പൊതിച്ചോറ് നീക്കിവെച്ച് മിണ്ടാതെ നിന്ന അച്യുതന്‍നായരെ എങ്ങനെ മറക്കാനാണ്;തിലകനെക്കുറിച്ച് മോഹൻലാൽ

ചങ്ങനാശ്ശേരി ഗീഥയുടെ 'മണ്ണ്' എന്ന നാടകത്തില്‍ അഭിനയിക്കുകയായിരുന്നു ആ വലിയ നടന്‍. അന്നാണ് ആ മുഖം എന്റെ മനസ്സിലേക്ക് ആദ്യമായി തറഞ്ഞിറങ്ങുന്നത്. 1967-68 കാലഘട്ടത്തിലായിരിക്കണം അത്. ഞാനന്ന് ചെറിയ കുട്ടിയായിരുന്നു. കെ.സുരേന്ദ്രനാഥ തിലകന്‍ എന്ന തിലകന്‍ചേട്ടനെ അരങ്ങില്‍ വെച്ച് കണ്ടത് നിയോഗമോ നിമിത്തമോ ആയിരിക്കാം. പിന്നീട് തിലകന്‍ ചേട്ടനഭിനയിച്ച ഒറ്റ നാടകവും കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. പക്ഷേ, ആ നടനവൈഭവം നേരിട്ടനുഭവിക്കാനുള്ള അപൂര്‍വഭാഗ്യം കാലം എനിക്ക് തന്നു, സിനിമയിലെ കഥാപാത്രങ്ങളിലൂടെ...!
ആക്ഷനും കട്ടിനും ഇടയിലുള്ള വളരെ ചെറിയ നിമിഷങ്ങള്‍മാത്രമാണ് സിനിമയില്‍ ഒരു നടന്റെയും നടിയുടെയും ജീവിതദൈര്‍ഘ്യം. ആ നിമിഷങ്ങളില്‍ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കുന്നതില്‍ പല ഘടകങ്ങളും പങ്കുചേരും. ഒരു കഥാപാത്രംമാത്രം രംഗത്തുവരുന്ന ഷോട്ടുകളില്‍നിന്ന് വളരെ വ്യത്യസ്തമാണ് ഓരോ കോമ്പിനേഷന്‍ സീനും. അന്നേരം കൂടെ അഭിനയിക്കുന്ന പലരുടെയും പ്രകടനം കണ്ട് എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്. അതുപോലെതന്നെ തിരിച്ചും സംഭവിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ എന്റെ പല കഥാപാത്രങ്ങളും പൂര്‍ണതയില്‍ എത്തിച്ചതില്‍ ഒരുപാട് അഭിനയപ്രതിഭകള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത പങ്കുണ്ട്. അത്തരത്തില്‍ ഒരിക്കലും മറക്കാത്ത അനുഭവങ്ങള്‍ എനിക്ക് സമ്മാനിച്ച നടനാണ് തിലകന്ചേട്ടന്.
എനിക്കുമുന്‍പില്‍ എന്നും സൗമ്യനായിരുന്നു തിലകന്‍ ചേട്ടന്‍
'എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് തിലകന്‍ചേട്ടനെ നേരില്‍ പരിചയപ്പെടുന്നതെങ്കിലും ആ സിനിമയില്‍ ഞങ്ങള്‍ക്ക് കോമ്പിനേഷന്‍ സീന്‍ ഇല്ലായിരുന്നു. ഏതാണ്ട് ഒരേ കാലയളവിലായിരുന്നു ഞങ്ങള്‍ സിനിമയില്‍ വന്നത്. കോളേജ് പഠനം കഴിഞ്ഞ് സിനിമകളുടെ തിരക്കുകളിലേക്ക് ഞാന്‍ ഒഴുകിയെത്തുമ്പോള്‍ ഒരുപാട് കഥാപാത്രങ്ങള്‍ അരങ്ങിലാടിയ അനുഭവവുമായി തിലകന്‍ചേട്ടനും സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു തുടങ്ങിയിരുന്നു. അദ്ദേഹത്തിനൊപ്പം അഭിനയിക്കുക എന്നത് ഏതൊരു ആര്‍ട്ടിസ്റ്റിനും ലഭിക്കുന്ന ഭാഗ്യമായിരുന്നു. കാണുമ്പോള്‍ പരുക്കനാണെന്ന് തോന്നുമെങ്കിലും എനിക്കുമുന്‍പില്‍ എന്നും സൗമ്യനായിരുന്നു തിലകന്‍ ചേട്ടന്‍. വേഷപ്പകര്‍ച്ചകള്‍ക്ക് കട്ട് പറഞ്ഞാല്‍ പിന്നീട് പലപ്പോഴും അദ്ദേഹം സംസാരിക്കുന്നത് സമ്പന്നമായ ഒരു നാടകകാലത്തെ കുറിച്ചാണ്. പല സെറ്റുകളില്‍ നിന്നും തിലകന്‍ചേട്ടന്റെ വാക്കുകളിലൂടെ ഞാന്‍ ആ കാലത്തെ അടുത്തറിഞ്ഞിട്ടുണ്ട്.
മലയാളത്തിലെ എക്കാലത്തെയും വലിയ നടന്മാരായ പി.ജെ.ആന്റണി സാറിനെയും കൊട്ടാരക്കര സാറിനെയും പോലെ അരങ്ങിലെ അനുഭവങ്ങളില്‍ നിന്നാണ് തിലകന്‍ എന്ന നടനമഹിമയും വളര്‍ന്നു പന്തലിച്ചത്. എന്റെ നാടകതാല്പര്യത്തെ കുറിച്ചൊക്കെ പലപ്പോഴും തിലകന്‍ ചേട്ടന്‍ ചോദിച്ചറിയുമായിരുന്നു. 'കര്‍ണ്ണഭാര'ത്തിലും 'ഛായാമുഖി'യിലും ഞാന്‍ അഭിനയിച്ചപ്പോള്‍ ആ നാടകം കാണാതെ തന്നെ അരങ്ങിനോടുള്ള എന്റെ അഭിനിവേശത്തെക്കുറിച്ച് പലരോടും അദ്ദേഹം വാചാലനായിട്ടുമുണ്ട്. പക്ഷേ, ഞങ്ങള്‍ക്കൊരുമിച്ച് ഒരു നാടകത്തില്‍ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായില്ല. അങ്ങനെയൊന്ന് സംഭവിച്ചിരുന്നുവെങ്കില്‍ അത് എന്റെ അഭിനയജീവിതത്തിലെ പുണ്യങ്ങളിലൊന്നാകുമായിരുന്നു.
സിനിമയില്‍ അച്ഛന്റെ സ്ഥാനത്ത് തിലകന്‍ചേട്ടൻ
നാടകത്തില്‍ നിന്നും സിനിമയിലെത്തിയ ഒരുപാട് പ്രഗത്ഭര്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരങ്ങളുണ്ടായെങ്കിലും തിലകന്‍ചേട്ടനൊപ്പമുള്ള കോമ്പിനേഷന്‍ സീനുകള്‍ പലപ്പോഴും നടനെന്ന നിലയില്‍ മനസ്സിനെ വല്ലാതെ ഉലച്ചുകളയാറുണ്ട്. എന്റെ അച്ഛന്‍ വേഷങ്ങളിലുള്ള അദ്ദേഹത്തിന്റെ പ്രകടനങ്ങളിലാണ് അത് ഏറെ ദൃശ്യമായത്. 'കിരീടം', 'ചെങ്കോല്‍', 'സ്ഫടികം', 'നരസിംഹം'... തുടങ്ങിയ സിനിമകളില്‍ അച്ഛനും മകനുമായി ഞങ്ങള്‍ വന്നപ്പോള്‍ സ്‌നേഹിച്ചും മത്സരിച്ചുമുള്ള അഭിനയമായിരുന്നു. കിരീടത്തിലെ അച്യുതന്‍ നായര്‍ എന്ന പാവം പോലീസുകാരനെ എങ്ങനെ മറക്കാനാണ്. അച്ഛന്റെയും പോലീസുകാരന്റെയും വികാരങ്ങളെ ഒരുപോലെ പകര്‍ന്നാടിയ അച്യുതന്‍ നായര്‍. ലോക്കപ്പില്‍ വെച്ച് മകനെ മര്‍ദ്ദിച്ചശേഷം ഇറങ്ങിപ്പോകുന്ന അച്യുതന്‍ നായര്‍ തിരിച്ചുവരുന്നത് ഒരു പൊതിച്ചോറും കൊണ്ടാണ്. ആ രംഗത്ത് പൊതിച്ചോറ് എനിക്കരികിലേക്ക് നീക്കിവെച്ച് ഒരക്ഷരം ഉരിയാടാനാകാതെ ഇരിക്കുന്ന അച്ഛ്യുതന്‍ നായരുടെ അവസ്ഥ, തിലകനെന്ന നടന്റെ ഭാവപ്പകര്‍ച്ചകള്‍ ഒരിക്കലും മറക്കാനാകില്ല. ഇങ്ങനെ എത്രയോ നിമിഷങ്ങള്‍, ഒരുമിച്ചഭിനയിച്ചപ്പോള്‍ ഞങ്ങളുടെ കണ്ണുനിറയിച്ചിട്ടുണ്ട്. പലപ്പോഴും സിനിമയില്‍ എന്റെ അച്ഛന്റെ സ്ഥാനത്ത് തിലകന്‍ചേട്ടനും അമ്മയുടെ സ്ഥാനത്ത് പൊന്നമ്മ (കവിയൂര്‍ പൊന്നമ്മ)ചേച്ചിയും എത്തുമ്പോള്‍ പ്രേക്ഷകര്‍ക്കെന്ന പോലെ എനിക്കും അതൊരു വിസ്മയമായിരുന്നു.
സിനിമയിലെ എന്റെ നായകന്മാര്‍ക്കു മുന്‍പില്‍ വേറിട്ട എത്രയോ കഥാപാത്രങ്ങളെ അമ്പരപ്പിക്കുന്ന രീതിയില്‍ കാഴ്ചവെച്ച നടനാണ് തിലകന്‍ചേട്ടന്‍. 'പഞ്ചാഗ്നി', 'അഭയംതേടി', 'നാടോടിക്കാറ്റ്', 'കിലുക്കം', 'മണിച്ചിത്രത്താഴ്', 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍', 'ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്', 'ഇവിടം സ്വര്‍ഗമാണ്'...ഒരു നിമിഷത്തെ ഓര്‍മയില്‍ എത്രയോ സിനിമകള്‍ മനസ്സില്‍ പെയ്തിറങ്ങുന്നു. ശിവാജി ഗണേശന്‍ സാറിനൊപ്പം ഞങ്ങളൊരുമിച്ച 'ഒരു യാത്രാമൊഴി'യില്‍ രണ്ടോ മൂന്നോ സീനുകളില്‍ മാത്രമേ തിലകന്‍ചേട്ടന്റെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നുള്ളൂ. ആ രംഗങ്ങളിലെ പ്രകടനം പോലും പ്രേക്ഷകര്‍ക്കെന്ന പോലെ ഞങ്ങള്‍ക്കും അദ്ഭുതമായിരുന്നു. ഓരോ വേഷങ്ങള്‍ക്കും തന്റെ ആത്മാവ് പറിച്ചു നല്‍കുന്നതുപോലുള്ള സമര്‍പ്പണമാണ് തിലകന്‍ചേട്ടന്‍ നല്കിയത്. അതുകൊണ്ടുതന്നെയാവാം 'പെരുന്തച്ചനും', 'മൂന്നാംപക്ക'വും, 'കിരീട'വും നടനത്തിന്റെ തിലകപര്‍വ്വമായി ഇന്നും നിലകൊള്ളുന്നതും. അഭിനയമികവിന് എത്രയോ വലിയ പുരസ്‌കാരങ്ങള്‍ തിലകന്‍ചേട്ടന് ലഭിക്കേണ്ടിയിരുന്നു.
വിലക്കുകള്‍ ഉണ്ടായപ്പോഴും ഞങ്ങളുടെ സ്‌നേഹബന്ധത്തെ അത് മുറിപ്പെടുത്തിയില്ല
മുപ്പതുവര്‍ഷം നീണ്ട ഞങ്ങളുടെ സൗഹൃദത്തില്‍ ഒരിക്കല്‍ പോലും വ്യക്തിപരമായി എന്നെ വേദനിപ്പിക്കുന്ന രീതിയിലുള്ള ഒരനുഭവവും തിലകന്‍ചേട്ടനില്‍ നിന്നും ഉണ്ടായിട്ടില്ല. സിനിമയിലെ കാര്യങ്ങള്‍ക്ക് അദ്ദേഹം കലഹിച്ചപ്പോഴും വിലക്കുകള്‍ ഉണ്ടായപ്പോഴും ഞങ്ങളുടെ സ്‌നേഹബന്ധത്തെ അത് മുറിപ്പെടുത്തിയില്ല. അദ്ദേഹത്തിന് എന്നെയും എനിക്ക് അദ്ദേഹത്തെയും വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസവും സ്‌നേഹവും ഞങ്ങള്‍ എന്നും സൂക്ഷിച്ചു. അപ്രതീക്ഷിതമായി ഒരു സ്‌ട്രോക്ക് വന്ന് എന്റെ അമ്മ കിടപ്പിലായപ്പോഴും ആ സ്‌നേഹം വാക്കുകളായി എനിക്കരികിലെത്തി. അമ്മയെ അദ്ദേഹത്തിന്റെ പരിചയത്തിലുള്ള ഒരു ഡോക്ടറെ കാണിക്കാമെന്നൊക്കെ പറഞ്ഞു. ആ വാക്കുകള്‍ എനിക്ക് വലിയ ആശ്വാസമായിരുന്നു. ഒരച്ഛന്റെ സ്‌നേഹസാന്ത്വനങ്ങള്‍ പോലെ.
ആശുപത്രി കിടക്കയിലെ കുറേ നാളത്തെ കിടപ്പിനൊടുവില്‍ ഇനിയൊരു പകര്‍ന്നാട്ടത്തിന് കാത്തുനില്ക്കാതെ തിലകന്‍ചേട്ടന്‍ ഓര്‍മയായപ്പോള്‍ ഞാന്‍ കേരളത്തിലില്ലായിരുന്നു. അകലെയിരുന്ന് ആ ഓര്‍മകളിലേക്ക് ഞാന്‍ വെറുതെയൊരു സഞ്ചാരം നടത്തി. ഓര്‍ക്കുമ്പോള്‍ എല്ലാം യാദൃശ്ചികമാണ്. സിനിമയില്‍ ആദ്യം ഞങ്ങളൊരുമിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മയിലെ പോലെ അവസാനം അഭിനയിച്ച 'സ്പിരിറ്റി'ലും ഞങ്ങള്‍ക്ക് കോമ്പിനേഷന്‍ സീനുകള്‍ ഇല്ലായിരുന്നു. ഇനിയൊരു സേതുമാധവനോ ആടുതോമയോ ഇന്ദുചൂഢനോ ഉണ്ടായില്ലെന്നു വരാം. പക്ഷേ, എന്നെങ്കിലും അതിനുസമാനമായ കഥാപാത്രങ്ങള്‍ പുനര്‍ജ്ജനിക്കുകയാണെങ്കില്‍ ഞാന്‍ ചിന്തിച്ചെന്നു വരാം 'എന്റെ അച്ഛന്റെ റോളില്‍ തിലകന്‍ചേട്ടനായിരുന്നുവെങ്കില്‍....!'
Content Highlights: remembarance of actor thilakan by mohanlal