യേശുദാസിന്റെ അനിയത്തിയായിട്ടും ജയമ്മ എന്ന ഗായിക അവസരങ്ങൾ നേടിയെടുക്കാൻ ശ്രമിച്ചില്ല

ജയമ്മയും കെ.ജെ യേശുദാസും
ജയമ്മയും കെ.ജെ യേശുദാസും

തേയിലക്കാടുകള്‍ക്കിടയിലെ ചെമ്മണ്‍പാതയിലൂടെ എന്റെ കൈവിരലില്‍ തൂങ്ങി സ്‌കൂളിലേക്ക് നടന്നുപോയ വയനാടന്‍ പ്രഭാതങ്ങളിലൊന്നില്‍ അനിയത്തി ചോദിച്ചു: ''എന്ത് ഭാഗ്യാണല്ലേ ഈ ജയമ്മച്ചേച്ചിക്ക്, ദിവസോം ഏശ്വാസിന്റെ പാട്ട് കേട്ടൂടെ... ഏശ്വാസിന്റെ അനിയത്തിയായെങ്കിലും ജനിച്ചാ മത്യായിരുന്നു അടുത്ത ജന്മത്തില്‍!''നാലാം ക്ലാസുകാരിയുടെ നിഷ്‌കളങ്കമോഹം കേട്ട് ചിരിയാണ് വന്നത്. ഇനിയൊരു ജന്മമുണ്ടെങ്കില്‍, യേശുദാസായിത്തന്നെ ജനിച്ചാല്‍ പോരേ, എന്തിന് ദാസിന്റെ അനിയത്തിയാവണം എന്നായിരുന്നു അന്നെന്റെ സംശയം. പക്ഷേ, നാലര പതിറ്റാണ്ടിനുശേഷം ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ രഞ്ജിനിയെ കുറ്റപ്പെടുത്താന്‍ വയ്യ. യേശുദാസിന്റെ സഹോദരിയോ ഭാര്യയോ ആകാന്‍ കൊതിക്കാത്തവരാരുണ്ട് ആ കാലഘട്ടത്തിലെ മലയാളിപ്പെണ്‍കിടാങ്ങള്‍ക്കിടയില്‍? ഗന്ധര്‍വഗായകന്റെ സ്വര്‍ഗീയ സ്വരമാധുരി നുകര്‍ന്ന് വളര്‍ന്നുവന്ന തലമുറയുടെ മനോഹരമായ ഫാന്റസികളിലൊന്ന്.

ആരാധനാഭരിതമായ ആ മനസ്സുകളുടെ നിശ്ശബ്ദമോഹങ്ങള്‍ ശരിക്കും ഉള്‍ക്കൊള്ളാന്‍ കഴിയും ജയാ ആന്റണി എന്ന ജയമ്മയ്ക്ക്. ''ഇനിയൊരു ജന്മമുണ്ടെങ്കില്‍ ദാസേട്ടന്റെ കൊച്ചുപെങ്ങളായിത്തന്നെ ജനിക്കണമെന്നാണ് എന്റെയും മോഹം,'' യേശുദാസിന്റെ ഒരേയൊരു സഹോദരി പറയുന്നു. ''ദൈവം എനിക്ക് കനിഞ്ഞുനല്‍കിയ ഭാഗ്യമാണ് ഈ ജന്മം. ദാസേട്ടന്റെ തണലില്‍ വളരാന്‍ കഴിഞ്ഞത് എന്റെ മാത്രമല്ല, ഞങ്ങള്‍ കൂടപ്പിറപ്പുകളുടെയെല്ലാം സുകൃതം,'' ജയമ്മ വികാരാധീനയാകുന്നു. 

ജയമ്മയും യേശുദാസും-
പഴയകാലചിത്രം 

എന്നും വെള്ളിവെളിച്ചത്തില്‍നിന്ന് അകന്നുനില്‍ക്കാന്‍ മാത്രം ആഗ്രഹിച്ച ഈ അനിയത്തി നല്ലൊരു പാട്ടുകാരികൂടിയായിരുന്നല്ലോ എന്ന് ഓര്‍മിപ്പിച്ചപ്പോള്‍ ഒരുനിമിഷം നിശ്ശബ്ദയാകുന്നു ജയമ്മ. ''അതൊക്കെ കഴിഞ്ഞുപോയ അധ്യായങ്ങളല്ലേ... വിദൂരമായ ഭൂതകാലത്തിന്റെ ഭാഗം,'' ജയമ്മയുടെ ആത്മഗതം. ''ദാസേട്ടനൊപ്പം അന്‍പതു വര്‍ഷം മുന്‍പ് പാടി പുറത്തിറക്കിയ ഗ്രാമഫോണ്‍ റെക്കോഡിലെ പാട്ടുകളിലൊന്ന് വാട്‌സാപ്പില്‍ ഈയിടെ അയച്ചുകിട്ടിയപ്പോഴാണ് ആ പഴയ കാലം വീണ്ടും ഓര്‍മവന്നത്''. എം.പി. ശിവം എഴുതി ജയവിജയ സ്വരപ്പെടുത്തിയ 'ആരാധിക്കുന്നവര്‍ക്ക് ആധാരമായ് വിളങ്ങും നാരായണന്‍ ഹരിനാരായണന്‍' എന്ന ഗാനം വര്‍ഷങ്ങള്‍ക്കുശേഷം കേള്‍ക്കുകയായിരുന്നു ജയമ്മ. 

''പാട്ടുകേട്ട മോള്‍ രേഷ്മ പറഞ്ഞു, എത്ര ഭംഗിയായി പാടിയിരിക്കുന്നു അമ്മ എന്ന്. ചെറുപ്പത്തിലേ പാട്ടുനിര്‍ത്തിയത് വലിയ കഷ്ടമായി എന്ന് കുട്ടികള്‍ പറഞ്ഞപ്പോള്‍ എന്തു മറുപടി പറയണമെന്നറിയില്ലായിരുന്നു എനിക്ക്. അരനൂറ്റാണ്ട് പഴക്കമുള്ള ആ പാട്ട് വീണ്ടും കേട്ട് ദാസേട്ടന്‍ പറഞ്ഞതെന്തെന്നോ? നീ ശരിക്കും സുശീലാമ്മയെപ്പോലെ പാടിയിരുന്നു എന്ന്! അതൊക്കെ കേള്‍ക്കുമ്പോള്‍ ചെറിയൊരു നഷ്ടബോധം തോന്നും. പക്ഷേ, എന്തുചെയ്യാം, വൈകിപ്പോയില്ലേ...'' നിശ്ശബ്ദമായി ചിരിക്കുന്നു ജയമ്മ. 
 
അഭിമാനമായി മകളുടെ പാട്ട് 

എങ്കിലും ദുഃഖമില്ല ജയമ്മയ്ക്ക്. പാട്ടുകാരിയായ മകളിലൂടെ സ്വന്തം സംഗീതസ്വപ്‌നങ്ങള്‍ വീണ്ടും തളിരണിയുന്നത് വിസ്മയത്തോടെ കണ്ടുനില്‍ക്കുകയാണവര്‍. അമ്മയുടെ ജീവിതത്തില്‍നിന്ന് വളരെ നേരത്തേ അകന്നുപോയ സംഗീതം, പാടിക്കൊണ്ടുതന്നെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു മകള്‍ രേഷ്മ, ഒരുതരം വാശിയോടെ. ''നിറവേറാതെപോയ അമ്മയുടെ സ്വപ്‌നങ്ങളാണ് എന്റെ പാട്ടുനിറയെ,'' രേഷ്മ പറയും. യേശുദാസിനുള്ള എണ്‍പത്തൊന്നാം പിറന്നാള്‍സമ്മാനമായി രേഷ്മ പാടിയ 'മനസ്സില്‍ മഴയായ്' (രചന: തുളസി കേരളശ്ശേരി, സൗരഭ് ജോഷി) എന്ന പാട്ട് സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിനുമുന്‍പ് പാടിയ കവര്‍ വേര്‍ഷനുകളും ശ്രദ്ധിക്കപ്പെട്ടു. ''മമ്മിയുടെ പഴയ പാട്ടുകള്‍ പലതും ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ ശരിക്കും സങ്കടം തോന്നും. എത്ര ഭാവമധുരമായി പാടിയിരുന്നു മമ്മി,'' രേഷ്മ പറയുന്നു.
 

രേഷ്മ 

''ഈശ്വരന്‍ കനിഞ്ഞുനല്‍കിയ കഴിവ് പ്രയോജനപ്പെടുത്താന്‍ കഴിയാതെപോയതില്‍ മമ്മിക്ക് വലിയ സങ്കടമുണ്ടെന്ന് ഞങ്ങള്‍ക്കറിയാം, മമ്മി ഒരിക്കലും അത് തുറന്നുപറഞ്ഞിട്ടില്ലെങ്കിലും. എന്തുചെയ്യാം, വിധിനിയോഗം അതായിരുന്നു. കുടുംബജീവിതത്തിലേക്ക് ഒതുങ്ങിക്കൂടാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു മമ്മി. എന്റെ ജീവിതത്തില്‍ അത്തരമൊരനുഭവം ആവര്‍ത്തിക്കപ്പെട്ടില്ല എന്നത് ദൈവനിശ്ചയമാകാം. സംഗീതത്തില്‍ എനിക്ക് ഏറ്റവും പ്രോത്സാഹനം നല്‍കുന്നത് ഇ.എന്‍.ടി. സര്‍ജനായ ഭര്‍ത്താവ് ഡോ. സീജോ തന്നെ.'' യേശുദാസിന്റെ ആദ്യകാല ഗാനമേളകളിലെ സജീവസാന്നിധ്യമായിരുന്ന അമ്മയെ ഇന്ന് സംഗീതലോകത്തുള്ളവര്‍ പോലും മറന്നുപോയിരിക്കുന്നു എന്ന സത്യം മക്കളെ വേദനിപ്പിക്കുന്നു. ''ദാസങ്കിളിന്റെ സുവര്‍ണജൂബിലി ആഘോഷവേളയിലൊന്നും ആരും മമ്മിയെ ഓര്‍ത്തതുപോലുമില്ല. ക്ഷണിക്കപ്പെടാത്തതില്‍ മമ്മി പരാതിയൊന്നും പറഞ്ഞില്ലെങ്കിലും ഞങ്ങള്‍ക്ക് ദുഃഖം തോന്നി. ദാസങ്കിളിന്റെ സംഗീതയാത്രയുടെ ഭാഗമായിരുന്നല്ലോ മമ്മിയും...''

മൂന്ന് പെണ്‍മക്കളാണ് ആന്റണി-ജയ ദമ്പതിമാര്‍ക്ക്: ഗീതു, നീതു, രേഷ്മ. മൂന്നുപേരും നന്നായി പാടും. കുട്ടിക്കാലത്ത് പാട്ട് ശാസ്ത്രീയമായി പഠിച്ചത് ഗീതുവും രേഷ്മയുമാണെന്നു മാത്രം. തൃപ്പൂണിത്തുറ സംഗീത അക്കാദമിയില്‍ യേശുദാസിന്റെ സഹപാഠിയായിരുന്ന ഓച്ചിറ ബാലകൃഷ്ണനായിരുന്നു ഗുരു. അഞ്ചാംവയസ്സില്‍ സിനിമയില്‍ പാടിയ ചരിത്രമുണ്ട് ഗീതുവിന്. രഘുകുമാറിന്റെ ഈണത്തില്‍ 'ഒന്നും മിണ്ടാത്ത ഭാര്യ' എന്ന ചിത്രത്തില്‍ ഗാനഗന്ധര്‍വനോടൊപ്പം 'ഡാഡി ഹൗ ആര്‍ യു ടുഡേ' എന്ന ഗാനം പാടിയായിരുന്നു അരങ്ങേറ്റം. പുറത്തിറങ്ങാതെപോയ 'രക്തരക്ഷസ്സ്' എന്ന ചിത്രത്തില്‍ കൂടി പാടിയശേഷം രംഗംവിട്ട ഗീതു ഇന്ന് ദുബായില്‍ സന്തുഷ്ടകുടുംബജീവിതം നയിക്കുന്നു. രേഷ്മയുടെ സംഗീതയാത്രകള്‍ക്ക് ഏറ്റവുമധികം പ്രോത്സാഹനം നല്‍കുന്നത് നീതുവും ഗീതുവും തന്നെ. ''പാട്ടിലേക്കുള്ള തിരിച്ചുവരവിന് നിമിത്തമായത് ഒരു ശബ്ദമാണ്. ഉറക്കംവരാതെ പാട്ടുകേട്ടു കിടന്ന ഒരു രാത്രി ആ ശബ്ദം എന്റെ കാതില്‍ മന്ത്രിക്കുകയായിരുന്നു, 'നീ വീണ്ടും പാടിത്തുടങ്ങിയേ പറ്റൂ' എന്ന്. ഉള്‍വിളിപോലെയാണ് എനിക്കു തോന്നിയത്. ആ ശബ്ദം മറ്റാരുടേതുമായിരുന്നില്ല, മമ്മിയുടെ അപ്പച്ചന്റെ; സാക്ഷാല്‍ അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെ.'' ദൂരെയെങ്ങോ അദൃശ്യനായിരുന്ന് സംഗീതജീവിതത്തില്‍ തനിക്ക് മാര്‍ഗനിര്‍ദേശം തരുന്നത് വല്യപ്പച്ചന്‍ തന്നെ എന്ന് വിശ്വസിക്കുന്നു രേഷ്മ.

നീതുവും ഗീതുവും രേഷ്മയും യേശുദാസിനൊപ്പം 

വിഖ്യാതഗായകനും നടനുമായ അഗസ്റ്റിന്‍ ഭാഗവതരുടെ അഞ്ചുമക്കളില്‍ നാലാമത്തെയാളാണ് ജയമ്മ. യേശുദാസിനും ആന്റണിക്കും മണിക്കും അനിയത്തി; ജസ്റ്റിന് ചേച്ചി. ''സത്യത്തില്‍ ഞങ്ങള്‍ ഏഴുപേരുണ്ടായിരുന്നു കൂടപ്പിറപ്പുകളായി. ഏറ്റവും മൂത്തയാളായ പുഷ്പം രണ്ടരവയസ്സിലും നാലാമത്തെയാളായ ബാബു ഒന്നരവയസ്സിലും വേര്‍പിരിഞ്ഞു. അപസ്മാരം മൂര്‍ച്ഛിച്ചാണത്രെ പുഷ്പം മരിച്ചത്,'' ജയമ്മ ഓര്‍ക്കുന്നു. യേശുദാസിന്റെ സഹോദരങ്ങളില്‍ ജയമ്മയ്ക്ക് പുറമെ മണിയും ജസ്റ്റിനും നന്നായി പാടിയിരുന്നു. മണിക്ക് പാശ്ചാത്യസംഗീതത്തിലാണ് കമ്പം. ഒപ്പം ഗിറ്റാര്‍വായനയുമുണ്ട്. ''കൊച്ചിയിലെ ഒരു വെസ്റ്റേണ്‍ ബാന്‍ഡില്‍ അംഗമായിരുന്നു ചേട്ടന്‍. എന്നാല്‍ ദാസേട്ടനുമായി കൂടുതല്‍ സാമ്യമുള്ള ശബ്ദം ജസ്റ്റിന്റേതാണെന്നു തോന്നിയിട്ടുണ്ട്. ഗാനമേളാവേദികളിലായിരുന്നു ജസ്റ്റിന് തിരക്ക്. ഒരിക്കല്‍ ഞങ്ങള്‍ മൂന്നുപേരും ദാസേട്ടന്റെ അമേരിക്കന്‍ പര്യടനത്തില്‍ പങ്കെടുത്തത് മറക്കാനാവില്ല. സംഗീതമയമായിരുന്നു ആ കാലം. പിന്നെയെപ്പോഴോ ഞങ്ങളെല്ലാം സംഗീതത്തില്‍നിന്നകന്നു. ജീവിതത്തിന്റെ ഗതി മാറുമ്പോള്‍ നമ്മളും മാറിയല്ലേ പറ്റൂ,'' ജയമ്മയുടെ ശബ്ദത്തില്‍ നേര്‍ത്തൊരു നൊമ്പരമുണ്ടോ?

1967-ലാണ് ജ്യേഷ്ഠനോടൊപ്പം ജയമ്മ ഗാനമേളകളില്‍ പങ്കെടുത്തുതുടങ്ങുന്നത്. അന്ന് പാട്ട് ശാസ്ത്രീയമായി പഠിച്ചിട്ടില്ല. കേള്‍വിജ്ഞാനമാണ് കൈമുതല്‍. തോപ്പുംപടിയിലെ പട്ടേല്‍ ടാക്കീസിലായിരുന്നു ആദ്യ ഗാനമേള. 'ചിത്രമേള'യിലെയും 'ഭാര്‍ഗവീനിലയ'ത്തിലെയുമൊക്കെ പാട്ടുകള്‍ സൂപ്പര്‍ഹിറ്റായി നില്‍ക്കുന്ന സമയം. ''ദാസേട്ടനൊപ്പം കുറച്ചു യുഗ്മഗാനങ്ങളും പിന്നെ സുശീലാമ്മയുടെ 'ഏഴു സുന്ദര രാത്രികള്‍' എന്ന പാട്ടും പാടിയത് ഓര്‍മയുണ്ട്.'' അന്നും ഇന്നും ജയമ്മയുടെ പ്രിയഗായിക സുശീലതന്നെ. വാക്കുകള്‍ക്കും അക്ഷരങ്ങള്‍ക്കുപോലും സുശീലാമ്മ പകര്‍ന്നുനല്‍കാറുള്ള ഭാവസ്പര്‍ശം അദ്ഭുതകരമാണെന്ന് പറയും ജയമ്മ. ലതാജിയുടെ ഗാനങ്ങളോടുമുണ്ട് അതുപോലൊരു ആത്മബന്ധം. 'ആനന്ദി'ല്‍ സലില്‍ ചൗധരി ഈണമിട്ട് ലത പാടിയ 'നാ ജിയാ ലാഗേ നാ' എന്ന ഗാനം ഒരിക്കല്‍ സ്റ്റേജില്‍ അനിയത്തി പാടിക്കേട്ട യേശുദാസ് അന്നുപറഞ്ഞ വാക്കുകള്‍ ഇന്നും അഭിമാനത്തോടെ മനസ്സില്‍ സൂക്ഷിക്കുന്നു ജയമ്മ: ''ഈ പാട്ട് ഇതുപോലെ ഭംഗിയായി പാടാന്‍ ഇവിടത്തെ ഒരു പാട്ടുകാരിക്കും കഴിയുമെന്ന് തോന്നുന്നില്ല!'' ഒരു ജ്യേഷ്ഠന്റെ സ്‌നേഹവാത്സല്യങ്ങള്‍ മുഴുവനുണ്ടായിരുന്നു ആ വാക്കുകളില്‍. 1973-ലെ അമേരിക്കന്‍ പര്യടനത്തോടെ ഗാനമേളാവേദിയോട് വിടവാങ്ങിയ ജയമ്മ 1975-ല്‍ വിവാഹിതയായി. വരന്‍ എന്‍ജിനീയറും ബിസിനസുകാരനുമായ ആന്റണി. 

ഗ്രാമഫോൺ റെക്കോഡിൽ
 
ഗാനമേളകളില്‍ സജീവമായശേഷമാണ് ജയവിജയന്മാരിലെ വിജയന്റെ കീഴില്‍ ജയമ്മ സംഗീതം അഭ്യസിച്ചുതുടങ്ങിയത്. ആദ്യമായി ഗ്രാമഫോണ്‍ റെക്കോഡില്‍ പാടിയതും ജയവിജയയുടെ ഈണത്തില്‍ത്തന്നെ. 1972-ല്‍ എച്ച്.എം.വി. പുറത്തിറക്കിയ കൃഷ്ണഭക്തിഗാന റെക്കോഡില്‍ രണ്ടു പാട്ടുകളാണ് ജയമ്മ പാടിയത്. യേശുദാസിനൊപ്പമുള്ള 'ആരാധിക്കുന്നവര്‍ക്ക്' എന്ന യുഗ്മഗാനത്തിനുപുറമെ 'അരുമ തൂകും മലയാളം' എന്ന സോളോയും. നീണ്ട ഇടവേളയായിരുന്നു പിന്നെ. പതിറ്റാണ്ടിലേറെക്കാലം കാത്തിരിക്കേണ്ടിവന്നു ജയമ്മയുടെ ശബ്ദത്തില്‍ മറ്റൊരു പാട്ട് മലയാളികളെത്തേടിയെത്താന്‍. തരംഗിണിയുടെ 'സ്‌നേഹസുധ' എന്ന ഭക്തിഗാന ആല്‍ബത്തില്‍ ജെ.എം. രാജു സ്വരപ്പെടുത്തിയ 'വെണ്മേഘം വെളിച്ചം വീശുന്നു' എന്ന ഗാനത്തിലൂടെയായിരുന്നു തിരിച്ചുവരവ്. ഗാനം ശ്രദ്ധിക്കപ്പെട്ടെങ്കിലും അതിനൊരു തുടര്‍ച്ചയുണ്ടായില്ല. ''കഴിവുള്ള പാട്ടുകാരിയായിരുന്നു ജയമ്മ. സാഹചര്യങ്ങള്‍തന്നെയാവണം അവളെ സംഗീതത്തില്‍നിന്നകറ്റിയത്. കുടുംബജീവിതത്തിനുവേണ്ടി കൂടുതല്‍ സമയം ചെലവഴിക്കുക എന്ന പ്രായോഗികചിന്തയും അതിനുപിന്നിലുണ്ടാകാം,'' പ്രിയസഹോദരിയെക്കുറിച്ച് യേശുദാസ്.

പ്രശസ്തനായ ജ്യേഷ്ഠന്റെ വ്യക്തിപ്രഭാവവും സ്വാധീനവും ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നേടാനാകുമായിരുന്നില്ലേ എന്ന ചോദ്യത്തിന് നിസ്സംഗമായ ഒരു ചിരിയാണ് ജയമ്മയുടെ മറുപടി. ''അങ്ങനെ ചിന്തിച്ചിട്ടുപോലുമില്ല. ദാസേട്ടന്‍ വെറുമൊരു ജ്യേഷ്ഠസഹോദരനോ ഗായകനോ മാത്രമല്ല ഞങ്ങള്‍ക്ക്, കാണപ്പെട്ട ദൈവംകൂടിയാണ്. ലോകത്ത് ഒരു സഹോദരനും സ്വന്തം കൂടപ്പിറപ്പുകളെ ഇത്രയേറെ സ്‌നേഹിച്ചിട്ടുണ്ടാവില്ല. 

യേശുദാസ് സഹോദരങ്ങളായ ആന്റണി, മണി, ജസ്റ്റിൻ, ജയമ്മ എന്നിവർക്കൊപ്പം

അപ്പച്ചന്‍ മരിക്കുമ്പോള്‍ എനിക്ക് പന്ത്രണ്ടുവയസ്സാണ്, ജസ്റ്റിന് ഒന്‍പതും. പിന്നീടങ്ങോട്ട് ഞങ്ങള്‍ നാല് സഹോദരങ്ങളുടെയും അമ്മച്ചിയുടെയും സംരക്ഷണം സ്വന്തം ചുമലില്‍ ഏറ്റെടുക്കുകയായിരുന്നു ദാസേട്ടന്‍. ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടത്തിലും അദ്ദേഹം ഞങ്ങള്‍ക്ക് താങ്ങും തണലുമായി. ജസ്റ്റിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും ഇന്നും നോക്കിനടത്തുന്നത് ദാസേട്ടനാണ്. ഞങ്ങളോരോരുത്തരെയും കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു ദാസേട്ടന്. ആ പ്രതീക്ഷയ്‌ക്കൊത്ത് ഞങ്ങള്‍ക്ക് ഉയരാന്‍ കഴിഞ്ഞോ എന്നതിലേയുള്ളൂ സംശയം,'' ജയമ്മ പറയുന്നു.

ജ്യേഷ്ഠന്റെ പാട്ടുകള്‍ കേട്ട് വളര്‍ന്നകാലം ഇന്നുമുണ്ട് ജയമ്മയുടെ ഓര്‍മയില്‍. ''ഭാര്യയിലെ 'പഞ്ചാരപ്പാലുമിട്ടായി' എന്ന പാട്ടാണ് ആദ്യം കേട്ടതെന്നാണ് ഓര്‍മ. അതേ ചിത്രത്തിലെ 'ദയാപരനായ കര്‍ത്താവേ' എന്ന പാട്ടുകേട്ട് അമ്മച്ചി കണ്ണുതുടയ്ക്കുന്നത് എനിക്കോര്‍മയുണ്ട്. അന്ന് ഞങ്ങളുടെ വീട്ടില്‍ റേഡിയോ ഇല്ല. അയല്‍പക്കത്തെ റേഡിയോയില്‍നിന്ന് ആ പാട്ടുകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുമായിരുന്നു ഞങ്ങളെല്ലാം. ദാസേട്ടന്റെ പാട്ടുകേള്‍ക്കുമ്പോള്‍ വല്ലാതെ ഇമോഷണലാകും അമ്മച്ചി. മകന്റെ മടിയില്‍ക്കിടന്നു മരിക്കണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് കൂടെക്കൂടെ പറയുമായിരുന്നു.'' വിധി ഏതായാലും അതിന് എതിരുനിന്നില്ല. 1984-ലായിരുന്നു അമ്മ എലിസബത്തിന്റെ വേര്‍പാട്.
 

 ജയമ്മ കുടുംബത്തോടൊപ്പം 

ജയമ്മയുടെ ശൈശവസ്മരണകളില്‍ അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെ സുദീപ്തമായ മുഖമുണ്ട്. മകന്റെ സംഗീതഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ ജീവിതാവസാനംവരെ മനസ്സില്‍ സൂക്ഷിച്ചു അദ്ദേഹം. ''ദാസേട്ടന്‍ തൃപ്പൂണിത്തുറയില്‍ പഠിക്കുന്ന കാലത്ത് ചിലദിവസങ്ങളില്‍ വളരെ വൈകിയാണ് വീട്ടിലെത്തുക. എത്ര വൈകിയാലും മകനെയും കാത്ത് ഉറക്കമിളച്ചിരിക്കുന്നുണ്ടാകും അപ്പച്ചന്‍. വന്നാല്‍പ്പിന്നെ അച്ഛനും മകനും തമ്മില്‍ സുദീര്‍ഘമായ സംഗീതചര്‍ച്ചയാണ്. ഓരോ കൃതിയായി ദാസേട്ടനെക്കൊണ്ട് അപ്പച്ചന്‍ പാടിക്കും. വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. ഇത്തരം ചര്‍ച്ചകള്‍ ചിലപ്പോള്‍ പാതിരാത്രിയും കടന്നുപോകാറുണ്ട്. ആ പാട്ടുകള്‍ കേട്ടുകിടന്നാണ് പലപ്പോഴും ഞാന്‍ ഉറക്കത്തിലേക്ക് വഴുതിവീഴുക. അന്നത്തെ ദാസേട്ടന്റെ ശബ്ദം ഇതാ ഇപ്പോഴുമുണ്ട് എന്റെ കാതില്‍,'' ജയമ്മ പറയുന്നു.

ജ്യേഷ്ഠന്റെ പാട്ടുകളില്‍നിന്ന് ഏറ്റവും പ്രിയപ്പെട്ടത് തിരഞ്ഞെടുക്കാമോ എന്ന ചോദ്യത്തിനുമുന്നില്‍ ഒരുനിമിഷം നിശ്ശബ്ദയാകുന്നു ജയമ്മ. ''പതിനായിരക്കണക്കിന് പാട്ടുകള്‍ മനസ്സില്‍ അലയലയായി ഒഴുകിയെത്തുമ്പോള്‍ എങ്ങനെ ഒരൊറ്റ പാട്ട് മാത്രം തിരഞ്ഞെടുക്കും'', ചിരിയോടെ ജയമ്മയുടെ മറുചോദ്യം. ''എങ്കിലും പെട്ടെന്ന് ഓര്‍മവന്ന ഒരുപാട്ട് പറയാം: 'നദി'യിലെ 'കായാമ്പൂ കണ്ണില്‍ വിടരും...' ഒരിക്കലുമൊരിക്കലും കേട്ട് കൊതിതീരാത്ത പാട്ട്. പുതിയൊരു പാട്ട് കേള്‍ക്കുന്ന അനുഭൂതിയോടെയാണ് ഇന്നും ആ ഗാനം ഞാന്‍ കേള്‍ക്കാറ്. മറക്കാനാവാത്ത ഒരു കാലത്തിന്റെ ഓര്‍മകൂടിയാണ് എനിക്കാ പാട്ട്,'' അനിയത്തിയുടെ കണ്ണുകള്‍ അറിയാതെ നിറയുന്നുവോ?
 

Content Highlights: ravi menon writes about yesudas sister jayamma