സംഘാടകരുടെ സ്‌നേഹം തേങ്ങാക്കുലയുടെ രൂപത്തില്‍ സിദ്ദിഖ്-ലാലിനെ തഴുകി

സിദ്ദിഖ്-ലാല്‍ എന്ന പേര് മലയാളികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. മിമിക്രി കാലം തൊട്ടേ തുടങ്ങിയ സൗഹൃദം. ആ സൗഹൃദം സിനിമയ്ക്കും മുതല്‍ക്കൂട്ടായി. അവരൊരുമിക്കുമ്പോള്‍ മിമിക്രി കാലത്തെ തമാശകളായിരുന്നു അവരെ എപ്പോഴും ചിരിപ്പിച്ചിരുന്നത്. അങ്ങനെ എന്നും പൊട്ടിച്ചിരിപ്പിക്കുന്ന ഒരു സംഭവം അവര്‍ പിന്നീട് പലപ്പോഴും ഓര്‍ത്തെടുത്തിരുന്നു. കോട്ടയത്തുനടന്ന ആ പരിപാടിയുടെ സംഘാടകരുടെ സ്‌നേഹം മൂലം സിദ്ദിഖിനും ലാലിനും കിട്ടിയത് എട്ടിന്റെ പണിയാണ്. അതിനെക്കുറിച്ച് ഒരിക്കല്‍ അവര്‍ പറഞ്ഞതിങ്ങനെ. ''പരിപാടി കഴിഞ്ഞപ്പോള്‍ സംഘാടകര്‍ക്ക് വലിയ സ്നേഹം. പല സമ്മാനങ്ങളും തന്നു. പോരാന്‍ നേരത്ത് വേദിയുടെ മുന്നില്‍ കെട്ടിത്തൂക്കിയിരുന്ന ചെന്തെങ്ങിന്‍ കുലകളും അവര്‍ വണ്ടിയിലേക്കെടുത്തുവെച്ചു. പോകുന്ന വഴി കഴിക്കാല്ലോയെന്നൊരു ഡയലോഗും. രാത്രി ഓരോരുത്തരെ പലയിടങ്ങളില്‍ ഇറക്കി അവസാനം ഞാനും സിദ്ദിഖും മാത്രമായിരുന്നു കലാഭവനില്‍ ഇറങ്ങാനുണ്ടായിരുന്നത്. അവിടെ നിന്ന് പാതിരാത്രി തേങ്ങാക്കുലകളും തൂക്കി വീട്ടിലേക്കു നടക്കുമ്പോള്‍ പോലീസ് പിടിച്ചു. രാത്രി തേങ്ങാ മോഷ്ടിക്കാനിറങ്ങിയതാണ് ഞങ്ങളെന്നാണ് അവര്‍ കരുതിയത്. ഞങ്ങളുടെ കൈയിലുണ്ടായിരുന്ന കവറില്‍ ജുബ്ബയും പാന്റും കണ്ടതോടെ വേഷം മാറി സഞ്ചരിക്കുന്ന കള്ളന്‍മാരാണെന്ന് പോലീസ് ഉറപ്പിക്കുകയും ചെയ്തു. കള്ളന്‍മാരല്ലെന്ന് എത്ര പറഞ്ഞിട്ടും അവര്‍ വിശ്വസിച്ചില്ല. ഒടുവില്‍ പുല്ലേപ്പടിയിലുള്ള ഒരു ചായക്കടയില്‍ പോയി അവിടത്തെ ആളെക്കൊണ്ട് ഞങ്ങളെ അറിയാമെന്നു പറയിച്ചപ്പോഴാണ് പോലീസ് വിട്ടത്.''
Content Highlights: Remembering Director Sidhique