9-നാണ് ആ ചിത്രം റിലീസായത്. മദ്രാസിലെ ജനറല്‍ പാറ്റേഴ്‌സണ്‍ റോഡിലുള്ള സ്വാമീസ് ലോഡ്ജില്‍ താമസിച്ചാണ് ഞാനും ബാബുക്കയും (എം.എസ്. ബാബുരാജ്) അതിലെ പാട്ടുണ്ടാക്കിയത്. മദ്രാസില്‍തന്നെ റോയപ്പേട്ടയിലുള്ള ഒരു ഹാളില്‍വെച്ചായിരുന്നു റിഹേഴ്സല്‍. പാട്ട് പഠിക്കാനായി ഭര്‍ത്താവ് പ്രസാദിനോടൊപ്പം എസ്.ജാനകി കാറില്‍ വന്നിറങ്ങിയപ്പോള്‍ അവരെ കാണാനുള്ള ആവേശത്തില്‍ ഞാന്‍ ബാല്‍ക്കണിയില്‍ പോയി നിന്നത് ആവേശത്തോടെ ഓര്‍മിക്കുന്നു. അധികം വൈകാതെ ഒരു വെളുത്ത മോറിസ് മൈനര്‍ കാര്‍ സ്വയം ഡ്രൈവ്‌ചെയ്ത് യേശുദാസും വന്നു.
'താമരത്തോണിയില്‍ താലോലമാടി താനേ തുഴഞ്ഞുവരും പെണ്ണേ...' എന്ന ഗാനത്തിലെ വരികള്‍ പറഞ്ഞുകൊടുത്തപ്പോള്‍ ജാനകിയമ്മ അത് തെലുങ്ക് ലിപിയില്‍ എഴുതിയെടുത്തു. അടുത്തദിവസം തന്നെ ഓര്‍ക്കസ്ട്രയോടൊപ്പം റിഹേഴ്സല്‍ നടന്നു. അതിനുശേഷമായിരുന്നു യഥാര്‍ഥ റെക്കോഡിങ്. പിന്നീട് ഞാനെഴുതിയ എത്രയോ പാട്ടുകള്‍ എസ്. ജാനകി പാടിയിരിക്കുന്നു...തെലുങ്കില്‍ എഴുതിയെടുക്കുന്ന വരികള്‍ ശുദ്ധമായ മലയാളത്തില്‍ അവര്‍ പാടി ഫലിപ്പിക്കുന്നത് കാണുമ്പോള്‍ അദ്ഭുതം തോന്നും.
'മിടുമിടുക്കി'യില്‍ യേശുവിനോടൊപ്പം പാടിയ 'അകലെയകലെ നീലാകാശം...'' എന്ന പാട്ടും (സംഗീതം- ബാബുരാജ് ) 'ഗാനം' എന്ന എന്റെ സിനിമയിലെ 'ആലാപനം... ആലാപനം... അനാദിമധ്യാന്തമീ വിശ്വചലനം...' (സംഗീതം: വി. ദക്ഷിണാമൂര്‍ത്തി...) എന്ന ഗാനവും 'റെസ്റ്റ് ഹൗസി'ല്‍ ജയചന്ദ്രനോടൊപ്പം പാടിയ 'യമുനേ... യമുനേ... യദുകുല രതിദേവനെവിടെ...' (സംഗീതം: എം.കെ. അര്‍ജുനന്‍), 'അര്‍ച്ചനടീച്ചറി'ല്‍ ജയചന്ദ്രനോടൊപ്പം പാടിയ 'ഓരോ നിമിഷവും ഓരോ നിമിഷവും ഓര്‍മയില്‍...' എന്ന ഗാനവും (സംഗീതം: ശ്യാം) 'ശുദ്ധികലശ'ത്തില്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തോടൊപ്പം പാടിയ 'ഓര്‍മകളില്‍ ഒരു സന്ധ്യ തന്‍ ദീപം കൊളുത്തിയാരോ...' ഇങ്ങനെ എത്രയോ പാട്ടുകള്‍. എസ്. ജാനകിക്ക് കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ച പാട്ടുകളില്‍ രണ്ടെണ്ണം ഞാന്‍ എഴുതിയവയാണ്.
ഒരുമിച്ച് പ്രവര്‍ത്തിച്ചകാലത്ത് ചേച്ചിയും അനുജനും പോലെയായിരുന്നു ഞങ്ങള്‍. പലപ്പോഴും എന്നെ ഓര്‍മിപ്പിക്കും, ''എനക്ക് രണ്ടുവയസ്സ് അധികം. നാന്‍ അക്കാ. നീങ്കെ എന്‍ തമ്പി.'' ജാനകിയമ്മയുടെ ഭര്‍ത്താവ് പ്രസാദും എന്റെ സുഹൃത്തായിരുന്നു. ഇത്രയും സുന്ദരമായ ഒരു ദാമ്പത്യം സംഗീതരംഗത്ത് വേറെ ഞാന്‍ കണ്ടിട്ടില്ല. പ്രസാദിന്റെ മരണം ജാനകിയമ്മയുടെ ജീവിതത്തെ ഇരുട്ടിലാഴ്ത്തി. പിന്നീട് ഒരിക്കലും അവര്‍ക്ക് പഴയ എസ്. ജാനകിയാകാന്‍ കഴിഞ്ഞില്ല.
Content Highlights: s janaki legendary singer