പാകിസ്താൻ ചാരയെന്ന് വാർത്ത; അനിതയ്ക്കായി ദാവൂദിന്റെ സംഘം നിർമാതാവിനെ വെടിവെച്ചുകൊന്നു

അധോലോകവുമായുള്ള അടുപ്പത്തിന്റെ പേരിൽ കരിയർ തകർന്ന ഒരുപാട് ബോളിവുഡ് താരങ്ങളുണ്ട്. അതിലൊരാളാണ് അനിത അയൂബ്. പാകിസ്താനിലാണ് ജനനം. കൗമാരത്തിലെത്തിയപ്പോൾ മോഡലിങ്ങിനോടായി താത്പര്യം. കുറേ പരസ്യങ്ങളിൽ അഭിനയിച്ചു. പാകിസ്താൻ സീരിയലുകളിലൂടെയാണ് അഭിനയം തുടങ്ങിയത്. അതിനൊപ്പം തന്നെ മോഡലിങ്ങും കൊണ്ടുപോയി.
ഒരു പരസ്യചിത്രീകരണത്തിനായി ഇന്ത്യയിലേക്ക് വന്നതാണ് അനിതയുടെ ജീവിതം മാറ്റുന്നത്. അവിടെവെച്ച് അവിചാരിതമായി ദേവ് ആനന്ദ് അനിതയെ കണ്ടു. അടുത്ത ചിത്രത്തിലേക്ക് പുതിയ നായികയെ തിരഞ്ഞുകൊണ്ടിരിക്കുന്ന സമയമായിരുന്നു അനിതയുടെ പരസ്യങ്ങൾ കണ്ടിഷ്ടപ്പെട്ടതോടെ നായികയായി അനിത തന്നെ മതിയെന്ന് അദ്ദേഹം ഉറപ്പിച്ചു. 'പ്യാർ കാ തരാന' (1993) എന്ന സിനിമയിലൂടെ അവർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. അനിത ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇടയ്ക്ക് സൽമാൻ ഖാന്റെ 'ബുലുന്ദി'ലേക്ക് അവസരം കിട്ടി. കുറേ സീനുകളിൽ അഭിനയിക്കുകയും ചെയ്തു. എന്നാൽ, ബാക്കി സീനുകൾ പൂർത്തിയാക്കാൻ അവർ വിസമ്മതിച്ചു. നേരത്തെ പറഞ്ഞ കഥയിൽനിന്ന് സംവിധായകൻ ഒട്ടേറെ മാറ്റങ്ങൾ വരുത്തിയതിനെ തുടർന്നാണ് അനിത പിൻമാറിയത്.
പുറകെ മറ്റൊരു സിനിമയിൽ അവസരം കിട്ടിയെങ്കിലും, ആ പ്രോജക്ട് പകുതിവഴിയിൽ ഉപേക്ഷിച്ചു. അതിനുശേഷം 'ഗ്യാങ്സ്റ്റർ' എന്ന ദേവ് ആനന്ദ് സിനിമയിൽ അഭിനയിച്ചു. അത് സൂപ്പർഹിറ്റായി. എങ്കിലും പിന്നീട് അവർക്ക് അവസരങ്ങളൊന്നും ലഭിച്ചില്ല. അനിതയുടെ ബോളിവുഡ് കരിയർ അതോടെ അവസാനിച്ചുവെന്നും പറയാം. രണ്ടുവർഷംകൊണ്ട് അഞ്ചുസിനിമകൾ ചെയ്ത് ബോളിവുഡ് വിട്ടുപോകേണ്ടി വന്നു അവർക്ക്. അതിനൊരു കാരണവുമുണ്ടായിരുന്നു.
ദാവൂദ് ഇബ്രാഹിമിന് അനിതയോട് ഭ്രാന്തമായ പ്രണയമാണെന്ന രീതിയിലുളള വാർത്തകൾ പരന്നു. പലപ്പോഴും പല സ്ഥലങ്ങളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു. അപ്പോഴും ദാവൂദുമായി പ്രണയത്തിലാണെന്ന വാർത്തകളോടൊന്നും അനിത പ്രതികരിച്ചില്ല. അതിനിടയിലാണ് 1995-ൽ ബോളിവുഡ് നിർമാതാവ് ജാവേദ് സിദ്ദീഖ് വെടിയേറ്റുമരിക്കുന്നത്. ദാവൂദ് ഇബ്രാഹിം ആവശ്യപ്പെട്ടിട്ടും അനിതയ്ക്ക് ജാവേദ് അവസരം കൊടുത്തില്ലെന്നും അതിന്റെ പ്രതികാരമായിട്ടാണ് കൊലയെന്നുമൊക്കെ റിപ്പോർട്ടുകൾ വന്നു. അനിതയ്ക്ക് ദാവൂദുമായി ബന്ധമുണ്ടെന്ന വാർത്തകൾക്ക് ഈ കൊലപാതകം കൂടുതൽ ശക്തി പകർന്നു.
അതിനുപിന്നാലെ പാകിസ്താനി പത്രത്തിൽ ഒരു വാർത്ത വന്നു. അനിത പാകിസ്താൻ ചാരയാണെന്ന് ബോളിവുഡിൽ പലരും സംശയിക്കുന്നുവെന്നായിരുന്നു വാർത്ത. അതോടെ പലരും അനിതയെ സംശയത്തോടെ നോക്കി. ജാവേദിന്റെ കൊലപാതകവും, പുതിയ വാർത്തകളുമെല്ലാം അവരെ ബോളിവുഡിൽനിന്ന് അകറ്റി. അവസരങ്ങളെല്ലാം നഷ്ടപ്പെട്ടു. ഇനി അവസരമില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ അനിത തിരിച്ച് പാകിസ്താനിലെത്തി. അതേവർഷം ഗുജറാത്തി വ്യവസായിയെ വിവാഹം കഴിച്ച് ന്യൂയോർക്കിൽ സ്ഥിരതാമസമാക്കി. ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. പിന്നീട് മറ്റൊരു വിവാഹം കഴിച്ച് വിദേശത്തേക്ക് തന്നെ തിരിച്ചുപോയി. ഇന്ന് തികച്ചും സ്വകാര്യമായൊരു ജീവിതം നയിക്കുകയാണ് അനിത.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: pakistani actress anita ayoob bollywood journey and alleged link with dawood ibrahim