'എന്റെ മരണശേഷം അവരെന്നെ സ്നേഹത്തോടെ ഓര്‍ത്താല്‍, അതാണ് മറ്റേത് അവാര്‍ഡിനേക്കാളും വലുത്'

കഥാപാത്രങ്ങളില്‍നിന്ന് കഥാപാത്രങ്ങളിലേക്കുള്ള കൂടുമാറ്റത്തിനിടയില്‍ ഒരിക്കല്‍ സുകുമാരിയമ്മ ഇങ്ങനെ പറഞ്ഞു, ''സിനിമയില്‍ മോശപ്പെട്ട കഥാപാത്രം എന്നൊന്നില്ല. കൈയില്‍ കിട്ടുന്നതെല്ലാം നല്ല വേഷങ്ങളായി കണക്കാക്കണം,'' അതായിരുന്നു അവരുടെ വിജയവും. ഏത് വേഷം ചെയ്യുന്നതിനും അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. ആ വേഷങ്ങളില്‍ അഭിനയിക്കുമ്പോഴെല്ലാം, അതിനൊരു സുകുമാരി ടച്ച് നല്‍കാനും അവര്‍ക്ക് കഴിഞ്ഞു.
കുറുമ്പും അസൂയയും ദേഷ്യവും ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന വാത്സല്യവും...സുകുമാരിയമ്മയെ കുറിച്ചാലോചിക്കുമ്പോള്‍ ഇതെല്ലാം ചേര്‍ന്ന അവരുടെ മുഖമാണ് മനസ്സിലേക്ക് കടന്നുവരിക. കാക്കത്തൊള്ളായിരം കഥാപാത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച് കടന്നുപോയ ആ അതുല്യപ്രതിഭ. നാടകം, നൃത്തം, സിനിമ...അവര്‍ കൈവെക്കാത്ത മേഖലകള്‍ കുറവായിരിക്കും. അതിലെല്ലാം അവര്‍ അങ്ങേയറ്റം വിജയിക്കുകയും ചെയ്തു.
തിരുവിതാംകൂര്‍ സഹോദരിമാരെന്നറിയപ്പെടുന്ന ലളിത, പത്മിനി, രാഗിണിമാരുടെ കസിന്‍ എന്ന വിലാസമായിരുന്നു സുകുമാരിക്ക് ആദ്യമുണ്ടായിരുന്നത്. അവിടുന്നാണ് മികച്ച അഭിനേത്രി എന്ന പദവിയിലേക്ക് അവര്‍ നടന്നുകയറിയത്. ചെറുപ്രായത്തില്‍ തിരുവിതാംകൂര്‍ സഹോദരിമാരുടെ കൂടെ ചെന്നൈയിലെത്തിയപ്പോഴാണ് സുകുമാരിയുടെ ജീവിതം മാറിമറിയുന്നത്. അവിടെവെച്ച് കഥകളി, ഭരതനാട്യം തുടങ്ങിയവയെല്ലാം പഠിച്ചു.
നാടകങ്ങളിലൂടെയും നൃത്തവേദികളിലൂടെയുമാണ് സുകുമാരി എന്ന കലാകാരി വളര്‍ന്നത്. ഏഴാമത്തെ വയസ്സ് മുതല്‍ സഹോദരിമാരുടെ ഡാന്‍സ് ട്രൂപ്പിന്റെ ഭാഗമായി ഇന്ത്യയിലും വിദേശത്തും കുറേ നൃത്തപരിപാടികള്‍ അവതരിപ്പിച്ചു. ചോ രാമസ്വാമിയുടെ നാടകങ്ങളിലായിരുന്നു പ്രധാനമായും അഭിനയിച്ചിരുന്നത്. ചോ രാമസ്വാമിക്കൊപ്പം എത്രയോ വേദികള്‍ പങ്കിട്ടു.
തികച്ചും അവിചാരിതമായിട്ടാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. പത്മിനി അഭിനയിക്കുന്ന ഒരിരവ് എന്ന സിനിമയുടെ ഷൂട്ടിങ് കാണാനായെത്തിയതായിരുന്നു അവള്‍. സംവിധായകന്‍ വിട്ടില്ല. സിനിമയിലെ പാട്ടുസീനില്‍ ആ പെണ്‍കുട്ടിയെയും അഭിനയിപ്പിച്ചു. അന്നവള്‍ക്ക് പത്തുവയസ്സ് പ്രായം. 1956-ല്‍ പുറത്തിറങ്ങിയ കൂടപ്പിറപ്പ് എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. കൊട്ടാരക്കര ശ്രീധരന്‍നായരുടെ ജോഡിയായി അഭിനയിക്കേണ്ടിയിരുന്ന നടി എത്താതെയായപ്പോള്‍ നൃത്തസംഘത്തിലംഗമായ സുകുമാരിക്ക് അവസരം ലഭിക്കുകയായിരുന്നു.
ഹാസ്യസിനിമകളിലൂടെയാണ് കൂടുതല്‍ ശ്രദ്ധേയയാവുന്നത്. 'ബോയിങ് ബോയിങ്ങി'ല്‍ കണ്ണും കാതുമടച്ച് ഒരു യന്ത്രത്തെപ്പോലെ പണിയെടുക്കുന്ന ഡിക്കമ്മായി, 'പൂച്ചക്കൊരു മൂക്കുത്തി'യിലെ രേവതിയമ്മ, 'വന്ദന'ത്തിലെ കര്‍ക്കശസ്വഭാവക്കാരിയായ വീട്ടുടമസ്ഥ മാഗിയാന്റി, 'തലയണമന്ത്ര'ത്തിലെ അസോസിയേഷന്‍ സെക്രട്ടറിയായ സുലോചന തങ്കപ്പന്‍, 'ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റി'ലെ മിസിസ് വര്‍ക്കി, 'അരപ്പട്ട കെട്ടിയ ഗ്രാമ'ത്തിലെ മാളുവമ്മ, 'മഴത്തുള്ളിക്കിലുക്ക'ത്തിലെ കിക്കിലി ചേട്ടത്തി, 'റാംജിറാവു സ്പീക്കിങ്ങി'ലെ അമ്മ...അങ്ങനെ പോകുന്നു അവര്‍ ചെയ്ത കഥാപാത്രങ്ങള്‍. കൂളിങ് ഗ്ലാസും സ്ലീവ്ലെസ് ബ്ലൗസും ബോബ് ചെയ്ത മുടിയുമായാല്‍ സുകുമാരി തനി മോഡേണ്‍ ലേഡിയാവും. ഒരു മുണ്ടും നേരിയതുമിട്ട് നെറ്റിയിലൊരു ചന്ദനക്കുറിയുമിട്ടാല്‍ നല്ലൊരു മുത്തശ്ശിയും...രണ്ടും പൂര്‍ണതയുടെ അങ്ങേയറ്റം. ഭാവങ്ങള്‍ മാറാന്‍ സുകുമാരിക്ക് നിമിഷങ്ങള്‍ പോലും വേണ്ടിവന്നിരുന്നില്ല.
നോവിച്ച് കടന്നുപോയ കഥാപാത്രങ്ങളാണ് 'മിഴികള്‍ സാക്ഷി'യിലെ നബീസയും 'ദശരഥ'ത്തിലെ മാഗിയും. നബീസയായി നിറഞ്ഞാടിയപ്പോള്‍ ഒരു ദേശീയപുരസ്‌കാരം സുകുമാരിയെ തേടിയെത്തുമെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും, അത് കിട്ടിയില്ല. ഒരഭിമുഖത്തില്‍ അവര്‍ പറഞ്ഞതിങ്ങനെ. ''ഏതാണ്ട് 50-ഓളം അഭിനേതാക്കളുടെ അമ്മയായി അഭിനയിച്ചു ഞാന്‍. എന്റെ മരണശേഷം അവരൊക്കെ എന്നെ സ്നേഹത്തോടെ, അവരുടെ സ്വന്തം അമ്മയെപ്പോലെ ഓര്‍ക്കുകയാണെങ്കില്‍, മറ്റേത് അവാര്‍ഡിനേക്കാളും വിലമതിക്കുന്നത് അതിനായിരിക്കും''.
60 വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന അഭിനയജീവിതത്തില്‍ 2500-ലേറെ സിനിമകളില്‍ സുകുമാരി അഭിനയിച്ചു. ഹിന്ദി, മലയാളം, തമിഴ്, തെലുഗു, ഹിന്ദി, ഒറിയ, കന്നഡ, ബംഗാളി തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചപ്പോഴും, അതിലെല്ലാം ഡബ്ബ് ചെയ്തിരുന്നതും അവര്‍ തന്നെയായിരുന്നു. നാലുതവണ മികച്ച സഹനടിക്കുള്ള സംസ്ഥാനപുരസ്‌കാരം ലഭിച്ചു. ഒരുതവണ മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരവും. 2010-ല്‍ നമ്മ ഗ്രാമം എന്ന സിനിമയ്ക്കാണ് ദേശീയപുരസ്‌കാരം ലഭിച്ചത്. 2003-ല്‍ രാജ്യം അവര്‍ക്ക് പത്മശ്രീ നല്‍കി ആദരിച്ചു.
പത്തൊമ്പതാമത്തെ വയസ്സില്‍ സിനിമാസംവിധായകനായ എ.ഭീംസിങ്ങിനെ വിവാഹം കഴിച്ചു. അവര്‍ക്ക് ഒരുമകന്‍ മാത്രമാണുള്ളത്. ഒരു സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് ഭര്‍ത്താവ് മരിക്കുന്നത്. ചടങ്ങുകള്‍ കഴിഞ്ഞ് മൂന്നാം ദിവസം അവര്‍ സെറ്റിലെത്തി. ''വീട്ടില്‍നിന്നിറങ്ങുമ്പോള്‍ മകനോട് അവര്‍ പറഞ്ഞതിങ്ങനെ. വീട്ടിലേക്ക് വരുന്നവര്‍ ഇന്നോ നാളെയോ തിരിച്ചുപോവും. നാളെ നിന്നെ പഠിപ്പിക്കണമെങ്കില്‍ ഞാന്‍ ജോലി ചെയ്തേ പറ്റൂ...''അന്നവര്‍ക്ക് പ്രായം 38 വയസ്സ്. തകര്‍ന്നുപോകുന്ന അവസ്ഥയിലും അവര്‍ പിടിച്ചുനിന്നു. മകനെ ഡോക്ടറാക്കണമെന്ന മോഹമാണ് അവരെ മുന്നോട്ടുനയിച്ചത്.
സ്നേഹവും ഭക്തിയുമായിരുന്നു അവര്‍ക്കേറ്റവും പ്രിയപ്പെട്ടത്. ഷൂട്ടിങ്ങില്ലാത്തപ്പോഴും അവര്‍ ചിലപ്പോഴൊക്കെ സെറ്റുകളിലെത്തിയിരുന്നു. അതും വെറുംകൈയോടെയല്ല. കൈനിറയെ നുറുക്കും പഴവടയും ഉണ്ടമ്പൊരിയുമൊക്കെയുണ്ടാവും. വരുന്ന വഴിയിലുള്ള ബേക്കറികളിലെല്ലാം കയറി, കുറേ പലഹാരങ്ങളുമായാണ് സെറ്റിലെത്തുക. അതെല്ലാവര്‍ക്കും വീതിച്ചുകൊടുക്കും. സെറ്റുകളില്‍ ഭക്ഷണം വിളമ്പാനും സുകുമാരിയമ്മ മുന്നില്‍ത്തന്നെയുണ്ടാവും. താരങ്ങളെന്നോ ടെക്നീഷ്യന്‍സെന്നോ ഭേദമൊന്നും കാണിച്ചിരുന്നില്ല.
പ്രൊഡക്ഷന്‍ ബോയ്‌സിന്റെ കൂടെയിരുന്ന് വിളമ്പിക്കൊടുക്കാനും അവരുടെ കാര്യങ്ങള്‍ നോക്കാനുമുണ്ടാവും സുകുമാരിയമ്മ. പത്മശ്രീ കിട്ടിയപ്പോള്‍ അവര്‍ പറഞ്ഞതിങ്ങനെ, ''എനിക്ക് ദാഹിക്കുമ്പോള്‍ ഒരു ഗ്ലാസ് വെള്ളം എടുത്തുതരുന്നത് പ്രൊഡക്ഷന്‍ ബോയ്‌സാണ്. അവര്‍ക്കുകൂടി അവകാശപ്പെട്ടതാണ് ഈ പുരസ്‌കാരം''. സെറ്റിലെത്തിയാല്‍ അവര്‍ ഏറ്റവുമാദ്യം തിരക്കുക, അടുത്തെവിടെയെങ്കിലും ക്ഷേത്രങ്ങളുണ്ടോ എന്നാവും. എത്ര വയ്യെങ്കിലും ക്ഷേത്രത്തില്‍ പോവുന്നത് അവര്‍ മുടക്കിയിരുന്നില്ല. ക്ഷേത്രത്തില്‍ പോവാനും ആരെയും ബുദ്ധിമുട്ടിക്കില്ല. ആരുമറിയാതെ തന്റെ കാര്യങ്ങളും അഭിനയവും അവര്‍ ഒരുമിച്ച് കൊണ്ടുപോയി.
2013 മാര്‍ച്ചിലാണ് സുകുമാരിയമ്മ മരിക്കുന്നത്. വീട്ടില്‍ വിളക്ക് കൊളുത്തുമ്പോള്‍ അതില്‍നിന്ന്, അവരുടെ ദേഹത്തേക്കും തീപടരുകയായിരുന്നു. കുറച്ചുദിവസങ്ങള്‍ ആസ്പത്രിയില്‍ കിടന്നു. അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രത്യേകനിര്‍ദേശമനുസരിച്ച് സുകുമാരിയമ്മയ്ക്ക് സാധ്യമായ എല്ലാ ചികിത്സകളും ആസ്പത്രി അധികൃതര്‍ നല്‍കി. എന്നിട്ടും പെട്ടെന്നുണ്ടായ ഹൃദയസ്തംഭനം മരണകാരണമായി.
Content Highlights: remembering actress sukumari on her birth anniversary