സ്ത്രീകള്‍ തമ്മിലുള്ള ചുംബനം വിമര്‍ശിക്കപ്പെട്ടു,പടം നഷ്ടത്തിലായി;ബോളിവുഡിനും തകര്‍ച്ച താങ്ങാനായില്ല

പ്രശസ്തസംവിധായകനാണ് കമല്‍ അംറോഹി. മഹല്‍, ദെയ്‌റ, മജ്‌നൂന്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ചലച്ചിത്രകാരന്‍. പ്രശസ്തനടി മീനാ കുമാരിയുടെ പങ്കാളി കൂടിയായിരുന്നു അംറോഹി. എന്നാല്‍, പലപ്പോഴും മീനാകുമാരിക്ക് അംറോഹിയില്‍നിന്ന് ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെന്ന് അവരുടെ ജീവചരിത്രകാരന്‍ പറയുന്നു. ഒടുവില്‍ മീനാകുമാരി കമലിന്റെ വീടുവിട്ടിറങ്ങുകയും ചെയ്തു. മീനാകുമാരിയുടെ അവസാനചിത്രമായ 'പകീസ' സംവിധാനം ചെയ്തത് കമലാണ്. പതിനാറ് വര്‍ഷങ്ങള്‍ക്കുമുമ്പ് തുടക്കമിട്ട ആ സിനിമയുടെ ചിത്രീകരണത്തിനായി, അസുഖങ്ങള്‍ക്കിടയിലും മീനാകുമാരി എത്തുകയായിരുന്നു. അങ്ങനെ പ്രശ്‌നങ്ങള്‍ക്കിടയിലും മീനാ കുമാരിയും കമലും ഒരുമിച്ച് ആ സിനിമ പൂര്‍ത്തിയാക്കി.
അതിനുശേഷം രണ്ടുസിനിമകള്‍ കൂടി സംവിധാനം ചെയ്യാനേ കമലിന് കഴിഞ്ഞുള്ളൂ. 1983-ല്‍ റിലീസ് ചെയ്ത 'റസിയ സുല്‍ത്താന്‍' അദ്ദേഹത്തിന്റെ അവസാനചിത്രമായി. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍സിനിമയിലെ തന്നെ ഏറ്റവും വലിയ പരാജയചിത്രങ്ങളിലൊന്നായും അതുമാറി. അത് കമലിനെയും ആ സിനിമയുമായി ബന്ധപ്പെട്ടവരെയും മാത്രമല്ല ബാധിച്ചതെന്നതാണ് സത്യം.
ഡല്‍ഹി രാജവംശത്തിലെ സുല്‍ത്താനയായ റസിയയുടെ കഥ. സുല്‍ത്താനയും അബിസീനിയന്‍ അടിമയായ യാക്കൂത് ജമാലുദ്ദീനും തമ്മിലുണ്ടായിരുന്നെന്ന് പറയപ്പെടുന്ന പ്രണയമാണ് ചിത്രത്തിന് പ്രമേയമായത്. കമലിന്റെ സ്വപ്‌നചിത്രമെന്ന രീതിയിലാണ് ചിത്രീകരണം തുടങ്ങിയത്. അതുകൊണ്ടുതന്നെ കയ്യും കണക്കുമില്ലാതെ പണം ചെലവാക്കി, അത്ര വിപുലമായ രീതിയിലായിരുന്നു ഷൂട്ടിങ്. പത്തുകോടി രൂപയായിരുന്നു നിര്‍മാണച്ചെലവ്. ഏഴുവര്‍ഷത്തോളമെടുത്താണ് പൂര്‍ത്തിയാക്കിയത്.
ആയിരക്കണക്കിന് അണിയറപ്രവര്‍ത്തകരും സാങ്കേതികപ്രവര്‍ത്തകരും സിനിമയുടെ ചിത്രീകരണത്തിനുണ്ടായിരുന്നു. ഒരുഘട്ടത്തില്‍ പണം തികയില്ലെന്ന് മനസ്സിലായപ്പോള്‍ അംറോഹി ബോളിവുഡിലെ പല പ്രമുഖരില്‍നിന്നും കടംവാങ്ങി. സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍നിന്നു പോലും പണംവാങ്ങി. റിലീസായശേഷം തിരിച്ചുതരാമെന്ന ഉറപ്പിലായിരുന്നുവത്.
ഹേമമാലിനിയാണ് റസിയ സുല്‍ത്താനയായി വേഷമിട്ടത്. നായകനായി ധര്‍മേന്ദ്രയും. പര്‍വീണ്‍ ബാബിയും സിനിമയില്‍ ശക്തമായൊരു വേഷത്തിലെത്തി. അടുത്ത 'മുഗള്‍-ഇ-അസം' എന്ന ലേബലുമായാണ് സിനിമ റിലീസായത്. പക്ഷേ പ്രതീക്ഷകളെയെല്ലാം തെറ്റിച്ചുകൊണ്ട് സിനിമ ബോക്‌സോഫീസില്‍ തകര്‍ന്നടിയുന്നതാണ് കണ്ടത്. മാത്രമല്ല ഒരുപാട് വിമര്‍ശനങ്ങളും നേരിടേണ്ടിവന്നു സിനിമയ്ക്ക്.
അതിലേറ്റവും പ്രധാനമായത് ധര്‍മേന്ദ്രയുടെ മുഖം കറുപ്പിച്ചുവെന്നതായിരുന്നു. അബിസീനിയന്‍ അടിമയാണെന്നതുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ ധര്‍മേന്ദ്രയുടെ മുഖത്ത് കറുപ്പ് മേക്കപ്പിട്ടത്. പ്രണയമായിരുന്നു വിഷയമെങ്കിലും, സുല്‍ത്താനയ്ക്ക് ഉറ്റതോഴിയുമായുള്ള അടുപ്പവും സിനിമയില്‍ കാണിക്കുന്നുണ്ട്. അവര്‍ അഭിനയിക്കുന്ന ഒരു പാട്ടും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. തോഴി സുല്‍ത്താനയെ പതിയെ ചുംബിക്കുന്നതോടെയാണ് ആ പാട്ട് അവസാനിക്കുന്നത്. എന്നാല്‍, രണ്ട് സ്ത്രീകള്‍ തമ്മിലുള്ള പ്രണയചുംബനമെന്ന രീതിയിലാണ് അത് പുറത്ത് പ്രചരിപ്പിക്കപ്പെട്ടത്. അതോടെ കുടുംബപ്രേക്ഷകരെല്ലാം ആ സിനിമയില്‍നിന്ന് അകന്നുനിന്നു. അതിനൊപ്പം ഒരു സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നുള്ള ആക്ഷേപവും തിരിച്ചടിയായി.
80 ശതമാനത്തോളം നഷ്ടമാണ് സിനിമയ്ക്കുണ്ടായത്. അതോടെ ബോളിവുഡിലുള്ളവര്‍ക്ക് പണം തിരിച്ചുകൊടുക്കാന്‍ കഴിയാതെ വന്നു. അണിയറപ്രവര്‍ത്തകര്‍ക്ക് സ്വന്തം പോക്കറ്റില്‍നിന്നാണ് അംറോഹി പണം തിരിച്ചുകൊടുത്തത്. എന്നാല്‍, വിതരണക്കാര്‍ക്കും മറ്റും വന്‍നഷ്ടമാണ് നേരിട്ടത്. ഒരര്‍ത്ഥത്തില്‍ ബോളിവുഡിനെ തന്നെ ആ സിനിമയുടെ തകര്‍ച്ച ബാധിച്ചു. നാളുകളെടുത്ത് ബോളിവുഡ് തിരിച്ചുവന്നു. പിന്നീട് 'മജ്‌നൂണ്‍' എന്ന സിനിമ ചിത്രീകരിച്ചു തുടങ്ങിയെങ്കിലും, പണമില്ലാത്തതിനാല്‍ അംറോഹിക്ക് അത് പൂര്‍ത്തിയാക്കാനായില്ല. മറ്റൊരു സിനിമയും ഇതുപോലെ നിന്നുപോയി. പിന്നീടൊരു സിനിമ പോലും അംറോഹിക്ക് സംവിധാനം ചെയ്യാന്‍ കഴിഞ്ഞില്ല.
Content Highlights: razia sultan, india's most expensive film at that time failed at box office